19 December 2024, Thursday
KSFE Galaxy Chits Banner 2

ലാവണ്യ

വി മായാദേവി
August 25, 2023 9:45 am

ന​ഗരത്തിലെ പ്രശസ്തയായ ഓങ്കോളജിസ്റ്റാണ് ലാവണ്യ. പേരു പോലെ തന്നെ ലാവണ്യവതിയായ മധ്യവയസ്ക. ഭർത്താവ് കൈപ്പുണ്യമുള്ള പീഡിയാട്രീഷ്യൻ മഹേന്ദ്രൻ. രണ്ട് ഓമന പെൺമക്കൾ, ഐശ്വര്യയും അനുഷ്കയും. ഇരുവരും അച്ഛനെയും അമ്മയെയും പോലെ തന്നെ ആതുര സേവന രം​ഗത്തേക്ക് വരാൻ തന്നെ തീരുമാനിച്ചവർ. രണ്ടും നാലും വർഷ എംബിബിഎസ് ക്ലാസുകളിൽ പഠിക്കുന്നു.

ആതുരസേവനത്തിന് പുറമെ ചില ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് ഈ കുടുംബം. ഇവരുടെ സ്വസ്ഥ ജീവിതത്തിന് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടാണ് തൊട്ടടുത്ത വീട്ടിൽ അവർ വാടകക്കാരായി എത്തിയത്. വൈകിട്ട് ആശുപത്രിയിൽ നിന്നെത്തി കുളി കഴിഞ്ഞ് ബാൽക്കണിയിൽ നിന്ന് മുടി വേറെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് അയൽ വീട്ടിൽ പുതിയ താമസക്കാർ ഒരു കാറിലും അവരുടെ സാധനങ്ങൾ ഒരു ലോറിയിലുമായി എത്തിയത് ലാവണ്യ കണ്ടത്. കാറിന്റെ മുൻ സീറ്റിൽ നിന്ന് ആദ്യമിറങ്ങിയത് ഒരു സ്ത്രീയാണ്. രാമായണത്തിലെ മന്ഥരയുടെ മുഖമുള്ള സ്ത്രീ-അങ്ങനെയാണ് ആദ്യ നോട്ടത്തിൽ തന്നെ ലാവണ്യയുടെ മനസിൽ തോന്നിയത്. ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയ മുപ്പത് വയസ് തോന്നിക്കുന്ന യുവാവിന് ​ഗുണ്ടാ ലുക്ക്. പിൻസീറ്റിൽ നിന്നിങ്ങിയ 25കാരനും അതേ പോലെ തന്നെ. മൊത്തം വശപ്പിശകാണല്ലോ-ലാവണ്യ ചിന്തിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു. അവിടെ വായനയിൽ മുഴുകിയിരിക്കുകയായിരുന്ന ഭർത്താവിനോട് ഇക്കാര്യം തമാശയായി അവതരിപ്പിച്ചു.

തനിക്ക് ഇങ്ങനെയും ആളുകളെ നോക്കാൻ അറിയാമോടോ? ആരെ നോക്കിയാലും നന്മയുടെ നിറകുടമായാണല്ലോ താൻ അവതരിപ്പിക്കുക. തന്റെ പുതിയ കണ്ടുപിടിത്തം ഏതായാലും കൊള്ളാം. അല്ല മഹിയേട്ടാ എനിക്ക് എന്തോ ഒരു ഭയം തോന്നുന്നു. തൊട്ടയലത്ത് ഇത്തരത്തിലൊരു കുടുംബം, ഇവരുമായി എങ്ങനെ ഒത്തുപോകും. എടോ ഇവർ അവിടെയും താൻ ഇവിടെയുമല്ലേ,ആശുപത്രിയും രോ​ഗികളും ആയി നിലത്ത് നിൽക്കാൻ സമയമില്ലാത്ത തനിക്ക് അയൽക്കാരെ നോക്കാൻ എവിടെയാടോ സമയം. അവർ അവരുടെ പാട് നോക്കി കഴിഞ്ഞോളും. താൻ ശ്രദ്ധിക്കാൻ പോകണ്ട. അങ്ങനെ സമാധാനിച്ചെങ്കിലും ഒരു ദിവസം അവർ പരിചയപ്പെടാനായി വീട്ടിലേക്ക് എത്തി. അൽപ്പം കുശലപ്രശ്നത്തിന് ശേഷം മടങ്ങുകയും ചെയ്തു. സംസാരത്തിനിടെയാണ് ആ മക്കൾ രണ്ടുപേരും പ്രമുഖ കക്ഷിയുടെ യുവജനസംഘടയുടെ പ്രവർത്തകരാണെന്ന് മനസിലായത്. ഒ രാഷ്ട്രീയ ചാവേറുകൾ. പുച്ഛത്തോടെ ഓർത്ത് കൊണ്ട് മനസിൽ ചിരിച്ചു.

