23 December 2024, Monday
KSFE Galaxy Chits Banner 2

കേരളം @ 66

കെ ദിലീപ്
നമുക്ക് ചുറ്റും
October 28, 2022 4:54 am

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 66 വർഷം പൂർത്തിയാകുവാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളു. മനുഷ്യജീവിതത്തിൽ 66 വർഷം വലിയൊരു കാലയളവാണ്. ജീവിതത്തിന്റെ സായന്തന കാലത്തിന്റെ തുടക്കം. എന്നാൽ ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അത്തരത്തിൽ പറയുക വയ്യ; ബാലാരിഷ്ടതകൾ കഴിഞ്ഞു വളർച്ചയും വികാസവും പ്രാപിക്കുന്ന കാലഘട്ടമാണ് 66 വർഷം. 1956ൽ ഐക്യകേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളെയും പോലെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ വളരെ പിറകോട്ട് നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. 66 വർഷമാകുന്ന വേളയിൽ തിരിഞ്ഞുനോക്കുമ്പോൾ കേരളം ഇന്ത്യയിലെ ഏറ്റവും പുരോഗതി നേടിയ സംസ്ഥാനമാണെന്ന് നിസംശയം പറയാൻ സാധിക്കും. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ച നാട്ടിൽ നിന്ന് ഇന്ത്യയിലെ സാമൂഹികമായി ഏറ്റവും പുരോഗമനം നേടിയ സംസ്ഥാനം എന്ന നിലയിലേക്കുള്ള വളർച്ച കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള കാലയളവിലാണെന്ന് കാണാൻ സാധിക്കും. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും വാഗ്ഭടാനന്ദനും ഒക്കെ നയിച്ച സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ, അതിന്റെ തുടർച്ചയായി വളർന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ, ഗ്രന്ഥശാല പ്രസ്ഥാനം നടത്തിയ വിദ്യാഭ്യാസ വ്യാപന പ്രവർത്തനങ്ങൾ, അധഃസ്ഥിതന്റെ മോചനത്തിനും മാനവികതയ്ക്കും അനുകൂലമായ പൊതുമനസ് സൃഷ്ടിച്ച എഴുത്തുകാരുടെ സംഭാവനകൾ, ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ഇവയെല്ലാം ചേർന്ന ഭൂമികയിലാണ് കേരളത്തിലെ ആദ്യ ജനകീയ സർക്കാർ പുരോഗമന നടപടികളുടെ വിത്തിട്ടത്. വിദ്യാഭ്യാസ‑ആരോഗ്യരംഗങ്ങളിലെ മുന്നേറ്റം, ക്ഷേമ പദ്ധതികൾ, സാർവത്രിക റേഷൻ തുടങ്ങിയ നടപടികളാണ് കേരളജനതയുടെ ജീവിത നിലവാരത്തിൽ വലിയ മാറ്റം വരുത്തിയത്.


ഇതുംകൂടി വായിക്കു; ഓർമ്മിക്കണം കർഷകനെയും വിശക്കുന്നവനെയും

 


 

കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടത് മുതൽ ഐക്യ കേരളത്തിനായി പ്രവർത്തിച്ചു. സംസ്ഥാന രൂപീകരണത്തിന് വർഷങ്ങൾക്കു മുൻപ് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖില കേരള സംസ്ഥാന കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. ഒന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ലോകത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ എത്തി. ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ആദ്യത്തെ ഉത്തരവ് കുടിയിറക്ക് നിരോധിക്കുന്നതായിരുന്നു. അതിൽ തുടങ്ങിയ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ജനപക്ഷ നിലപാടുകളാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും പുരോഗതി പ്രാപിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത്. കേരള സമൂഹത്തിൽ ഏറ്റവും മൗലികമായ മാറ്റങ്ങൾ സൃഷ്ടിച്ചത് ഭൂപരിഷ്കരണ നിയമം തന്നെയാണ്. ഭൂപരിഷ്കരണത്തിലൂടെ കേരളത്തിലെ ഭൂരഹിത കർഷകന്, കർഷക തൊഴിലാളിക്ക് കിടപ്പാടം ലഭ്യമായി. ഇന്ന് കേരളത്തിലെ 98 ശതമാനം ആളുകൾക്കും സ്വന്തമായ കിടപ്പാടമുണ്ട്. ഭൂപരിഷ്കരണത്തിന്റെ പ്രാധാന്യം അതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു ജീർണിച്ച സാമൂഹ്യ വ്യവസ്ഥിതിയെ അത് പൊളിച്ചടുക്കി. കേരളം വികസിത രാജ്യങ്ങൾക്കൊപ്പം ആരോഗ്യരംഗത്ത് പുരോഗതി നേടിയെന്നാണ് കോവിഡ് കാലം വരെ നമ്മൾ അഭിമാനിച്ചിരുന്നത്. എന്നാൽ കോവിഡ് കാലത്ത് നമുക്ക് ബോധ്യമായ ഒരു വസ്തുത പല വികസിത യൂറോപ്യൻ രാജ്യങ്ങളെക്കാളും ശക്തമായി കോവിഡിനെ പ്രതിരോധിച്ചത് ഈ കൊച്ചു കേരളമാണ്, ഇവിടുത്തെ പൊതു ആരോഗ്യ സംവിധാനമാണ് എന്നാണ്. ഈ മികവിന് അന്താരാഷ്ട്രതലത്തിൽ തന്നെ കേരളത്തിന് അംഗീകാരവും പുരസ്കാരങ്ങളും ലഭ്യമായിട്ടുമുണ്ട്. കേരളത്തിൽ പൊതു ആരോഗ്യ സ്ഥാപനങ്ങൾ വളർത്തിയെടുക്കുവാനും അവ പരിപാലിക്കുവാനും നിരന്തരമായ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ ആകെത്തുകയാണ് വികസിത രാജ്യങ്ങൾക്ക് ഒപ്പം നില്ക്കുന്ന കേരളത്തിലെ കുറഞ്ഞ ശിശു മരണനിരക്കും ഉയര്‍ന്ന ആയുർദൈർഘ്യവും. ഇന്ത്യയിൽ മറ്റു പലയിടങ്ങളിൽ നിന്നും ശിശു മരണങ്ങൾ, സാംക്രമിക രോഗങ്ങളുടെ ആധിക്യം തുടങ്ങിയവ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ കേരളം ഉയർന്ന ആരോഗ്യ സംരക്ഷണത്തിന് പ്രശംസ നേടുന്നു. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ജീവിതശൈലീ രോഗങ്ങളും അതിന് അനുബന്ധമായി ഉണ്ടാകുന്നവയുമാണ്. അതിന് പ്രധാന കാരണം മാറിയ ഭക്ഷണരീതിയും കൂടിവരുന്ന ജങ്ക് ഫുഡ് ഉപയോഗവുമാണ്. ഈ പ്രശ്നങ്ങളും വികസിത രാഷ്ട്രങ്ങൾ അഭിമുഖീകരിക്കുന്നവയാണ്. വിദ്യാഭ്യാസ മേഖലയിൽ കേരളം നേടിയ പുരോഗതി മലയാളിയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുവാനും പ്രത്യേകിച്ച് സേവനമേഖലയിൽ കയ്യൊപ്പ് സൃഷ്ടിക്കുവാനും സഹായിച്ചു. ഇക്കാര്യത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിസ്തുലമായ പങ്കുവഹിച്ചത് എന്ന് മറന്നു പോകരുത്. ഇന്ത്യയിൽ 100ശതമാനം സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. അതേസമയം തന്നെ ഇന്ന് സാമൂഹ്യമായ പല തിന്മകളും നമ്മുടെ സമൂഹത്തിൽ മെല്ലെ തലപൊക്കുന്നു എന്നുള്ളത് വിസ്മരിക്കാൻ പാടില്ല. ഇക്കാര്യത്തിൽ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും സാംസ്കാരിക ഔന്നത്യം നിലനിർത്തുവാനും കേരളീയർ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.


