5 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2024
July 9, 2024
May 18, 2024
November 15, 2023
October 11, 2023
April 26, 2023
March 29, 2023
December 10, 2022
October 23, 2022
September 25, 2022

കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളിൽ നിന്ന് പഠിക്കുന്നു, അവരോടൊപ്പം പോരാടുന്നു

ബിനോയ് വിശ്വം
April 26, 2023 4:45 am

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍(ഇസിഐ) മേലാവില്‍ നിന്ന് പച്ചക്കൊടി കിട്ടുമെന്ന് പ്രതീക്ഷിച്ച് ഉചിതമായ സമയത്തിന് കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് അവര്‍ 2023 ഏപ്രില്‍ 10ന് സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി പിന്‍വലിക്കുവാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. പാര്‍ട്ടിയെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നില്ല ഈ പ്രഖ്യാപനം. കാരണം നോട്ടീസ് നല്കുക, വാദം കേള്‍ക്കുക, തീരുമാനം മാറ്റിവയ്ക്കുക തുടങ്ങിയ പ്രക്രിയ 2019 മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഏകപക്ഷീയമായി നിർദേശിച്ച മാനദണ്ഡമനുസരിച്ച് ദേശീയ പാർട്ടി എന്ന അംഗീകാരത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ സീറ്റുകൾ സിപിഐക്ക് ഇല്ലാതായിരുന്നു. കമ്മിഷൻ സ്വയം നിർണയിച്ച മാനദണ്ഡങ്ങളുടെ ജനാധിപത്യപരമായ ആധികാരികത അവരെ ആശങ്കപ്പെടുത്തിയില്ല. കമ്മിഷന്റെ സ്വഭാവത്തിന്റെയും ഘടനയുടെയും പ്രത്യേകതയാണത്. സാങ്കേതിക മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക മാത്രമായിരുന്നു അവരുടെ ചുമതല. പക്ഷേ, ഒരു രാഷ്ട്രീയ പാർട്ടിയുടെ ജനകീയമായ പിന്തുണയെ വിലയിരുത്താൻ ഈ അളവുകോലുകൾക്ക് കഴിവില്ലെന്ന കാര്യം സ്പഷ്ടമാണ്. വോട്ടെടുപ്പിൽ ജയിക്കുക എന്ന ഒരേയൊരു കാര്യമാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ശക്തിയും ദൗർബല്യവും അളക്കുന്നതിനുള്ള അവരുടെ ഒരേ ഒരു മാനദണ്ഡം. നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ സഹജവും ഗുരുതരവുമായ പോരായ്മകൾ ഒരിക്കലും കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.


