19 December 2024, Thursday
KSFE Galaxy Chits Banner 2

കെപിപിഎല്‍: ഇച്ഛാശക്തിയുടെയും പ്രതിബദ്ധതയുടെയും സംരംഭം

Janayugom Webdesk
October 29, 2022 5:00 am

സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ അച്ചടി വ്യവസായത്തിന് വലിയ പ്രാധാന്യമുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നുവരവിനിടയിലും അച്ചടി മാധ്യമങ്ങളും അച്ചടി വ്യവസായങ്ങളും നിലനില്ക്കുന്നത് കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരതാ നിരക്കും വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങളും കാരണമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അസംസ്കൃത — അനുബന്ധ വസ്തുക്കള്‍ക്കുണ്ടാകുന്ന ക്രമാതീതമായ വില വര്‍ധന അച്ചടി വ്യവസായ മേഖലയെ വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ചെറുകിട അച്ചടി സ്ഥാപനങ്ങള്‍ പലതും പിടിച്ചു നില്ക്കാനാകാതെ ഇതിനകം പ്രവര്‍ത്തനം അവസാനിപ്പിച്ചുകഴിഞ്ഞു. അസംസ്കൃത വസ്തുക്കളുടെ വില കുതിക്കുന്നതുമൂലം അച്ചടി നിരക്കുവര്‍ധിപ്പിക്കേണ്ടിവന്നതും ഡിജിറ്റല്‍ മാധ്യമങ്ങളുടെ വ്യാപനവും കാരണമാണ് അച്ചടി വ്യവസായം നിലനില്പു ഭീഷണി നേരിടുന്നത്. പത്രക്കടലാസ്, മഷി, രാസപദാര്‍ത്ഥങ്ങള്‍, അനുബന്ധ വസ്തുക്കള്‍ എന്നിവയ്ക്കെല്ലാം വലിയതോതിലുള്ള വില വര്‍ധനയുണ്ടായിട്ടുണ്ട്. എങ്കിലും രൂക്ഷമായ വില വര്‍ധനയുണ്ടായത് പത്രക്കടലാസിനാണ്. കോവിഡനന്തരമുള്ള രണ്ടുവര്‍ഷത്തിനിടെ ഏകദേശം ഇരട്ടിയിലധികമാണ് പത്രക്കടലാസിന് വില വര്‍ധനയുണ്ടായിരിക്കുന്നത്. മഹാമാരിക്കാലത്ത് മാസങ്ങളോളം പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നതും പിന്നീട് പൂര്‍വസ്ഥിതി പൂര്‍ണമായും കൈവരിക്കാനാകാത്തതും അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യമുണ്ടായതുമാണ് വില വര്‍ധനയ്ക്കു കാരണമായത്. നമ്മുടെ രാജ്യത്താകട്ടെ പത്രക്കടലാസ് നിര്‍മ്മാണം നടത്തിവന്നിരുന്ന സംരംഭങ്ങള്‍ നേരത്തെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തിനാവശ്യമുള്ള പത്രക്കടലാസിന്റെ ഭീമമായ ഭാഗവും — 60 ശതമാനത്തിലധികം — ഇറക്കുമതി ചെയ്യുകയായിരുന്നു. പത്രക്കടലാസിന്റെ വിലയ്ക്കൊപ്പം ചരക്കുകൂലിയിലും വര്‍ധനയുണ്ടായി. ഇതിന്റെ കൂടെ നികുതി നിരക്കുകളും വര്‍ധിപ്പിച്ചത് ഇരട്ടി ആഘാതമായി മാറുകയും ചെയ്തു. എല്ലാംകൂടി ചേര്‍ന്നപ്പോള്‍ അച്ചടി മേഖലയ്ക്കുണ്ടായ അധിക ബാധ്യത ഒരുവര്‍ഷത്തിനിടെ 125 ശതമാനത്തോളമായി.