ദിവസങ്ങൾക്ക് ശേഷം ഡ്യൂട്ടി കഴിഞ്ഞെത്തി പതിവ് പോലെ കുളികഴിഞ്ഞ് ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച ലാവണ്യ കാണുന്നത് . ആകാശം മുട്ടെ ഉയരുന്ന കനത്ത പുക, പ്ലാസ്റ്റിക് കത്തുന്ന രൂക്ഷ ​ഗന്ധം. –പെട്ടെന്ന് മനസിലേക്ക് ഓടി വന്നത് കണ്ണൂർകാരി അഷ്നയുടെ മുഖമാണ്, ചിത്രശലഭം കണക്കെയുള്ള പെൺകുഞ്ഞ്, ഒന്നാംക്ലാസിൽ പഠിക്കുമ്പോഴാണ് അവൾ തനിക്ക് മുന്നിൽ എത്തുന്നത്. കൊലുസുകിലുങ്ങും പോലെ സംസാരിക്കുന്ന, മുത്ത് കിലുങ്ങും പോലെ പൊട്ടിച്ചിരിക്കുന്ന പെൺകുഞ്ഞ്. അവൾക്ക് ശ്വാസകോശാർബുദം സ്ഥിരീകരിച്ചിരിക്കുന്നു. തനിക്ക് മുന്നിലിരുന്ന് പൊട്ടിക്കരയുന്ന അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖം.…, പുകവലിച്ചല്ല അവൾക്ക് അർബുദമുണ്ടായത്. ഇതുപോലെ ആരൊക്കെയോ ചെയ്ത വിവരമില്ലായ്മയാണ് ആ കുഞ്ഞിന് ഇത്ര ചെറുപ്പത്തിലേ ഈ മാരക രോ​ഗം സമ്മാനിച്ചത്. ചികിത്സിക്കാൻ പണം പോലുമില്ലാതെ ഒരു കുടുംബം. കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്ന് തെക്കേ അറ്റം വരെ എത്തുന്നതിന് വേണ്ടി വരുന്ന വണ്ടിക്കൂലി അടക്കമുള്ള മറ്റ് ചെലവുകൾ. .… ആ കുടുംബത്തിന് താങ്ങാനാകുന്നതിനുമപ്പുറം…കൂലിപ്പണിക്കാരനായ അവളുടെ അച്ഛന് അവൾക്കൊപ്പം ആശുപത്രിയിൽ വരേണ്ടി വരുന്നതിനാൽ ജോലിക്ക് പോകാനും കഴിയുന്നില്ല. ഭക്ഷണം അടക്കമുള്ള ചെലവുകൾക്ക് പണം കണ്ടെത്താനാകാതെ ആ കുടുംബം.

പരിചയക്കാരിയായ പ്രമുഖ ചാനലിലെ റിപ്പോർട്ടർ വീണയെ വിളിച്ച് വിവരം പറഞ്ഞു. അവൾ ഓടിയെത്തി കാര്യങ്ങൾ മനസിലാക്കി വാർത്ത നൽകി. സുമനസുകൾ അഷ്നയെ കൈവിട്ടില്ല, അവളുടെ ചികിത്സയ്ക്കും മാതാപിതാക്കളുടെ ഭക്ഷണത്തിനും താമസത്തിനും പരിഹാരമായി. എന്നാൽ അത് കൊണ്ട് കാര്യങ്ങൾ ആയില്ലല്ലോ. ദൈവം കൈവിട്ട ആ കുടുംബത്തിന് അധിക ദിവസം ആ കുഞ്ഞു മാലാഖയെ കണ്ടുകൊണ്ടിരിക്കാൻ ആയില്ല. ചികിത്സയും പ്രാർത്ഥനയും ഒക്കെ വിഫലമാക്കി അവൾ പോയി. കണ്ടു നിൽക്കാനാകുമായിരുന്നില്ല ആ അച്ഛനമ്മമാരുടെ വേദന.

