26 April 2024, Friday

Related news

April 20, 2024
April 18, 2024
April 8, 2024
April 6, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വെല്ലുവിളികളും ചുമതലകളും

ഡി രാജ
December 25, 2022 4:45 am

1925 ഡിസംബർ 26 ചരിത്രത്തില്‍ നിര്‍ണായമാകുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റവുമായി ബന്ധപ്പെടുന്നതു കൊണ്ടുമാത്രമല്ല നമ്മുടെ രാ‍ജ്യത്തിന്റെ കോളനി വാഴ്ചയില്‍ നിന്ന് സ്വതന്ത്ര രാഷ്ട്രത്തിലേക്കും ജനാധിപത്യ റിപബ്ലിക്കിലേക്കും ഉള്ള യാത്രയുമായി വേര്‍തിരിക്കാനാവാത്ത വിധം കൂടിക്കലര്‍ന്നിരിക്കുന്നു എന്നതുകൊണ്ടുമാണ്. ഇതേദിവസമാണ് പ്രതിബദ്ധതയും ആത്മാർത്ഥതയും രക്തത്തില്‍ കലര്‍ന്ന വിപ്ലവകാരികൾ കാൺപൂരില്‍ ഒത്തുചേര്‍ന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1925ലെ സമ്മേളനം രാജ്യത്തുടനീളം വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും പൊതുവായ ലക്ഷ്യവുമായി ഒരുമിച്ചു. റഷ്യൻ വിപ്ലവത്തിന്റെയും തൊഴിലാളി രാഷ്ട്ര സ്ഥാപനത്തിന്റെയും പശ്ചാത്തലത്തിൽ കമ്മ്യൂണിസത്തിന്റെ സ്വാധീനം ലോകമെമ്പാടും വളരുകയായിരുന്നു. റഷ്യൻ വിപ്ലവം ഇന്ത്യയിൽ ഗണ്യമായ സ്വാധീനം ചെലുത്തി. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്ന് രാജ്യത്തിന് മുക്തിയും ചൂഷണത്തിൽ നിന്ന് മോചനവും ആഗ്രഹിച്ച് പോരാടിയിരുന്ന കമ്മ്യൂണിസ്റ്റുകളെയും ആകർഷിച്ചു. രാജ്യത്തെ സാമൂഹിക പരിഷ്കർത്താക്കളുടെ സമത്വ പ്രവർത്തനങ്ങളും പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ബ്രിട്ടീഷ് സാമ്രാജ്യത്വം കമ്മ്യൂണിസ്റ്റുകൾ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ബോധവാന്മാരായിരുന്നു. അതിനെ ശൈശവാവസ്ഥയിൽ തന്നെ ഇല്ലാതാക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ വിവിധ ഗൂഢാലോചന കേസുകൾ ചുമത്തി. എന്നാല്‍ നമ്മുടെ മുൻഗാമികളുടെ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും മുന്നില്‍ ബ്രിട്ടീഷുകാർക്ക് പിടിച്ചുനില്‍ക്കാനായില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തൊഴിലാളികളെയും കർഷകരെയും വിപ്ലവ അജണ്ടയുടെ അടിസ്ഥാനത്തില്‍ ഒത്തുചേര്‍ത്തു.

