7 January 2025, Tuesday
KSFE Galaxy Chits Banner 2

പർവതപ്പൊക്കം വളരുന്ന മീശ

ഡോ. എ മുഹമ്മദ്കബീർ
October 16, 2022 3:00 am

നാടൻമൊഴികളുടെ ഈണവുമായി മനമാകെ കുളിരു നിറച്ച് കണ്ണാടിപ്പുഴപോലെ എസ് ഹരീഷിന്റെ മീശ വായനക്കാരുടെ മനസിലൂടെ ഒഴുകുകയാണ്. ആദികഥകളുടെ ഗന്ധം പൂത്ത കരുത്താർന്ന ഭൂമികയിലാണീ നോവൽ പിറന്നുവീണത്. ഓരോ എഴുത്തുകാരനിലും സ്വയം ഒരു കഥയായി മാറാനുള്ള തീവ്രാഭിലാഷം സദാ നിലനിൽക്കും. എസ് ഹരീഷിനും ഇത്തരമൊരു തടവറക്കാലമുണ്ടായിരുന്നു. കഥ കേൾക്കലിന്റെയും കഥ പറച്ചിലിന്റേയും ഉന്മാദരാവുകളെ ആവർത്തിച്ചുറപ്പിച്ചാണ് എസ്.ഹരീഷ് മീശയിലൂടെ തന്റെയും എഴുത്തിന്റെയും സ്വാതന്ത്യ്രത്തെ വീണ്ടെടുത്തത്. രചനയുടെ നിലവിലുള്ള ലാവണ്യനിയമങ്ങളെ പൊരുതിവീഴ്ത്തി എഴുത്തുകാരൻ സ്വന്തം നിലപാടുകൾ പ്രഖ്യാപിക്കുന്നു. കണ്ണുരുട്ടിയും മീശപിരിച്ചും മനുഷ്യചിന്തകളെ എല്ലാക്കാലവും ഭയപ്പെടുത്തി അടിമകളാക്കാമെന്ന പൊതുബോധത്തെ തട്ടിത്തെറിപ്പിച്ചാണ് മീശ അവാർഡുകളുടെ ആഘോഷങ്ങളിൽ മുങ്ങി നിവരുന്നത്. കഥയെഴുത്തിന്റെ പതിവുശീലങ്ങളെ പഴങ്കഥയാക്കി പുതിയൊരു രചനാലോകം തുറക്കാൻ ആദ്യനോവലിലൂടെത്തന്നെ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. പിറന്ന നാടിന്റെ ഗന്ധവും സ്മൃതിപഥത്തിലെ ചിത്രരൂപവും ചേർന്നൊരുക്കിയ ഒരു മെഗാവിരുന്നാണ് മീശ. അതിനെത്തേടിയാണ് നാല്പത്താറാമത് വയലാർ അവാർഡ് എത്തിയത്.