അന്ന് തുടങ്ങിയതാണ് ശമ്പള ഇനത്തിൽ അക്കൗണ്ടിലെത്തുന്ന മുഴുവൻ പണവും തനിക്ക് മുന്നിലെത്തുന്ന അത്യാവശ്യക്കാർക്ക് വീതിച്ച് നൽകാൻ. ഇതിന് പുറമെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിക്കുന്നതിന്റെ പരിണിത ഫലങ്ങൾ ജനങ്ങളിലെത്തിക്കാൻ ചെറിയ ചില ശ്രമങ്ങൾ. മാധ്യമ പ്രവർത്തക വീണയുടെ പരിപൂർണ പിന്തുണയും അതിനുണ്ട്. ആ തന്റെ മുന്നിലാണ് ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത്. ദേഷ്യവും സങ്കടവും നിയന്ത്രിക്കാനായില്ല. ഭ്രാന്തമായ ആവേശത്തിൽ ഓടിച്ചെന്ന് മുറ്റത്തെ പൈപ്പിൽ നിന്ന് വെള്ളമെടുത്ത് തീയണച്ചു. നിയന്ത്രിക്കാനാകാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. കാര്യങ്ങൾ അവിടെ തുടങ്ങുകയായിരുന്നു. .…

ലക്ഷങ്ങൾ ശമ്പളമുള്ള ലാവണ്യ വർഷങ്ങളായി പുതിയ ഒരു സാരി ധരിച്ചിട്ട്. സ്വന്തം വീട്ടിലെത്തുമ്പോൾ അനിയത്തിയുടെ വാർഡ്രോബ് തപ്പി അൽപ്പം പഴകിയ സാരികൾ പെറുക്കിയെടുക്കും. മാസാവസാനം അമ്മയുടെ പെൻഷൻ കാശിൽ നിന്ന് കടം വാങ്ങും, കാറിൽ പെട്രോൾ അടിക്കാൻ.… ഒരിക്കലും വീട്ടാത്ത കടം. വിശേഷാവസരങ്ങളിൽ മഹിയേട്ടൻ വാങ്ങി നൽകുന്ന പുതിയ വസ്ത്രങ്ങൾ തുറന്ന് പോലും നോക്കാതെ അവൾ തൊട്ടടുത്തുള്ള വൃദ്ധസദനത്തിലെ അമ്മമാർക്ക് സമ്മാനിക്കും. എന്റെ കുട്ടി ജോലി ചെയ്ത് കിട്ടുന്ന കാശിൽ നിന്ന് നിന്റെ ആവശ്യങ്ങൾ കഴിഞ്ഞിട്ട് ദാനം ചെയ്താൽ പോരേ എന്ന അമ്മയുടെ ചോദ്യം പുഞ്ചിരിയോടെ കേട്ട് നിൽക്കും. എന്റെ ചേച്ചി ഒരു സാരി വാങ്ങിയിട്ട് ബാക്കി എല്ലാവർക്കും നൽകിയാൽ പോരേ, ചേച്ചിയുടെ പകുതി ശമ്പളം പോലും കോളജ് അധ്യാപികയായി എന്റെ കയ്യിൽ കിട്ടുന്നില്ല, അവൾ പരിഹസിക്കും. മഹിയേട്ടന്റെ വരുമാനം കൊണ്ട് വീട്ടിലെ കാര്യങ്ങൾ നടന്ന് പോകുന്നതിനാൽ തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളോട് മഹിയേട്ടൻ ഒരിക്കലും മുഷിഞ്ഞ് സംസാരിച്ചിട്ടില്ല. അല്ലെങ്കിലും ഒരിക്കലും തന്റെ ശമ്പളക്കണക്ക് മഹിയേട്ടൻ ചോദിച്ചിട്ടേയില്ലല്ലോ.

