10 January 2025, Friday
KSFE Galaxy Chits Banner 2

അവതാരകന്റെ രാഷ്ട്രീയം; അവതരിക്കുന്ന സംഘര്‍ഷം

വത്സന്‍ രാമംകുളത്ത്
May 13, 2023 4:30 am

കേരളീയർ മാത്രമല്ല, മനുഷ്യത്വമുള്ളവരെല്ലാം വേദനിച്ചുപോയ സംഭവമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായത്. ഒരു കുടുംബത്തിന്റെ സ്വപ്നമാണ് വന്ദനാദാസ് എന്ന ഡോക്ടറുടെ ജീവന്‍ പൊലിഞ്ഞതോടെ തകര്‍ന്നത്. അമ്മ വസന്തകുമാരിയുടെയും അച്ഛന്‍ മോഹന്‍ദാസിന്റെയും നെഞ്ചകത്തെ നീറ്റലുകള്‍ക്ക് സാന്ത്വനമേകാന്‍ എത്ര സാന്നിധ്യത്തിനും ആവില്ല. ഒറ്റ മകളായ വന്ദനയുടെ സാമിപ്യമില്ലാതെ ആ വീട് എങ്ങനെ ഇനിയുറങ്ങും എന്നതിനും ഉത്തരമില്ല.
ആവര്‍ത്തിക്കാന്‍ പാടില്ല എന്ന് നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ഓരോ ദിവസവും നമ്മുടെ കണ്ണിനും കാതിനും സ്വസ്ഥത തരാത്തവിധം തുടരുന്നു. ആരാണ് അതിന് ഉത്തരവാദി?. ഭരണകൂടമാണോ, അതോ പൊലീസോ. സര്‍ക്കാര്‍ സംവിധാനങ്ങളാകമാനമോ?. കേരളം ചിന്താശേഷിയുള്ള സംസ്ഥാനമാണെന്നാണ് വയ്പ്പ്. എന്നാല്‍ പുതിയകാല ചിന്തകള്‍ എവിടേക്കാണ് നമ്മെ നയിക്കുന്നത്?. സമൂഹമാധ്യമത്തില്‍ വായിച്ചൊരു കമന്റ് കടമെടുക്കട്ടെ, ‘കണ്ട നീ നില്ല്, കേട്ട ഞാന്‍ പറയാം! ‑സംഗതി ശരിയാണെന്ന് തോന്നിപ്പോവുന്നതാണ് ഓരോ സംഭവങ്ങള്‍ക്കും പിറകെ വന്നടിയുന്ന പൊതുമധ്യ വര്‍ത്തമാനങ്ങള്‍.
ഡോ.വന്ദനയുടെ മരണം ആണ് ഏറ്റവുമൊടുവില്‍ കേരളത്തെ പിടിച്ചുലച്ചിരിക്കുന്നത്. ഡോ.വന്ദനയുടെ മരണാനന്തര മാധ്യമ വാര്‍ത്തകളാണ് കേരളത്തെ ഉഴുതുമറിക്കുന്നത് എന്ന് പറയുന്നതാവും ശരി. കേരളമാകെ ‘പിണറായി വിരുദ്ധ’ മുദ്രാവാക്യം മുഴങ്ങുന്നതുകൊണ്ട് ഈയൊരു നിരീക്ഷണം തീര്‍ത്തും ശരിയെന്നു തന്നെ എന്ന് വിശ്വസിക്കാം. ‘ലഹരിക്കടിമയായ ഒരാളില്‍ നിന്നുണ്ടാവുന്ന ആക്രണം തടായാനുള്ള പരിചയം ഡോ.വനന്ദനക്ക് ഇല്ല’ എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞുവെന്ന വ്യാപകമായ പ്രചാരണവും ഇതോട് ചേര്‍ത്തുവായിക്കണം.


