ഇപ്പോൾ വീണ്ടുമോർക്കേണ്ട പേരാണ് ജസ്റ്റിസ് തഹിൽ രമണിയുടേത്. ഉപരാഷ്ട്രപതിയും നിയമമന്ത്രിയുൾപ്പെടെ കേന്ദ്ര അധികാര രാഷ്ട്രീയത്തിലെ പ്രബല വിഭാഗം ഒരു ഭാഗത്തും ഉന്നത നീതിന്യായപീഠം മറുഭാഗത്തും നില്ക്കുന്ന വിവാദത്തിന്റെയും ഒപ്പംതന്നെ ബിൽക്കിസ് ബാനു കേസ് ഇന്ത്യൻ ഉപരിതലത്തിൽ വീണ്ടും ചർച്ചാ വിഷയമായ ഈ ഘട്ടത്തിൽ പ്രത്യേകിച്ച്. യാദൃച്ഛികമെന്നു പറയട്ടെ അവരെക്കുറിച്ചുള്ളൊരു ചോദ്യത്തിന് പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽതന്നെ കേന്ദ്ര സർക്കാരിന്റെ മറുപടിയുണ്ടായി. ബിജെപിയുടെ നിർദേശാനുസരണം അവരുടെ ഇഷ്ടാനിഷ്ടങ്ങളെ താലോലിക്കുന്ന നീതിപീഠ പുംഗവന്മാർ വേട്ടയാടാൻ ശ്രമിച്ച തഹിൽ രമണിക്കെതിരെ സിബിഐ നടത്തിയ അന്വേഷണത്തിൽ ഒരു കുറ്റവും കണ്ടെത്താനായില്ലെന്നായിരുന്നു പ്രസ്തുത മറുപടി. ഡിഎംകെ അംഗം എകെപി ചിൻരാജിന്റെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയിൽ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുൻ ജഡ്ജിക്കെതിരെ നടപടിയെടുക്കാൻ 2019 ജൂലൈക്കും നവംബറിനുമിടയിൽ സിബിഐക്ക് സുപ്രീം കോടതിയിൽ നിന്നോ ചീഫ് ജസ്റ്റിസിൽ നിന്നോ എന്തെങ്കിലും നിർദേശം ലഭിച്ചിരുന്നോ എന്നും സിബിഐ എന്തെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. 2019 സെപ്റ്റംബർ 26ന് സുപ്രീം കോടതി സെക്രട്ടറി ജനറലിൽ നിന്ന് നിന്ന് സിബിഐക്ക് നിർദേശം ലഭിച്ചിരുന്നുവെന്നും എന്നാൽ കുറ്റങ്ങളൊന്നും കണ്ടെത്താനായില്ലെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മന്ത്രിയുടെ മറുപടിയിലുണ്ടായിരുന്നു. ഇനി ഇതിന്റെ പഴയ ചില സംഭവങ്ങളിലേയ്ക്ക് തിരികെ പോകണം.
2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് സിബിഐ കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കമെങ്കിലും അതിനു മുമ്പ് 2002ൽ നടന്ന ബിൽക്കിസ് ബാനു കേസും തഹിൽ രമണിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചറിയണം. ബിൽക്കിസ് ബാനു കേസ് പരിഗണിക്കുന്ന വേളയിൽ ബോംബെ ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു അവർ. ഇടവേളയിൽ ചീഫ് ജസ്റ്റിസിന്റെ ചുമതലയുമുണ്ടായിരുന്നു. ഇതിനിടയിലാണ് ബിൽക്കിസ് ബാനുവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത്, ബന്ധുക്കളെ കൊന്നൊടുക്കിയ പ്രതികളുടെ ശിക്ഷ ശരിവച്ചും അഞ്ചു പൊലീസ് ഉദ്യോഗസ്ഥർ, രണ്ട് ഡോക്ടർമാർ എന്നിവരെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കിയുമുള്ള സുപ്രധാന വിധികൾ പുറപ്പെടുവിച്ചത്. ബിജെപിക്കും സംഘ്പരിവാർ സംഘടനകൾക്കും ശത്രുതയുണ്ടാകുവാൻ ഇതില്പരം കാരണങ്ങൾ ആവശ്യമില്ലായിരുന്നു. അവർ മറ്റെന്തെങ്കിലും കാരണം കണ്ടെത്തി പിടികൂടുന്നതിന് കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ബോംബെ ഹൈക്കോടതിയിൽ നിന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആദ്യമവരെ സ്ഥലം മാറ്റുന്നത്. വിരമിക്കുവാൻ ഒരുവർഷത്തോളം ബാക്കിനില്ക്കേ അവിടെ നിന്നും മേഘാലയ ഹൈക്കോടതിയിലേയ്ക്ക് 2019 സെപ്റ്റംബറിൽ പിന്നെയും സ്ഥലംമാറ്റി. ഈ സ്ഥലം മാറ്റങ്ങൾക്കിടയിൽ ഡൽഹിയിലെ പരമോന്നത കോടതിയിൽ ചില സംഭവവികാസങ്ങൾ ഉണ്ടാകുന്നുണ്ട്. 2018 ഒക്ടോബറിൽ ചീഫ് ജസ്റ്റിസായി രഞ്ജൻ ഗൊഗോയ് സ്ഥാനമേല്ക്കുന്നു. അദ്ദേഹത്തിനെതിരെ 2019 ഏപ്രിലിൽ സുപ്രീം കോടതിയിലെ മുൻ ജീവനക്കാരിയുടെ പരാതി പുറത്തുവരുന്നു. അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യമാകെ ശ്രദ്ധിക്കുന്നു. എസ് എ ബോബ്ഡെയുടെ (പിന്നീട് ചീഫ് ജസ്റ്റിസായി) നേതൃത്വത്തിലുള്ള ആഭ്യന്തര സമിതി ഗൊഗോയിയെ കുറ്റവിമുക്തനാക്കുന്നു. പരാതിക്കാരിയുടെ ഭർത്താവിനെയും ബന്ധുവിനെയും പിരിച്ചുവിട്ട നടപടി 2019 ജൂണിൽ റദ്ദാക്കി അവരെ തിരിച്ചെടുക്കുക കൂടി ചെയ്തതോടെ കേസ് വിസ്മൃതിയിലാകുന്നു.
പക്ഷേ, മേലാളന്മാരോട് വിധേയത്വം കാട്ടുന്ന ഗൊഗോയിയെയാണ് പിന്നീട് നാം കാണുന്നത്. അതുകൊണ്ടുതന്നെ, ബിൽക്കിസ് ബാനു കേസിൽ തങ്ങൾക്കെതിരായ വിധി പ്രസ്താവത്തിൽ അടിയൊപ്പു ചാർത്തിയ തഹിൽ രമണിക്കെതിരായ വേട്ടയാടലിനുള്ള ആയുധമായി അദ്ദേഹം ഉപയോഗിക്കപ്പെട്ടുവെന്നാണ് വിമർശനമുയർന്നത്. അതിന്റെ ഭാഗമായാണ് തഹിൽരമണിയെ 2019 സെപ്റ്റംബറിൽ മേഘാലയയിലേക്ക് സ്ഥലം മാറ്റി. ഇതിനെതിരെ അവർ കൊളീജിയത്തിന് പരാതി നല്കിയെങ്കിലും നിരസിക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ഹൈക്കോടതികളിൽ (എഴുപതിലധികം ജഡ്ജിമാരുള്ള) ഒന്നായ മദ്രാസിൽ നിന്ന് മൂന്ന് ജഡ്ജിമാർ മാത്രമുള്ള മേഘാലയയിലേയ്ക്കായിരുന്നു സ്ഥലംമാറ്റം. ഇത് ഫലത്തിൽ മുതിർന്ന ഒരു ജഡ്ജിയെ സംബന്ധിച്ചിടത്തോളം തരംതാഴ്ത്തലിന് തുല്യമാണ്. മാത്രവുമല്ല വിരമിക്കുന്നതിന് ഒരുവർഷത്തോളം മാത്രം ബാക്കിനില്ക്കേ വിദൂര സംസ്ഥാനത്തേയ്ക്കുള്ള സ്ഥലം മാറ്റം കുറ്റമൊന്നും ചെയ്തില്ലെങ്കിലും ശിക്ഷാ നടപടിയായും വ്യാഖ്യാനിക്കാവുന്നതാണ്. ഈ പശ്ചാത്തലത്തിൽ അവർ സ്ഥാനം രാജിവയ്ക്കുകയാണ് ചെയ്തത്. ഇതിനിടയിലാണ് ഇപ്പോൾ മന്ത്രി മറുപടി പറയാനിടയായ സിബിഐ അന്വേഷണത്തിനുള്ള പശ്ചാത്തലമൊരുങ്ങുന്നത്. കൃത്യമായി ഓഫീസിലെത്തി ജോലി ചെയ്യുന്നില്ല, പ്രാദേശിക രാഷ്ട്രീയക്കാരുമായി നിരന്തര