23 November 2024, Saturday
KSFE Galaxy Chits Banner 2

ഹിന്ദുത്വയുടെ പേരില്‍ നടക്കുന്നത് മനുഷ്യത്വരഹിത ഫാസിസം

Janayugom Webdesk
September 3, 2023 5:00 am

ഹിന്ദുത്വയുടെ പേരിൽ നടക്കുന്ന ക്രമസമാധാനത്തകർച്ച മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. ഫാസിസം എല്ലാ ഭരണഘടനാപരമായ വിലക്കുകളെയും ലംഘിച്ച് നാം വിലമതിക്കുന്ന എല്ലാ ബഹുസംസ്കാര മൂല്യങ്ങളെയും മറികടന്ന് മനുഷ്യത്വഹീനമായി മാറിയിരിക്കുന്നു. മണിപ്പൂരിൽ നിയമവാഴ്ചയുടെ സമ്പൂർണ തകർച്ചയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങിനെ തൽസ്ഥാനത്തുനിന്നു നീക്കാൻ വിസമ്മതിക്കുകവഴി കേന്ദ്ര സർക്കാർ അതിന്റെ തനിനിറമാണ് തുറന്നുകാട്ടുന്നത്. സംസ്ഥാനത്ത് ഇന്നുവരെ സമുദായങ്ങൾ പരസ്പരം വിലമതിച്ചിരുന്ന എല്ലാ മാനവിക മൂല്യങ്ങളെയും ലംഘിക്കാൻ പുറത്തുനിന്നുള്ള ശക്തികളാണ് ഇടപെടുന്നത്. രണ്ടു യുവതികളെ വിവസ്ത്രരാക്കി പൊതുനിരത്തിൽ നടത്തുന്നതിന്റെയും അവരുടെ കൺമുമ്പിൽ അച്ഛനെയും സഹോദരനെയും ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തുന്നതിന്റെയും ഇരുവരെയും വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗത്തിന് ഇരകളാക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മേയ് നാലിന് നടന്ന സംഭവം പൊലീസിൽ റിപ്പോർട്ടുചെയ്യാൻ കഴിഞ്ഞത് മേയ് 18നു മാത്രമാണ്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട പരാതിയിൽ യാതൊരു നടപടിയും ഉണ്ടായില്ല. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനുശേഷം മാത്രമാണ് ഏതാനും അറസ്റ്റുകൾ നടന്നത്. അപ്പോഴും പൊലീസ് ഉദാസീന നിലപാട് തുടരുകയായിരുന്നു. ലോകത്തെ ഞെട്ടിച്ച സംഭവത്തിൽ ശക്തമായ എന്തെങ്കിലും നടപടിക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറായില്ല. മനുഷ്യത്വഹീനമായ നടപടികളോട് പ്രതികരിക്കാൻ യാതൊരു താല്പര്യവും ഭരണകൂടം കാട്ടിയില്ല.
ഹരിയാനയിലെ നൂഹാണ് മറ്റൊരു ഉദാഹരണം. അവിടത്തെ സംഭവപരമ്പരകൾ തികച്ചും വ്യത്യസ്തമാണ്. അവിടെ സംസ്ഥാന ഭരണകൂടം സ്വീകരിച്ച നടപടി കലാപം ഒഴിവാക്കാൻ സഹായകമായി. കലാപകലുഷിതമായ നൂഹിൽ ശ്രാവണമാസത്തിലെ അവസാന തിങ്കളാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ മത ഘോഷയാത്രനടത്താൻ ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു. പകരം സമാധാനപരമായി ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്താനായിരുന്നു നിർദേശം. ഡൽഹിയിലും ഗുഡ്ഗാവിലും ജി20 ഉച്ചകോടി നടക്കുന്നതിനാൽ അപ്രിയസംഭവങ്ങൾ യാതൊന്നും ഉണ്ടാവരുതെന്ന് ഹരിയാനയിലെ ബിജെപി സർക്കാർ പൊലീസിന് നിർദേശം നൽകുകയായിരുന്നു. നൂഹ് ഡൽഹിയിൽനിന്നും 80 കിലോമീറ്റർ മാത്രം അകലെയാണ് സ്ഥിതിചെയ്യുന്നത്. പോരാത്തതിന് ജനങ്ങൾതന്നെ കലാപശ്രമങ്ങൾക്ക് എതിരെ രംഗത്തുവരികയുമുണ്ടായി. വിശ്വഹിന്ദുപരിഷത് പ്രകോപനങ്ങൾക്ക് മുതിർന്നാൽ തങ്ങൾ നേരിട്ട് പ്രതിരോധവുമായി രംഗത്തിറങ്ങുമെന്ന് പ്രദേശത്തെ കർഷക കൂട്ടായ്മകൾ മുന്നറിയിപ്പുനൽകി.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് വരുന്നു; വർഗീയ സംഘര്‍ഷങ്ങളും


