കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനം എന്ന ലക്ഷ്യത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും 2050 ഓടെ ഇത് കൈവരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷിവകുപ്പിന്റെ സ്റ്റേറ്റ് സീഡ് ഫാം ആയ ആലുവ ഫാമിനെ രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആയിട്ടുള്ള പ്രഖ്യാപനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ ടൗൺ ഹാളിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് അദ്ദേഹം ആലുവ ഫാമിനെ കാർബൺ ന്യൂട്രൽ ആയി ഫാം ആയി പ്രഖ്യാപിച്ചത്.
കഴിഞ്ഞവർഷം ഫാമിൽ നിന്നും പുറന്തള്ളിയ കാർബണിന്റെ അളവ് 43 ടൺ ആണ്. എന്നാൽ സംഭരിച്ചതാകട്ടെ 213 ടണ്ണും. പുറന്തള്ളിയ കാർബൺ നേക്കാൾ170 ടൺ അധികം സംഭരിക്കാൻ കഴിഞ്ഞതിനാലാണ് ഫാമിനെ കാർബൺ ന്യൂട്രൽ ആയി പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നാടിന്റെ ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായി വിവിധങ്ങളായ പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കി വരികയാണെന്നും എന്നാൽ അതിനോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ കൂടി നാം ഗൗരവമായി കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കാർഷിക മേഖലയെയാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണം കാർബൺ ബഹിർഗമനം ആണ്. കാലാവസ്ഥ വ്യതിയാനം മനുഷ്യജീവനു മാത്രമല്ല, ഭക്ഷ്യ സുരക്ഷയ്ക്കും ആരോഗ്യസുരക്ഷയ്ക്കും ഭീഷണിയാണ്.
ആഗോളതലത്തിൽ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന്റെ കണക്കെടുത്താൽ 30 ശതമാനം കാർഷിക മേഖലയിൽ നിന്നാണെന്ന് മനസ്സിലാകും. എന്നാൽ നമ്മുടെ സംസ്ഥാനത്കാർഷിക മേഖലയിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ വെറും 3 ശതമാനം മാത്രമാണ്. ഇതും കൂടി പടിപടിയായി കുറയ്ക്കുവാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ആലുവ ഫാം കൂടാതെ മറ്റ് 13 ജില്ലകളിലും ഓരോ ഫാം വീതം ആദ്യഘട്ടത്തിൽ കാർബൺ തുലിത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ140 നിയോജക മണ്ഡലങ്ങളിലും ഓരോ കാർബൺ ന്യൂട്രൽ മാതൃക തോട്ടങ്ങളും ഉടനെ തന്നെ ആരംഭിക്കുന്നതാണ്. എല്ലാം നിയോജക മണ്ഡലങ്ങളിലും ഇതോടൊപ്പം ഓരോ ഹരിത പോഷക ഗ്രാമങ്ങളും ഇതിന്റെ ഭാഗമായി ആരംഭിക്കും.
