കേരളത്തെ ഞെട്ടിച്ച നരബലിയുടെ തുടക്കം ഫെയ്സ്ബുക്കിലൂടെയായിരുന്നു. ഫെയ്സ്ബുക്കിൽ ഹെക്കു കവിതകളിലൂടെ സജീവമായിരുന്ന ഭഗവൽ സിങ്ങിന് ശ്രീദേവിയെന്ന അക്കൗണ്ടിൽ നിന്ന് സൗഹൃദാഭ്യർത്ഥന വന്നതോടെയാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യത്തിന് തുടക്കം കുറിക്കുന്നത്. എന്നാൽ ശ്രീദേവി യഥാർത്ഥത്തിൽ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയെന്ന റഷീദായിരുന്നു. ഇയാള്‍ വൈദ്യനോട് പെരുമ്പാവൂർ സ്വദേശിയായ മന്ത്രവാദിയെ പ്രീതിപ്പെടുത്തിയാൽ സമ്പത്തും ഐശ്വര്യവും നേടാമെന്ന് വിശ്വസിപ്പിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീദേവിയെന്ന അക്കൗണ്ട് നൽകിയ മൊബൈൽ നമ്പർ വഴിയാണ് വൈദ്യനും ഭാര്യയും റഷീദിനെ ബന്ധപ്പെടുന്നത്. റഷീദ് തന്നെയാണ് മന്ത്രവാദിയായി ദമ്പതികളുടെ അടുത്ത് എത്തുന്നത്. തുടര്‍ന്ന് ഇയാള്‍ ആഭിചാരക്രിയയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ആദ്യം വൈദ്യൻ ഭഗവത് സിങ്ങിന്റെ ഭാര്യ ലൈലയെ ഇയാൾ ലൈംഗിക പീഡനത്തിനിരയാക്കി. ഐശ്വര്യം വരാനെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത്തരത്തില്‍ ദമ്പതികളുടെ കൂടുതല്‍ വിശ്വാസം നേടിയെടുത്ത റഷീദ് പിന്നീട് നരബലി നടത്തിയാൽ പൂജ പൂർണ്ണമാകുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനായി തനിക്ക് നേരിട്ട് പരിചയമുള്ള റോസ്‌ലിയെ റഷീദ് തിരുവല്ലയിലേക്ക് എത്തിച്ചു.
നീലച്ചിത്രത്തിൽ അഭിനയിച്ചാൽ 10 ലക്ഷം രൂപ നൽകാമെന്നായിരുന്നു റോസ്‌ലിക്ക് നൽകിയ വാഗ്ദാനം. ലോട്ടറി വിൽപ്പനക്കാരിയായ റോസ്‌ലി ഇത് വിശ്വസിച്ചു. ഭഗവത് സിംഗാണ് ഇരയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തിയത്. പിന്നീട് ലൈലയാണ് റോസ്‌ലിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കിയത്. പൂജകളെല്ലാം കഴിഞ്ഞ് മൃതദേഹം അടക്കിയ ശേഷം ശാപത്തിന്റെ സ്വാധീനം കൊണ്ട് പൂജ പരാജയപ്പെട്ടെന്നും ഒരിക്കൽ കൂടി നരബലി നടത്തണമെന്നും റഷീദ് വിശ്വസിപ്പിച്ചു.
ഇങ്ങിനെയാണ് കൊലയാളികൾ പത്മയിലേക്ക് എത്തുന്നത്. നീലച്ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞാണ് പത്മയെയും തിരുവല്ലയിലെത്തിച്ചത്. പിന്നെല്ലാം റോസ്‌ലി നേരിട്ടതിന് സമാനമായ ക്രൂരത. കഴുത്തിൽ കത്തിയിറക്കുകയും ഒരു രാത്രി മുഴുവൻ പത്മയുടെയും റോസ്‌ലിയുടെയും രഹസ്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഈ രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പൂജകൾ. പിന്നീട് മൃതദേഹങ്ങള്‍ വീട്ടുവളപ്പിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.