നേരത്തെ ജൂലൈ 31ന് ബജ്റംഗ്‌ദളിന്റെയും വിഎച്ച്പിയുടെയും നേതൃത്വത്തിൽ നൂഹിൽ നടന്ന ഘോഷയാത്രയ്ക്ക് അനുമതിനൽകിയത് ഒരു മുസ്ലിം മതപുരോഹിതനും രണ്ട് ഹോംഗാർഡുകളുമടക്കം ആറുപേരുടെ മരണത്തില്‍ കലാശിച്ച കലാപമായതില്‍ ഹരിയാന പൊലീസിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് നമ്മെ ബോധ്യപ്പെടുത്തുന്നത് ഭരണകൂടം ജാഗ്രത പുലർത്തുകയും സമയോചിത ഇടപെടലുകൾക്ക് മുതിരുകയും ചെയ്താൽ വർഗീയകലാപം പോലുള്ള അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കഴിയും എന്നുതന്നെയാണ്. ഓഗസ്റ്റ് 28ന് നൂഹിൽ മതഘോഷയാത്ര നടത്തുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹരിയാന പൊലീസ് വൻതോതിൽ സേനാവിന്യാസം നടത്തി പ്രദേശമാകെ സുരക്ഷിത കോട്ടയാക്കിമാറ്റി. പുറത്തുനിന്നുള്ള ആരെയും അവിടേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. പൊലീസിന്റെ ആ മുൻകരുതൽ പ്രകോപനം കൂടാതെ സമാധാനപരമായ ജീവിതം ജനങ്ങൾക്ക് ഉറപ്പുനൽകി. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലായിരുന്നു ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഈ നടപടികൾ എന്നതും വിസ്മരിച്ചുകൂടാ.
ഒരു സ്വകാര്യസ്കൂൾ പ്രഥമാധ്യാപിക തൃപ്തി ത്യാഗി ഏഴുവയസുകാരനായ മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മർദിച്ചു രസിക്കുന്ന അസ്വസ്ഥജനകമായ മറ്റൊരുചിത്രമാണ് ഉത്തർപ്രദേശിലെ മുസഫർനഗർ നമുക്കുനൽകുന്നത്. അടിയേറ്റ് കരയുന്ന കുട്ടിയെ വീണ്ടും തല്ലാനും വീഡിയോയിൽ അധ്യാപിക ആവശ്യപ്പെടുന്നു. ശിശുപീഡനത്തിന് പ്രേരണനൽകിയ അധ്യാപികക്കെതിരെ നടപടിയെടുക്കുന്നതിന് പകരം യുപി പൊലിസ് പ്രസ്തുത സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വസ്തുതാന്വേഷകൻ മുഹമ്മദ് സുബൈറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്. മറ്റു വാർത്താചാനലുകളും സമൂഹമാധ്യമങ്ങളും പ്രചരിപ്പിച്ച വീഡിയോ പങ്കുവയ്ക്കുക മാത്രമാണ് സുബൈർ ചെയ്തത്. അതിന്റെ പേരിൽ അയാൾക്കെതിരെ മാത്രം ശിശുനീതി നിയമമാണ് പൊലീസ് എടുത്തു പ്രയോഗിച്ചത്. കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയെന്ന കുറ്റമാണ് അയാൾക്കെതിരെ ആരോപിക്കപ്പെട്ടത്. കുട്ടിയെ പീഡിപ്പിക്കുന്നതിനു നേതൃത്വം നൽകിയ അധ്യാപികയ്ക്കെതിരെ നിസാരകുറ്റം മാത്രം ചുമത്താനുള്ള മഹാമനസ്കതയാണ് യുപി പൊലീസിന്റേത്.


ഇതുകൂടി വായിക്കൂ: കര്‍ണാടക; പ്രതിപക്ഷത്തിന് ഒരു പാഠമാണ്


സുബൈറിനെതിരായ എഫ്ഐആർ എങ്ങനെയാണ് സദുദ്ദേശപരമായ ഒരുനിയമത്തെ വാർത്താശേഖകർക്കും വസ്തുതാന്വേഷകർക്കും എതിരെ ദുരുപയോഗം ചെയ്യുന്നത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. സംഭവത്തെ തുടക്കത്തിൽ നിസാരവല്‍ക്കരിക്കാനും തമസ്കരിക്കാനും ശ്രമിച്ച പരമ്പരാഗത മാധ്യമങ്ങൾ രാജ്യം എത്തിപ്പെട്ടിരിക്കുന്ന ഭയാനകമായ അവസ്ഥയാണ് തുറന്നുകാട്ടുന്നത്. മുസഫർനഗർ, മണിപ്പൂർ എന്നിവിടങ്ങളിൽ അരങ്ങേറിയ അവിശ്വസനീയമായ സംഭവങ്ങൾ ജനങ്ങളിൽ എത്തിച്ചേർന്നത് മുഖ്യധാരാ മാധ്യമങ്ങളിലൂടെയല്ല മറിച്ച്, സമൂഹമാധ്യമങ്ങളിലൂടെയാണ് എന്നത് പരമ്പരാഗത മാധ്യമങ്ങൾക്ക് സംഭവിച്ച ഗുരുതരമായ മൂല്യച്യുതിയെയാണ് അടയാളപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.