ഇത് കൂടി വായിക്കൂ: സൈബറിടത്തിലെ കുറ്റകൃത്യങ്ങളെ നേരിടാന്‍


മാധ്യമ ധർമ്മവും ധാർമികതയുമാണ് ഇവിടെ വീണ്ടും വീണ്ടും ചർച്ചയാവുന്നത്. ഒന്നില്ലെങ്കിൽ മറ്റൊരു തരത്തിൽ നാട്ടിൽ അശാന്തി നിലനിൽക്കണം, സംഘർഷം ഉണ്ടാകണം, രണ്ട് പക്ഷം വേണം എന്ന ശാഠ്യത്തോടെ എഴുന്നേൽക്കുന്നതാണ് പ്രശ്നം. ഭരിക്കുന്നവര്‍ക്കെതിരെ ജനങ്ങളെ തിരിച്ചുവിടുന്നതാണ് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം എന്നാണ് പുതിയ തലമുറയെ ഒരു കൂട്ടര്‍ പഠിപ്പിക്കുന്നത്. സമൂഹത്തിന് വിപരീതമായി ബാധിക്കുന്ന വിഷയങ്ങളില്‍ ഗൗരവത്തോടെ ഇടപെടുകയും നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തനം ചാനലുകളുടെ കച്ചവടക്കാലത്ത് അന്യമാണ്.
മന്ത്രി വീണാ ജോര്‍ജ് കൊട്ടാരക്കര സംഭവത്തില്‍ നടത്തിയ പ്രതികരണം മലയാളികള്‍ കേട്ടതാണ്. അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിച്ച് അശാന്തിക്കുള്ള ആയുധമാക്കിയത് ‘മാതൃഭൂമി’ എന്ന ന്യൂസ് ചാനലാണ്. അവരുടെ തന്നെ എഡിറ്റര്‍മാരുടെ തുറന്ന സംവാദത്തില്‍ ‘ആക്രമണം തടയാനുള്ള എക്സ്പീരിയന്‍സ് വനന്ദനയ്ക്ക് ഇല്ല’ എന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടില്ല എന്നും അങ്ങനെ വാര്‍ത്തയില്‍ വന്നത് തെറ്റാണെന്നും സമ്മതിക്കുന്നുണ്ട്. അത് തിരുത്തുകയും ചെയ്തിരുന്നുവെന്നും മാതൃഭൂമി ന്യൂസ് ഡസ്കിലെ എഡിറ്റര്‍മാര്‍ തങ്ങളുടെ സംവാദത്തില്‍ പറയുകയും ചെയ്യുന്നു. എന്നാല്‍ ഈ തിരുത്ത് ന്യൂസ് ചാനലില്‍ പ്രത്യേകം വാര്‍ത്തയായി നല്‍കാന്‍ അവര്‍ ഇതുവരെ തയ്യാറായില്ലെന്നതാണ് വസ്തുത. മന്ത്രിയുടെ വാക്കുകളെ തെറ്റായി പടച്ചുവിട്ടവര്‍, അതുമൂലം സംസ്ഥാനത്തുണ്ടാക്കിയ സംഭവവികാസങ്ങളെയും ആഘോഷിക്കുന്നതാണ് ഇന്നിന്റെ കാഴ്ച.