ഇതിന് പുറമെ തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് വീണയുടെ വക ചെറിയൊരു സംഭാവന എല്ലാ മാസവും ഉണ്ട്. ആ കുട്ടിയുടെ കാര്യം പറയാതെ ഇരിക്കുന്നതാണ് ഭേദം. രണ്ട് കുട്ടികളും അമ്മയുമായി രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വല്ലാതെ കഷ്ടപ്പെടുന്ന പെൺകുട്ടി. പ്രേമിച്ച് കല്യാണം കഴിച്ചവൻ മറ്റൊരുത്തിയെ കണ്ടപ്പോൾ അവളുടെ പിന്നാലെ പോയി. അവളുടെ അമ്മ ചിട്ടി കൂടിയും അച്ഛന്റെ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചതും ചേർത്ത് നൽകിയ നൂറ് പവനിൽ ഒരു പണമിട പോലും കയ്യിൽ ഇല്ലാതെ അവന്റെ വീട്ടിൽ നിന്ന് അവൾക്ക് ഇറങ്ങിപ്പോരേണ്ടി വന്നു. രണ്ട് കുഞ്ഞുങ്ങൾ മാത്രം മിച്ചം കിട്ടി എന്ന് എപ്പോഴും അവൾ പകുതി തമാശയായി പറയും. എന്നിട്ടും കരുത്തയായ പെണ്ണാണവൾ, ജീവനാശംത്തിനോ കുട്ടികളുടെ ചെലവിനോ വേണ്ടി അവന്റെ മുന്നിലേക്ക് പോയതേ ഇല്ല. ജോലി ഉള്ളത് കൊണ്ട് അന്തസായി കഴിയുന്നു. ഒപ്പമുള്ള ചില സഹായ മനസ്കർ ചില്ലറ സഹായം ഒക്കെ വാ​ഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവർക്കെല്ലാം ചുട്ട മറുപടി കൊടുത്ത് അവൾ മുന്നോട്ട് പോകുകയാണ്. താനിടയ്ക്ക് ചെറുപ്പവും മറ്റും ചൂണ്ടിക്കാട്ടി ഒരു വിവാഹക്കാര്യം സൂചിപ്പിച്ചപ്പോൾ ഇനിയൊരു ട്രെയിന്കൂടി തലവയ്ക്കാൻ വയ്യ ചേച്ചി, ഇപ്പോൾ സ്വസ്ഥത എന്തെന്ന് ഞാൻ അറിയുന്നുണ്ട് എന്നായിരുന്നു അവളുടെ മറുപടി.

അപ്പോഴാണ് ഫോണിൽ എന്തോ മെസേജ് വന്നത്. തുറന്ന് നോക്കുമ്പോൾ വീണയുടേതാണ്. ചേച്ചി, അടുത്ത മാസം സ്കൂൾ തുറപ്പല്ലേ, അത് കൊണ്ട് ഇത്തവണ ഒന്നുമില്ല. കുട്ടികൾക്ക് പുസ്തകവും ബാ​ഗും ബുക്കും എല്ലാം വാങ്ങി വാടകയും അമ്മയുടെ മരുന്നും എല്ലാം കഴിഞ്ഞപ്പോഴേക്കും അക്കൗണ്ട് കാലിയായി. അവളുടെ മെസ്ജ് വായിച്ച് ചുണ്ടിലൊരു പുഞ്ചിരിയുമായി മഹിയേട്ടന്റെ അടുത്തെത്തി. മഹിയേട്ടാ വീണയുടെ കുട്ടികൾക്ക് സ്കൂൾ തുറപ്പാ, നമുക്ക് എന്തെങ്കിലും കൊടുത്ത് ഒന്ന് സഹായിച്ചാലോ, മാധ്യമപ്രവർത്തകർക്ക് അത്യാവശ്യം ശമ്പളം ഒക്കെ കിട്ടുന്നുണ്ട്. നീയതോർത്ത് ബേജാറാകണ്ടാ, പിന്നെ കൊടുത്താലും ആ കുട്ടി വാങ്ങുമെന്ന് തോന്നുന്നില്ല. മഹിയേട്ടൻ പറഞ്ഞ് ശരിയാ, ആരുടെയും ഔദാര്യമില്ലാതെ മുന്നോട്ട് പോകുന്ന ആ പെൺകുട്ടിയെ നക്കാപ്പിച്ച കൊടുത്ത് ചെറുതാക്കേണ്ട.

ഏതായാലും വീട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ ക്ലീൻ ഇമേജുള്ള കുടുംബമാണ് ലാവണ്യയുടേത്. മാതൃക ദമ്പതികൾ എന്ന് അയൽക്കാരും നാട്ടുകാരും പരിചയക്കാരും ബന്ധുക്കളുമെല്ലാം പറയും. പണം കൈവിട്ട് കളിക്കുന്നതിനോട് ചില ബന്ധുക്കൾക്ക് എതിർപ്പുണ്ടെങ്കിലും അവർ അത് പരസ്യമായ് പ്രകടിപ്പിക്കാറില്ല.