ഇതുംകൂടി വായിക്കു; ഒരു പാഠത്തെ ഓർമ്മിപ്പിക്കുന്ന പുരസ്കാരം


ഔപചാരിക വിദ്യാഭ്യാസ മേഖലയിൽ സ്കൂൾതലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ ഉയർന്ന സ്ത്രീ പങ്കാളിത്തമാണുള്ളത്. ജനസംഖ്യയിലെ ഉയർന്ന സ്ത്രീ-പുരുഷാനുപാതം, സ്ത്രീകളുടെ ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് ഇവയിലെല്ലാം രാജ്യത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ നിൽക്കുമ്പോഴും സ്ത്രീകൾക്കിടയിൽ പ്രത്യേകിച്ച് തൊഴിലെടുക്കുന്ന സ്ത്രീകളിൽ വർധിച്ചുവരുന്ന അനാരോഗ്യം, വിളർച്ച മൂലം ഉണ്ടാകുന്ന അസുഖങ്ങൾ എന്നിവ പരിഹരിക്കേണ്ടതായിട്ടുണ്ട്. അതുപോലെതന്നെ സ്ത്രീകളുടെ നേരെ വർധിച്ചുവരുന്ന അതിക്രമങ്ങളും ഇല്ലായ്മ ചെയ്യാൻ നടപടികൾ വേണം. സേവനമേഖലയിലും അസംഘടിത മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വൃത്തിയുള്ള ടോയ്‌ലറ്റ്, വിശ്രമമുറി, ക്രഷ്, രാത്രി ജോലി ചെയ്യുന്നവർക്ക് യാത്രാസൗകര്യം ഇവയെല്ലാം കൂടുതലായി ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പാരിസ്ഥിതിക വെല്ലുവിളി തന്നെയാണ്. സംസ്ഥാനം രൂപീകരിക്കുന്ന കാലത്ത് ഇന്നത്തെ ഇതുപോലുള്ള ശക്തമായ ഒരു പാരിസ്ഥിതിക അവബോധം ലോകത്ത് തന്നെ രൂപപ്പെട്ടു വന്നിരുന്നില്ല. 1972ലെ സ്റ്റോക്ക് ഹോം സമ്മേളനമാണ് പാരിസ്ഥിതിക വെല്ലുവിളികൾ ഗൗരവതരമായ ഒരു പ്രശ്നമാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത്. കേരളം 70 കളിൽ തന്നെ സ്വകാര്യവനങ്ങളും മറ്റും ദേശസാൽക്കരിച്ചുകൊണ്ട് പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ ആരംഭിച്ചിരുന്നുവെങ്കിലും നമുക്ക് ലഭ്യമായ ഭൂപ്രദേശം കുറവായിരുന്നതിനാലും ജനസാന്ദ്രത വളരെ കൂടുതലായിരുന്നതിനാലും അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിലേക്ക് പിന്നീടുള്ള കാലഘട്ടത്തിൽ കടക്കുകയും മണൽഖനനം, ഭൂഗർഭ ജല ചൂഷണം, ജലമലിനീകരണം, തണ്ണീർത്തടങ്ങളും വയലുകളും നികത്തല്‍, കരിങ്കൽ ക്വാറികൾ തുടങ്ങിയവയിലൂടെ പരിസ്ഥിതിക്ക് വലിയ ആഘാതം സംഭവിച്ചിട്ടുണ്ട്. 1980കളിൽ ആഗോളീകരണ നയങ്ങളുടെ ഭാഗമായി ഇന്ത്യ മുതലാളിത്ത വികസന രീതിയെ പിന്തുടരാൻ ആരംഭിച്ചപ്പോഴാണ് അതിന്റെ ഫലമായി കേരളത്തിലും അനിയന്ത്രിതമായ വികസന പ്രക്രിയകൾ ഉണ്ടായത്. അതോടെ വികസിത രാജ്യങ്ങളിലേതു പോലെ ഇവിടെയും പരിസ്ഥിതിക്ക് ആഘാതങ്ങൾ ഉണ്ടാക്കി. ഇന്ന് നാം ഏറ്റവും കൂടുതൽ ശ്രദ്ധ നല്കേണ്ട വിഷയം പരിസ്ഥിതി സംരക്ഷണമാണ്. മറ്റെല്ലാ മേഖലകളിലും-വിദ്യാഭ്യാസം ആരോഗ്യം സാമൂഹ്യ സുരക്ഷിതത്വം തുടങ്ങിയവ-നമ്മൾ കൈവരിച്ചിട്ടുള്ള വലിയ നേട്ടങ്ങൾ നിലനിർത്തണമെങ്കിൽ കേരളത്തിന്റെ പരിസ്ഥിതി നാശം തടയേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഇതിനാവശ്യമായ പദ്ധതികൾ അടിയന്തരമായി തന്നെ രൂപീകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടത് നമ്മുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. മനുഷ്യമുഖമുള്ള ജനപക്ഷ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് കേരളത്തിന്റെ ജൈവഘടനയും പരിസ്ഥിതിയും നിലനിർത്തുക എന്നതാവണം 66 വർഷം പൂർത്തിയാക്കുമ്പോൾ നമ്മുടെ പ്രഥമ പരിഗണന.

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.