സങ്കീർണവും ആകസ്മികവുമായ ജീവിതവഴികളെ അതിന്റെ പൂർണസങ്കീർണതയിൽ ആവിഷ്ക്കരിക്കുകയെന്ന വ്യതിരിക്തശീലം ഈ നോവലെഴുത്തിലുണ്ട്. ക്രമംതെറ്റിയോടുന്ന മനസിന്റെ ഘടികാരസൂചികളെ യുക്തിയുടെ കരിനൂലിട്ടു കുടുക്കുന്നതിനു പകരം സ്വാഭാവികതയുടെ വെളിമ്പ്രദേശങ്ങളിൽ അലയാനനുവദിക്കുകയാണ് നോവലിസ്റ്റ്. ഓർമ്മയിൽ ഓളപ്പെരുമ്പറ തീർക്കുന്ന വടക്കൻകുട്ടനാടിന്റെ ഭൂമിശാസ്ത്ര സവിശേഷതകളുടെ പുരാവൃത്തസാന്നിധ്യമാണ് നോവലിന്റെ കരുത്ത്. ജനാധിപത്യത്തിന്റെ പർവതപ്പൊക്കത്തെ അളന്നെടുക്കുന്ന ഗണിതസൂചകമായി ഈ നോവലിനെ പരിഗണിക്കാം. പേടിയാണ് എഴുത്തുകാർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് നോവലിസ്റ്റ് കുമ്പസാരപ്പെടുന്നു. രചനയിൽ വെളിപ്പെടുന്ന ഓരോ കഥാപാത്രവും എഴുത്തുകാരനൊപ്പം ജീവിക്കുന്നവരാണ്. വൈചിത്യ്രങ്ങളുടെ രസാത്മക സാന്നിധ്യമാണ് മനുഷ്യകുലത്തിന്റെ ഉദാത്തതയെ വെളിവാക്കുന്നത്. ബഹുമുഖ മാനങ്ങളുള്ള മനുഷ്യ ജീവിതത്തിലെ ഒരു മാത്രയെ കനിവോടെ കവർന്നെടുത്താണ് എഴുത്തുകാരൻ തന്റെ രചന നിർവഹിക്കുന്നത്. അനുഭവങ്ങളുടെ ബോധ്യങ്ങളെ ഭാവനയുടെ ഇളംചൂടിൽ വേവിച്ചെടുക്കുമ്പോൾ രുചിഭേദം അനുഭവപ്പെടാനിടയുണ്ട്. കഥയിലും നോവലിലുമെല്ലാം കഥാപാത്രങ്ങൾ എഴുത്തുകാരന്റെ അനുമതിയില്ലാതെ തന്നെ സ്വന്തം നിലയിലുള്ള സംഭാഷണങ്ങളും തോന്നുംമട്ടിലുള്ള ജീവിതവും നടത്താറുണ്ട്. അങ്ങനെ വരുമ്പോൾ എഴുത്തുകാർ കഥാപാത്രങ്ങൾക്കു മുന്നിൽ നിസഹായരായി മാറും. നോവലിലെയും കഥകളിലെയും കഥാപാത്രങ്ങൾ സാധാരണയായി എഴുത്തുകാരന്റെ വരുതിയുടെ വഴക്കങ്ങൾക്ക് വിധേയമാകാതെ നിൽക്കുന്നത് കാണാം. അതുകൊണ്ടുതന്നെ എഴുത്തുകാർ കഥാപാത്രങ്ങളെ ആദരവോടെയാണ് സമീപിക്കുന്നത്. ഈ ആദരവ് മീശയെന്ന നോവലിലെ എല്ലാ കഥാപാത്രങ്ങളോടും നോവലിസ്റ്റ് പുലർത്തുന്നു. പ്രത്യേകിച്ചും മീശവാവച്ചനെന്ന മിത്തിക്കൽ കഥാപാത്രത്തോടുള്ള എഴുത്തുകാരന്റെ ആദരം പ്രത്യേകം പരാമർശിക്കേണ്ടതാണ്.

വടക്കൻകുട്ടനാടിന്റെ ചേറുമണം നിറഞ്ഞ ചോഴിയപ്പറപ്പാടത്തിന്റെ അരികിൽ വസിക്കുന്ന പവിയാന്റെയും ചെല്ലയുടെയും ആറു മക്കളിൽ മൂന്നാമത്തവനായ വാവച്ചൻ മീശയെന്ന പേരിലേക്ക് പരിവർത്തനപ്പെടുന്നത് തികച്ചും യാദൃച്ഛികമായാണ്. കുടിയാൻ എന്ന നാടകത്തിന്റെ അവതരണത്തിനാണ് വാവച്ചൻ മീശ വച്ചത്. നാടകമവസാനിപ്പിച്ച് വീട്ടിൽ തിരിച്ചെത്തിയ വാവച്ചനെക്കണ്ട് ചെല്ലപോലും ഭയപ്പെട്ടു. രൂപഭാവങ്ങൾ ഭയപ്പാടിന്റെ മുറിപ്പാടുകൾ സൃഷ്ടിച്ചതോടെ മീശയ്ക്കെതിരെ പരാതികൾ പിറന്നുവീണു. കഥകളും കെട്ടുകഥകളും പിണഞ്ഞ് മീശവാവച്ചന്റെ ജീവിതം സങ്കീർണതകളാലുലഞ്ഞു. പ്രവൃത്തിയാർ ശങ്കുണ്ണിമേനോൻ വാവച്ചനെതിരെ ഏറ്റുമാനൂർ തഹസീൽദാർക്ക് പരാതി നൽകി. പുലയനായ വാവച്ചന് മീശവയ്ക്കാനുള്ള അധികാരമില്ലെന്നതായിരുന്നൂ കാരണം. പുഞ്ചനിലങ്ങളിലും ആളില്ലാത്ത സ്ഥലങ്ങളിലും ഒളിച്ചിരിക്കുന്നു, ഒടിവിദ്യയിൽ പ്രാവീണ്യമുണ്ട്, വാവച്ചനെക്കണ്ട് നാട്ടിലെ സ്ത്രീകൾ ബോധരഹിതരാകുന്നു എന്നിങ്ങനെ ശങ്കുണ്ണിനായരുടെ പരാതികൾ നിരവധിയുണ്ടായി. എന്നാൽ ഭയമല്ല ആരാധനയാണ് മീശയോട് അന്നാട്ടിലെ സ്ത്രീകൾക്കുണ്ടായിരുന്നത്. മീശവച്ചാൽ ആണുങ്ങളുടെ മുഖം സിംഹത്തെപ്പോലെയിരിക്കുമെന്ന നോവൽകഥാപാത്രമായ കുട്ടത്തിയുടെ സാക്ഷ്യത്തിന് പൊതുസമ്മതിയേറെയുണ്ടായി.

