25 May 2024, Saturday

സമാധാനത്തിന് ആയുധവിതരണ ശൃംഖല വിച്ഛേദിക്കണം

Janayugom Webdesk
April 17, 2024 5:00 am

സ്രയേലിന്റെ സൈനികലക്ഷ്യങ്ങൾക്കുനേരെ ഇറാൻ ശനിയാഴ്ച നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ സൃഷ്ടിച്ചില്ലെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷം മേഖലയിൽ യുദ്ധമായി വളർന്നേക്കുമോയെന്ന ആശങ്ക ശക്തമാണ്. ഏപ്രിൽ ഒന്നിന് ഇറാന്റെ സിറിയയിലെ എംബസിക്കുനേരെ നടത്തിയ മിസൈൽ ആക്രമണത്തോടുള്ള സൈനിക പ്രതികരണമായാണ് ഇസ്രയേലിന്റെ സൈനിക ലക്ഷ്യങ്ങൾക്കുനേരെ നടന്ന ആക്രമണം. സിറിയയിലെ എംബസിക്കുനേരെ നടന്ന ആക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡിന്റെ രണ്ട് ജനറൽമാർ ഉൾപ്പെടെ കൊല്ലപ്പെട്ടു. അതിന്റെ പ്രതികരണമെന്നോണം ഇസ്രയേലിനെതിരെ തിരിച്ചടിക്കുക എന്നത് ഇസ്ലാമിക രാഷ്ട്രത്തിന്റെ രാഷ്ട്രീയവും സൈനികവുമായ വിശ്വാസ്യതയുടെയും ഭരണകൂടത്തിന്റെ നിലനില്പിന്റെതന്നെയും പ്രശ്നമായിരുന്നു. സൈനികമായ കടന്നാക്രമണത്തിലൂടെ ആ രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നിരിക്കണം ഇറാന്റെ ഉന്നം എന്ന് തുടർന്നുള്ള പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. സിറിയയിലെ ഇറാൻ എംബസിക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നിരിക്കെ അതിനെ അപലപിക്കാൻ യുഎസ്, യുകെ, ഫ്രാൻസ് എന്നിവയടക്കം പാശ്ചാത്യശക്തികൾ ഒന്നുംതന്നെ മുന്നോട്ടുവന്നില്ല. അതേസമയം ഇസ്രയേലിനുനേരെ നടന്ന മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാൻ യുഎസ് അടക്കം പാശ്ചാത്യശക്തികൾ കൈകോർത്തു. ഇറാന്റെ മിസൈൽ ആക്രമണത്തിന് പ്രത്യാക്രമണത്തിലൂടെ മറുപടി നൽകുമെന്ന് ഇസ്രയേൽ യുദ്ധകാല മന്ത്രിസഭ അടിയന്തര യോഗം ചേർന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അത് തടയുന്നതിൽ യുഎന്നും യുഎസ് അടക്കം പാശ്ചാത്യശക്തികളും തയ്യാറാകുന്നില്ലെങ്കിൽ അത് പശ്ചിമേഷ്യയെ വിനാശകരമായ യുദ്ധത്തിലേക്കാവും നയിക്കുക.