പിന്നെയും അയൽവീട്ടിൽ മാലിന്യം കത്തിക്കൽ പതിവാകുന്നു. ചോദ്യം ചെയ്യുന്നു. ഇത് വാക്കേറ്റമാകുന്നു. കേവലം രണ്ടോ മൂന്നോ സെന്റിൽ നിൽക്കുന്ന ഒരു വീട്ടിൽ എന്താണ് ഇത്രയും കത്തിക്കാൻ. മാലിന്യമെടുക്കാൻ കോർപ്പറേഷനിൽ നിന്ന് ആളുകൾ വരുന്നുണ്ട്. അവർക്ക് നൽകിയാൽ പോരേ, പിന്നെ നിങ്ങൾ എന്താണ് ഇങ്ങനെ കത്തിക്കുന്നത്. കരിയില എന്ന് മറുപടി. ഒരു കാക്കകാല് പോലുമില്ലാത്ത ഇവിടെ കരിയില മാത്രം വരുന്ന വഴി മാത്രം ലാവണ്യ നോക്കിയിട്ട് കണ്ടില്ല. പലവട്ടം അവരോട് പറഞ്ഞു ഇതിന്റെ ഭവിഷ്യത്തുകൾ. ആർക്ക് മനസിലാകാൻ. വഴക്ക് നിത്യ സംഭവമായതോടെ അയൽക്കാരും ശ്രദ്ധിക്കാൻ തുടങ്ങി.

അങ്ങനെ നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രിയപ്പെട്ട ഡോ. ലാവണ്യവർമ്മയെക്കുറിച്ച് നാട്ടുകാർക്കിടയിൽ ചില തെറ്റായ വാർത്തകൾ പരക്കുന്നു. കൈക്കൂലിക്കാരിയാണ്. രോ​ഗികളെ പിഴിയുന്നു. ആശുപത്രിയിൽ ചിലപ്പോഴൊക്കെ വിജിലൻസ് പരിശോധനകൾ, മേലാവിൽ നിന്ന് മിന്നൽ പരിശോധനകൾ, ലാവണ്യ മനസിലാക്കുന്നു ഇതിനെല്ലാം പിന്നിൽ ഭരണകക്ഷിയിൽ പിടിപാടുള്ള ചിലരാണെന്ന്. അവളുടെ സംശയത്തിന്റെ മുന അയലത്തെ ചെറുപ്പക്കാരിലേക്ക് എത്തുന്നു.

അങ്ങനെ ഒരു ദിവസം കോളിം​ഗ് ബെൽ കേട്ട് ചെന്ന് വാതിൽ തുറന്നപ്പോൾ മുന്നിൽ പൊലീസ് . എന്താ ഡോക്ടറെ അറസ്റ്റ് ചെയ്യാൻ വന്നതാണ്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ ഒരു രോ​ഗി മരിച്ചില്ലേ, അവരുടെ ബന്ധുക്കളുടെ പരാതിയുണ്ട്. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന്. കയ്യിൽ വിലങ്ങുമായി ജീപ്പിലേക്ക് കയറുമ്പോൾ കണ്ടു അപ്പുറത്തെ വീടിന്റെ ബാൽക്കണിയിൽ നിറ ചിരിയുമായി മന്ഥരയും മക്കളും. സമൂഹത്തിൽ ഉന്നത നിലയിൽ ജീവിച്ചിരുന്ന ലാവണ്യയുടെ കുടുംബത്തെ മുച്ചൂടും മുടിക്കാൻ അവതരിച്ച ആ കുടുംബത്തെ നോക്കി പുച്ഛത്തോടെ പുഞ്ചിരിച്ച് കൊണ്ട് , നിവർന്ന നട്ടെല്ലോടെ തന്നെ അവൾ പൊലീസ് ജീപ്പിലേക്ക് കയറി.

