30 September 2024, Monday
KSFE Galaxy Chits Banner 2

കരുതൽ വേണം, സഹകരണത്തെ രക്ഷിക്കാൻ

പി ശ്രീരാമകൃഷ്ണന്‍
റസിഡന്റ് വൈസ് ചെയര്‍മാന്‍, നോര്‍ക്ക റൂട്ട്സ്
October 18, 2022 4:46 am

കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് സുരക്ഷിതവും നിയമപരവുമായ മാർഗങ്ങളിലൂടെ യുകെയിലേക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്ന ധാരണാപത്രം കഴിഞ്ഞ ദിവസം ലണ്ടനിൽ ഒപ്പുവച്ചിരുന്നു. കേരള സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്ട്സും ബ്രിട്ടണില്‍ (യുകെ) എൻഎച്ച്എസ് (നാഷണൽ ഹെൽത്ത് സർവീസ്) സേവനങ്ങൾ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പുകളിൽ (ഐസിപി) ഒന്നായ ഹംബർ ആന്റ് നോർത്ത് യോർക്ക് ഷെയർ ഹെൽത്ത് ആന്റ് കെയർ പാർട്ണർഷിപ്പ്, നോർത്ത് ഈസ്റ്റ് ലിങ്കൻഷെയറിലെ ഹെൽത്ത് സർവീസിന്റെ മാനസിക ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവച്ചത്. ഇന്ത്യയിലെ റിക്രൂട്ട്മെന്റ് നടപടികൾക്ക് പിന്തുണ നൽകുന്നത് ഹംബർ ആന്റ് നോർത്ത് യോർക്ക് ഷെയർ ഹെൽത്ത് ആന്റ് കെയർ പാർട്ണർഷിപ്പിലെ പ്രധാന അംഗമായ നാവിഗോ എന്ന സ്ഥാപനമാണ്.
ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്നതും നോർക്ക റൂട്ട്സിനും മുഖ്യമന്ത്രി ഉൾപ്പെടെയുളള വ്യക്തികൾക്കും അപകീർത്തികരവുമായ ചില പ്രതികരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. കേന്ദ്രാനുമതി ഇല്ലാതെ, സ്വകാര്യസ്ഥാപനവുമായാണ് നോർക്ക ധാരണാപത്രം ഒപ്പിട്ടതെന്നും ആരോഗ്യപ്രവർത്തകർക്ക് യുകെയിലേക്ക് തൊഴിൽ കുടിയേറ്റം നടത്താൻ നിലവിൽ സാഹചര്യം ഉണ്ടെന്നിരിക്കേ, പ്രസ്തുത ധാരണാപത്രത്തിന് പുതുമയില്ലെന്നുമായിരുന്നു പ്രധാന വിമർശനം.


