29 March 2025, Saturday
KSFE Galaxy Chits Banner 2

ഹരിയാന മറ്റൊരു മണിപ്പൂര്‍ ആകരുത്

Janayugom Webdesk
August 2, 2023 5:00 am

ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് നൂഹിലുണ്ടായ വർഗീയ സംഘർഷം വ്യാപിക്കുകയും അഞ്ചു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. 30ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ മുസ്ലിം പള്ളിക്ക് തീയിട്ട ശേഷം അവിടെയുണ്ടായിരുന്ന ഉപ പുരോഹിതനെ നിഷ്ഠുരമായി വധിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ അത്യാസന്ന വിഭാഗത്തില്‍ ചികിത്സയിലാണ്. ക്ഷേത്രവും അക്രമിക്കപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. തിങ്കളാഴ്ച ഉച്ചയോടെ ബംജ്‌റംഗ്‌ദള്‍, വിശ്വ ഹിന്ദു പരിഷത്ത് എന്നീ തീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ബ്രിജ് മണ്ഡല്‍ ജലഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.


ഇതുകൂടി വായിക്കൂ: ഉപരാഷ്ട്രപതി മുതല്‍ എംപിമാര്‍ വരെ മണിപ്പൂര്‍ ഭീതിയില്‍


ബോധപൂര്‍വമായ കലാപ ശ്രമമാണ് നടന്നതെന്നാണ് പ്രദേശവാസികളും സാമൂഹ്യ സംഘടനകളും വ്യക്തമാക്കുന്നത്. സംഘര്‍ഷമുണ്ടായ പ്രദേശം ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതാണ്. ഇവിടേക്കാണ് ഘോഷയാത്ര ആസൂത്രണം ചെയ്തത്. എന്നുമാത്രമല്ല, രണ്ടു ദിവസം മുമ്പ് പ്രദേശത്തെയും ഇവിടെയുള്ള ജനങ്ങളെയും മോശമായി ചിത്രീകരിക്കുകയും വിദ്വേഷം വിളമ്പുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ബോധപൂര്‍വം പ്രകോപനമുണ്ടാക്കുന്നതിനായിരുന്നു ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് മനസിലാക്കേണ്ടത്. ഇതിന് പിന്നാലെയാണ് പ്രദേശത്തേക്ക് ഘോഷയാത്ര നിശ്ചയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട രണ്ട് പേരെ ഗോ രക്ഷാപ്രവര്‍ത്തകര്‍ കാറിന് തീയിട്ട് കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായ മോനു മനേസര്‍ ഘോഷയാത്രയില്‍ പങ്കെടുക്കുമെന്ന പ്രചരണവുമുണ്ടായി. പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച രേഖകള്‍ തീയിട്ടതായും വാര്‍ത്തകളുണ്ട്. ഘോഷയാത്രയെ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെത്തിയ യാത്രയില്‍ നിന്ന് കല്ലേറുണ്ടായെന്ന് മറുവിഭാഗവും പറയുന്നു.
അതെന്തായാലും ബിജെപി ഭരിക്കുന്ന ഹരിയാനയിലെ പൊലീസിന്റെയും അധികൃതരുടെയും ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേ ഷ പ്രചരണം നടത്തിയ ശേഷം അ തേ പ്രദേശത്തേക്ക് ഘോഷയാത്ര പോകുന്നത് തടയുന്നതിന് പൊലീസ് സന്നദ്ധമായില്ല. എന്നുമാത്രമല്ല ആയിരത്തോളം പൊലീസുകാര്‍ ഘോഷയാത്രയ്ക്ക് അകമ്പടി പോകുകയും ചെയ്തു. അക്രമ സംഭവങ്ങള്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ വിജ് നടത്തിയ പ്രസ്താവന എരിതീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഘോഷയാത്രയ്ക്കെത്തിയ മൂവായിരത്തോളം പേര്‍ ക്ഷേത്രത്തില്‍ അഭയം തേടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതേത്തുടര്‍ന്നാണ് അര്‍ധരാത്രി മുസ്ലിം പള്ളിക്കുനേരെ ആക്രമണമുണ്ടായതെന്നാണ് അനുമാനം. ജനങ്ങളെ പ്രകോപിപ്പിക്കുന്ന പ്രസ്താവന സംസ്ഥാന ആഭ്യന്തര മന്ത്രിയില്‍ നിന്നുതന്നെ ഉണ്ടായി എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.