ഇത് കൂടി വായിക്കൂ: ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


‘തന്നെ ആരോ കൊല്ലാൻ വരുന്നു’ എന്ന് വിളിച്ചുകൂവുന്ന ഒരാളെ ചെന്നുനോക്കിയപ്പോള്‍ കാലില്‍ മുറിവും അതില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നതും കണ്ടാല്‍ ശരാശരി മനുഷ്യന്‍ എന്തുചെയ്യും. പ്രത്യേകിച്ച് നാടറിയുന്ന ഒരു അധ്യാപകന്‍ കൂടിയാവുമ്പോള്‍. കൂടുതല്‍ പേരെ വിളിച്ചുകൂട്ടി അയാളെ ആശുപത്രിയിലെത്തിക്കാനാണ് അയാളുടെ അയല്‍ക്കാര്‍ ശ്രമിച്ചത്. അതിനിടയില്‍ നിലവിളിച്ച് രക്ഷതേടിയ സന്ദീപ് എന്നയാള്‍ തന്റെ ഫോണില്‍ നിന്ന് സ്ഥലത്തെ പൊലീസിനെയും വിളിച്ചിട്ടുണ്ട്. പൊലീസുമായുള്ള അയാളുടെ ഫോണ്‍ സംഭാഷണം ഏതാനും മാധ്യമങ്ങള്‍ ചോര്‍ത്തി നമ്മളെ കേള്‍പ്പിക്കുന്നുമുണ്ട്. കേസിനെ ബാധിക്കും വിധം പ്രധാനസാക്ഷിയടക്കമുള്ളവരെ വിളിച്ചുവരുത്തി ചാലനുകള്‍ സാക്ഷിമൊഴികളും പൊതുമധ്യേ പറയിപ്പിക്കുന്നു.
നിയമവും നീതിയും ന്യായവും പരിപാലിച്ച് സമൂഹത്തെ നേര്‍വഴിക്ക് നടത്തുന്നതില്‍ പൗരന്റെ കടമ എത്രത്തോളമെന്ന് ബോധ്യമമുള്ളവരാണ് കോടതികളും അതിലെ ന്യായാധിപന്മാരും. മാധ്യമ രീതിയിലേക്ക് ചുവടുമാറി ന്യായാധിപന്മാരും രാഷ്ട്രീയം പറയുന്നിടത്ത് എന്ത് നീതിയാണ് സമൂഹം പ്രതീക്ഷിക്കേണ്ടത്. പാടില്ലാത്ത പലതിനെയും കണ്ടില്ലെന്ന് നടിക്കുന്നതാവരുത് നീതിപീഠം. ഏതാനും പേരുടെ വികാരത്തിനൊപ്പമാവരുത് ന്യായാധിപന്മാരുടെ വാക്കാല്‍ പരാമര്‍ശങ്ങള്‍. വിമര്‍ശനമായാലും പരാമര്‍ശമായാവും നിര്‍ദ്ദേശത്തിനും ഉത്തരവിനുമൊപ്പം രേഖയായി പ്രസ്താവിക്കണം. പരാമര്‍ശവും വിമര്‍ശനവും രോമാഞ്ചമുണ്ടാക്കുന്ന സെന്‍സേഷന്‍ വാര്‍ത്തയായി പ്രചരിക്കുന്നതിനുവേണ്ടി പ്രത്യേകം പറയുന്നതാവരുത്.
കൊട്ടാരക്കര വന്ദന കൊലക്കേസില്‍ വന്ന വാര്‍ത്തകള്‍ ഈവിധം ത്രില്ലടിപ്പിക്കുന്നതാണ്. പൊലീസിന്റെ കയ്യില്‍ തോക്കില്ലായിരുന്നോ എന്ന ചോദ്യം സിനിമാ ഡയലോഗായിരുന്നില്ല. വന്ദന കൊല്ലപ്പെടും മുമ്പേ അക്രമകാരിയുടെ കുത്തേറ്റ് പിടഞ്ഞ ആ പൊലീസിനാണ് വീഴ്ചപറ്റിയതെന്ന് പറഞ്ഞതും ഏതെങ്കിലും പാര്‍ട്ടി ഓഫീസില്‍ നിന്നും അല്ല. ‘ഇങ്ങനെയാണെങ്കില്‍ പ്രതി മജിസ്ട്രേറ്റിനെയും ആക്രമിക്കുന്ന കാലം വിദൂരമല്ല’ എന്ന് പറയുന്ന ന്യായാധിപര്‍, ഏത് പ്രതിക്കൂട്ടിലാണ് തങ്ങളുടെ സുരക്ഷയ്ക്കായി പ്രതിക്കൊപ്പം പൊലീസിനെയും കയറ്റി നിര്‍ത്താന്‍ അനുവദിക്കുന്നത്. ഒരു കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കുംവരെ കോടതി മുറിയില്‍ വാദിയും പ്രതിയും തുല്യരാണെന്നാണ് ന്യായാധിപന്മാര്‍ പറയുന്നത്. വഴിയരികില്‍ മുറിവേറ്റ് കിടന്ന പൊലീസ് സഹായം തേടിയ ഒരാളെ മേല്‍പ്പറഞ്ഞ കോടതി ‘പ്രതി’ എന്ന് വിളിച്ചു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കുന്നത്. അതോ ‘പ്രതി‘യെ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ വിലങ്ങണിയിച്ചില്ല, ‘പ്രതി‘ക്കൊപ്പം പൊലീസ് പ്രൊസീഡിങ്സ് റൂമില്‍ ചെന്നില്ല, ‘പ്രതി‘യുടെ മുറിവില്‍ മരുന്നുവച്ചുകെട്ടുന്ന ഡ്രസിങ് റൂമില്‍ പൊലീസ് എന്തുകൊണ്ട് പോയില്ല’… തുടങ്ങിയ ആരോപണങ്ങള്‍ കോടതി വിശ്വാസത്തിലെടുത്തതാണോ?. തന്നെ ഏത് കേസിലാണ് ശിക്ഷിച്ച് ‘പ്രതി’ ആക്കിയിട്ടുള്ളതെന്ന് ഈ കേസിന്റെ വിചാരണ വേളയില്‍ അയാള്‍ കോടതിയോട് തിരിച്ചുചോദിച്ചാല്‍ എന്ത് മറുപടിയാവും നല്‍കാനുണ്ടാവുക? മാധ്യമങ്ങളുടെ ഏതാനും സമയത്തെ ആഘോഷത്തിനുള്ള വാചോടാപം മാത്രമാക്കി ഒരു കേസിന്റെ മെറിറ്റിനെ നിസാരവല്‍ക്കരിക്കരുത് എന്നാണ് നിയമരംഗത്തുള്ളവര്‍ പോലും പറയുന്നത്.


