പൗരാണിക കാലം മുതല്‍ മനുഷ്യന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ് നായ്ക്കള്‍. അതീന്ദ്രിയമായ കഴിവുകള്‍, ബുദ്ധിശക്തി, സൂക്ഷ്മത, സംവേദനത്വം, വിശ്വസ്തത, കൂറ് എന്നീ ഗുണങ്ങള്‍ മൂലമാണ് ഈ മൃഗം മനുഷ്യന് ഏറ്റവും വലിയ കൂട്ടായി മാറിയത്. നായ പരമശിവന്റെ ഭൂതഗണത്തിലെ ഭൈരവന്റെ വാഹനമാണെന്നാണ് വയ്പ്. ചൈനീസ് ജ്യോതിഷത്തില്‍ ആരാധിക്കപ്പെടുന്ന 12 മൃഗങ്ങളില്‍ ഒന്നുമാണ്. ക്രിസ്തീയ മത വിശ്വാസത്തില്‍ വിശുദ്ധ റോക്കസ് നായ്ക്കളുടെ രക്ഷകനാണ്. അവധൂതന്മാരുടെയും യോഗികളുടെയുമൊക്കെ സന്തതസഹചാരിയായും നായ്ക്കളെ കാണാം. കന്യാകുമാരിയിലെ മായിഅമ്മയ്ക്കൊപ്പം ഇരുപത്തിയഞ്ചിലേറെ നായ്ക്കള്‍ എപ്പോഴുമുണ്ടാകുമായിരുന്നു. ചട്ടമ്പിസ്വാമികള്‍ നായ്ക്കളുമായി പന്തിഭോജനത്തിന് പോയ സംഭവവും പ്രസിദ്ധമാണ്. ഷിര്‍ദി സായിബാബയ്ക്കൊപ്പവും നായ്ക്കളുണ്ടായിരുന്നു. വാനപ്രസ്ഥത്തിന് പുറപ്പെട്ട പാണ്ഡവരെ നിശബ്ദനായി പിന്‍തുടരുന്ന നായയെക്കുറിച്ച് മഹാഭാരതം പരാമര്‍ശിക്കുന്നുണ്ട്. ആ നായ ഇല്ലാതെ സ്വര്‍ഗാരോഹണത്തിന് താന്‍ തയാറല്ലായെന്ന് ഇന്ദ്രനോട് ശഠിക്കുന്ന ധര്‍മ്മപുത്രരുടെ മനോഭാവം ഇതിഹാസ കാലഘട്ടത്തിലെയുള്ള നായ‑മനുഷ്യബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. 1500 വര്‍ഷം പഴക്കമുള്ള ശവക്കല്ലറയില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടത്തിനൊപ്പം നായയുടെ അസ്ഥിയും ഗവേഷകര്‍ കണ്ടെത്തിയത് ഈ ആത്മബന്ധത്തിന്റെ മറ്റൊരു വെളിപ്പെടുത്തലാണ്.
നായ്ക്കളെപ്പോലെ സാമൂഹികബോധം പ്രകടിപ്പിക്കുന്ന മറ്റൊരു മൃഗം ഇല്ലതന്നെ. മനുഷ്യരുടെ ജീവിത സാമൂഹിക സാഹചര്യങ്ങളുമായി വളരെയധികം ഇണങ്ങിചേരുന്ന നായ്ക്കള്‍ കൂട്ടത്തിലെ നേതാവിനോട് വിശ്വസ്തതയും കൂറും കാട്ടി എക്കാലവും കൂടെയുണ്ടാവും. എണ്ണൂറിലധികം ജാതി നായ്ക്കളെയാണ് മനുഷ്യര്‍ ഇന്ന് തങ്ങള്‍ക്കൊപ്പം വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നത്. അതില്‍ ഏറ്റവും ചെറിയ ഇനമായ ചിഹ്വാഹ്വ മുതല്‍ കൂറ്റന്‍ ഇനമായ വുള്‍ഫ് ഹൗണ്‍ഡ് ഗ്രേറ്റ്ഡേന്‍ വരെ ഉള്‍പ്പെടുന്നു. മനുഷ്യക്കുഞ്ഞുങ്ങളെ എന്നപോലെ നായ്ക്കുട്ടികളെയും പരിപാലിച്ച് വളര്‍ത്തിയില്ലെങ്കില്‍ അവ തെരുവ് സന്തതികളാകും. തെരുവിന്റെ അമിത സ്വാതന്ത്ര്യത്തില്‍ മനുഷ്യനെപ്പോലെ നായ്ക്കള്‍ക്കും നിയന്ത്രണങ്ങള്‍ ഇല്ലാതാവും. സ്നേഹവും അഭയവും അനുഭവിക്കായ്മ മൂലം ക്രുദ്ധതകള്‍ക്കും രോഗങ്ങള്‍ക്കും അടിപ്പെടും. ഈ വിധത്തില്‍ തെരുവുനായ്ക്കള്‍ നാടിന് തലവേദനയും ഭീഷണിയുമായി മാറിയിരിക്കുകയാണ് കേരളത്തില്‍. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ലോകത്തെ റാബീസ് മരണങ്ങളില്‍ 36 ശതമാനവും ഇന്ത്യയിലാണ്. പ്രതിവര്‍ഷം 18,000 മുതല്‍ 20,000 വരെ റാബീസ് മരണങ്ങള്‍ രാജ്യത്ത് സംഭവിക്കുന്നു.