മീശവാവച്ചന്റെ അവതാരവാഴ്ത്തുകളാൽ നാട്ടിലെ പണിക്കാരിപ്പെണ്ണുങ്ങളുടെ വായ്ത്തലയ്ക്ക് മൂർച്ചയേറുകയും ചെയ്തു. അതോടെ നാട്ടിലെ ആൺമനസുകൾ മീശവാവച്ചനെതിരെ പ്രതിരോധസമരം തീർത്തു. എല്ലാവരും പേടിച്ചപ്പോഴും വാവച്ചനെ പേടിക്കാത്ത പെൺമനസിനുടമയായിരുന്നൂ സീത. പഴുത്ത ആത്തച്ചക്കയുടെ വിയർപ്പുമണവും പുഴുക്കനെല്ലിന്റെ ഗന്ധമുള്ള തലമുടിയുമായിരുന്നു സീതയുടെ പ്രത്യേകതകൾ. ചെറുപ്രായത്തിൽ അച്ഛൻ പവിയാനൊപ്പം നടത്തിയ യാത്രയ്ക്കിടയിൽ വാവച്ചൻ മലയായിലേക്കുപോകുന്ന രണ്ടു പേരെ കാണാനിടയായി. അവരുടെ മുഖത്തെ സന്തോഷസൂചന മലയായെന്ന ദേശത്തെക്കുറിച്ചുള്ള മോഹമായി വാവച്ചനിൽ നിറയുന്നു. വാവച്ചന്റെ മറ്റൊരു മോഹം സീതയാണ്. മലയായാത്രയുടെ ഇരമ്പം വാവച്ചനെ സീതയുടെ സമീപമെത്തിച്ചു. കഞ്ഞിക്കലത്തിലിരുന്ന കഞ്ഞിയെടുത്തുകുടിച്ച ശേഷം വാവച്ചൻ സീതയോടു ചോദിച്ചു:
”മലയായിക്കുള്ള വഴി ഇതിലെയെങ്ങാനുമാണോ?”
വാവച്ചൻ കഞ്ഞി മോഷ്ടിച്ചു കുടിച്ചതിനാൽ അത്താഴപ്പട്ടിണിയാകുമെന്ന് ഭയന്ന് സീത കോപത്തോടെ വാവച്ചനെ അടിച്ചു. വാവച്ചൻ സീതയ്ക്കുമേൽ തന്റെ ശരീരത്തിന്റെ ആധിപത്യമുറപ്പിച്ചു. പിന്നെ വന്നവരും പോയവരുമെല്ലാം ചേർന്ന് അവളെ പ്രാപിക്കുകയും തുടർന്ന് തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. സീതയുടെ ഗന്ധം വാവച്ചന്റെ സിരാപടലങ്ങളെ ഉരുക്കി. മലയായിലേക്കുള്ള വാവച്ചന്റെ യാത്ര സീതാന്വേഷണത്തിന്റെ യാത്രകൂടിയായി വിപുലപ്പെടുന്നു. തനിക്കുചുറ്റും പരക്കുന്ന ചെറുകാറ്റിന്റെ അലകളിലെവിടെയോ സീതയുടെ മോഹിപ്പിക്കുന്ന ഗന്ധം പുരണ്ടുകിടക്കുന്നുവെന്ന് വാവച്ചനോർത്തു. മീശവാവച്ചന്റെയും സീതയുടെയും കഥകൾ വ്യാഖ്യാനഭേദത്തോടെ കഥകളായും പാട്ടുകളായും പല പല ദേശങ്ങളിൽ പരന്നുകിടന്നു.