ഇത് കൂടി വായിക്കൂ: യാഥാര്‍ത്ഥ്യമാകുന്നത് പ്രാപ്തരായ രണ്ടാംനിര ഉദ്യോ­ഗസ്ഥ മേധാവികൾ എന്ന സ്വപ്നം


പൊതുജനങ്ങള്‍ക്കുവേണ്ടി പറയുന്നത് എങ്ങനെ സര്‍ക്കാര്‍ വിരുദ്ധമാകുമെന്ന പുതിയൊരു ചോദ്യവും കോടതിയില്‍ നിന്നുണ്ടായി. സൈബര്‍ ആക്രമണത്തെ ഭയക്കില്ലെന്നും കേസ് പരിഗണിക്കുന്നതിനിടെ നീതിപീഠത്തിലിരുന്ന് ജഡ്ജിമാര്‍ പറയുന്നു. ഇത്തരമൊരു ആശങ്ക ഉണ്ടാകുന്നതും വിശദീകരണം നല്കേണ്ടി വരുന്നതും കോടതികള്‍ക്കാണ് എന്ന വസ്തുത ആശ്ചര്യകരമാണ്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് സര്‍ക്കാരുകളെ. അതേ ജനങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുന്നത്. അതിനും മറുപടി പറയുന്ന തരത്തിലേക്ക് കോടതികള്‍ മാറുന്നത് സംശയങ്ങള്‍ ജനിപ്പിക്കുന്നു; നീതി ലഭ്യതയില്‍ ആശങ്കയുണ്ടാക്കുന്നു.
ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മാത്രമല്ല, ഏതൊരു മനുഷ്യന്റെയും സംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. പൊലീസും ജീവനുള്ള മനുഷ്യരാണെന്ന് കോടതികളെങ്കിലും കാണുമെന്ന് കരുതിയവരാണ് ഇവിടെ അമ്പരന്നത്. ഡോ.വന്ദനയ്ക്കൊപ്പം പൊലീസുകാരും കുത്തേറ്റ് മരിച്ചുവീണിരുന്നെങ്കില്‍ ആരെയാണ്, ഏത് സംവിധാനത്തെയാവും കോടതികള്‍ കുറ്റപ്പെടുത്തുക. ആരാണ് രാവിലെ ‘ഞാനിന്ന് ഇങ്ങനെയൊരു കുറ്റം ചെയ്യട്ടെ’ എന്ന് ഈ പറയുന്ന ‘സംവിധാന’ങ്ങളോട് സമ്മതം വാങ്ങി വീട്ടില്‍ നിന്നിറങ്ങുന്നത്. സമൂഹമേ, നമ്മളാണ് നമ്മളെ നേര്‍വഴിക്ക് നയിക്കേണ്ടത്. അവതാരങ്ങളും അവതാരകരും അവരവരുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോകട്ടെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.