കേരളത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ കടിയേറ്റ് ചികിത്സ തേടിയത് എട്ട് ലക്ഷം പേരാണ്. ഈ കാലയളവില്‍ നായകളുടെ ആക്രമണത്തില്‍ 42 മരണങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ ഇപ്പോഴും മൂന്ന് ലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കേരളത്തിലെ തെരുവുനായ ശല്യത്തിന് ദീര്‍ഘകാല പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കേരളത്തിലെ തെരുവുനായ പ്രശ്നം ബിബിസിയില്‍ പോലും ചര്‍ച്ചയായിരിക്കുകയാണ്. സുപ്രീം കോടതിവരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ അവകാശങ്ങളും തമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടാകേണ്ടതാണെന്നും തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന ആളുകള്‍ക്ക് വാക്സിനേഷന്‍ നല്കണമെന്നും വളര്‍ത്തു മൃഗങ്ങള്‍ ആരെയെങ്കിലും ആക്രമിച്ചാല്‍ ഉടമകള്‍ ചികിത്സാച്ചെലവ് വഹിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നുണ്ട്. വര്‍ത്തുനായ്ക്കള്‍ മറ്റുള്ളവരെ കടിച്ചാല്‍ ഉടമകള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐപിസി 289 പ്രകാരം കേസെടുക്കാനും വകുപ്പുണ്ട്. പക്ഷേ തെരുവുനായ ആക്രമണത്തില്‍ ഉത്തരവാദിത്തം ആര്‍ക്കാണ് എന്ന ചോദ്യം നിലനില്‍ക്കുന്നു.
തീവ്ര മൃഗസ്നേഹിയായ മനേകഗാന്ധി കേന്ദ്രമന്ത്രിയായിരിക്കുമ്പോഴാണ് തെരുവുനായ്ക്കളെ കൊന്നൊടുക്കുന്ന രീതിക്കെതിരെ നടപടികള്‍ വന്നത്. തെരുവുനായകള്‍ നല്ല തോട്ടിപ്പണിക്കാരാണെന്ന് വാദിച്ച അവര്‍ കേരളത്തിന്റെ തെരുവുനായ സമീപനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തെരുവുനായ്ക്കളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കാനിടയായത്. അനിമല്‍ ബെര്‍ത്ത് കണ്‍ട്രോളര്‍ പ്രോഗ്രാമിന് വന്‍തോതില്‍ പണം ചെലവഴിക്കുന്നുണ്ടെങ്കിലും അതൊന്നും വേണ്ടത്ര പ്രയോജനപ്രദമായില്ലെന്നാണ് അനുദിനമെന്നോണമുള്ള തെരുവുനായ ആക്രമണങ്ങളും അവ ഉണ്ടാക്കുന്ന വാഹനാപകടങ്ങളും പേവിഷബാധ മരണങ്ങളും സ്ഥിരീകരിക്കുന്നത്. കേരളീയരുടെ മാറിയ ജീവിതരീതികള്‍ മൂലം നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഉയരുന്ന മാലിന്യകൂമ്പാരങ്ങളാണ് ഇപ്പോള്‍ തെരുവുനായ്ക്കളുടെ എണ്ണം ഇത്രകണ്ട് വര്‍ധിക്കാന്‍ കാരണം. ഇതിന് പരിഹാരം യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യ സംസ്കരണം നടപ്പിലാക്കുകയെന്നതാണ്. വന്ധ്യംകരണം, ഷെല്‍ട്ടറുകള്‍ സ്ഥാപിക്കല്‍, ലൈസന്‍സ്, നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ് എന്നീ കരുതൽ മാര്‍ഗങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികളോട് ജനങ്ങളും പൂര്‍ണമായി സഹകരിക്കണം. ഇന്ത്യയില്‍ തെരുവുനായ ശല്യം ഏറ്റവുമധികം അനുഭവിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് കേരളവും മഹാരാഷ്ട്രയും.