അസംഖ്യം കഥാപാത്രങ്ങളും വൈവിധ്യമുറഞ്ഞ അവരുടെ സ്വഭാവശീലങ്ങളും ചേർന്ന് സജീവമാകുന്ന നോവൽപരിസരമാണ് മീശയിലേത്. പവിയാൻ, കുട്ടത്തി, എഴുത്തച്ഛൻ, ദാമോദരൻ, കൃഷ്ണൻതട്ടാൻ, ശങ്കുണ്ണിമേനോൻ, ചിതൽക്കുറുപ്പ്, തഹസീൽദാർ സുബ്രഹ്മണ്യഅയ്യർ, കേശവപിള്ള, കുഞ്ഞച്ചൻ, പുളിങ്ങയിൽ മത്ത, പോത്തൻമാപ്പിള, തടത്തിമാക്കലച്ഛൻ എന്നിങ്ങനെ നോവലിന്റെ കഥാസൂചനകളിലെ പ്രകാശകേന്ദ്രമായി ഓരോ കഥാപാത്രവും മാറുന്നു.
ദലിത് രാഷ്ട്രീയത്തിന്റെ ചരിത്രപരമായ അടയാളപ്പെടുത്തലാണ് മീശ. ഒഴിവാക്കപ്പെടലിന്റെ ഭൂതകാലം തീർത്ത ചരിത്രരചനാപദ്ധതികളിൽ നിന്ന് വിഭിന്നമായി ജാതീയത ഒരുക്കുന്ന സാമൂഹ്യാനുഭവങ്ങളും വ്രണിതഹൃദയങ്ങളുടെ നൊമ്പരക്കാഴ്ചകളും വിമർശനാത്മകമായി എഴുത്തിലൂടെ അവതരിപ്പിക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. നിലവിലുള്ള ചരിത്രപദ്ധതികളുടെ ഘടനാചാതുരിയോടും സൈദ്ധാന്തിക ചുവകളോടും വിമർശനാത്മകമായ ചില ചോദ്യങ്ങൾ ഉന്നയിക്കാനും നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. പുലയ ക്രിസ്ത്യാനിയായ വാവച്ചൻ നാടകാഭിനയത്തിനായി വയ്ക്കുന്ന മീശ നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയുടെ വെല്ലുവിളിചിഹ്നമായി പ്രതിരോധത്തിന്റെ അടയാളവാക്യം തീർക്കുകയാണ്. നാടകത്തിൽ മീശ വയ്ക്കാനുള്ള ജാതിയിൽ താഴ്ന്നവനെന്ന് അടയാളപ്പടുത്തിയ ഒരുവന്റെ താല്കാലിക അവസരത്തെ നിരന്തരപ്രക്രിയയാക്കി മാറ്റാൻ ശ്രമിക്കുന്നിടത്താണ് വരേണ്യ പൊതുബോധത്തിന്റെ തമ്പുരാൻകോട്ടകൾ ഉടഞ്ഞുചിതറുന്നത്. വാവച്ചന്റെ പ്രതിരോധകാമനകളെ അതിന്റെ ആദ്യമുകുളത്തിൽത്തന്നെ കരിച്ചുകളയാൻ സവർണരും പൊലീസുമെല്ലാം സംഘടിതമായി ശ്രമിക്കുന്നുമുണ്ട്. വാവച്ചനെത്തേടിയുള്ള അവരുടെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തലിന്റെ പദ്ധതിപ്രദേശത്ത് വച്ച് അയാൾ നിഷ്ക്കാസിതനാവുന്നു. അങ്ങനെ അയുക്തികതയുടെ വികാസഘട്ടങ്ങളിലൂടെ വലുപ്പമേറിയ ആഖ്യാനപരിസരം സൃഷ്ടിക്കുന്ന രാഷ്ട്രീയനോവലായി മീശ മാറുന്നു.

