21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

August 5, 2024
February 4, 2024
September 22, 2023
July 20, 2023
July 17, 2023
June 12, 2023
May 21, 2023
March 29, 2023
November 10, 2022
September 5, 2022

കൊമേഡിയൻ വീർ ദാസിന്റെ പരിപാടിക്ക് ഹിന്ദുത്വ സംഘടനകളുടെ ഭീഷണി

ബംഗളുരുവിലെ പരിപാടി റദ്ദാക്കി
Janayugom Webdesk
ബംഗളൂരു
November 10, 2022 9:34 pm

സ്റ്റാൻഡ്അപ്പ് കൊമേഡിയൻ വീർ ദാസിന്റെ ബംഗളൂരുവിലെ പരിപാടി തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്ത തുടർന്ന് റദ്ദാക്കി. പരിപാടിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിയത്. പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് വീർ ദാസ് അറിയിച്ചു. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ പരിപാടി റദ്ദാക്കേണ്ടിവന്നതുമൂലം അസൗകര്യം നേരിട്ടതിന് വീർ ദാസ് മാപ്പ് ചോദിക്കുകയും ചെയ്തു.

ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതുമാണ് വീർ ദാസിന്റെ പരിപാടികളെന്ന് ഹിന്ദു ജനജാഗ്രതി സമിതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് മല്ലേശ്വരത്തെ ചൗഡയ്യ സ്മാരക ഹാളിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ടാണ് ഹിന്ദു ജനജാഗ്രതി സമിതി പൊലീസിന് പരാതി നൽകിയത്.

‘ലോകത്തിനുമുമ്പിൽ ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയാണ്. അമേരിക്കയിൽ വീർ ദാസ് നടത്തിയ പരിപാടിയിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സ്ത്രീകളെയും മോശമായി പരാമർശിച്ചിട്ടുണ്ടെന്നാണ് ആരോപണം. മുംബൈ പൊലീസും ഡിൽഹി പൊലീസും ഇതിന്റെ പേരിൽ കേസെടുത്തിട്ടുണ്ടെന്നും ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹൻ ഗൗഡ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. നേരത്തെ, യുഎസിൽ ജോൺ എഫ് കെന്നഡി സെന്ററിൽ ‘ടു ഇന്ത്യാസ് എന്ന പേരിൽ വീർ ദാസ് നടത്തിയ പരിപാടിക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഇന്ത്യയിൽ പകൽ സ്ത്രീകളെ ആരാധിക്കുകയും രാത്രികളിൽ അവരെ ബലാത്സംഗം ചെയ്യുകയുമാണെന്ന വീർ ദാസിന്റെ പരാമർശം ആർഎസ്എസ് അടക്കമുള്ള സംഘ്പരിവാർ സംഘടനകളെ ചൊടിപ്പിച്ചിരുന്നു. അവര്‍ അത് വലിയ വിവാദവുമാക്കി.

നിരവധി വിവാദ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ രണ്ട് മുഖങ്ങളാണ് വീർ ദാസ് ‘ദി ടു ഇന്ത്യാസ്’ മോണോലോഗിലൂടെ അവതരിപ്പിച്ചത്. ഡൽഹി കൂട്ടബലാത്സംഗവും കർഷക സമരവും ഇന്ത്യയിലെ ആനുകാലിക പ്രശ്നങ്ങളുമെല്ലാം പരിപാടിയിലെ പ്രതിപാദ്യ വിഷയങ്ങളായിരുന്നു. ഈ വർഷം ഓഗസ്റ്റിൽ മറ്റൊരു സ്റ്റാൻഡ്അപ്പ് കൊമേഡിയനായ മുനവ്വർ ഫാറൂഖിയുടെ ഗുജറാത്തിലെ പരിപാടിയും വിലക്കിയിരുന്നു. എന്നാൽ, ആരോഗ്യപരമായ കാരണങ്ങൾ മൂലമാണ് ഇത് റദ്ദാക്കിയതെന്ന് ഫാറൂഖി പറഞ്ഞത്. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിലും ഫാറൂഖിയുടെ ഷോ ബംഗളൂരു പൊലീസ് റദ്ദാക്കിയതാണ്. ജനുവരിയിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഒരു ഷോയ്ക്കിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഫാറൂഖിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിശ്വഹിന്ദു പരിഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിൽ സെപ്റ്റംബറിൽ നടത്താനിരുന്ന പ്രമുഖ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയുടെ ഷോയും റദ്ദാക്കിയിരുന്നു. കുനാൽ കമ്ര മതവികാരം വ്രണപ്പെടുത്തുംവിധം പരിപാടി അവതരിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു വിഎച്ച്പി രംഗത്തുവന്നത്.

 

eng­lish sum­ma­ry: Stand-up com­ic Vir Das show can­celled in Ben­galu­ru fol­low­ing pres­sure from Hin­du organisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.