23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 15, 2024
September 16, 2024
September 3, 2024
August 25, 2024
August 18, 2024
August 11, 2024
July 28, 2024
July 28, 2024
July 14, 2024
July 7, 2024

ലോകത്തെ സൈക്കിളിൽ ആദ്യം കണ്ടയാൾ

പി സുനിൽകുമാർ
വിചിത്രം വിസ്മയം
June 4, 2023 3:13 am

ശരാശരി നീളം മാത്രമുള്ള, മുപ്പത്തിരണ്ട് വയmd മാത്രമുള്ള ഒരു സൈക്കിൾ സഞ്ചാരി യൂറോപ്പിൽ നിന്ന് 1886ൽ ഇന്ത്യയിലെത്തി. രണ്ട് വർഷം ഇന്ത്യയിൽ നെടുകെയും കുറുകെയും പ്രധാന റോഡുകളിലൂടെ അയാൾ സഞ്ചരിച്ചു. അന്നത്തെ ഗ്രാന്റ് ട്രങ്ക് റോഡ് കണ്ടിട്ട് അയാൾ അത്ഭുതം കൂറി. അവിഭക്ത ഇൻഡ്യയിലെ റോഡുകളുടെ ഇരുവശത്തും കണ്ട തണൽമരങ്ങളുടെ പച്ചപ്പുകൾ അയാളുടെ ഹൃദയത്തെ തരളമാക്കി. ആ മനം മയക്കുന്ന ഭംഗി വേറെങ്ങും കാണാൻ കഴിഞ്ഞില്ലത്രേ. ഇവിടെ നിന്ന് പോകാൻ അയാൾക്ക് മടിയായി. പക്ഷേ പോകാതെ തരമില്ലല്ലോ. തന്റെ സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ തോമസ് സ്റ്റീവൻസിന് ഒരു രാജ്യത്ത് മാത്രമായി ഒതുങ്ങി നിൽക്കാൻ എങ്ങനെ കഴിയും? 1888ൽ മനം നിറഞ്ഞു നിൽക്കുന്ന വർണ്ണങ്ങളുടെ നാട്ടിൽ നിന്ന് അയാൾ മനസില്ലാമനസോടെ ഇൻഡ്യ വിട്ടു. 

സൈക്കിളിൽ ലോകം മുഴുവൻ ചുറ്റാനിറങ്ങിയ ആദ്യ സഞ്ചാരിയായിരുന്നു തോമസ് സ്റ്റീവാൻസ്. 1885 ഏപ്രിലിൽ ന്യൂയോർക്ക് നഗരത്തിൽ നിന്ന് ഒരു പെന്നി ഫാർത്തിങ് സൈക്കിളിൽ യാത്ര ആരംഭിച്ചു. 1860 ന്റെ അവസാന നാളുകളിൽ സൈക്കിൾ വ്യവസായത്തിന് ലോകമാകമാനം പുരോഗതി ഉണ്ടായ കാലമായിരുന്നു. തുടർന്ന് അതൊരു വലിയ വ്യവസായമായി മാറുകയും ചെയ്തു. ഇക്കാലത്ത് ധാരാളം പരിഷ്കാരങ്ങൾ വരുത്തി സൈക്കിൾ സവാരി ജനപ്രിയമാക്കാൻ പണിപ്പെട്ട ജയിംസ് സ്റ്റാർലി എന്നയാളാണ് സൈക്കിൾ വ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ഇന്നത്തെ രൂപമല്ലായിരുന്നു അന്ന് സൈക്കിളിന്. അഞ്ചടിയോളം പൊക്കമുള്ള മുൻവീലും അതിന്റെ മൂന്നിലൊന്ന് മാത്രമുള്ള ചെറിയ പിൻവീലുമായിരുന്നു അവയ്ക്ക്. പെന്നി ഫാർത്തിങ് എന്ന വാക്കിനും രസകരമായ ഒരു കഥയുണ്ട്. കൊളമ്പിയാ ഓർഡിനറി എന്ന സൈക്കിൾ ഇംഗ്ലണ്ടിൽ പെന്നി ഫാർത്തിങ് എന്ന പേരിലാണ് ഇറങ്ങിയിരുന്നത്. കാസ്റ്റ് അയൻ പൈപ്പുകളും റബ്ബർ ടയറുകളും ബെയറിങ് ഉള്ള പെഡലുകളും പിന്നെ സ്റ്റിയറിംഗും മുകളിൽ പറഞ്ഞ തരത്തിലുള്ള വീലുകളും അവയുടെ സവിശേഷതയായിരുന്നു. പെന്നിയും ഫാർതിങ്ങും ബ്രിട്ടീഷ് നാണയങ്ങളുടെ പേരും. പെന്നി വലിയ നാണയവും ഫാർത്തിങ് വില കുറഞ്ഞ നാണയവും. മുന്നിൽ വലിയ വീലും പിന്നിൽ ചെറിയ വീലും ഈ നാണയങ്ങളെ പ്രതിനിധാനം ചെയ്യുന്നവയായി. അങ്ങനെ ലോകം മുഴുവൻ സൈക്കിളിൽ ചുറ്റുന്ന ആദ്യ യാത്രികൻ യാത്ര തുടങ്ങുകയായി. 