എന്നാൽ ചതിയിലൂടെ അവർ നേടിയ ആ വിജയത്തിന് വലിയ ആയുസ് ഉണ്ടായിരുന്നില്ല. സ്വർണപ്പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്ത് വരിക തന്നെ ചെയ്യും. ആശുപത്രിയിലെ ഒരു ജീവനക്കാരനാണ് കോടതിക്ക് മുന്നിൽ ആ സത്യം വെളിപ്പെടുത്തിയത്. പണത്തിന് അത്യാവശ്യമുള്ള ഒരു ഘട്ടത്തിൽ ആ പാവം ചെയ്ത് പോയ തെറ്റ് കോടതിക്ക് മുന്നിൽ ഏറ്റുപറഞ്ഞു. ഡോ.ലാവണ്യ വർമ്മയെ കുടുക്കാൻ തക്കം പാർത്ത് കഴിഞ്ഞിരുന്ന ആ അയൽക്കാർ ഈ ജീവനക്കാരനെ സ്വാധീനിക്കുകയായിരുന്നു. തന്നെ കുടുക്കാനായി അവർ തെരഞ്ഞെടുത്തത് ഒരു പിഞ്ചുകുഞ്ഞിനെ ആയിരുന്നു. ആ കുട്ടിയുടെ ജീവനെടുത്ത് തന്നെ ശിക്ഷിക്കാൻ ഈ നരാധമൻമാർക്ക് എങ്ങനെ തോന്നി?

അവർ നൽകിയ ചോക്ലേറ്റ് ആപിഞ്ചുകുഞ്ഞിന് നൽകുക എന്ന കൃത്യം മാത്രമാണ് ആ പാവം ജീവനക്കാരൻ ചെയ്തത്. കുഞ്ഞ് മരിച്ചപ്പോൾ ഭക്ഷ്യ വിഷബാധ എന്ന സംശയം ആർക്കും ഉണ്ടായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, ആ കുഞ്ഞിന് നൽകുന്ന മരുന്ന് അമിത അളവിൽ ഉള്ളിൽ ചെന്നതാണ് മരണകാരണമായി രേഖപ്പെടുത്തിയിരുന്നത്. അപ്പോൾ ആ മരുന്നും ആശുപത്രിയിൽ നിന്ന് അവൻമാർ കൈവശപ്പെടുത്തിയിരുന്നോ? ഫാർമസിസ്റ്റിനെ സ്വാധീനിച്ചാണ് മരുന്ന് കൈവശപ്പെടുത്തിയതെന്നും അത് ചോക്ലേറ്റിൽ കലർത്തി നൽകുക ആയിരുന്നെന്നും പിന്നീടുള്ള അന്വേഷണത്തിൽ ബോധ്യപ്പെട്ടു. രാഷ്ട്രീയ സ്വാധീനത്തിനപ്പുറം പ്ര​ഗത്ഭയായ ഒരു ഡോക്ടറെ സമൂഹത്തിന് നഷ്ടമായിക്കൂടെന്ന ഇച്ഛാശക്തി കൂടി പൊതുസമൂഹം പ്രകടിപ്പിച്ചപ്പോൾ ലാവണ്യ വർമ്മയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നു, ഒപ്പം അവൻമാർ അഴിക്കുള്ളിലാകുകയും ചെയ്തു. പിന്നീട് അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്ത് വന്നു. രാഷ്ട്രീയ പ്രവർത്തനം മറയാക്കി മയക്കുമരുന്ന് കച്ചവടം അടക്കമുള്ള സാമൂഹ്യ വിരുദ്ധപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന യുവാക്കളാണ് അവർ. രാജ്യത്ത് വിവിധ ഇടങ്ങളിൽ ഇവര‍്ക്കെതിരെ നിരവധി കേസുകളുണ്ടെന്നും വ്യക്തമായി. മക്കൾക്ക് നേർവഴി പറഞ്ഞ് കൊടുക്കേണ്ട ആ അമ്മയും ഇവരുടെ ചെയ്തികൾക്ക് കുട പിടിക്കുന്നു എന്നതും ഞെട്ടിക്കുന്നതായിരുന്നു. ഏതായാലും ഒരിക്കലും പുറത്തിറങ്ങാനാകാത്ത വിധം ആ അമ്മയെയും മക്കളെയും ജയിലിൽ അടച്ച രാത്രി ഡോ ലാവണ്യ സ്വസ്ഥമായി ഉറങ്ങി. തന്നെ ദ്രോഹിച്ചവരെ ശിക്ഷിച്ചു എന്നതിനപ്പുറം തലമുറകളെ നശിപ്പിക്കുമായിരുന്ന ഒരു സാമൂഹ്യ വിപത്തിന്റെ കണ്ണികളെ കുടുക്കാനായി എന്ന ചാരിതാർത്ഥ്യമായിരുന്നു ഡോ. ലാവണ്യക്ക് അപ്പോൾ.….

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.