ആദിവാസി മേഖലകളിൽ ഇത്തരം കൃഷിക്ക് പ്രത്യേകം വനിതാ കൂട്ടായ്മകൾ രൂപീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. അതിരപ്പിള്ളി ആദിവാസി മേഖലയിൽ കാർബൺ ന്യൂട്രൽ അതിരപ്പിള്ളി പദ്ധതിക്കായി മൂന്ന് കോടി രൂപ ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്. വയനാട് കാർബൺ ന്യൂട്രൽ കാപ്പി പദ്ധതി ആരംഭിച്ചു കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ ഇടപെടലുകൾ കാർഷിക മേഖലയിൽ മാത്രം ഒതുക്കി നിർത്തുവാനല്ല സർക്കാർ തീരുമാനിച്ചിട്ടുള്ളത്. മറ്റു മേഖലകളിലും ഇതേ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതാണ്. കാർബൺ ബഹിർഗമന ത്തിന്റെ മറ്റൊരു പ്രധാന സ്രോതസ്സ് എന്ന് പറയുന്നത് ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങളാണ്. 2018 ൽ തന്നെ സംസ്ഥാനത്ത് ഇലക്ട്രോണിക് വാഹന നയം രൂപീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോറിക്ഷകൾ 25 ശതമാനം സബ്സിഡി നിരക്കിൽ നൽകുന്ന പദ്ധതി നിലവിലുണ്ട്. കേരള ഓട്ടോമൊബൈൽസ് വഴി ഇത്തരം വാഹനങ്ങൾ കൂടുതൽ ഉത്പാദിപ്പിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തൊന്നാകെ ഇലക്ട്രിക് വാഹന ചാർജിങ് ശൃംഖലകൾ രൂപീകരിക്കുവാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മരം നട്ടുപിടിപ്പിക്കുക എന്നത് മറ്റൊരു പ്രധാന പ്രവർത്തനമാണ്. ഇതിനായി ട്രീ ബാങ്കിംഗ് പദ്ധതി നടപ്പിലാക്കും. കർഷകർ മരങ്ങൾ വച്ചുപിടിപ്പിച്ചു കഴിഞ്ഞാൽ അവ മുറിച്ചുമാറ്റുന്ന സമയത്ത് വായ്പ തിരിച്ചടച്ചാൽ മതിയെന്ന് വ്യവസ്ഥയിൽ ആയിരിക്കും ട്രീ ബാങ്കിംഗ് പദ്ധതി നടപ്പിലാക്കുക. അതുപോലെ തെരഞ്ഞെടുക്കപ്പെട്ട 50 ൽ കുറയാത്ത വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ച് രണ്ട് വർഷം പരിപാലിക്കുന്നവർക്ക് ഇൻസെന്റീവ് ലഭ്യമാക്കുന്നതിനും പദ്ധതി ആലോചിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആദ്യ സോളാർ ഫെറി ‘ആദിത്യ’ നീറ്റിലിറക്കി കഴിഞ്ഞു. നിലവിൽ ഇത് അരലക്ഷം കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ട്. ഇതിലൂടെ 500 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കുവാൻ ആയതായും മുഖ്യമന്ത്രി അറിയിച്ചു. 2026 ഓടെ 50% ഫെറി ബോട്ടുകളും സോളാർ ബോട്ടുകൾ ആക്കുന്നതാണ്. കൂടാതെ വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് പ്രത്യേക പ്രോത്സാഹനവും നൽകുന്നതാണ്. ഇതിനായി വായ്പകൾക്ക് പലിശ ഇളവ് നൽകുന്നതിനായി 15 കോടി രൂപ ഇതിനകം തന്നെ അനുവദിച്ചിട്ടുണ്ട്. ഊർജ്ജ സ്രോതസ്സുകളുടെ പുനരുപയോഗ സാധ്യതകൾ പഠനവിധേയമാക്കുന്നതിനും ഗവേഷണം നടത്തുന്നതിനും 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 2025 ഓടെ വൈദ്യുതി ആവശ്യത്തിന്റെ 40 ശതമാനം പുനരുപയോഗ സാധ്യതയുള്ള സ്രോതസ്സുകളിൽ നിന്ന് ലഭ്യമാക്കാൻ ആണ് ലക്ഷ്യമിടുന്നത്. അടുത്തവർഷം മുതൽ പരിസ്ഥിതി ബജറ്റ് എന്ന പേരിൽ ബജറ്റിൽ പരിസ്ഥിതി ചിലവ് വരവ് കണക്ക് കൂടി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി വരും തലമുറയ്ക്കായി കരുതുന്ന ഇടപെടലുകൾ എല്ലാവരിൽ നിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാരിസ്ഥിതിക ഉത്തരവാദിത്വം പ്രതിബദ്ധതയോടെ ഏറ്റെടുക്കുവാൻ എല്ലാവരും തയ്യാറാകേണ്ടതുണ്ട്. പരിസ്ഥിതി സന്തുലിത നവകേരളം എന്ന