10 January 2025, Friday
KSFE Galaxy Chits Banner 2

അംബേദ്കറും പെരിയാറും ആവശ്യപ്പെട്ടത്

രാം പുനിയാനി
September 10, 2023 4:49 am

ഹിന്ദുമതം ഒരു പ്രവാചകനെ അടിസ്ഥാനമാക്കിയുള്ള മതമല്ല; അതിന് ഒരൊറ്റ പുസ്തകവുമില്ല. ഹിന്ദു എന്ന വാക്ക് വിശുദ്ധ ഗ്രന്ഥങ്ങളുടെ ഭാഗവുമല്ല. ഹിന്ദുവെന്നത് ഒരു മതമല്ല, മറിച്ച് “ജീവിതരീതി” എന്ന് നിർവചിക്കുന്നിടത്തോളം ഹിന്ദുമതം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്നതിന് വൈവിധ്യമാർന്ന വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ വ്യത്യസ്ത വ്യാഖ്യാതാക്കൾക്കും പണ്ഡിതന്‍മാര്‍ക്കും ഇത് മതിയായ സ്വാതന്ത്ര്യം നൽകുന്നുണ്ട്. അതുപോലെ, ഇത് ബ്രാഹ്മണ (വൈദികം, മനുസ്മൃതി, ജാതി, ലിംഗശ്രേണി എന്നിവ അടിസ്ഥാനമാക്കിയുള്ളത്), ശ്രമണീയ (നാഥ്, തന്ത്ര, ഭക്തി, ശൈവ, സിദ്ധാന്ത) പാരമ്പര്യങ്ങൾക്കു കീഴിൽ വൈവിധ്യമാർന്ന പ്രവണതകളുടെ സംയോജനവുമാണ്.
സനാതനം എന്ന വാക്ക് ‘ശാശ്വതമായത്’ എന്നര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്നു. ധർമ്മം എന്ന വാക്ക് ഇംഗ്ലീഷ് പോലുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നത് പോലും എളുപ്പമല്ല. വിശാലമായ അര്‍ത്ഥത്തില്‍ പല കാര്യങ്ങളെയും പ്രതിനിധീകരിക്കുന്ന വാക്കാണത്. മതപരമായി അനുഷ്ഠിക്കേണ്ട കടമയെന്നതാണ് മുഖ്യം. ആത്മീയ ക്രമം, വിശുദ്ധ നിയമങ്ങൾ, സാമൂഹികവും ധാർമ്മികവും ആത്മീയവുമായ ഐക്യത്തിന്റെ സമ്പൂർണത എന്നിവയെയെല്ലാം പ്രതിനിധീകരിക്കുന്നു. ‘ഞാൻ എന്തുകൊണ്ട് ഹിന്ദു’ എന്ന തന്റെ പുസ്തകത്തിൽ, ‘നാം ജീവിക്കുന്ന ശെെലി’ എന്ന് ധർമ്മത്തെ നിർവചിക്കാമെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടുന്നു.


ഇത് കൂടി വായിക്കൂ: ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ ദർശനം


സങ്കീർണതകൾ കൂടാതെയും സനാതന ധർമ്മം എന്ന വാക്ക് ഹിന്ദുമതം ഉപയോഗിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ജാതി, ലിംഗ ശ്രേണി ഉയർത്തിപ്പിടിക്കുന്ന അതിന്റെ ബ്രാഹ്മണപ്പതിപ്പ്. ഹിന്ദുമതം ബ്രാഹ്മണ ദൈവശാസ്ത്രമാണെന്ന് ബി ആർ അംബേദ്കർ പറഞ്ഞതിന്റെ അർത്ഥം ഇതാണ്. ഹിന്ദു ദേശീയരാഷ്ട്രീയത്തിന്റെ അഥവാ ഹിന്ദുത്വയുടെ വേരുകൾ ഈ ഹിന്ദുമതമാണ്. അത് മനുസ്മൃതിയെയും അതുവഴി പരമ്പരാഗത ജാതി ശ്രേണിയെയും ഉയർത്തിപ്പിടിക്കുന്നു. സനാതന ധർമ്മം ഇന്ന് നിലകൊള്ളുന്നത് ജാതി ശ്രേണിയിലാണ്. “സനാതന ധർമ്മം ഉന്മൂലനം ചെയ്യുക” എന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തെ നാം മനസിലാക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്.
തമിഴ്‌നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി, ജാതി സമത്വത്തിനും പുരുഷാധിപത്യത്തിന്റെ ഉന്മൂലനത്തിനും വേണ്ടി ആഹ്വാനം ചെയ്ത പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പെരിയാർ രാമസാമി നായ്ക്കറുടെ പിന്മുറക്കാരനാണ്. സമൂഹത്തിൽ ആധിപത്യം പുലർത്തിയിരുന്ന ബ്രാഹ്മണാചാരങ്ങളെ നിശിതമായി വിമർശിച്ചയാളാണ് പെരിയാര്‍. അദ്ദേഹത്തിന് തൊട്ടുമുമ്പ്, അംബേദ്കർ തന്റെ സഹപ്രവർത്തകനായ ബാപ്പു സാഹേബ് സഹസ്രബുദ്ധെയോടൊപ്പം മനുസ്മൃതി കത്തിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. അംബേദ്കറുടെ അഭിപ്രായത്തിൽ ജാതി അസമത്വങ്ങളുടെ കലവറയാണ് ഈ ഗ്രന്ഥം. സമൂഹത്തിനുമേലുള്ള ബ്രാഹ്മണ്യത്തിന്റെ-ഇപ്പോൾ സനാതന ധാർമ്മിക മൂല്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന‑ആധിപത്യത്തില്‍ വേദനിച്ച അംബേദ്കർ യെയോലയിൽ നടത്തിയ പ്രഖ്യാപനം ഇങ്ങനെയായിരുന്നു: ‘ഞാൻ ഒരു ഹിന്ദുവായി ജനിച്ചു; അത് എന്റെ നിയന്ത്രണത്തിലല്ലായിരുന്നു, പക്ഷെ ഞാൻ ഹിന്ദുവായി മരിക്കില്ല’.