ഇതുകൂടി വായിക്കൂ: പ്രവാസികളോടുള്ള അവഹേളനം


പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും പുനരധിവാസത്തിനുമായി പ്രവർത്തിച്ചുവരുന്ന കേരള സർക്കാരിന്റെ ഫീൽഡ് ഏജൻസിയാണ് നോർക്ക റൂട്ട്സ്. എമിഗ്രേഷൻ ആക്ട് 1983 പ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻസ് അനുവദിച്ച രാജ്യാന്തര റിക്രൂട്ട്മെന്റ് ലൈസൻസുളള ഏജൻസി കൂടിയാണ് നോർക്ക റൂട്ട്സ്. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന് ഇതുവഴി കമ്പനികളുമായോ, സർക്കാർ, സ്വകാര്യ ഏജൻസികളുമായോ നിയമപരമായ റിക്രൂട്ട്മെന്റ് കരാറുകളിൽ ഏർപ്പെടാനാകും. എന്നാൽ ഇരു രാജ്യങ്ങളിലെയും സർക്കാർ ഏജൻസികൾ ഉൾപ്പെടുന്ന റിക്രൂട്ട്മെന്റ് കരാർ ആയതിനാൽ ഈ വിഷയത്തിൽ കരട് ധാരണാപത്രം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസിനായി സമർപ്പിക്കുകയും ഇക്കഴിഞ്ഞ മൂന്നിനു തന്നെ ക്ലിയറൻസ് ലഭിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയും പാലിച്ചുമാണ് നോർക്ക റൂട്ട്സ് ധാരണാപത്രം അന്തിമമാക്കിയിട്ടുള്ളത്.
യുകെയിൽ 2022ലെ ഹെൽത്ത് ആന്റ് കെയർ ആക്റ്റ് പ്രകാരം നിലവിൽ വന്ന സ്റ്റാറ്റ്യൂട്ടറി സംവിധാനമാണ് ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റം (ഐസിഎസ്). പ്രസ്തുത നിയമ പ്രകാരം യുകെയെ എന്‍എച്ച്എസ് സേവനങ്ങൾക്കായി 42 മേഖലകളായി (ഐസിഎസ് അഥവാ ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റം) തിരിച്ചിട്ടുണ്ട്. ഓരോ മേഖലയുടെയും ചുമതല അതാത് ഇന്റഗ്രേറ്റഡ് കെയർ ബോർഡുകൾക്കാണ് (ഐസിബി). ഓരോ ഐസിബിയുടെയും നേതൃത്വത്തിൽ യുകെയിൽ നാഷണൽ ഹെൽത്ത് സർവീസ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് 42 മേഖലാ പാർട്ണർഷിപ്പുകളാണുള്ളത്. പ്രസ്തുത ഐസിഎസ് ഏരിയയിലെ ഇന്റഗ്രേറ്റഡ് കെയർ ബോർഡും ഏരിയയിൽ വരുന്ന എല്ലാ ഉയർന്ന തലത്തിലുള്ള പ്രാദേശിക സമിതികളും പ്രാദേശിക ഭരണകൂടവും ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യകേന്ദ്രങ്ങളും തമ്മിൽ സംയുക്തമായി രൂപീകരിച്ച ഒരു നിയമാനുസൃത സമിതിയാണ് ഇന്റഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പ്. ഇതിൽ ഹംബര്‍ ആന്റ് നോര്‍ത്ത് യോര്‍ക്ക്ഷെയര്‍ മേഖലയിലെ പാർട്ണർഷിപ്പ് സംവിധാനമാണ് ഹംബർ ആന്റ് നോർത്ത് യോർക്ക്ഷെയർ ഹെൽത്ത് ആന്റ് കെയർ പാർട്ണർഷിപ്പ്. ആയതിനാൽ ഇത് പൂർണമായും ഒരു സർക്കാർ സംവിധാനമാണ്.


