27 April 2024, Saturday

Related news

March 23, 2024
February 4, 2024
January 10, 2024
December 23, 2023
September 22, 2023
September 21, 2023
September 16, 2023
August 8, 2023
July 20, 2023
July 19, 2023

ബംഗളൂരുവില്‍ പിടിയിലായവര്‍ നാലിടത്ത് സ്ഫോടനത്തിന് പദ്ധതിയിട്ടു

സ്വന്തം ലേഖകന്‍
ബംഗളൂരു
July 20, 2023 7:34 pm

ബംഗളൂരുവില്‍ ചൊവ്വാഴ്ച അറസ്റ്റിലായ തീവ്രവാദികള്‍ നഗരത്തില്‍ നാലിടത്ത് സ്ഫോടനം നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഹെബ്ബാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആര്‍ ടി നഗറിലെ ഒരു വാടകവീട്ടില്‍ നിന്നാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. സയ്യദ് സുഹൈല്‍ ഖാന്‍(24), മൊഹമ്മദ് ഉമര്‍(29), സഹീദ് തബ്രേസ് (25), സയ്യദ് മുദാസിര്‍ പാഷ(28), മൊഹമ്മദ് ഫൈസല്‍ (30) എന്നിവരെയാണ് ആയുധങ്ങള്‍ സഹിതം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നുമാസമായി സംഘം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. അയല്‍വാസികള്‍ക്ക് സംശയമുണ്ടാകാതിരിക്കാനായി രണ്ട് സ്ത്രീകളെയും ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ സ്‍ത്രീകള്‍ക്ക് തീവ്രവാദവുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. സുഹൈല്‍ ഖാനാണ് കുടുംബസമേതം എത്തി വീട് വാടകയ്ക്ക് എടുത്തതെന്ന് വീട്ടുടമയായ പത്മ പൊലീസിന് മൊഴി നല്‍കി. അതിനുശേഷമാണ് മറ്റുള്ളവര്‍ അവിടേക്കെത്തിയത്.
ഒരു കൊലപാതക കേസില്‍ പ്രതികളായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ ലഷ്കര്‍-ഇ‑തോയിബ ഭീകരനും മലയാളിയുമായ തടിയന്റവിട നസീറാണ് യുവാക്കളെ തീവ്രആശയങ്ങളിലേക്ക് അടുപ്പിച്ച് ഭീകരപ്രവര്‍ത്തനത്തിന് കരുവാക്കിയതെന്ന് ബംഗളൂരു പൊലീസ് കമ്മിഷണര്‍ ബി ദയാനന്ദ വെളിപ്പെടുത്തി. നസീറിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തുവരുന്നു. സെന്‍ട്രല്‍ ജയിലില്‍ ഇയാള്‍ കൂടുതല്‍പേരെ തീവ്രവാദസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിച്ചുവരുന്നു. 2008ലെ ബംഗളൂരു സ്ഫോടനകേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ലഷ്കര്‍-ഇ‑തോയീബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ എന്ന് കരുതപ്പെടുന്ന തടിയന്റവിട നസീര്‍.
യുവാക്കള്‍ക്കൊപ്പം അറസ്റ്റിലായി ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത ജുനൈദ് അഹമ്മദാണ് സംഭവത്തിലെ മുഖ്യസൂത്രധാരന്‍. കൃത്യത്തിനുവേണ്ട പണം ഡിജിറ്റല്‍ പേയ്‌മെന്റ് വഴി എത്തിച്ചത് ജുനൈദാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ദുബൈയിലുള്ള ഇയാള്‍ക്കെതിരെ ഉ‍ടന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ക്രൈംബ്രാഞ്ച് സംഘം വീട് വളഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കല്‍ നിന്ന് ഏഴ് പിസ്റ്റളുകള്‍, 45 റൗണ്ട് വെടിയുണ്ട, വാക്കിടോക്കികള്‍, 12 മൊബൈല്‍ഫോണുകള്‍, കഠാരകള്‍ എന്നിവയും പൊലീസ് കണ്ടെടുത്തു. മൊബൈല്‍ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. ആയുധങ്ങള്‍ എത്തിച്ചതിന് പ്രാദേശികമായ സഹായം ലഭിച്ചതായി പൊലീസ് സംശയിക്കുന്നു. ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

eng­lish sum­ma­ry; Those arrest­ed in Ben­galu­ru planned to explode at four places

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.