21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 3, 2025
April 1, 2025
March 25, 2025
March 16, 2025
March 16, 2025

ചെമ്മീൻ നിരോധനം അമേരിക്ക പിൻവലിക്കും

മത്സ്യബന്ധന — കയറ്റുമതി മേഖലയിൽ ഉണർവ്
ബേബി ആലുവ
കൊച്ചി
January 17, 2023 10:42 pm

ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകൾ മത്സ്യബന്ധന-കയറ്റുമതി മേഖലകളിൽ ഉണർവ് പകരുന്നു. വർഷങ്ങളായി ഇങ്ങനെയൊരു വാർത്തയ്ക്ക് കാതോർക്കുകയായിരുന്നു മത്സ്യത്തൊഴിലാളി-കയറ്റുമതി സമൂഹവും അനുബന്ധ മേഖലകളും. ഇന്ത്യയിലെ ചെമ്മീൻ പിടിത്ത സമ്പ്രദായം കടലാമകൾക്ക് വംശനാശം വരുത്തുന്നതാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് അമേരിക്ക 2018‑ൽ, ഇന്ത്യയിലെ ഫാമുകളിൽ വളർത്തുന്നതല്ലാത്ത ചെമ്മീനിന്റെ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയത്. ഇത് മീൻ പിടിത്ത‑സംസ്കരണ-കയറ്റുമതി മേഖലകളെ വല്ലാതെ ഉലച്ചു.

കടലാമകൾ വലയിൽ കുടുങ്ങാത്ത വിധം ചെമ്മീൻ പിടിക്കാനുപകരിക്കുന്ന ഉപകരണം, അമേരിക്കയുടെ സാങ്കേതിക സഹായത്തോടെ രൂപകല്പന ചെയ്തിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും ഡിസൈൻ അംഗീകരിച്ചുവെന്നും കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണ് ഈയിടെ അറിയിച്ചത്. വ്യാപകമായി ഉപയോഗിക്കാൻ കഴിയുന്ന ടിഇഡി (ടർഡിൽ എക്സ്ക്ലൂഡർ ഡിവൈസ്) എന്ന ഉപകരണത്തിന്റെ പരീക്ഷണം വേഗത്തിൽ പൂർത്തിയാകുന്നതോടെ കയറ്റുമതി നിരോധനത്തിനും അറുതിയാകും.

രാജ്യം കയറ്റുമതി ചെയ്യുന്ന സമുദ്രോല്പന്നങ്ങളുടെ 67 ശതമാനം ചെമ്മീൻ അധിഷ്ഠിത ഉത്പന്നങ്ങളാന്ന്. കഴിഞ്ഞ സാമ്പത്തിക വർഷം 7.76 ബില്യൻ യു എസ് ഡോളറാണ് വരുമാനമായി ലഭിച്ചത്. നടപ്പ് സാമ്പത്തിക വർഷം അത് 8.8 ബില്യനാക്കി ഉയർത്തുകയാണ് ലക്ഷ്യം.
അതേ സമയം, ചെമ്മീൻ കയറ്റുമതി രംഗത്ത് ആശങ്കപ്പെടുത്തുന്ന ഒരു മറുവശം കൂടിയുണ്ടെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ചെമ്മീൻ ഉൾപ്പെടെയുള്ള മത്സ്യ ഉല്പന്നങ്ങളിലെ നിരോധിത ആന്റിബയോട്ടിക്കുകളുടെ അമിത സാന്നിദ്ധ്യം മൂലം യു എസ്, യൂറോപ്പ് മാർക്കറ്റുകളിൽ ഇന്ത്യൻ സമുദ്രോല്പന്നങ്ങളുടെ ഡിമാന്റ് കുറഞ്ഞതും, ആഗോള വിപണിയിൽ ചെമ്മീൻ വിലയിൽ 20 മുതൽ 25 ശതമാനം വരെ ഇടിവുണ്ടായതും, ലോകത്ത് ഏറ്റവുമധികം ചെമ്മീൻ ഉല്പാദിപ്പിക്കുന്ന ഇക്വഡോറിൽ നിന്നുള്ള കയറ്റുമതി വർധിച്ചതും വലിയ തിരിച്ചടിയായിരിക്കുകയാണ്.

ചൈനയ്ക്ക് ആവശ്യമായ ചെമ്മീനിന്റെ 70 ശതമാനം വരെ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ചൈനീസ് മാർക്കറ്റുകളിലേക്കുള്ള ഇറക്കുമതി ഊർജിതപ്പെടുത്തി ഇക്വഡോർ മേൽക്കൈ നേടിയിരിക്കുകയാണ്. കയറ്റുമതിയിലുണ്ടായ കുറവുമൂലം വലിയ അളവിൽ ചെമ്മീൻ കയറ്റുമതിക്കമ്പനികളിൽ കെട്ടിക്കിടക്കുന്നു. ഈ സാഹചര്യത്തിൽ, നടപ്പ് സാമ്പത്തിക വർഷം 8.8 ബില്യൻ യുഎസ് ഡോളർ എന്ന ലക്ഷ്യത്തിലേക്കെത്തുന്ന കാര്യം സംശയമാണെന്ന് കയറ്റുമതി വ്യാപാരികളുടെ സംഘടന വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളാൽ ചെറുകിട ചെമ്മീൻ കർഷകർ വരെ വലിയ സമ്മർദ്ദത്തിലാണ്.

ആഗോള വിപണിയിലെ വിലയിടിവ് ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. ഇതിനിടെ, വിദേശ വിപണികളിൽ നിന്ന് ചെമ്മീനടക്കമുള്ള മത്സ്യ ഉല്പന്നങ്ങൾ പിന്തള്ളപ്പെടുന്ന സാഹചര്യത്തിൽ നിരോധിത വെറ്ററിനറി ആന്റിബയോട്ടിക്കുകളുടെ ലഭ്യതയും ഉപയോഗവും നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ഡ്രഗ് റെഗുലേറ്ററി അതോറിട്ടിയും മറൈൻ പ്രൊഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിട്ടിയും ആവശ്യപ്പെട്ടിരിക്കുകയാണ്.

Eng­lish Sum­ma­ry: amer­i­ca Will be with­drawn ban on export of indi­an shrimp
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.