ഇതുകൂടി വായിക്കൂ: സിപിഐ അതിന്റെ ചരിത്രദൗത്യം നിറവേറ്റും 


ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനും അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ അനിവാര്യത എന്ന, സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും മറ്റു ജനാധിപത്യ ശക്തികളും ഉന്നയിക്കുന്ന ആവശ്യത്തെ അവഗണിക്കുന്നതിലാണ് ഉത്സുകത കാട്ടിയത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ശ്രമമെന്ന നിലയിൽ ഇന്ദ്രജിത്ത് ഗുപ്ത കമ്മിറ്റിയുടെ ശുപാർശകൾ എല്ലാ ജനാധിപത്യ വിശ്വാസികളും സ്വാഗതം ചെയ്തിരുന്നതാണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരിക്കലും അത് ഗൗരവത്തോടെ പരിഗണിച്ചില്ല. ആനുപാതിക പ്രാതിനിധ്യം, തെരഞ്ഞെടുപ്പിലെ സർക്കാർ ധനസഹായം, തെരഞ്ഞെടുക്കപ്പെടുന്നവരെ തിരിച്ചു വിളിക്കാനുള്ള അവകാശം (ജനവിധി നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ പ്രതിനിധിയെ തിരികെ വിളിക്കാൻ ഉള്ള വോട്ടർമാരുടെ അവകാശം) തുടങ്ങിയ വിലപ്പെട്ട നിർദേശങ്ങളാണ് 1998 ല്‍ ഇന്ദ്രജിത്ത് ഗുപ്ത കമ്മിറ്റി രാജ്യത്തിന് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഈ നിർദേശങ്ങള്‍, അഭിപ്രായം അറിയിക്കുന്നതിനായി രാഷ്ട്രീയപാർട്ടികൾക്കോ ജനങ്ങള്‍ക്കോ നല്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ സന്നദ്ധമായില്ല. മറിച്ച് തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിന്റെ വിശ്വാസ്യതയ്ക്ക് വേണ്ടി എന്ന വലിയ അവകാശവാദത്തോടെ ഇലക്ടറല്‍ ബോണ്ടുകൾ നടപ്പിലാക്കുന്നതില്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇലക്ടറല്‍ ബോണ്ടുകൾക്ക് പിന്നിലെ വസ്തുതകൾ രാജ്യത്തെ പൗരന്മാർക്ക് ഇപ്പോൾ മനസിലായിട്ടുണ്ട്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇതിന്റെ നേട്ടം ഒരൊറ്റ രാഷ്ട്രീയ പാർട്ടിക്ക് മാത്രമാണുണ്ടായിരിക്കുന്നത്. ആർക്കും അത്ഭുതമില്ല, അത് ബിജെപി മാത്രമാണ്.
സിപിഐയുടെ അംഗീകാരം നഷ്ടപ്പെട്ടെന്ന വിജ്ഞാപനം പുറത്തുവന്നതോടെ വലതുപക്ഷ രാഷ്ട്രീയകേന്ദ്രങ്ങളില്‍ പലരും അത് ആഘോഷമാക്കാൻ തുടങ്ങി. സിപിഐയുടെ പ്രസക്തിയും പോരാട്ട മനോഭാവവും കമ്മിഷന്റെ സാങ്കേതികമായ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണ് നിർണയിച്ചിരിക്കുന്നത് എന്നാണ് വലതുപക്ഷ മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും കരുതുന്നത്. ഇസിഐയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് തങ്ങളുടെ നിലനിൽപ്പിനു പരമപ്രധാനമാണെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ദേശീയ അംഗീകാരം സങ്കീർണമായ വിഷയം തന്നെയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആ വിശ്വാസി ഗണത്തിൽ ഉൾപ്പെടുന്നില്ല. പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടി എന്ന നിലയിൽ തീർച്ചയായും തെരഞ്ഞെടുപ്പും വോട്ടും പ്രാധാന്യമുള്ള വിഷയങ്ങൾ തന്നെയാണ്. എന്നാൽ ഒരു വിപ്ലവ പാർട്ടിക്ക് പ്രവർത്തിക്കുന്നതിനുള്ള ഏക ഘടകമാണ് അതെന്ന് പാർട്ടി കരുതുന്നില്ല. ജനങ്ങളും അവരുടെ സമരങ്ങളുമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രവും രാഷ്ട്രീയ നിലപാടുകളും. തെരഞ്ഞെടുപ്പ് മത്സരങ്ങൾ ആ പോരാട്ടത്തിന്റെ ഒരു ഭാഗം മാത്രമാണ്. അതുകൊണ്ടാണ് ജനഹൃദയങ്ങളിൽ അംഗീകാരമുണ്ടെന്ന തികഞ്ഞ ആത്മവിശ്വാസം പാർട്ടിക്കുണ്ടാകുന്നത്.


ഇതുകൂടി വായിക്കൂ: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും ദേശീയ പ്രസ്ഥാനവും


പിറവികൊണ്ട നാൾ മുതൽ തന്നെ ഇന്ത്യയുടെ ചരിത്രത്തിൽ സിപിഐ അതിന്റെ അടയാളങ്ങൾ പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി രൂപപ്പെടുന്നതിനു മുമ്പ് സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സമ്പൂർണ സ്വാതന്ത്ര്യത്തിന്റെ അജണ്ട എഴുതി ചേർത്തത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. അവരായിരുന്നു കർഷകരെ (ഓൾ ഇന്ത്യ കിസാൻ സഭ — എഐകെഎസ്), വിദ്യാർത്ഥികളെ (അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍-എഐഎസ്എഫ്), (പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ ‑പിഡബ്ല്യുഎ) കലാകാരന്മാരെ (ഇന്ത്യൻ പീപ്പിൾ തിയേറ്റർ അസോസിയേഷൻ-ഇപ്റ്റ) എല്ലാം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്കിയത്. തൊഴിലാളി വർഗത്തിന്റെ കരുത്തുറ്റ സംഘടനയായ എഐടിയുസിക്ക് രൂപം നൽകുന്നതിൽ കമ്മ്യൂണിസ്റ്റുകാർ വഹിച്ച പങ്കും അവിസ്മരണീയമാണ്. നമ്മുടെ മഹത്തായ രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിൽ നേതൃത്വപരമായ അത്തരം പങ്ക് നിർവഹിക്കുന്നതിന് കമ്മ്യൂണിസ്റ്റുകള്‍ക്ക് സാധിച്ചത് ഏതെങ്കിലും കേന്ദ്രങ്ങളിൽ നിന്നും ലഭ്യമായ അംഗീകാരങ്ങൾ കൊണ്ടായിരുന്നില്ല.
എണ്ണമറ്റ പോരാട്ടങ്ങളും ത്യാഗങ്ങളും സഹനങ്ങളും കൊണ്ടു നിറഞ്ഞതാണ് സ്വാതന്ത്ര്യപൂർവ ഇന്ത്യയിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ചരിത്രം. മുതലാളിത്ത വികസനപാതയ്ക്കെതിരായ തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ധീരമായി നിലകൊണ്ട പാർട്ടിയാണിത്. അടിച്ചമർത്തപ്പെട്ടവരുടെ വിമോചന പോരാട്ടത്തിനിടയിൽ മരിച്ച ആയിരക്കണക്കിന് രക്തസാക്ഷികളുടെ സ്മരണ ഈ പാർട്ടിയുടെ ചരിത്രത്തിൽ ഇരമ്പുന്നുണ്ട്. പുന്നപ്ര‑വയലാർ, തെലങ്കാന, തേഭാഗ തുടങ്ങിയ പോര്‍നിലങ്ങളിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും പുരോഗതിക്കും വേണ്ടി പോരാടിയപ്പോൾ ഒരുതരത്തിലുള്ള ദേശീയ അംഗീകാരവും പാർട്ടിയുടെ ചിന്തയിൽ ഉണ്ടായിരുന്നില്ല. പഞ്ചാബിൽ ഖലിസ്ഥാൻ വിഘടനവാദികളോടും മറ്റിടങ്ങളിൽ വർഗീയ ഫാസിസ്റ്റുകളോടും പോരാടുന്നതിൽ സിപിഐ ഏറ്റവും മുന്നിൽ തന്നെ നിലകൊണ്ടിരുന്നു. ദേശീയാംഗീകാരമെന്നത് അവരെ ഒരിക്കലും പിന്നോട്ട് വലിക്കുകയോ പ്രത്യേകമായി മുന്നോട്ടു നയിക്കുകയോ ചെയ്തിട്ടില്ല. രാജ്യവും ജനങ്ങളും അവരുടെ അവകാശങ്ങളും മാത്രമായിരുന്നു പാർട്ടിയുടെ ഏക ഉത്ക്കണ്ഠ.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വെല്ലുവിളികളും ചുമതലകളും


