18 December 2024, Wednesday
KSFE Galaxy Chits Banner 2

ഇന്ന് ലോക കുടിയേറ്റദിനം: കുടിയേറ്റങ്ങളുടെ സാമൂഹിക പ്രതിസന്ധി

ടി ഷാഹുല്‍ ഹമീദ്
December 18, 2022 4:15 am

ലോകത്ത് 100 കോടി ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത രാജ്യങ്ങളിൽ സഞ്ചരിക്കുന്നവരാണ്, അതിൽ 28 കോടി പേർ അന്താരാഷ്ട്ര കുടിയേറ്റക്കാരാണ്. 1990ൽ 15.3 കോടി മാത്രമായിരുന്ന കുടിയേറ്റക്കാരുടെ എണ്ണം വലിയ തോതിലാണ് വർധിച്ചു വരുന്നത്. 1990 ഡിസംബർ 18 മുതൽ കുടിയേറ്റക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി പ്രമേയം പാസാക്കിയതിന്റെ ഓർമ്മയ്ക്ക് എല്ലാവർഷവും ഈ ദിനം ലോക കുടിയേറ്റ ദിനമായി ആചരിക്കുന്നു. 174 രാജ്യങ്ങൾ അംഗങ്ങളായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം)ന്റെ നേതൃത്വത്തിലാണ് ദിനാചരണം. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ കുടിയേറ്റം നടത്താത്ത ആളുകളില്ല. ഒരു പ്രദേശത്തുനിന്ന് മറ്റൊരിടത്തേക്ക് സ്ഥിരമായോ താല്ക്കാലികമായോ മാറി താമസിക്കുന്നതാണ് കുടിയേറ്റം. കോവിഡ് 19 സഞ്ചാരങ്ങളെ നിയന്ത്രിച്ചെങ്കിലും 2019 നേക്കാൾ കുടിയേറ്റം 2020ൽ വർധിച്ചു. 260 ദശലക്ഷം പേർ തൊഴിലിനുവേണ്ടിയാണ് കുടിയേറിയിട്ടുള്ളത്. 840 ലക്ഷം പേർ നിർബന്ധിത കുടിയേറ്റത്തിന് വിധേയമാകുന്നു. ദാരിദ്ര്യം, സുരക്ഷിതത്വമില്ലായ്മ, അതിജീവന പ്രശ്നങ്ങൾ, ജീവിത സൗകര്യങ്ങൾ ഇല്ലാത്തവർ, കാലാവസ്ഥ/ പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ കുടിയേറ്റ ജനത അഭിമുഖീകരിക്കുന്നു. കുടിയേറ്റക്കാരുടെ ആരോഗ്യപ്രശ്നങ്ങൾ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 2022 നവംബർ 28 മുതൽ ഡിസംബർ രണ്ടുവരെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നടന്ന അന്താരാഷ്ട്ര യോഗം ചർച്ച ചെയ്യുകയുണ്ടായി. അതികഠിനമായ ആ ആരോഗ്യപ്രശ്നങ്ങൾ ലോക ജനതയുടെ 3.6 ശതമാനം വരുന്ന കുടിയേറ്റക്കാർ അനുഭവിക്കുന്നു, പകർച്ചവ്യാധികൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവ കുടിയേറ്റക്കാരുടെ കൂടപ്പിറപ്പാണ്. യുഎഇയിൽ നടന്ന പരിശോധനയിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ 30.5 ശതമാനത്തിനും രക്തസമ്മർദം ഉള്ളതായി കണ്ടെത്തി. യുഎഇ സ്വദേശികളിൽ 14ശതമാനം മാത്രമായിരുന്നു ഇത്. സമാനമായ റിപ്പോർട്ട് അമേരിക്കയിൽ നിന്നും ഉണ്ട്. കുടിയേറ്റക്കാരിൽ 76 ശതമാനം പേരും അസുഖം വന്നതിനുശേഷം മാത്രമേ ചികിത്സിക്കുന്നുള്ളൂ. 78ശതമാനം കുടിയേറ്റക്കാരും 15 മുതൽ 64 വയസു വരെയുള്ളവരും 48 ശതമാനം സ്ത്രീകളുമാണ്. 2020 ൽ 104 രാജ്യങ്ങളിൽ നിന്നും ദുരന്തങ്ങൾ കാരണം ഏഴ് ലക്ഷം ജനങ്ങൾക്ക് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കേണ്ടി വന്നു. ഇത്തരക്കാരില്‍ 169 ദശലക്ഷം പേർ അതീവ ദുരിതാവസ്ഥയിൽ ആണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.


