ഗ്വാട്ടിമാലയില്‍ അനന്തിമ ഘട്ടത്തിലും ഇക്വഡോറില്‍ ആദ്യഘട്ടത്തിലും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബെർണാഡോ അരെവാലോ, ലൂയിസ ഗോൺസാലസ് എന്നിവര്‍ നേടിയ മുന്നേറ്റം അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഇടതുപക്ഷ വ്യാപനത്തിന്റെ സൂചനയായി വേണം കരുതുവാന്‍. ഇടതുപക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്നില്ലെങ്കിലും അരെവാലോ, ലൂയിസ എന്നിവര്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളും നയസമീപനങ്ങളും പക്ഷേ ഇടതുപക്ഷത്തോട് വളരെ ചേര്‍ന്നുനില്‍ക്കുന്നു. അതുകൊണ്ടുതന്നെയാണ് ഇരുരാജ്യങ്ങളിലെയും നിലവിലുള്ള ഭരണ കക്ഷികളും വലതുപക്ഷവാദികളും അരെവാലോ, ലൂയിസ എന്നിവര്‍ക്കെതിരെ കടുത്ത നിലപാടുകളും പ്രചരണങ്ങളും കുതന്ത്രങ്ങളുമായി കളംനിറഞ്ഞത്. ഗ്വാട്ടിമാലയില്‍ ആദ്യഘട്ടത്തില്‍ രണ്ടാമതെത്തിയ അരെവാലോയുടെ വിജയം അംഗീകരിക്കുവാന്‍ അവസാന നിമിഷം വരെ എതിരാളികള്‍ തയ്യാറായില്ല. അരെവാലോയുടെ വോട്ടെടുപ്പ് അട്ടിമറിക്കുന്നതിനുള്ള തീവ്ര ശ്രമങ്ങളും നടത്തി. ജൂൺ 25ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മധ്യ‑ഇടതുപക്ഷ പാർട്ടിയായ സെമില്ലയുടെ സ്ഥാനാർത്ഥിയായ അരെവാലോ 12 ശതമാനത്തോളം വോട്ടുകള്‍ നേടിയാണ് രണ്ടാമതായത്. തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി സാന്ദ്ര ടോറസ് ഒന്നാമതായെങ്കിലും അരെവാലോയെക്കാള്‍ മൂന്നു ശതമാനം വോട്ടുകള്‍ മാത്രമാണ് അധികം നേടിയത്. അതിന് മുമ്പ് രാജ്യത്ത് നടന്ന അഭിപ്രായ സര്‍വേകള്‍ പ്രകാരം അരെവാലോയ്ക്ക് ആദ്യ ഏഴുപേരില്‍ പോലും ഇടമുണ്ടായിരുന്നില്ല എന്നിടത്തു നിന്നാണ് അദ്ദേഹം രണ്ടാമതെത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
നിലവിലുണ്ടായിരുന്ന സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളും സെമില്ല പാര്‍ട്ടിക്ക് മുന്‍തൂക്കം ലഭിക്കുന്നതിന് കാരണമായി. ആഭ്യന്തര വിദേശ കോര്‍പറേറ്റുകളുടെയും ഭരണ-വലതുപക്ഷ കക്ഷികളുടെയും കുതന്ത്രങ്ങളെല്ലാമുണ്ടായിട്ടും അന്തിമഘട്ടത്തില്‍ സ്ഥിതിഗതികള്‍ അരെവാലോയ്ക്ക് അനുകൂലമായി. അരെവാലോയുടെ ആദ്യഘട്ട വിജയത്തിനെതിരെ കോടതിയെ സമീപിച്ച് ബാലറ്റുകള്‍ പുനഃപരിശോധിക്കണമെന്ന വിധിയാണ് ആദ്യമവര്‍ സമ്പാദിച്ചത്. രാജ്യത്തെ ഉന്നത തെരഞ്ഞെടുപ്പ് ട്രിബ്യൂണല്‍ വിധി അംഗീകരിച്ചുവെങ്കിലും പ്രത്യേക പ്രോസിക്യൂട്ടറുടെ ഓഫിസ് തലവന്‍ റാഫേല്‍ കുറുഷിയെ ഉപയോഗിച്ച് അരെവാലോയെ അയോഗ്യനായി പ്രഖ്യാപിച്ചു. രാജ്യത്തെ ചട്ടമനുസരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചാല്‍ ആര്‍ക്കെതിരെയും നടപടി പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ട്രിബ്യൂണല്‍ റാഫേല്‍ കുറുഷിയുടെ നടപടി റദ്ദാക്കുകയായിരുന്നു. പിന്നീട് വോട്ടെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചുവെങ്കിലും അതിനെതിരെ ജനാധിപത്യ വാദികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കര്‍ഷകസംഘടനകള്‍ എന്നിവയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അരെവാലോയുടെ ആദ്യഘട്ട ജയത്തിന് അംഗീകാരമായത്. എങ്കിലും നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ വലതുപക്ഷ സംഘടനകള്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ രണ്ടാംഘട്ടത്തിലും മുന്നിലെത്തി പ്രസിഡന്റ് പദമുറപ്പിച്ചെങ്കിലും വലതുപക്ഷവും കോര്‍പറേറ്റുകളും അടങ്ങിയിരിക്കുമെന്ന് കരുതുകവയ്യ. കാരണം അരെവാലോയുടെ ഭൂതകാലവും പാരമ്പര്യവും അവരെ വല്ലാതെ അലോസരപ്പെടുത്തുന്നതാണ്. ഏകാധിപത്യത്തിന്റെ ചങ്ങലകള്‍ വലിച്ചെറിഞ്ഞ് ജനാധിപത്യത്തെ സ്വീകരിക്കുകയും സാമൂഹ്യക്ഷേമത്തിന് മുന്‍തൂക്കം നല്‍കുകയും ചെയ്ത ഒരു ദശകത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും അവശേഷിക്കുന്ന നാടാണ് ഗ്വാട്ടിമാല. 1944ല്‍ അധികാരത്തിലെത്തിയ ജുവാൻ ജോസ് അരെവാലോ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ നാടിന്റെ മുഖച്ഛായയും ജനങ്ങളുടെ ജീവിതവും മാറ്റിമറിച്ചവയായിരുന്നു. വസന്തത്തിന്റെ പത്തുവര്‍ഷങ്ങള്‍ എന്നായിരുന്നു ആ കാലയളവ് വിശേഷിപ്പിക്കപ്പെട്ടത്. ഒക്ടോബര്‍ വിപ്ലവം എന്ന പേരിട്ട അധികാരമാറ്റത്തെ തുടര്‍ന്ന് ജുവാൻ ജോസിന്റെ ഭരണകാലത്ത് ഭൂവുടമകളിൽ നിന്നും 14 ലക്ഷത്തിലധികം ഏക്കർ ഭൂമി പിടിച്ചെടുത്ത് തദ്ദേശീയര്‍ക്ക് വിതരണം ചെയ്തു. ഈ നടപടിയാണ് രാജ്യത്തെ ജനാധിപത്യ പ്രക്രിയ അട്ടിമറിച്ച് പത്തുവര്‍ഷങ്ങള്‍ക്കുശേഷം സ്വേച്ഛാധിപത്യ ഭരണം പുനഃസ്ഥാപിക്കുന്നതിനുളള നീക്കങ്ങള്‍ക്ക് ശക്തിയേകിയത്. യുഎസ് ചാരസംഘടനയായ സിഐഎ ആയിരുന്നു അട്ടിമറിക്കാവശ്യമായ വെള്ളവും വളവും നല്‍കിയത് എന്നതും ചരിത്രമാണ്.
താന്‍ നടപ്പിലാക്കിയ നയങ്ങള്‍ക്ക് ആത്മീയ സോഷ്യലിസം എന്ന് പേരിട്ട് വിളിച്ച ജുവാന്‍ ജോസ് അരെവാലോയുടെ മകനാണ് ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചിരിക്കുന്ന ബെര്‍ണാഡോ അരെവാലോയെന്നത് ഈ വിജയത്തെ വേറിട്ടതാക്കുന്നു. കോടിക്കണക്കിന് രൂപ പൊതുമേഖലയിൽ നിക്ഷേപിക്കും, എല്ലാവരെയും ഉൾക്കൊണ്ട് വിദ്യാഭ്യാസവും പൊതുജനാരോഗ്യസംരക്ഷണവും മെച്ചപ്പെടുത്തും, ചൈനീസ് ജനകീയ റിപ്പബ്ലിക്കുമായി സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധങ്ങൾ സ്ഥാപിക്കും തുടങ്ങിയ നയങ്ങളാണ് ബെർണാഡോ അരെവാലോ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇക്വഡോറിൽ ഞായറാഴ്ച നടന്ന ഒന്നാംവട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നിലപാടുകളുള്ള സിറ്റിസൺ റവല്യൂഷൻ മൂവ്‌മെന്റിന്റെ പ്രതിനിധിയായാണ് ലൂയിസ ഗോൺസാലസിന് മുന്നിലെത്താനായത്. 35 ശതമാനത്തോളം വോട്ടാണ് ലൂയിസക്ക് ലഭിച്ചത്. എതിരാളി വലതുപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് ഇക്വഡോറിയൻ മൂവ്‌മെന്റിന്റെ പ്രതിനിധി ഡാനിയൽ നൊബോയ്ക്ക് 24 ശതമാനം വോട്ടുലഭിച്ചു. 40 ശതമാനം വോട്ട് ആര്‍ക്കും ലഭിച്ചില്ലെന്നതിനാല്‍ രണ്ടാംഘട്ടം വോട്ടെടുപ്പ് ഒക്ടോബര്‍ 15ന് നടക്കും. ഗ്വാട്ടിമാലയിലെന്നതുപോലെ മുന്‍ പ്രസിഡന്റ് റാഫേല്‍ കൊഹിയയുടെ ജനപക്ഷ നയങ്ങളാണ് ലൂയിസയും മുന്‍വച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടാംഘട്ടത്തിലും അവരുടെ വിജയം പ്രതീക്ഷിക്കപ്പെടുന്നു. അതെന്തായാലും ഗ്വാട്ടിമാലയും ഇക്വഡോറും പ്രതീക്ഷകളാണ് നല്‍കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.