ഇതുകൂടി വായിക്കൂ: മണിപ്പൂര്‍ ക്രൂരതയ്ക്കെതിരെ നാടൊന്നാകെ


രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകള്‍ സംഘടിപ്പിച്ച് പ്രകോപനമുണ്ടാക്കുകയും കലാപം സൃഷ്ടിക്കുകയും ചെയ്ത മുന്‍കാല അനുഭവങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയാണ് ഹരിയാനയിലും. പ്രത്യേകിച്ച് കാരണങ്ങളില്ലാതെ ഘോഷയാത്രകള്‍ സംഘടിപ്പിച്ച് കലാപം സൃഷ്ടിക്കുകയാണ് പലയിടങ്ങളിലും ചെയ്യുന്നത്. മണിപ്പൂരില്‍ ഭരണകൂട ഒത്താശയോടെ സൃഷ്ടിച്ച സംഘര്‍ഷം കെട്ടടങ്ങാതെ തുടരുമ്പോഴും കൂടുതല്‍ സംസ്ഥാനങ്ങളെ സമാനസ്ഥിതിയിലേക്ക് എത്തിക്കുന്നതിന് പിന്നില്‍ ബിജെപി, സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. തീര്‍ച്ചയായും അത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെര‍ഞ്ഞെടുപ്പ് നേട്ടം തന്നെയാണ്. രാജ്യമാകെ കേന്ദ്രസര്‍ക്കാരിനെതിരെ വളര്‍ന്നുവന്നിരിക്കുന്ന ജനവികാരവും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെട്ടുവരുന്നതും ബിജെപിയെ വല്ലാതെ വിറളിപിടിപ്പിക്കുന്നുണ്ട്. തങ്ങളുടെ പതിവ് അവകാശവാദങ്ങളും വാചാടോപങ്ങളുംകൊണ്ട് ജയിച്ചു കയറുക എളുപ്പമല്ലെന്ന ഭീതി അവരെ ബാധിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തെ സാമുദായിക ധ്രുവീകരണത്തിലൂടെയും ഇതര മതങ്ങളെ ഭയത്തില്‍ നിര്‍ത്തിയും മാത്രമേ അതിജീവിക്കാന്‍ സാധിക്കൂ എന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.


ഇതുകൂടി വായിക്കൂ: മണിപ്പൂരിനൊപ്പം


അതുകൊണ്ടുതന്നെ കേവലമൊരു ഘോഷയാത്രയുടെയോ കല്ലേറിന്റെയോ അനന്തരഫലമായല്ല ഹരിയാനയിലെ നൂഹില്‍ സംഘര്‍ഷമുണ്ടായതെന്നുറപ്പാണ്. ഘോഷയാത്രയ്ക്ക് മുന്നോടിയായി നടന്ന സമൂഹമാധ്യമ പ്രചരണവും കുറ്റവാളികളുടെ സാന്നിധ്യമുണ്ടാകുമെന്ന വെളിപ്പെടുത്തലുമെല്ലാം എതിര്‍ വിഭാഗത്തെ പ്രകോപിപ്പിച്ച് കലാപം സൃഷ്ടിക്കുക തന്നെയാണ് ലക്ഷ്യമെന്നും വ്യക്തമാകുന്നു. ഇത് ഇവിടെ അവസാനിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും ഏത് കുത്സിതമാര്‍ഗത്തിലൂടെയും അധികാരം നിലനിര്‍ത്താന്‍ വ്യഗ്രതയുള്ള ബിജെപിയും കൂട്ടവും അതിന് സന്നദ്ധമാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് പൗരന്മാരെല്ലാം ജാഗ്രതയോടെയിരിക്കേണ്ടതുണ്ട്.

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.