ഇവിടങ്ങളില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്ന രീതി പണ്ട് നിലവിലുണ്ടായിരുന്നുവെങ്കിലും പുതിയ നിയമങ്ങള്‍ മൂലം പ്രാവര്‍ത്തികമല്ല. മൃഗസ്നേഹികളും അവരുടെ സംഘടനകളും ശക്തമായ എതിര്‍പ്പുമായി തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ 1926ല്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കിയ ഒരു സംഭവത്തിൽ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ ഗാന്ധിജി അതിനെതിരെ തന്റെ അഭിപ്രായം യങ് ഇന്ത്യയില്‍ രേഖപ്പെടുത്തിയിരുന്നു. “അഹിംസ എന്ന മഹത്തായ ആശയത്തെക്കുറിച്ചുള്ള അജ്ഞതയാല്‍ നാം ചിലപ്പോഴെങ്കിലും ഹിംസയെ പ്രോത്സാഹിപ്പിക്കാറുണ്ട്. തെരുവുനായ്ക്കള്‍ക്ക് ആഹാരം കൊടുക്കുന്നത് പാപമാണ്. അവയെ കൊല്ലണമെന്ന നിയമമുണ്ടാകുകയാണെങ്കില്‍ നമുക്ക് മറ്റു നായകളെ സംരക്ഷിക്കാനാകും. ഒരുപിടി തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനുവേണ്ടി മാനവികതയെന്ന ഹൃദയത്തിന്റെ മഹത്തായ ഗുണത്തെ ഉപയോഗിച്ച് തീര്‍ക്കരുത്”. ചിലതരം മൃഗസ്നേഹികള്‍ക്ക് മനുഷ്യജീവനെക്കാള്‍ പ്രിയപ്പെട്ടതാണ് നായ്ക്കളുടെയും മറ്റും ജീവന്‍. എന്നാല്‍ ദന്തഗോപുരത്തിലിരുന്ന് മൃഗസ്നേഹം പ്രകടിപ്പിക്കുകയല്ലാതെ അവയുടെ സംരക്ഷണത്തിന് ഇവര്‍ ചെറുവിരല്‍ അനക്കുന്നില്ല. മാത്രമല്ല തെരുവുനായ സ്നേഹികള്‍ എന്നു പറഞ്ഞുനടക്കുന്ന ചിലര്‍ പേവിഷ പ്രതിരോധമരുന്ന് കമ്പനികളുടെ ഏജന്റുമാരാണെന്ന ആരോപണവും ഉയരുന്നുണ്ട്. ആവശ്യമില്ലാത്ത ജനനങ്ങള്‍ മനുഷ്യരുടെതായാലും മൃഗങ്ങളുടെതായാലും അനാവശ്യവും പ്രകൃതിക്ക് ഭീഷണിയുമാണ്. അത് നിയന്ത്രിച്ചേ മതിയാകൂ. യുക്തിയുള്ള മനുഷ്യന് സന്താനനിയന്ത്രണം സാധ്യമാണ്. മൃഗത്തിന് അതിന് കഴിയില്ല, അപ്പോള്‍ മനുഷ്യന്‍ മൃഗത്തിന്റെ പെറ്റുപെരുകല്‍ നിയന്ത്രിക്കുന്നതിലും യുക്തിപൂര്‍വം ഇടപെടേണ്ടിയിരിക്കുന്നു. അതാണ് യഥാര്‍ത്ഥ സഹജീവിസ്നേഹം. തെരുവിലെ അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും അങ്ങനെ ശമനമുണ്ടാകട്ടെ, ഒപ്പം മൃഗങ്ങളോടുളള ക്രൂരതകള്‍ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.