ഇതുകൂടി വായിക്കൂ: വികസന മേഖലാ നയങ്ങള്‍ : അഴിച്ചുപണി അനിവാര്യം


ലോക കേരളസഭയുടെ യൂറോപ്പ്, യുകെ മേഖലാ സമ്മേളനം ഒക്ടോബർ ഒമ്പതിന് ലണ്ടനിൽ ചേരാനിരുന്നതിനാലാണ് പ്രസ്തുത ധാരണാപത്രം അതേ വേദിയിൽ തന്നെ കൈമാറാൻ നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ യുകെ സർക്കാരിന്റെ ഹെൽത്ത് ആന്റ് സോഷ്യൽ കെയർ ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിച്ച്, ഡേവ് ഹൊവാർത്ത്, (ഡെപ്യൂട്ടി ഹെഡ്, ഇന്റർനാഷണൽ ഹെൽത്ത് ആന്റ് സോഷ്യൽ കെയർ റിക്രൂട്ട്മെന്റ് ടാസ്ക് ഫോഴ്സ്) പങ്കെടുത്തിരുന്നു. ഈ കരാറിന്റെ പുരോഗതിക്കനുസരിച്ച് യുകെയിലെ മറ്റ് 41 കെയർ പാർട്ണർഷിപ്പുകൾ വഴിയും റിക്രൂട്ട്മെന്റിനുളള സാധ്യതയും ഭാവിയിൽ നോർക്ക റൂട്ട്സിന് ലഭിച്ചേക്കാം. മാത്രമല്ല നഴ്സിങ് ഇതര റിക്രൂട്ട്മെന്റ് സാധ്യതകൾക്കും ആരോഗ്യ രംഗത്തുള്ള പരസ്പര സഹകരണത്തിനും ഈ കരാർ വഴിവയ്ക്കുന്നു.
ഇത്രയ്ക്ക് പ്രാധാന്യമുള്ളതും സമാനതകളില്ലാത്തതുമായ റിക്രൂട്ട്മെന്റ് സാധ്യതകളാണ് ഈ ധാരണാപത്രം വഴി യാഥാർത്ഥ്യമായത്. 2022 ജൂലൈ ഒന്നിന് നിലവിൽ വന്ന ഐസിബികളുമായി ഇന്ത്യയിൽ ആദ്യമായി റിക്രൂട്ട്മെന്റ് കരാറിലേർപ്പെടുന്നത് കേരളത്തിന്റെ സ്വന്തം നോർക്ക റൂട്ട്സ് ആണ്. നഴ്സുമാർക്കു മാത്രമല്ല ആരോഗ്യമേഖലയിലെ മറ്റ് പ്രൊഫഷണലുകൾക്കും മറ്റ് തൊഴിൽ മേഖലയിൽ ഉള്ളവർക്കും യുകെ കുടിയേറ്റം സാധ്യമാക്കുന്ന വ്യവസ്ഥാപരമായ റിക്രൂട്ട്മെന്റ് രീതിക്കാണ് നോർക്ക റൂട്ട്സ് വഴി ഇതോടെ തുടക്കമാകുന്നത്.
യുകെയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന് നിലവിൽ തന്നെ സാധ്യതകളുണ്ട്. നോർക്ക റൂട്ട്സ് വഴി മാത്രമേ യുകെയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ് സാധ്യമാകൂ എന്ന അവകാശവാദം ഒരിടത്തും ഉന്നയിച്ചിട്ടില്ല. നിലവിൽ യുകെയിലേക്ക് നോർക്ക റൂട്ട്സ് വഴി അല്ലാതെയും നഴ്സിങ് റിക്രൂട്ട്മെന്റ് സാധ്യമാണ്. അതിനുള്ള അവസരങ്ങൾ യുകെയിലെ ആരോഗ്യമേഖലയിൽ നിലവിലുണ്ട്. എന്നാൽ, ഇപ്പോൾ ഒപ്പുവച്ച കരാർ പ്രകാരം നഴ്സിങ് പ്രൊഫഷണലുകൾക്ക് മാത്രമല്ല ആരോഗ്യ, ഇതര മേഖലയിലെ മറ്റ് പ്രൊഫഷണലുകൾക്കും ഇതര രംഗത്തുള്ളവർക്കും യുകെയില്‍ സാധ്യതകളുണ്ടാക്കുന്നു. മാത്രമല്ല, ഇന്റർവ്യുവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഭാഷാപരിചയം വ്യക്തമാക്കുന്ന ഒഇടി/ഐഇഎല്‍ടിഎസ് എന്നിവ ഇല്ലാതെ തന്നെ ഉപാധികളോടെ ഓഫർ ലെറ്റർ ലഭിക്കുന്നതിനും നോർക്ക റൂട്ട്സ് വഴി അവസരമുണ്ട്.
ഓഫർ ലെറ്റർ ലഭിച്ചശേഷം പ്രസ്തുത യോഗ്യത നേടിയാൽ മതിയാകും. ഇത് യാഥാർത്ഥ്യമാക്കാൻ നോർക്ക പുതുതായി ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാഗ്വേജ് മുൻകൈയെടുക്കും. സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള ഉദ്യോഗാർത്ഥികൾക്ക് അർഹമായ പരിഗണനയും ലഭ്യമാക്കും.