ലക്ഷ്യത്തിനായി ഉള്ള ഒരു ചുവടുവെപ്പായി ആലുവ ഫാമിന്റെ കാർബൺ ന്യൂട്രൽ പ്രഖ്യാപനം മാറട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ലോകമാകെ ദുരന്തം വിതക്കുമ്പോഴാണ് കേരളം ലോകത്തിന് ആകെ മാതൃകയാവുന്ന തരത്തിൽ കാർബൺ ന്യൂട്രൽ കൃഷി സമ്പ്രദായം നടപ്പാക്കുന്നത്. അന്താരാഷ്ട്ര ഉച്ചകോടികളിൽ വൻകിട രാജ്യങ്ങൾ കാർബൺ ന്യൂട്രലിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മുടെ കൊച്ചുകേരളം കാർബൺ തൂലിതയിലേക്ക് ചുവടുവെയ്ക്കുകയാണ്. ഭാവിതലമുറയുടെ നിലനിൽപ്പിന് ഇത്തരം പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമായതിനാലാണ് സർക്കാർ ഇങ്ങനെയൊരു നിലപാടെടുത്തത്. ഇതിൻറെ ചുവട്പിടിച്ചു കൃഷി വകുപ്പിന് കീഴിലുള്ള 13 ഫാമുകൾ കൂടി കാർബൺ ന്യൂട്രലാക്കി മാറ്റുമെന്നും യോഗത്തിൻ്റെ അദ്ധ്യക്ഷത വഹിച്ചുകൊണ്ട്കൃഷിമന്ത്രി പറഞ്ഞു.
മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ 11 വകുപ്പുകൾ സംയോജിപ്പിച്ച് വാം ( Value added agri. mission) പദ്ധതിക്ക് സർക്കാർ രൂപം നൽകിയെന്നും, ഇതിലൂടെ കർഷകരുടെ വരുമാനത്തിൽ 50% വർദ്ധനവ് ഉണ്ടാക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃഷിമന്ത്രി പറഞ്ഞു. കേരള മാതൃകയുടെ പുതിയ തലമാണ് മുഖ്യമന്ത്രി ഇന്നു പ്രഖ്യാപിച്ച കാർബൺ ന്യൂട്രൽ കൃഷി രീതി.ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം കാണാൻ ഇന്ത്യയിൽ നിന്നും,രാജ്യാന്തര തലത്തിൽ നിന്നുമുളള ടൂറിസ്റ്റുകളെ ആകർഷിക്കാനാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തവെ നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
കാർബൺ ന്യൂട്രൽ കോഫി പാർക്കായി വയനാടിനെ പ്രഖ്യാപിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളുമായി വ്യവസായ വകുപ്പ് മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. മുതിർന്ന കർഷകനായ മേനാച്ചേരി ഔസേപ്പിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. കൃഷി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് ഐ. എ എസ് സ്വാഗതം പറഞ്ഞു. കാർബൺ ന്യൂട്രൽ ഫാം — നാൾവഴികളെ കുറിച്ച് വിശദമായ റിപ്പോർട്ട് അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മിഷണർ ഇഷിത റോയ് അവതരിപ്പിച്ചു.
ചാലക്കുടി എം പി ബെന്നി ബെഹനാൻ, അലുവ എംഎൽഎ അൻവർ സാദത്ത്. രാജ്യസഭാംഗം ജെബി മേത്തർ എന്നിവർ സംസാരിച്ചു. ഫാമിന്റെ വികസന കാഴ്ചപ്പാട് അവതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ജില്ലാ കളകടർ രേണു രാജ്, ആലുവ നഗരസഭ ചെയർമാൻ എം ഒ ജോൺ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദാലി, പ്രൈസസ്സ് ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ, കൃഷി ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ, കൃഷി അഡീഷൽ ഡയറക്ടർ വീണാ റാണി ആർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി ജോസ് എ കൃഷി ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ, ഫാം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലിസിമോൾ ജെ വടക്കൂട്ട് എന്നിവർ പങ്കെടുത്തു.
English Sammury: pinarayi vijayan visit india first carbon neutral farm in kerala aluva
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.