ഇതുകൂടി വായിക്കൂ: കേന്ദ്രത്തിനെതിരെ പോര്‍മുഖം തുറന്ന് സംസ്ഥാനങ്ങള്‍


ഇത്തരമൊരു പ്രതിസന്ധി നിലനില്ക്കേയാണ് കോട്ടയം വെള്ളൂർ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡി (കെപിപിഎല്‍) ൽ നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദനമാരംഭിക്കുന്നുവെന്ന ശുഭകരമായ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്നതും കെടുകാര്യസ്ഥത കൊണ്ട് അടച്ചുപൂട്ടിയതുമായ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് (എച്ച്എന്‍എല്‍) എന്ന സ്ഥാപനം എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് പുനരുദ്ധരിച്ച് ആരംഭിച്ചതാണ് കെപിപിഎല്‍. 1982 ൽ പ്രവര്‍ത്തനം തുടങ്ങി 30 വര്‍ഷത്തിലധികം മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തിയ സ്ഥാപനമായിരുന്നു എച്ച്എന്‍എല്‍. എന്നാല്‍ പിന്നീട് സ്ഥാപനം പ്രതിസന്ധിയിലാകുകയും 2019 ജനുവരിയില്‍ പ്രവര്‍ത്തനം നിര്‍ത്തുകയുമായിരുന്നു. സ്ഥാപനം ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചുവെങ്കിലും അതിന് അനുവദിക്കാതെ വില്പന നടപടികള്‍ ആരംഭിക്കുകയാണ് കേന്ദ്രം ചെയ്തത്. അതിന്റെ ഭാഗമായി തുടര്‍നടപടികള്‍ ആരംഭിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരും അപേക്ഷ നല്കുകയായിരുന്നു. കേരളത്തിന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടതോടെയാണ് കെപിപിഎല്‍ എന്ന പേരില്‍ സ്ഥാപനം ഏറ്റെടുക്കുന്നതിനുള്ള അവസരമൊരുങ്ങിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഔപചാരിക അംഗീകാരം ലഭിച്ചതെങ്കിലും പെട്ടെന്നുതന്നെ സ്ഥാപനം ഏറ്റെടുത്ത് ജനുവരി ഒന്നിന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് അഞ്ചുമാസം കൊണ്ട് പൂര്‍ത്തീകരിക്കുകയും മേയ് 19ന് കെപിപിഎല്ലിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെടുകയും ചെയ്തു. ആറുമാസത്തിനകം വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദനം ആരംഭിക്കണമെന്ന ധാരണയോടെയാണ് പിന്നീട് കാര്യങ്ങള്‍ നീക്കിയത്. അതാണ് നവംബര്‍ ഒന്നിന് ഫലപ്രാപ്തിയിലെത്തുന്നത്. പ്രാഥമിക ഉല്പാദനമാണ് ചൊവ്വാഴ്ച ആരംഭിക്കുകയെങ്കിലും എച്ച്എന്‍എല്ലിന്റെ പ്രതാപകാലത്തെന്നതുപോലെ കെപിപിഎല്ലിലും ഉന്നത ഗുണമേന്മയുള്ള പത്രക്കടലാസും മറ്റ് അച്ചടിക്കുള്ള കടലാസും അടുത്ത ഘട്ടത്തില്‍ ഉല്പാദിപ്പിക്കുവാനാകും. ഇതിലൂടെ കേരളത്തിലെ അച്ചടി വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതുകൂടി വായിക്കൂ: കെല്‍— ഇഎംഎല്‍; ബദല്‍ നയത്തിന്റെ അടയാളം 


കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നവരത്ന കമ്പനികളില്‍ ഒന്നായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡി (ഭെല്‍-ബിഎച്ച് ഇഎല്‍) ന്റെ കാസര്‍കോടുള്ള സ്ഥാപനം സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ് (കെല്‍) ഏറ്റെടുത്തത്. കെല്ലിന്റെ കീഴിലായിരുന്ന സ്ഥാപനം ഭെല്‍ ഏറ്റെടുക്കുകയും നഷ്ടത്തിലാക്കി അടച്ചുപൂട്ടുകയുമായിരുന്നു. ഈ സംരംഭമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തിരിച്ചുവാങ്ങിയത്. ഇതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ എച്ച്എന്‍എല്‍, കെപിപിഎല്‍ എന്ന പേരില്‍ ഉല്പാദനമാരംഭിക്കുന്നത്. ആറുവര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ചാശക്തിയും പ്രതിബദ്ധതയും തെളിയിക്കുന്ന മറ്റൊരു ചുവടുവയ്പു കൂടിയാണിത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.