ഇതുകൂടി വായിക്കൂ: ലോകകേരള സഭ ധൂര്‍ത്തല്ല, പ്രവാസികളെ ചേര്‍ത്തുനിര്‍ത്തല്‍


ബിഎസ്‌സി നഴ്സിങ് പാസായ ഉദ്യോഗാർത്ഥികൾക്ക് ഒഇടി/ഐഇഎല്‍ടിഎസിൽ മതിയായ സ്കോർ ഇല്ലെങ്കിൽപ്പോലും യുകെയിൽ സീനിയർ കെയറർ തസ്തികയിൽ ജോലി ലഭിക്കാൻ നിലവിൽ തന്നെ അവസരമുണ്ട്. ഈ അവസരം ചൂഷണം ചെയ്ത് ലക്ഷങ്ങളാണ് അനധികൃത ഏജന്റുമാർ ഈടാക്കി വരുന്നത്. ഈ പ്രവണതയ്ക്ക് തടയിടാൻ കൂടിയാണ് നോർക്ക ശ്രമിക്കുന്നത്. സാധാരണക്കാരായ ഉദ്യോഗാർത്ഥികൾക്ക് ചൂഷണത്തിൽ നിന്നും ഒരു പരിധിവരെ മോചിതരാകാൻ പുതിയ കരാറിലൂടെ കഴിയും. പ്രൊഫഷണൽ ആന്റ് ലിംഗ്വിസ്റ്റിക്ക് അസസ്മെന്റ് ബോർഡ് (പിഎല്‍എബി) ടെസ്റ്റ് പാസായ ഡോക്ടർമാർക്കു മാത്രമേ സാധാരണയായി യുകെയിലേക്ക് തൊഴിൽ വീസ ലഭിക്കുകയുള്ളൂ. എന്നാൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് പിഎല്‍എബി പാസാകാതെ തന്നെ സ്പോൺസര്‍ഷിപ്പിലൂടെ യുകെയിലേക്ക് പോകുന്നതിനും പ്രാക്ടീസ് ചെയ്യുന്നതിനും അവസരമുണ്ട്. സ്പോൺസർഷിപ്പ് യോഗ്യത യുകെയിൽ ചില പ്രത്യേക ആരോഗ്യ സംവിധാനങ്ങൾക്കു മാത്രമാണുള്ളത്. പുതിയ ധാരണാപത്രത്തിന്റെ ഭാഗമായ നാവിഗോ അടക്കമുള്ള ധാരാളം സ്ഥാപനങ്ങൾ ഈ യോഗ്യത ഉള്ളവരാണ്. ഇതുവഴി സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് അധിക യോഗ്യത നേടാതെ തന്നെ യുകെയിലേക്ക് പോകാൻ കഴിയും.
നവംബറിൽ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യുകെ ജോബ് ഫെസ്റ്റും തുടർന്ന് പ്രതിവർഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഇവന്റുകളും ഈ ധാരണാപത്രത്തിന്റെ നേട്ടം തന്നെയാണ്. ആദ്യഘട്ടത്തിൽ കേരളത്തിലെ ആരോഗ്യ, ഇതര മേഖലകളിൽ നിന്നുള്ള 3000ത്തോളം ഉദ്യോഗാർത്ഥികൾക്ക് പുതിയ കരാർ പ്രകാരം യുകെയിലേക്ക് തൊഴിൽ സാധ്യത തെളിയും.
വസ്തുതകൾ ഇതായിരിക്കേ ചില കോണുകളിൽ നിന്നുളള അവാസ്തവവും തെറ്റിദ്ധാരണാജനകവുമായ പ്രചാരണങ്ങളിൽ നിന്നും വ്യക്തികളും മാധ്യമങ്ങളും വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.