ഇതുകൂടി വായിക്കൂ: ഭാഷയും കുടിയേറ്റക്കാരുടെ പ്രശ്നങ്ങളും


കുടിയേറ്റക്കാർ തിങ്ങിപ്പാർക്കുന്ന രാജ്യം തൂർക്കിയും, ജർമ്മനിയുമാണ്. മ്യാൻമറിലെ റാേഹിംഗ്യൻ അഭയാർത്ഥികൾ വിവിധ രാജ്യങ്ങളിൽ കുടിയേറുവാൻ നടത്തുന്ന നിലനില്പിന്റെ പോരാട്ടം ലോക കുടിയേറ്റ ദിനത്തിലെ നൊമ്പരമാണ്. ആകെയുള്ള കുടിയേറ്റക്കാരിൽ മൂന്നിലൊന്നും ജീവിക്കുന്നത് അമേരിക്ക, ജർമ്മനി, സൗദി അറേബ്യ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ്. പുതിയതിനെ തേടിയുള്ള യാത്ര പുതിയ കുടിയേറ്റ രാജ്യങ്ങളെ സൃഷ്ടിക്കുന്നുണ്ട്. അയർലൻഡ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾ കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും 200 ദശലക്ഷം ജനങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് വീണ്ടും കൂടിയേറിപ്പാർക്കും എന്ന് കണക്കാക്കപ്പെടുന്നു. കുടിയേറ്റ ജനത വിവിധ രാജ്യങ്ങളിലെ സമ്പദ്‍വ്യവസ്ഥയ്ക്ക് നൽകുന്ന പിന്തുണ വലിയ രീതിയിലുള്ളതാണ്. 702 ബില്യൺ യുഎസ് ഡോളറാണ് 2021ൽ മാത്രം വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാർ ധനമായി അയച്ചിട്ടുള്ളത്. 2020ൽ മാത്രം ഇന്ത്യയിലെത്തിയ പ്രവാസി പണം 83.15 ബില്യൺ ഡോളറാണ്. ഇന്ത്യയിൽ 1983 ലെ കുടിയേറ്റ നിയമം നിലവിൽ വരികയും 2009ൽ ഭേദഗതിയുണ്ടാവുകയും ചെയ്തെങ്കിലും കുടിയേറ്റ ജനതയുടെ പ്രശ്നങ്ങള്‍ പൂർണമായി പരിഹരിക്കുന്നതിനുള്ള സമഗ്രനിയമം ആവശ്യമാണ് എന്ന് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. കേരളത്തിലെ ജനസംഖ്യയുടെ 12.86ശതമാനം പേർ മറുനാടുകളിലാണ് താമസിക്കുന്നത്. 1901 ൽ മലയാളികളുടെ എണ്ണം 65 ലക്ഷവും കേരളത്തിൽ പുറത്തു പോയവരുടെ എണ്ണം 31,000 മാത്രവുമായിരുന്നു. അതിൽ രാജ്യത്തിന് പുറത്തേക്ക് പോയവർ 500 പേരാണ്. ഇപ്പോള്‍ ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും മലയാളികളുടെ സാന്നിധ്യം ഉണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ആധുനിക വിദ്യാഭ്യാസം സാർവത്രികമാകുകയും, ഇരുപതാം നൂറ്റാണ്ടോടുകൂടി സാങ്കേതിക വിപ്ലവം യാഥാർത്ഥ്യമാകുകയും ചെയ്തതാണ് കുടിയേറ്റം വ്യാപകമാക്കാനിടയാക്കിയത്. ആദ്യ കാലങ്ങളിൽ ബർമ്മ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് ആയിരുന്നു കുടിയേറിയതെങ്കിൽ 1970 ഓടുകൂടി ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറ്റം വ്യാപിക്കാൻ തുടങ്ങി.


ഇതുകൂടി വായിക്കൂ: കേന്ദ്രസർക്കാരിന്റെ പ്രവാസി കുടിയേറ്റ നിയമം മനുഷ്യക്കടത്തിന് കവചം


2014 മുതൽ 22 വരെ ഒമ്പത് ലക്ഷം ഇന്ത്യൻ പൗരന്മാർ വിവിധ വിദേശ രാജ്യങ്ങളിൽ പൗരത്വം ലഭിക്കുന്നതിന് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ളത് കുടിയേറ്റത്തിന്റെ ആധുനിക മുഖമാണ് കാണിക്കുന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച അലൻ കുർദി എന്ന കുരുന്നു കുഞ്ഞിന്റെ ഫോട്ടോ കുടിയേറ്റ ദിനത്തിൽ നാം ഓർമ്മിക്കേണ്ടതുണ്ട്. സിറിയയിൽ നിന്നും ഗ്രീസിലേക്കുള്ള യാത്രയിൽ കുടുംബത്തോടൊപ്പം സഞ്ചരിച്ച ബോട്ട് മുങ്ങിയാണ് കുട്ടി മരിച്ചതും തീരത്ത് മൃതശരീരം കണ്ടെത്തിയതും. കൃത്രിമ ബുദ്ധി അടക്കമുള്ള അത്യാധുനിക മാറ്റങ്ങൾ തൊഴിലിടങ്ങളിൽ വന്നതോടുകൂടി കുടിയേറ്റക്കാർ വലിയ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് പുതിയ തൊഴിൽ മുഖത്ത് എത്താൻ കുടിയേറ്റ ജനതയെ പര്യാപ്തമാക്കേണ്ടതുണ്ട്. സഞ്ചാരങ്ങളിലും വിവിധ രാജ്യങ്ങളിലെ നിയമങ്ങളിലും കെട്ടുപണിഞ്ഞുകിടക്കുന്ന കുടിയേറ്റക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതമാക്കുന്നതിനും വലിയ ഇടപെടലുകൾ രാജ്യങ്ങൾ നടത്തേണ്ടത് കുടിയേറ്റ ദിനത്തിലെ ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.