21 May 2024, Tuesday

യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ

Janayugom Webdesk
April 12, 2024 5:00 am

യുഎസില്‍ ഒരാഴ്ച മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇഷിക താക്കോറിനെ കണ്ടെത്തിയെന്ന ആശ്വാസവാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നു. ഒരാഴ്ചയായി ഇഷികയെ കാണാതായെന്ന് എക്സില്‍ പോസ്റ്റിട്ട ഫ്രിസ്കോ പൊലീസ് തന്നെയാണ് കണ്ടെത്തിയ വാര്‍ത്തയും പോസ്റ്റ് ചെയ്തത്. യുഎസില്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത് ആവര്‍ത്തിക്കുന്നതും, തുടര്‍ച്ചയായ മരണങ്ങളും ആശങ്കയായി നില്‍ക്കുകയാണ്. ക്ലീവ്‌ലൻഡിൽ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൾ അർഫത്തിന്റെ ദുരൂഹമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. കഴിഞ്ഞ മാസം മുതല്‍ കാണാതായ അര്‍ഫത്തിനെ ചൊവ്വാഴ്ചയാണ് ഒഹാവിയോയിലെ ക്ലീവ്‌ലൻഡിൽ മരിച്ച നിലയില്‍ കണ്ടത്. ഇതിനിടയിലാണ് ഏപ്രില്‍ എട്ടിന് ഇഷികയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 17കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയെന്ന് ടെക്സസിലെ ഫ്രിസ്കോ പൊലീസ് അറിയിച്ചു. ഒഹായോവിൽ നിന്നും മൂന്നാഴ്ച മുമ്പ് കാണാതായ മുഹമ്മദ് അര്‍ഫത്തിനെ തട്ടിക്കൊണ്ടുപോയതാണെന്നും 1200 ഡോളർ മോചനദ്രവ്യം വേണമെന്നും ആവശ്യപ്പെട്ട് അജ്ഞാത സന്ദേശം വന്നതായി പിതാവ് പരാതിപ്പെട്ടിരുന്നു. യുഎസിലുള്ള ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ തിരച്ചിലില്‍ ഒരു തടാകക്കരയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അർഫത്ത് നിലവില്‍ ക്ലീവ്‌ലൻഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഒന്നാം വർഷ പരീക്ഷയിൽ ജയിക്കാത്തതിനെ തുടർന്ന് യൂണിവേഴ്സിറ്റി അർഫത്തിനെ നീക്കം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ചെലവ് കുറഞ്ഞ വിദ്യാഭ്യാസത്തിലേക്കും ജീവിതസാഹചര്യങ്ങളിലേക്കും വിദ്യാര്‍ത്ഥി മാറിയോ എന്ന ഗുരുതരമായ സംശയമുയരുന്നു. അതിന് ഒരാഴ്ച മുമ്പ് മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.