ബന്ധം പുലർത്തുന്നു, അവിഹിത സമ്പാദ്യമുണ്ടാക്കി തുടങ്ങിയവയായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്ന കുറ്റങ്ങൾ. ഒരു വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട കേസിൽ സ്ഥാപിക്കപ്പെട്ട ഹൈക്കോടതി ബെഞ്ച് പിരിച്ചുവിട്ടതും കാരണമായി. കേസിലെ പ്രതികൾക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നും അവരെ സഹായിക്കുന്നതിനായിരുന്നു നടപടിയെന്നും ആരോപിക്കപ്പെട്ടു.
അനധികൃത സമ്പാദ്യ ആരോപണത്തിൽ രണ്ടു ഫ്ലാറ്റുകൾ സ്വന്തമാക്കി, കണക്കുകളിൽ കൃത്രിമം കാട്ടി എന്നിങ്ങനെ നിരവധി വിഷയങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. രാജിക്കു പിന്നാലെ ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടും അവർക്കെതിരെ സമർപ്പിക്കപ്പെട്ടതായി വാർത്തകളുണ്ടായി. ഇതിനെല്ലൊമൊടുവിലാണ് അന്വേഷണത്തിനുള്ള നിർദേശം അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സിബിഐക്ക് നല്കുന്നത്. അദ്ദേഹം വിരമിച്ചതിനുശേഷം ബിജെപിയുടെ കണക്കിൽ നാമനിർദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമായി എന്നത് പിന്നീടുള്ള ചരിത്രം. അത് പ്രത്യുപകാരത്തിന്റേതായിരുന്നുവോ എന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ കിടക്കുകയാണ്. അന്ന് രഞ്ജൻ ഗൊഗോയ് നിർദേശിച്ച് നടത്തിയ അന്വേഷണത്തിലാണ് തഹിൽ രമണിക്കെതിരെ തെളിവുകൾ ലഭിച്ചില്ലെന്നും കേസെടുത്തില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. തഹിൽ രമണിയുടെ സ്ഥലംമാറ്റമുണ്ടായപ്പോൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പൊതുവേദിയിൽ നടത്തിയൊരു പ്രതികരണമുണ്ടായിരുന്നു. ജഡ്ജിമാർക്കെതിരെ പരാതിയുണ്ടാകുമ്പോൾ സ്ഥലം മാറ്റമല്ല പരിഹാരമാർഗമെന്നും നീതിന്യായ വ്യവസ്ഥയിൽ പരിഷ്കരണം ആവശ്യമാണെന്നുമായിരുന്നു അദ്ദേഹം 2019 സെ പ്റ്റംബർ 25 ന് പറഞ്ഞത്. ഇന്ന് അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ്. തഹിൽ രമണിമാരെക്കാൾ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി. ഇപ്പോൾ കൊളീജിയവും നീതിന്യായ വ്യവസ്ഥയിലെ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും വിവാദമാക്കപ്പെടുന്നതിന്റെ പൊരുൾ തിരിച്ചറിയാൻ ഇവയൊക്കെയും ഓർത്തെടുത്താൽ മതി. 2016ൽ പരമോന്നത കോടതി തളളിയ, ജുഡീഷ്യൽ നിയമനത്തിനായുള്ള കമ്മിഷൻ നിയമഭേദഗതി ജനാധിപത്യത്തിന്റെ പവിത്രതയായി കൊട്ടിഘോഷിക്കപ്പെടുന്നതിനു പിന്നിലെ ചേതോവികാരം മനസിലാക്കുകയും ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.