പിറന്ന ദേശമാണ് എഴുത്തുകാരന്റെ ഭാവനാലോകത്തിന് ചിറകു നൽകുന്നത്. വൈക്കം, അയ്മനം, ആർപ്പൂക്കര, കൈപ്പുഴ, നീണ്ടൂർ, കുമരകം, തിരുവാർപ്പ്, ഒളശ്ശ, പരിപ്പ്, കുറിച്ചി എന്നീ പ്രദേശങ്ങളുടെ ഉള്ളറകളിലെ വെളിച്ചമാണ് മീശയെന്ന നോവലിനെ പ്രകാശിപ്പിക്കുന്നത്. ഇവിടങ്ങളിലെ മനുഷ്യരുടെ വിചിത്രകഥകളാണ് മീശയിലെ പ്രതിപാദ്യം. ഇതോടൊപ്പം എണ്ണമറ്റ, എവിടെ നോക്കിയാലും പരന്നുകിടക്കുന്ന അറ്റമില്ലാത്ത പാടശേഖരങ്ങളുടെ ശുദ്ധമായ കഥയും മീശയിൽ തെളിയുന്നു. ചങ്ങനാശ്ശേരിക്കപ്പുറത്തെ കുട്ടനാടും കിഴക്കൻപ്രദേശങ്ങളും അവിടുത്തെ നസ്രാണികളും ഈഴവരും പുലയരും പറയരും നായൻമാരും വാലൻമാരുമെല്ലാം വസിക്കുന്ന വിശുദ്ധഭൂമിയുടെ കഥയെ ചരിത്രാംശങ്ങളുടെ പാശത്താൽ എഴുത്തുകാരൻ ബന്ധിപ്പിക്കുന്നു. നാരായണഗുരുദേവനും, ഉത്രംതിരുനാളും, ഹെന്റി സായിപ്പുമെല്ലാം സാന്നിധ്യംകൊണ്ട് നോവലിനെ പവിത്രമാക്കുന്നു. മകൻ പൊന്നുവിന് അച്ഛനിലുറങ്ങിക്കിടക്കുന്ന കഥകളുടെ വൈപുല്യത്തെക്കുറിച്ച് എപ്പോഴോ തോന്നിയ വെളിപാടിലൂന്നിയാണ് കഥാകാരൻ കഥ പറച്ചിലിന്റെ രസക്കൂട് തുറന്നിടുന്നത്. പക്ഷേ കഥകേൾക്കാനിരിക്കുന്ന കുഞ്ഞിന്റെ കഥാസ്വപ്നങ്ങളിലേക്ക് പെരുമഴയായിപ്പെയ്തിറങ്ങാൻ നോവലിസ്റ്റിന് കഴിഞ്ഞില്ല. കഥകളിലൂടെയുള്ള പകർന്നാട്ടം നിരതെറ്റിയലഞ്ഞപ്പോൾ പിന്നെ കണ്ടതും കേട്ടതുമെല്ലാം കഥാരൂപം പൂണ്ട് നാവിൻതുമ്പിലൂടെ ഇടറിവീണു.

