19 December 2024, Thursday
KSFE Galaxy Chits Banner 2

ഇന്ത്യയെ ഭയക്കുന്നത് ആര് ?

Janayugom Webdesk
September 6, 2023 5:00 am

ക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യത്തിനും സന്മനോഭാവത്തിനും പകരം ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും വഴിയാണ് തങ്ങളുടെ രാഷ്ട്രീയ നിലനില്പിനും അധികാരത്തിൽ തുടരാനുമുള്ള തന്ത്രവും മാർഗവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും സംഘ്പരിവാരങ്ങളും ആവർത്തിച്ചു തെളിയിക്കുകയാണ്. രാഷ്ട്രജീവിതത്തെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഗുരുതരപ്രശ്നങ്ങൾക്കും ഉയർന്നുവരുന്ന ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ വിസമ്മതിക്കുന്ന ഭരണകൂടവും ഭരണകക്ഷിയും അവയുടെ ആയിരംതലയുള്ള കാലാൾപ്പടയായ സംഘ്പരിവാറും രാജ്യത്തോടും ജനങ്ങളോടും അസംബന്ധ നിഴൽയുദ്ധത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. അതിന്റെ ഏറ്റവുംപുതിയ പതിപ്പാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും ബോധമണ്ഡലത്തിൽ ചിരപ്രതിഷ്ഠ നേടിയ ഇന്ത്യ എന്ന രാഷ്ട്രനാമത്തെ പൊടുന്നനെ ഭാരത് എന്നാക്കി പുനഃപ്രതിഷ്ഠിക്കാൻ നടത്തുന്ന നീക്കവും ‘സനാതന ധർമ്മ’ത്തിന്റെ പേരിൽ രാജ്യത്ത് വിദ്വേഷത്തിന്റെയും ഹിംസയുടെയും വിഭാഗീയതയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ നടത്തുന്ന ഹീനശ്രമങ്ങളും. ഭാരതം എന്ന ഇന്ത്യയുടെ നാമത്തിൽ ഒരു ഇന്ത്യക്കാരനും രണ്ട് അഭിപ്രായമുണ്ടാവേണ്ട യാതൊരു കാരണവും സാഹചര്യവും നിലവിലില്ല. ആരും അതേപ്പറ്റി ഒരു തർക്കവും ഉന്നയിച്ചിട്ടില്ല. വസ്തുത അതായിരിക്കെ ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അതിഥികൾ ഉൾപ്പെടെ വിശിഷ്ടവ്യക്തികൾക്കു രാഷ്ട്രപതി നൽകുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണപത്രികയിൽ നാളിതുവരെ പിന്തുടർന്നുപോന്ന പതിവിന് വിപരീതമായി ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് മുദ്രണം ചെയ്തത് ആസൂത്രിതവും ദുരുപദിഷ്ടവും ബോധപൂർവം രാഷ്ട്രീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമവും അല്ലാതെ മറ്റെന്താണ്?