പോപ്പ് മനുഫാക്ചറിങ് കമ്പനി ഈ യാത്ര സ്പോണ്‍സർ ചെയ്തു. ഔട്ടിങ് എന്ന മാസിക യാത്രയുടെ ഓരോ ഘട്ടങ്ങളും ലേഖന രൂപത്തിൽ പ്രസിദ്ധീകരിക്കാൻ കരാർ എടുക്കുകയും ചെയ്തിരുന്നു. ലോകത്തെ അറിയാൻ, പ്രത്യേകിച്ച് കിഴക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളെക്കുറിച്ചറിയാൻ അമേരിക്കൻ ജനതയ്ക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു അക്കാലത്ത്. പിന്നെ സൈക്കിളിംഗ് എന്ന ഉദിച്ചുയർന്നുവരുന്ന പുതിയ സ്പോർട്സ് രൂപത്തെ പ്രോത്സാഹിപ്പിക്കാനുള്ള കൂട്ടായ പരിശ്രമവും പലരുടെയും ഭാഗത്തു നിന്നും ഉണ്ടാവുകയും ചെയ്തു. രസകരമായ മറ്റൊന്ന് ഇക്കാലത്ത് അമേരിക്കയിൽ ഉണ്ടായ ഒരു സംഘടനയായ ഗുഡ് റോഡ്സ് മൂവ്മെന്റ് ഗ്രാവൽ റോഡുകളിൽ നിന്ന് മാറി നന്നായി ടാർ ചെയ്യപ്പെട്ട ഉറപ്പുള്ള നല്ല റോഡുകൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്ന കാലവും ആയിരുന്നു അത്.
ലണ്ടനിൽ 1854 ൽ ജനിച്ച തോമസ് സ്റ്റീവാൻസ് ചെറിയ പ്രായം മുതൽക്കേ ജോലികൾ ചെയ്തു വരുമാനം ഉണ്ടാക്കുമായിരുന്നു. പല രാജ്യങ്ങളിലേക്കും സഞ്ചരിക്കുമായിരുന്നു. ഖനികളിലും മറ്റും പണിയെടുക്കുന്ന കാലത്ത് ഒഴിവു വേളകളിൽ അയാൾ സൈക്കിൾ യാത്ര ചെയ്തിരുന്നു. അത് പിന്നെ ഹരമായി മാറുകയായിരുന്നു. 

യാത്രയുടെ ആദ്യ നാളുകളിൽ ഇംഗ്ലണ്ട്, പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലൂടെ വലിയ പ്രശ്നങ്ങളില്ലാതെ കടന്നു പോയ സ്റ്റീവാൻസ് ഏഷ്യൻ രാജ്യങ്ങളിലേക്ക് വന്നപ്പോൾ പ്രതിസന്ധികൾ ധാരാളമായി നേരിട്ടു. റഷ്യയിലേക്ക് പ്രവേശിക്കാൻ വന്ന സ്റ്റീവാൻസിന് അവിടെ പ്രവേശനം നൽകിയില്ല. ഇന്ന് അഫ്ഗാനിസ്ഥാൻ പ്രവിശ്യയിലെ അന്നത്തെ ഇന്ത്യൻ പ്രദേശങ്ങളിൽ പ്രവേശനം ബ്രിട്ടീഷ് സർക്കാർ അനുവദിച്ചില്ല. അങ്ങനെ ഇൻഡ്യയിൽ പ്രവേശിക്കാൻ കഴിയാതെ വന്നപ്പോൾ കാസ്പിയൻ കടൽ കടന്ന് ബാകൂ, അസർബൈജാൻ വഴി ട്രെയിനിൽ യാത്ര ചെയ്ത് ബാറ്റുമി, ജോർജിയ വഴി കരിംകടലിലൂടെ കോൻസ്റ്റാന്റിനോപ്പിൾ, അല്കസാന്ദ്രിയ, സൂയസ്, കറാച്ചി, ലാഹോർ വഴി ഇന്ത്യയിൽ പ്രവേശിക്കുകയാണ് ചെയ്തത്. പോരുന്ന വഴികളിൽ പലേടത്തും അതിർത്തികളിൽ പട്ടാളക്കാരുടെയും നാട്ടിടങ്ങളിൽ തദ്ദേശ ജനതയുടെയും സ്വീകരണങ്ങൾ, സ്നേഹം എല്ലാം അയാൾക്ക് ലഭിച്ചു. ഇടയ്ക്കൊക്കെ പ്രകൃതിയുടെ അസ്വാഭാവിക പെരുമാറ്റങ്ങളും മൃഗങ്ങളുടെ ശല്യവും. മോശപ്പെട്ട വഴികളിൽ സൈക്കിൾ ചവിട്ടാനാകാതെ ഉരുട്ടുകയും ജലാശയങ്ങൾ കടക്കുമ്പോൾ യാനങ്ങളും ട്രെയിനും മറ്റും ഉപയോഗിക്കുകയും ചെയ്തിരുന്നു. 

