വിതുര കല്ലാറിലെ വട്ടക്കയത്ത് ഒഴുക്കിൽപ്പെട്ട് പൊലീസുകാരനും അധ്യാപകനും ഉൾപ്പെടെ ബന്ധുക്കളായ മൂന്നു പേർ മരിച്ചു. ബീമാപള്ളി തൈക്കാ പള്ളി നടുവിളാകത്ത് വീട്ടിൽ ഫിറോസ് (30), സഹോദരനായ ജവാദ് (35), ഇവരുടെ സഹോദരിയുടെ മകനായ സഫ്‌വാൻ (16) എന്നിവരാണ് മരിച്ചത്. ഫിറോസ് എസ്എപി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറും ജവാദ് ബീമാപള്ളി സ്കൂളിലെ അധ്യാപകനുമാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ബന്ധുക്കളായ സുബിൻ, അസ്ന, സജീന, ഷെഹ്‌സാദ്, ഹഫ്സ എന്നിവരുൾപ്പെടുന്ന എട്ടംഗ സംഘമാണ് ബീമാപള്ളിയില്‍ നിന്ന് ഇക്കോ ടൂറിസം പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയത്. പാലോട് ബ്രൈമൂറിലാണ് സംഘം ആദ്യം എത്തിയത്. ഇവിടെ പ്രവേശനാനുമതി നിഷേധിച്ചതിനാൽ 12 മണിയോടെ വിതുരയിലെ കല്ലാർ വട്ടക്കയത്തിൽ എത്തുകയായിരുന്നു. കുളിക്കുന്നതിനിടയിൽ അസ്ന (12) കയത്തിൽ അകപ്പെട്ടത് കണ്ടു രക്ഷിക്കാനിറങ്ങിയവരാണ് മരിച്ച മൂന്നു പേരും.
ശക്തമായ ഒഴുക്കിൽ അസ്‌നയും രക്ഷിക്കാനിറങ്ങിയവരും കയത്തിൽപ്പെട്ടു. കൂടെയുണ്ടായിരുന്നവരുടെ നിലവിളികേട്ടു ഓടിക്കൂടിയ നാട്ടുകാർ മൂന്നു പേരെയും രക്ഷപ്പെടുത്തി വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലാറിലെ ഏറ്റവും അപകടമേഖലയായ വട്ടക്കയത്തു ഗ്രാമപഞ്ചായത്തിന്റെയും പൊലീസിന്റെയും മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്.
കയത്തിന്റെ അപകടാവസ്ഥ മുന്നില്‍കണ്ട് സ്ഥാപിച്ച മുള്ളുവേലി പൊളിച്ചാണ് സംഘം ആറിൽ കുളിക്കാനിറങ്ങിയതെന്നു സമീപ വാസികൾ പറഞ്ഞു.
English Summary: Three dead in Kallar; Two people were rescued by local residents
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.