ബ്രിട്ടീഷുകാരോടും ജമീന്ദാർമാരുടെയും നാട്ടു രാജാക്കന്മാരുടെയും കാര്‍മ്മികത്വത്തില്‍ നടന്ന കൊടിയ ചൂഷണങ്ങളോടും വിവേചനങ്ങളോടും പോരാടുമ്പോൾ കമ്മ്യൂണിസ്റ്റുകൾ സഹിച്ച ത്യാഗം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ സുവർണ ചരിത്രമാണ്. സമ്പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത് മുതൽ ഭൂപ്രഭുത്വത്തെ ഉന്മൂലനം ചെയ്യുന്നതുവരെ അനന്യങ്ങളായ മുദ്രാവാക്യങ്ങള്‍ രാജ്യത്തിനായി മുഴക്കി. കമ്മ്യൂണിസ്റ്റ് ഇടപെടൽ ഭാവി റിപ്പബ്ലിക്കിന്റെ രൂപീകരണത്തെ കൂടുതൽ സമത്വപൂര്‍ണവും ജനപക്ഷവുമാക്കി. മഹത്തായ ഈ പൈതൃകങ്ങള്‍ നിലനില്‍ക്കുമ്പോഴും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാത്രം അടിസ്ഥാനമാക്കി പാര്‍ട്ടി ദുർബലമെന്ന് കരുതുന്നവരുണ്ട്. പാർട്ടി അതിന്റെ ശതാബ്ദിയിലേക്കെത്തുമ്പോൾ, ഈ അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും നവീകരണത്തിന്റെയും പുനരുജ്ജീവനത്തിന്റെയും പാത സാധ്യമാക്കുകയും വേണം. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായ ഘടകങ്ങൾ ഇല്ലാതാക്കണം. ജനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം. ലോകത്ത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി വർധിച്ചുകൊണ്ടിരിക്കുന്നു എന്ന ഉണ്മ തിരിച്ചറിഞ്ഞ് കരുത്താര്‍ജിക്കുകയും വേണം. ഉദാരവല്‍ക്കരണ നയങ്ങൾ ജനങ്ങളെ ഉള്ളവനും ഇല്ലാത്തവനും ആയി വിഭജിച്ചു. സമ്പത്തിന്റെ കേന്ദ്രീകരണം ഇന്ന് അഭൂതപൂർവമായ തോതിലാണ്. ഉദാരവല്‍ക്കരണ വ്യക്തിവാദം സൃഷ്ടിച്ച ഉത്കണ്ഠകൾ തലമുറകളെ പിടികൂടിയിട്ടുണ്ട്. കാലാവസ്ഥാ പ്രതിസന്ധി, അടിസ്ഥാനപരമായി പ്രകൃതിയുടെ വൈരുധ്യാത്മകത മനസിലാക്കുന്നതിൽ പരാജയപ്പെടുന്ന മുതലാളിത്തത്തിന്റെ ഒരു ഉല്പന്നമാണ്. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തിനും ഉപജീവനത്തിനും ഭീഷണിയാണത്. ഈ വിഷയങ്ങളിൽ അർത്ഥപൂർണമായി ഇടപെട്ട സ്ഥലങ്ങളിൽ, ഇടതുപക്ഷത്തിന് പിന്തുണ ഗണ്യമായി വര്‍ധിച്ചു.


ഇതുകൂടി വായിക്കൂ: കണിയന്‍ പുഴക്കരയിലെ രണസ്മരണ


ലാറ്റിനമേരിക്ക പ്രത്യക്ഷ ഉദാഹരണമാണ്. എന്നാല്‍ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇടതുപക്ഷം ചെലുത്തുന്ന സ്വാധീനം തെരഞ്ഞെടുപ്പ് ഫലങ്ങളുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ പൊരുത്തക്കേടുകള്‍ പ്രകടമാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്. പണത്തിന്റെയും പേശീബലത്തിന്റെയും വർധിച്ചുവരുന്ന പങ്ക് തെരഞ്ഞെടുപ്പ് ഫലങ്ങൾ നിർണയിക്കുന്ന പ്രധാനഘടകമായിരിക്കുന്നു. ആയിരക്കണക്കിന് കോടികൾ ചെലവഴിച്ചുള്ള തെരഞ്ഞെടുപ്പ് മാമാങ്കം പാര്‍ട്ടിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്. ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് ഇതിനു കഴിയും. കുത്തകകളാണ് അവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. വർഗീയ, ഫാസിസ്റ്റ്, ഭിന്നിപ്പിക്കൽ അജണ്ടകൾ ചേര്‍ത്ത് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ജനങ്ങളെ പല തട്ടിലാക്കുന്നു. വിനാശകരമായ നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ കാരണം വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും കുടുങ്ങി വലയുന്ന ജനങ്ങൾ നടത്തുന്ന പോരാ‍ട്ടങ്ങള്‍ തമസ്കരിക്കപ്പെടുന്നു. കേന്ദ്ര ഏജൻസികളുടെ പിന്തുണയിലുള്ള കുതിരക്കച്ചവടവും ദുരുപയോഗവും വ്യാപകമാണ്. ഈ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള തന്ത്രം സിപിഐയും മറ്റ് ഇടതുപക്ഷ പാർട്ടികളും പുനർനിർമ്മിക്കണം. ജനങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ വലിയ പങ്കാളിത്തം നാം കാണുന്നു. ഇത് തെരഞ്ഞെടുപ്പ് ഫലങ്ങളിലും പ്രതിഫലിക്കണം. അതിനായി സമകാലിക വിഷയങ്ങളോടൊപ്പം ഇന്ത്യൻ സമൂഹത്തിന്റെ മൗലിക പ്രശ്നങ്ങളുമായി ഇടപഴകേണ്ടതുണ്ട്. സമരങ്ങൾ ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ യാഥാർത്ഥ്യത്തോട് സംവേദനക്ഷമമായി നിലകൊള്ളണം. അസമത്വത്തിന്റെയും വിവേചനത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഘടനകളെ തകർക്കുകയും വേണം. സുസ്ഥിരമായ ജനകീയ മുന്നേറ്റങ്ങളും വിവേകപൂർണമായ തെരഞ്ഞെടുപ്പ് രീതികളും ഇടതുപക്ഷത്തിന് ആനുപാതികമായ തെരഞ്ഞെടുപ്പ് വിജയം നല്‍കും.

തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ചിത്രത്തില്‍ ഇടതുപക്ഷം താഴെയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡി കമ്മ്യൂണിസത്തെ ‘അപകടകരമായ പ്രത്യയശാസ്ത്രം’ ആയി ഉയർത്തിക്കാട്ടിയത് ഓർമ്മിക്കേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റുകാരുടെയും ആർഎസ്എസിന്റെയും അജണ്ട പരസ്പരവിരുദ്ധമാണ്. കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ ആർഎസ്എസിന് പ്രത്യയശാസ്ത്രപരമായ ബദലാകാന്‍ കഴിയൂ. ആർഎസ്എസ് പ്രചാരകനായ പ്രധാനമന്ത്രിക്ക് ഈ വസ്തുത ബോധ്യമുണ്ട്. സിപിഐ രൂപീകരിക്കപ്പെട്ട വർഷം തന്നെ സ്ഥാപിതമായ ആർഎസ്എസ് അതിന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപിയിലൂടെ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തത് വിരോധാഭാസമാണ്. കോർപറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെ ഹിന്ദുരാഷ്ട്രമെന്ന വർഗീയ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ ബിജെപി-ആർഎസ്എസ് കൂട്ടുകെട്ട് മുന്നിട്ടിറങ്ങിയിരിക്കുന്നു. കുത്തകവല്‍ക്കരണവും വർഗീയ ഫാസിസവും രാജ്യത്തിന്റെ ഏകത്വത്തിനും നാനാത്വത്തിനും ഭീഷണിയാണ്. ഭരണഘടനയെയും മതേതര ഘടനയെയും അട്ടിമറിക്കാനുള്ള ആർഎസ്എസിന്റെ നീചമായ രൂപകല്പനയ്ക്കെതിരായ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സാമൂഹികവും സുസ്ഥിരവുമായ വെല്ലുവിളി കമ്മ്യൂണിസ്റ്റുകാരിൽ നിന്ന് മാത്രമേ ഉയരൂ. എല്ലാ തലങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്തി നാം വെല്ലുവിളി ഏറ്റെടുക്കണം. നിലവിലുള്ള അടിത്തറ ഏകീകരിക്കാനും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ശ്രമിക്കണം. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വിവിധ വിഭാഗങ്ങളെ രാഷ്ട്രീയവൽക്കരിക്കാനും പ്രബുദ്ധരാക്കാനുമുള്ള ചിട്ടയായ പ്രത്യയശാസ്ത്ര വിദ്യാഭ്യാസം തുടരണം. റിപ്പബ്ലിക്കിനെ രക്ഷിക്കാനുള്ള പോരാട്ടം ശക്തമാക്കുന്നതിന് ശക്തമായ സിപിഐയും ശക്തമായ ഇടതുപക്ഷവും അത്യന്താപേക്ഷിതമാണ്. സിപിഐയെ ശക്തിപ്പെടുത്താനും ഇടതുപക്ഷ ഐക്യം വളര്‍ത്താനും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനും ജനാധിപത്യ‑പുരോഗമന ശക്തികളുടെ വിശാല സഖ്യം കെട്ടിപ്പടുക്കാനും ജനകീയ സമരങ്ങൾ ശക്തമാക്കാനും 24-ാം പാര്‍ട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.