ഇത് കൂടി വായിക്കൂ: പ്രതിപക്ഷ ഐക്യം, ബിജെപിക്കെതിരായ തുറന്ന യുദ്ധം


ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കുന്ന തത്വമാണ് സനാതന ധർമ്മമെന്ന് ഉദയനിധി പറഞ്ഞപ്പോള്‍ പെരിയാറും അംബേദ്കറും പറഞ്ഞത് ആവർത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. സനാതന ധർമ്മ പ്രയോഗത്തെക്കുറിച്ച് ബിജെപി വക്താവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തത്, ‘ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ മലേറിയയും ഡെങ്കിപ്പനിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. സനാതന ധർമ്മം പിന്തുടരുന്ന ഭാരതത്തിലെ 80 ശതമാനം ജനങ്ങളെയും വംശഹത്യ ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു’ എന്നാണ്. ഉദയനിധി പറഞ്ഞത് വളച്ചൊടിക്കുക മാത്രമല്ല, ഹിന്ദുമതം സനാതന ധർമ്മത്തിന്റെ പര്യായമാണെന്ന് മാളവ്യ ഉറപ്പിക്കുകയും ചെയ്യുന്നു. ജാതിയെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനമാണ് ഉദയനിധി നടത്തിയത്, ജനങ്ങളെയല്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാമർശം ജനകീയമാകുന്നത്.
അംബേദ്കർ ജാതി ഉന്മൂലനത്തിന് ആഹ്വാനം ചെയ്തപ്പോഴും വംശഹത്യക്ക് ആവശ്യപ്പെട്ടില്ല. അതുകൊണ്ട് അംബേദ്കറുടെ ലക്ഷ്യവും ഉദയനിധിയുടെ അഭിലാഷങ്ങളും ഒന്നുതന്നെയാകുന്നു. ഡിഎംകെ, പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതിനാൽ ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ പ്രസ്താവനയെ ബോധപൂർവം വളച്ചൊടിക്കുകയാണ്. കോൺഗ്രസ് ഇന്ത്യൻ സംസ്കാരത്തെ അവഹേളിച്ചെന്നും ഉദയനിധിയുടെ വാക്കുകൾ വിദ്വേഷ പ്രസംഗത്തിന് തുല്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊതുയോഗങ്ങളിൽ പറഞ്ഞു. അസമത്വ വ്യവസ്ഥയുടെ ഉന്മൂലനത്തെക്കുറിച്ച് സംസാരിക്കുന്നത് വിദ്വേഷ പ്രസംഗമാകില്ല എന്നതാണ് സത്യം. അംബേദ്കറും പെരിയാറും പറഞ്ഞതിനോട് യോജിക്കുകയായിരുന്നു ഉദയനിധി. ബ്രാഹ്മണ്യ ഹിന്ദുമതം സനാതന ധർമ്മമായി സ്വയം അവതരിപ്പിക്കുന്നുവെന്നതാണ് ഇവിടെ പ്രധാന കാര്യം.
രാജ്യത്തെ ഒന്നിപ്പിക്കാൻ ഗാന്ധിജി പോരാടുകയും തൊട്ടുകൂടായ്മയ്‌യ്ക്കെതിരെ പ്രവർത്തിക്കുകയും ചെയ്തപ്പോൾ, സനാതന ധർമ്മത്തെയും ഹിന്ദുമതത്തെയും അദ്ദേഹം സ്വയം തിരിച്ചറിഞ്ഞു. 1932ന് ശേഷം തൊട്ടുകൂടായ്മയ്‌യ്ക്കെതിരെ പ്രവർത്തിക്കുകയും ദളിതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള അവകാശം നേടുകയും ചെയ്യുക എന്നത് ഗാന്ധി തന്റെ പ്രാഥമിക ലക്ഷ്യമാക്കി. ബുദ്ധമതം പോലുള്ള ഇന്ത്യയിലെ വൈവിധ്യമാർന്ന മതപാരമ്പര്യങ്ങളും തങ്ങളുടേത് സനാതന ധര്‍മ്മമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആർഎസ്എസ് പിന്തുടരുന്ന ഹിന്ദുമതം സനാതനം എന്ന വാക്കിനെ ബ്രാഹ്മണ്യത്തിന്റെയും ദേശീയതയുടെയും മിശ്രിതമാക്കുക എന്നതാണ്. അതുകൊണ്ട് ജാതി ക്രമത്തിന്റെ ദൂഷ്യവശങ്ങൾ വിശദീകരിക്കാനും അത്തരം ദുഷിച്ച മൂല്യങ്ങൾ ഇല്ലാതാക്കുന്നതിനും ആഹ്വാനം ചെയ്യുന്നതിനെ വിദ്വേഷ പ്രസംഗം എന്ന് ആരോപിക്കുന്നത് ഇടുങ്ങിയ ചിന്തയാണ്.