സമരങ്ങൾക്കിടയിലും പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. 1957ല്‍ രാജ്യത്താദ്യമായി കോൺഗ്രസ് ഇതര സർക്കാർ രൂപീകരിച്ചത് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ആയിരുന്നു. ഏതൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിലും ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. അവരണ്ടും അനുഭവിച്ച പാർട്ടിയുമാണ് സിപിഐ. വിജയങ്ങൾ ഉണ്ടാകുമ്പോൾ ഒരിക്കലും അമിതമായി ആഹ്ലാദിക്കുകയും അന്ധരാവുകയും ചെയ്തിട്ടില്ല. തോൽവികളിൽ ഒരിക്കലും പ്രതീക്ഷകൾ കൈവിട്ടിട്ടുമില്ല. ഇത്തരമൊരു പാർട്ടിയെ സംബന്ധിച്ചിടത്തോളം സർക്കാരിലെ ഒരു ഘടകത്തിന്റെ പ്രഖ്യാപനം നിർണായക വിഷയമേ ആയിരിക്കുകയുമില്ല. വര്‍ത്തമാന ചരിത്രഘട്ടത്തിൽ ഫാസിസ്റ്റ് ആക്രമണോത്സുകതയുടെ നായകന്മാർ സിപിഐയെ ലക്ഷ്യംവയ്ക്കുന്നത് യാദൃച്ഛികമല്ല. രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവായ ഹിറ്റ്ലറൈറ്റ് ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പിനെ ചെറുക്കാൻ എല്ലാ മതേതര-ജനാധിപത്യ‑ഇടതുപക്ഷ ശക്തികളുടെയും വിശാലാടിസ്ഥാനത്തിലുള്ള സഹകരണത്തിന് ആഹ്വാനം നല്കിയ ആദ്യ പാർട്ടിയാണ് സിപിഐ എന്നത് അവർക്കറിയാം. കോർപറേറ്റ് കൊള്ളയുടെ ചൂഷണാധിഷ്ഠിത ഭരണത്തിനെതിരെ അധ്വാനിക്കുന്ന ജനങ്ങളെ അണിനിരത്തുന്നതിൽ സിപിഐ വഹിക്കുന്ന പ്രതിബദ്ധതയുള്ളതും സമരോത്സുകവുമായ പങ്ക് അവർക്ക് നല്ല ബോധ്യവും ഉണ്ട്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തിപ്പിടിച്ച ദേശാഭിമാനപരമായ പങ്കിനെക്കുറിച്ചും അവർ ബോധവാന്മാരാണ്.
ദേശീയ പദവി ഇല്ലാതാക്കിയാൽ പാർട്ടിയെ വെട്ടിലാക്കാം എന്ന മിഥ്യാധാരണയാണ് അവർ വളർത്തിയെടുക്കാൻ ശ്രമിക്കുന്നത്. അവർക്ക് പൂർണമായും തെറ്റിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നടപടി കമ്മ്യൂണിസ്റ്റ് സമരപാതയെ തടസപ്പെടുത്തില്ല. ജനങ്ങളുമായി വീണ്ടുംവീണ്ടും ബന്ധപ്പെടുക എന്നതായിരിക്കും പാർട്ടിയുടെ അടയാളവാക്യം. ജനങ്ങളാണ് യജമാനന്മാരെന്ന് പാർട്ടിക്കറിയാം. അവരിൽ നിന്ന് പഠിക്കുകയും അവരോട് ചേർന്ന് പോരാടുകയും ചെയ്യും. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നോട്ടേക്കുള്ള വഴി.

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.