ഇന്ത്യയിൽ പ്രധാനപ്പെട്ട പല സ്ഥലങ്ങളിലും സ്റ്റീവാൻസ് സഞ്ചരിച്ചു. ബനാറസിൽ, അലഹബാദിൽ, ഡൽഹിയിൽ, കൽക്കട്ടയിൽ അങ്ങനെ പലേടത്തും. ക്ഷുദ്രാഭരണങ്ങളണിഞ്ഞ സ്ത്രീകളെ, വർണ വസ്ത്രങ്ങൾ അണിഞ്ഞ നാട്ടുകാരെ, നാട്ടുവൈദ്യന്മാരെ, ജാലവിദ്യക്കാരെ, കാള വണ്ടികളെ, മലേറിയ ബാധിച്ച് തെരുവിൽ മരിക്കുന്ന മനുഷ്യരെ, മടി പിടിച്ച് വെറുതെ ഇരിക്കുന്നവരെ, മനുഷ്യർ നിറഞ്ഞ തെരുവുകളെ എല്ലാം അയാൾ കണ്ടു. പൗരാണിക തെരുവുകളിലെ കെട്ടിടങ്ങളുടെ എടുപ്പുകൾ കണ്ട്, അവയുടെ സൗന്ദര്യം കണ്ട് സ്റ്റീവാൻസ് ആശ്ചര്യപ്പെട്ടു. ഇന്ത്യയിലെ മഴയും മഞ്ഞും ചൂടും കാറ്റും മണ്‍സൂണും എല്ലാം രണ്ട് വർഷം അയാൾ അനുഭവിച്ചറിഞ്ഞു. ചൈനയിലൂടെ, വിയറ്റ്നാം വഴി സിനോ ഫ്രഞ്ച് യുദ്ധം നടക്കുന്ന വഴികളിലൂടെ അയാൾ ജപ്പാനിലേക്ക് പോയി. അവിടെ നിന്ന് സാൻ ഫ്രാൻസിസ്ക്കോയിലേക്ക്. 1887 ജനുവരിയിൽ യാത്ര അവസാനിച്ചു. സൈക്കിളിൽ ലോകം സഞ്ചരിച്ച അയാൾക്ക് ചില ദിവസങ്ങളിൽ പ്രതികൂല സാഹചര്യങ്ങളാൽ യാത്ര തുടരാനാകാതെ വരികയും ചെയ്തു എന്ന് അനുഭവക്കുറിപ്പുകൾ പറയുന്നു. 

1890 ൽ സ്റ്റീവാൻസ് അമേരിക്കൻ പൗരനായി. ഒരു വർഷം കഴിഞ്ഞ് താൻ ലോകം ചുറ്റിയ സൈക്കിൾ കൈമാറി ഒരു കുതിരയെ വാങ്ങിയ സ്റ്റീവാൻസ് അതിന്റെ പുറത്തേറി തനിക്ക് യാത്ര നിഷേധിച്ച റഷ്യയിലേക്ക് യാത്ര പോയി. അവിടെ അയാൾ ലിയോ ടോൾസ്റ്റോയ് എന്ന വിശ്വസാഹിത്യകാരനെ കണ്ടുമുട്ടി. ഇതെല്ലാം ഓരോ കാലത്തും അയാൾ പ്രസിദ്ധീകരണങ്ങളാക്കി മാറ്റി. പിന്നെ 1894 ൽ ഗൃഹാതുരത്വത്തിന്റെ മാടി വിളിക്കലിൽ അയാൾ ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് വന്നു. കരിംകടൽ കടന്ന്, കിഴക്കൻ യൂറോപ്പ് വഴി ഇന്ത്യൻ യോഗികളെക്കുറിച്ചു പഠിക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.