ഇതുകൂടി വായിക്കൂ: മോഡി ഭരണസ്ഥിരതയുടെ കച്ചവട രഹസ്യം


എപ്പോഴാണ് മോഡിക്കും കേന്ദ്ര ബിജെപി സർക്കാരിനും ഇന്ത്യ അന്യവും അസ്വീകാര്യവുമായത്? ബിജെപി ഭരണത്തിന്റെ നാളിതുവരെയുള്ള നാൾവഴികളുടെ ദ്രുത പരിശോധനയിൽ മോഡി ശബ്ദകോശത്തിൽ അനവധിതവണ ഇന്ത്യയെന്ന നാമം കടന്നുവരുന്നതുകാണാം. ഭരണനേട്ടങ്ങളെക്കാൾ സർക്കാരിന്റെ പരസ്യവാചകങ്ങളാണ് മോഡിക്ക് പ്രചാരവും പരിവേഷവും നേടിക്കൊടുത്തതെന്നും കാണാനാവും. ‘മേക്ക് ഇൻ ഇന്ത്യ’ ഇന്ത്യയുടെ സ്വാശ്രയത്തവികസനത്തിന്റെ കടയ്ക്കൽ കോടാലിവച്ച പരസ്യവാചകമാണെങ്കിലും മറ്റേതിനെക്കാളും പ്രചുരപ്രചാരം സിദ്ധിച്ച ഒന്നാണ്. അപ്പോഴെന്തേ ഭാരത് വിസ്മരിക്കപ്പെട്ടു? അക്സസബിൾ ഇന്ത്യ, ഡിജിറ്റൽ ഇ ന്ത്യ, എഫ്ഡിഐ: ഫസ്റ്റ് ഡെവലപ് ഇ ന്ത്യ, സ്റ്റാന്റപ് ഇന്ത്യ തുടങ്ങി ഇന്ത്യ വിശേഷണപദമായുള്ള എത്രയെത്ര പരസ്യവാചകങ്ങളാണ് മോഡി ശബ്ദകോശത്തിൽനിന്നും കഴിഞ്ഞ ഒമ്പതുവർഷങ്ങൾക്കുള്ളിൽ പുറത്തുവന്നിട്ടുള്ളത്. ആസൂത്രണ കമ്മിഷൻ പിരിച്ചുവിട്ട് നിതി ആയോഗിന് രൂപം നൽകിയപ്പോഴും അതിൽ ഭാരത് സ്ഥാനംപിടിച്ചില്ല. ഇപ്പോൾ മോഡിക്കും ബിജെപിക്കും തലയിലുദിച്ച ഭാരത് പ്രേമം തികഞ്ഞ രാഷ്ട്രീയ കപടനാട്യമല്ലാതെ മറ്റെന്താണ്? അതിന്റെ ഉറവിടം ഇന്ത്യ എന്ന വാക്കിനോടുള്ള പരിഭ്രാന്തിയല്ലാതെ മറ്റെന്താണ്. ആ ഇന്ത്യ ഭാരതമല്ല. മറിച്ച്, ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ് എന്ന പ്രതിപക്ഷ സഖ്യമാണ്. അതിന്റെ പേരിൽ രാജ്യത്തിന്റെ സാർവത്രിക അംഗീകാരമുള്ള പേരുതന്നെ മായ്ക്കാനാണ് മോഡി പ്രഭൃതികൾ ശ്രമിക്കുന്നത്. ‘മൂക്കുമുറിച്ചും ശകുനം മുടക്കാ‘നുള്ള പാഴ്ശ്രമത്തിലാണ് അവർ ഏർപ്പെട്ടിരിക്കുന്നത്. അത് ഭാരതഗാത്രത്തെത്തന്നെ വെട്ടി വികൃതമാക്കുന്ന കൊടിയപാതകമായി ചരിത്രം വിലയിരുത്തും. ഇവരാണ് രാജ്യത്തിന്റെ ശത്രുക്കൾ.


ഇതുകൂടി വായിക്കൂ:  ഒരുമിക്കും ഭാരതം വിജയിക്കും ഇന്ത്യ ; ഇന്ത്യ ഒറ്റക്കെട്ട്


യഥാർത്ഥ പ്രശ്നങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് ജനമനസുകളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിലൂടെ അധികാരം കയ്യാളുകയെന്നത് എക്കാലത്തും ഫാസിസ്റ്റുകൾ പ്രയോഗിച്ചുപോന്ന ഹീനതന്ത്രമാണ്. സനാതനധർമ്മ വിവാദത്തിലും അതേ കുടിലതന്ത്രമാണ് പ്രയോഗിക്കപ്പെടുന്നത്. തമിഴകത്ത് ബ്രാഹ്മണ മേധാവിത്തത്തിനും ജാതിവ്യവസ്ഥയ്ക്കും സാമൂഹിക ദുരാചാരങ്ങൾക്കുമെതിരെ ദ്രാവിഡ പ്രസ്ഥാനങ്ങളും തന്തൈ പെരിയോർ മുതൽ അതിന്റെ നേതാക്കളും ചരിത്രത്തിലുടനീളം ഉയർത്തിപ്പിടിച്ചതും പ്രചരിപ്പിച്ചുപോന്നതുമായ ആശയത്തിന്റെ കാതലാണ് ബ്രാഹ്മണ്യത്തിലും ചാതുർവർണ്യത്തിലും അധിഷ്ഠിതമായ സനാതന ധർമ്മോച്ചാടന സമരം. തമിഴ് സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുള്ള ആ പ്രസ്ഥാനത്തെ തീവ്ര വലതു-യാഥാസ്ഥിതിക മതഭ്രാന്തുകൊണ്ട് നേരിടാൻ ശ്രമിക്കുന്നത് പരിഹാസ്യമായ പാഴ്‌വേലയാണ്. അത് ആരെക്കാളും നന്നായി തിരിച്ചറിയുന്നവർതന്നെ മതവികാരം ആളിക്കത്തിച്ച് രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് കോപ്പുകൂട്ടുന്നത്. രാഷ്ട്രീയ പ്രബുദ്ധരായ ഇന്ത്യൻ ജനത ഈ നിന്ദ്യശ്രമത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.