ഇതുകൂടി വായിക്കൂതെരഞ്ഞെടുപ്പ് ബോണ്ട് : 45 കമ്പനികളുടെ ധനസ്രോതസ് സംശയാസ്പദം


രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ പൊതുവായും ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രത്യേകമായും അമേരിക്കയെ ത­ങ്ങളുടെ ലക്ഷ്യസ്ഥാനമാക്കിയാണ് പഠനവഴികള്‍ ചിട്ടപ്പെടുത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ചു കൊല്ലപ്പെടുന്നത് ഒട്ടേറെ ചോദ്യങ്ങള്‍ ഉ­യര്‍ത്തുന്നുണ്ട്. സര്‍വകലാശാലാ ഡോർമെട്രികൾ, ചെലവേറിയതാണെങ്കിലും സുരക്ഷിതത്വമുള്ളവയാണ്. നഗരപ്രാന്തങ്ങളിലെ സ്വകാര്യതാമസസ്ഥലങ്ങള്‍ അപകടസാധ്യത നിറഞ്ഞതാണ്. സർവകലാശാലകളിലേക്കുള്ള യാത്രയിൽ കുറ്റവാളികള്‍ക്ക് ഇവരെ ഇരകളാക്കാന്‍ എളുപ്പമാണ്. കാമ്പസിന് പുറത്ത് ജോലിചെയ്യാമെന്ന സൗകര്യം നോക്കി നഗരപ്രാന്തങ്ങളിലേക്ക് താമസം മാറുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെടുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഇതുവരെ 11 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ മരിച്ചു. അതില്‍ എട്ടെണ്ണം അസ്വാഭാവിക മരണങ്ങളാണ്. അന്വേഷണം അവസാനിച്ചിട്ടില്ലാത്തതിനാൽ എല്ലാ കേസുകളിലെയും മരണകാരണം കണ്ടെത്തിയിട്ടുമില്ല. അപകടങ്ങളിൽ മരിച്ചവരുടെ വിവരങ്ങള്‍ മാത്രമാണ് പരസ്യമാക്കിയിട്ടുള്ളത്. കഠിനാധ്വാനം ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കയുടെ അക്രമ സംസ്കാരത്തിന്റെ ഇരകളാകുകയാണ്.


ഇതുകൂടി വായിക്കൂഇലക്ടറൽ ബോണ്ടിനെ തോൽപ്പിക്കുന്ന മോഡിയുടെ നുണബോംബ്


2022–23 വർഷത്തിൽ 2.6 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിലേക്ക് കുടിയേറിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം കൂടുതലാണിത്. ഇതില്‍ 35 ശതമാനം പെണ്‍കുട്ടികളാണ്. യുഎസിലെത്തുന്ന അന്താരാഷ്ട്ര ബിരുദ വിദ്യാർത്ഥികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ നിന്നാണ്. താൽക്കാലിക തൊഴിൽ അനുമതി നേടിയവരുടെ എണ്ണത്തിലും ഇന്ത്യയില്‍ നിന്നുള്ളവരാണ് ഒന്നാമത്. 2023 ജൂൺ‑ഓഗസ്റ്റ് മാസങ്ങളിലെ സ്റ്റുഡന്റ് വിസ സീസണിൽ ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും റെക്കോഡ് വിസകളാണ് നൽകിയത്. ‘എഫ്’ (അംഗീകൃത യുഎസ് കോളജിലോ യൂണിവേഴ്സിറ്റിയിലോ പഠിക്കാന്‍), ‘എം’ (അക്കാദമിക്, വൊക്കേഷണൽ പഠനത്തിന്), ‘ജെ’ (എക്സ്ചേഞ്ച്) എന്നീ വിഭാഗങ്ങളിലായി 95,269 വിസകൾ അനുവദിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയിലെ യുഎസ് കോൺസുലാർ വിഭാഗം 1,40,000ത്തോളം വിദ്യാർത്ഥി വിസകളാണ് നൽകിയത്. ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളും കൂടുതലാണിത്. മുംബൈ, ന്യൂഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നീ കോൺസുലേറ്റുകൾ ലോകത്തിലെ ഏറ്റവും കൂടുതല്‍ അമേരിക്കൻ വിദ്യാർത്ഥി വിസ പരിഗണിക്കുന്ന കേന്ദ്രങ്ങളാണ്. അമേരിക്കയിലെ രാജ്യാന്തര ബിരുദ വിദ്യാർത്ഥികളിൽ നാലിലൊന്നിലേറെയാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍. ഈ സാഹചര്യത്തില്‍ അമേരിക്കയിലടക്കം വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. ഭരണകൂടത്തില്‍ നിന്ന് അടിയന്തര നടപടിയും രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും തികഞ്ഞ അവബോധവും ഇക്കാര്യത്തില്‍ അനിവാര്യമാണ്. താല്‍ക്കാലിക സാമ്പത്തികനേട്ടത്തിനപ്പുറം അതാത് രാജ്യങ്ങളിലെ സുരക്ഷയും സാഹചര്യങ്ങളും വിലയിരുത്തിയുള്ള തെരഞ്ഞെടുപ്പിന് നിതാന്ത ജാഗ്രതയാണ് ഉണ്ടാകേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.