ഇതുകൂടി വായിക്കൂ: പശ്ചിമേഷ്യയിലെ യുദ്ധമേഘങ്ങളെ ശാന്തമാക്കണം


ഇറാന്റെ ആണവ പദ്ധതികളെ തകർക്കാൻ ഇസ്രയേലിനെ കരുവാക്കാൻ യുഎസിനും പാശ്ചാത്യ ശക്തികൾക്കും സ്വാഭാവികമായും താല്പര്യമുണ്ടാകും. ഇറാന്റെ ആണവ പദ്ധതി ആയുധനിർമ്മാണം ലക്ഷ്യം വച്ചുള്ളതല്ലെന്ന് അവർ ആവർത്തിക്കുന്നുണ്ട്. അന്താരാഷ്ട ആണവോർജ ഏജൻസി വർഷങ്ങളായി തു­ടർന്നുവരുന്ന നിരീക്ഷണത്തിലും പരിശോധനകളിലും ആണവായുധങ്ങളോ അതുനിർമ്മിക്കാനുള്ള സാങ്കേതികവിദ്യയോ കണ്ടെത്താനായിട്ടില്ല. യുഎസ് പിന്തുണയോടെ ഇസ്രയേൽ, പലസ്തീൻ ജനതയ്ക്കും മേഖലയിലെ അറബ് ജനതകൾക്കും അവരുടെ രാഷ്ട്രങ്ങൾക്കുമെതിരെ തുടർന്നുവരുന്ന ശത്രുതാ നിലപാടുകളെയും സായുധ ആക്രമണങ്ങളെയും വിധ്വംസക പ്രവർത്തനങ്ങളെയും ചെറുക്കാൻ തയ്യാറുള്ള ശക്തിയായി ഇറാൻ നിലനില്‍ക്കുന്നുവെന്നത് ഇസ്രയേലിനും യുഎസിനും പാശ്ചാത്യശക്തികൾക്കും ഒരുപോലെ അസ്വസ്ഥത സൃഷ്ടിക്കുന്നു. പശ്ചിമേഷ്യയുടെമേൽ സമ്പൂർണ പാശ്ചാത്യ ആധിപത്യം ഉറപ്പിക്കുന്നതിന് മുഖ്യ തടസവും ഇറാനാണ്. എന്നിരിക്കിലും ഇപ്പോൾ പശ്ചിമേഷ്യയിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനെ ആരും അനുകൂലിക്കുന്നില്ല. അത് യുഎസിന്റെയും പാശ്ചാത്യ ശക്തികളുടെയും സമാധാന ആഭിമുഖ്യം മൂലമല്ല. മറിച്ച് അവരുടെ ആഭ്യന്തര രാഷ്ട്രീയ താല്പര്യങ്ങൾക്ക് വിരുദ്ധമായിരിക്കും യുദ്ധാനുകൂല നിലപാടെന്ന ബോധ്യമാണ് അതിനുപിന്നിൽ പ്രവർത്തിക്കുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കെ യുദ്ധത്തെ അനുകൂലിക്കാൻ പ്രസിഡന്റ് ജോ ബൈഡന് കഴിയില്ല. യുഎസിലും യൂറോപ്പിലും ശക്തമായ ജനകീയ യുദ്ധവിരുദ്ധ വികാരത്തെ അവഗണിക്കാൻ അവിടങ്ങളിലെ ഭരണാധികാരികൾക്കും കഴിയില്ല. ഇസ്രയേൽ ഗാസയിൽ തുടരുന്ന വംശഹത്യക്കെതിരെ വലിയ ജനകീയ പ്രതിഷേധങ്ങൾക്കാണ് ആ രാജ്യങ്ങൾ സാക്ഷ്യംവഹിക്കുന്നത്.


ഇതുകൂടി വായിക്കൂ: യുദ്ധച്ചാനൽ


റഷ്യ‑ഉക്രെയ്ൻ യുദ്ധവും ഇസ്രയേൽ, ഗാസയിലെ പലസ്തീൻ ജനതയ്ക്കെതിരെ തുടർന്നുവരുന്ന വംശഹത്യയും കേവലം യുദ്ധത്തിന്റെയും സമാധാനത്തിന്റെയും പ്രശ്നം മാത്രമല്ല. അവ ലോകജനതയെ അവർണനീയമായ ദുരിതത്തിലേക്കാണ് തള്ളിനീക്കിയിരിക്കുന്നത്. അവയ്ക്ക് അറുതിവരുത്താൻ നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നത് ബന്ധപ്പെട്ട സാമ്രാജ്യത്വ ശക്തികളുടെ നിക്ഷിപ്ത സാമ്പത്തിക താല്പര്യങ്ങൾക്കുമുന്നിൽ ലോകജനതയ്ക്ക് നിസഹായരായി നോക്കിനിൽക്കാനേ കഴിയുന്നുള്ളൂ എന്നതുകൊണ്ടാണ്. ഇസ്രയേലിന് ആയുധങ്ങളും പണവും നൽകി യുദ്ധയന്ത്രത്തെ സജീവമാക്കി നിലനിർത്തുന്നത് യുഎസും പാശ്ചാത്യ രാഷ്ട്രങ്ങളുമാണ്. ആ ആയുധവിതരണ ശൃംഖല വിച്ഛേദിച്ചാൽ മാത്രമേ യുദ്ധത്തിന് അറുതിവരുത്താനും സമാധാനം പുനഃസ്ഥാപിക്കാനുമാവൂ. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുന്നത് തടയണമെന്നും പറയുന്നവർ ഇസ്രയേലിന് ആയുധം നൽകുന്നത് അവസാനിപ്പിക്കാൻ തയ്യാറാവണമെന്നാണ് ലോകമെമ്പാടുമുള്ള സമാധാന കാംക്ഷികൾ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.