ഇത് കൂടി വായിക്കൂ: നിര്‍ണായക രാഷ്ട്രീയസന്ധിയിലെ മേയ്ദിന പ്രതിജ്ഞ | JANAYUGOM EDITORIAL


ബിജെപി വക്താക്കള്‍ ഉദയനിധിയുടെ പ്രസ്താവനകളെ അടിസ്ഥാനപ്പെടുത്തി കോൺഗ്രസിനെയും ഇന്ത്യ സഖ്യത്തെയും അടിസ്ഥാനരഹിതമായി ആക്രമിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് ഒരിക്കലും ഇന്ത്യൻ സംസ്കാരത്തെ മാനിച്ചിട്ടില്ലെന്ന് പറയുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള പൊള്ളയായ ആരോപണമാണ്. സാംസ്കാരിക വ്യത്യാസങ്ങളോടുള്ള ആദരവ് നിലനിർത്തിക്കൊണ്ട് എല്ലാ ഇന്ത്യക്കാരെയും ഇന്ത്യൻ സ്വത്വത്തിന്റെ കുടക്കീഴിൽ ഒന്നിപ്പിച്ച പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു കോൺഗ്രസ്. സാമൂഹിക പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് ആ പാര്‍ട്ടി. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ദി ഡിസ്‌കവറി ഓഫ് ഇന്ത്യയിൽ എഴുതിയതുപോലെ, ഇന്ത്യയുടെ ദേശീയ പ്രസ്ഥാനം ഇന്ത്യൻ സംസ്കാരത്തിന്റെ ഏറ്റവും മികച്ച വശങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നതാണ് വസ്തുത.
പ്രശ്നം ഇന്ത്യ സഖ്യത്തിലെ കക്ഷികളുടേതല്ല, കേവലം ബ്രാഹ്മണ ഭൂതകാലവും അതിലൂടെ വരുന്നതും മാത്രമാണ് സംസ്‌കാരം എന്ന ബിജെപിയുടെയും കൂട്ടരുടെയും പ്രചരണത്തിന്റെതാണ്. ജാതി വ്യവസ്ഥ വളരെക്കാലമായി നിലനിൽക്കുന്നു. അംബേദ്കറുടെയും പെരിയാറിന്റെയും ഗാന്ധിജിയുടെയും പോരാട്ടങ്ങൾ മഹത്തായ തുടക്കങ്ങളായിരുന്നുവെങ്കിലും പാതിവഴിയിൽ അത് നിലച്ചു. ചില നേട്ടങ്ങള്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ തകിടം മറിഞ്ഞു. ജാതിയെ ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സനാതനം എന്ന വാക്കിന് നീണ്ട ചരിത്രമുണ്ട്. ബുദ്ധമതവും ജൈനമതവും മുതല്‍ മനുസ്മൃതിയിൽ വരെ. സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ അത് ബ്രാഹ്മണ ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്നു. അതിനെ ഒരു രാഷ്ട്രീയ വിഷയമാക്കുന്നതിനു പകരം, ഭരണഘടനയ്ക്കനുസൃതമായി സമത്വമുള്ള ഒരു സമൂഹത്തിനുവേണ്ടിയുള്ള പരിഷ്കാരങ്ങളാണ് നമുക്ക് വേണ്ടത്. ഉദയനിധിയുടെ പരാമർശം ബിജെപിക്ക് തെരഞ്ഞെടുപ്പ് വിഷയമാക്കാൻ കഴിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കർണാടകയിൽ ബജ്‌റംഗ് ബലി ഉപയോഗിക്കാൻ ശ്രമിച്ചതും തിരിച്ചടിയേറ്റതും ഓർമ്മയിലുണ്ടാകണം.
(അവലംബം: ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.