മകനോട് പറയാൻ കൊള്ളാവുന്നത്, അല്ലാത്തത് എന്ന വിവേചനത്തിന് വിച്ഛേദമുണ്ടായപ്പോൾ കഥാലോകത്തിന്റെ ആകാശത്തെ വിപുലീകരിക്കുവാൻ നോവലിസ്റ്റ് നിർബന്ധിതനായി. അതോടെ നോവലിലെ കഥാപാത്രങ്ങൾ സ്ത്രീവിരുദ്ധമായും മനുഷ്യത്വവിരുദ്ധമായുമൊക്കെ വർത്തമാനം പറഞ്ഞുതുടങ്ങിയെന്ന വേദന എഴുത്തുകാരനൊപ്പം ചില വായനക്കാരിലും നിറയാനിടവന്നു. കഥാപാത്രങ്ങൾ വർത്തമാനങ്ങളിൽ കുറച്ചുകൂടി സൂക്ഷ്മത പുലർത്തേണ്ടതാണെന്ന ശുദ്ധ മതതത്വത്തിലാണ് എഴുത്തുകാരനും വിശ്വസിച്ചതെങ്കിലും അയാളതിൽ നിസഹായനായിരുന്നു. കാരണം നോവലുകൾ സ്വതന്ത്രരാജ്യങ്ങളായതിനാൽ അവിടുത്തെ നിയമങ്ങളിലും നീതിയിലും എഴുത്തുകാരന് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയുകയില്ലെന്ന പ്രശ്നം നിലനിൽക്കുകയാണ്.
മീശ ഒരു പ്രതിരോധമാണ്. മണ്ണിന്റെയും മനുഷ്യന്റെയും കഥ പറഞ്ഞുകൊണ്ടാണ് പ്രതിരോധത്തിന്റെ നെടുങ്കോട്ടകൾക്ക് നോവലിസ്റ്റ് രൂപം നൽകിയിരിക്കുന്നതെന്ന് മാത്രം. തുറന്നെഴുത്തിന്റെ ആഖ്യാനരീതിയാണ് നോവലിലുടനീളം നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. ക്രമമില്ലായ്മയാണ് ഈ നോവലിന്റെ ക്രമം. പൂർണഹൃദയത്തോടെയും അതീവതാല്പര്യത്തോടെയും ശ്രദ്ധിച്ചുകേൾക്കുന്നവരോട് കഥ പറയുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന വിശ്വാസമാണ് എഴുത്തുകാരനുള്ളത്. അതിനുതകുന്ന രചനാശൈലിയാണ് മീശയിൽ പ്രതിഫലിക്കുന്നത്.

****************************
പേടിയാണ് എഴുത്തുകാരന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശനം
***********

അവധിക്കാലം മാത്രമാണ് കുട്ടികളുടെ ജീവിതം. രണ്ട് അവധികൾക്കിടയിലെ നീണ്ട ഉറക്കം മാത്രമാണ് സ്കൂൾ ജീവിതം.
***************
നമ്മൾ നുണ പറയുന്നതാണെന്ന് വഴിയെ ബോധ്യപ്പെടുന്നതുകൊണ്ടല്ലേ നമ്മൾ പറയുന്ന ഗുണപാഠകഥകളെപ്പോലെയെന്നു കരുതി കുട്ടികൾ മുഴുവൻ കഥകളെയും വെറുക്കുന്നത്. നന്മ വിജയിക്കുന്ന കഥകൾ, സോദ്ദേശ്യകഥകൾ എന്നിവയെപ്പോലെ അസംബന്ധം ലോകത്തുണ്ടോ. എളിയവരുടെ ജീവിതം മുഴുക്കെ ഇരുളാണ് എന്ന ദുരന്ത പാഠമാണ് മണ്ണാങ്കട്ടയുടയും കരിയിലയുടെയും കഥ നൽകുന്നത്.
**********
ഓരോ ശക്തനും ഓരോ ദൗർബല്യങ്ങളുണ്ട്. ഹെർക്കുലീസിന് മുടി, കർണന് കവചകുണ്ഡലങ്ങൾ, കാണ്ടാമൃഗത്തിന് കൊമ്പ്, പരുന്തിന് നഖങ്ങൾ, മീശയ്ക്ക് ലോകത്താർക്കുമില്ലാത്ത മീശ.
************
പാമ്പിനെക്കണ്ടാൽ മനുഷ്യൻ തല്ലിക്കൊല്ലാൻ നോക്കും. അതുപദ്രവിക്കാതെ പോയാലും നമ്മൾ പിറകെപോയി തല്ലിക്കൊല്ലും. ദൈവം തോന്നിക്കുന്നതാ അത്. ബൈബിളിൽ അങ്ങനെ കഥയുണ്ട്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.