14 July 2024, Sunday
KSFE Galaxy Chits

Related news

July 14, 2024
July 14, 2024
July 13, 2024
July 13, 2024
July 11, 2024
July 8, 2024
July 8, 2024
July 7, 2024
July 7, 2024
July 6, 2024

പ്രതിപക്ഷ ഐക്യം, ബിജെപിക്കെതിരായ തുറന്ന യുദ്ധം

കാനം രാജേന്ദ്രൻ
September 8, 2023 4:55 am

ബിജെപി ഭരണം അതിന്റെ ഒമ്പത് വർഷം പിന്നിടുമ്പോൾ ഇന്ത്യൻ ജനത നേരിടുന്നത് ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തങ്ങളാണ്. ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ സാർവദേശീയമായി അംഗീകരിക്കപ്പെട്ട ഇന്ത്യയുടെ യശസും പ്രശസ്തിയും പാടേ നിഷ്പ്രഭമാക്കുകയും ഹിന്ദുത്വ ഫാസിസം ജനതയുടെ മേൽ അടിച്ചേല്പിക്കുകയുമാണ് സംഘ്പരിവാർ ചെയ്യുന്നത്. മോഡി-അമിത്ഷാ ഭരണം ജനാധിപത്യ മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. ആർഎസ്എസ് സ്ഥാപിതമായിട്ട് 2025ൽ 100 വർഷം തികയാൻ പോകുകയാണ്. അതിനുമുമ്പ് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പരിവർത്തിപ്പിക്കാനും ഭരണഘടനയെ തന്നെ അട്ടിമറിക്കാനും കാലഹരണപ്പെട്ട വർണ‑ജാതി വ്യവസ്ഥയും അതിന്റെ അനുശാസനങ്ങളും ഉൾക്കൊള്ളുന്ന മനുസ്മൃതി ഉപയോഗിച്ച് ഒരു ഏകധ്രുവ രാഷ്ട്രം സ്ഥാപിച്ചെടുക്കുകയെന്നതാണ് സംഘ്പരിവാർ സഖ്യത്തിന്റെ ലക്ഷ്യം. ഇതുകൊണ്ടുമാത്രം ബിജെപിയുടെ രാഷ്ട്രീയ ദൗത്യം അവസാനിക്കുന്നില്ല. ഫാസിസത്തിന്റെ പ്രമാണങ്ങൾ ഉൾക്കൊള്ളുന്ന ഗോൾവാള്‍ക്കറുടെയും ഹെഡ്ഗേവാറിന്റെയും വി ഡി സവർക്കറുടെയും കടുത്ത ഇസ്ലാം-ക്രൈസ്തവ-കമ്മ്യൂണിസ്റ്റ് വിദ്വേഷത്തിലധിഷ്ഠിതമായ വെറുപ്പും വർഗീയതയും രാജ്യത്താകെ പടർത്താനുള്ള പ്രക്രിയയിലാണവർ. വെറുപ്പിന്റെ രാഷ്ട്രീയം ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ ചേരിതിരിവുകളും വർഗീയ ധ്രുവീകരണങ്ങളും സൃഷ്ടിച്ചും വർഗീയ കലാപങ്ങൾ നടത്തിയും ദുരന്തഗ്രസ്തമായ അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ് മോഡി ഭരണകൂടം ചെയ്യുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂർ ദുരന്തം. അവിടെ സ്ഥിതിഗതികൾ ആഭ്യന്തര യുദ്ധത്തിനു സമാനമാണ്. ഗുജറാത്ത് കലാപത്തിന് ശേഷം ബിജെപിയുടെ തിരക്കഥയ്ക്കനുസരിച്ച് രാജ്യത്തുണ്ടായ ഹിംസാത്മക പ്രവർത്തനങ്ങളാണ് മണിപ്പൂരിൽ ഇപ്പോഴും തുടരുന്നത്. മണിപ്പൂരിലെ പർവത പ്രദേശങ്ങളിൽ അധിവസിക്കുന്ന കുക്കി ജനവിഭാഗവും താഴ്‌വാരങ്ങളിൽ ജീവിക്കുന്ന മെയ്തി വിഭാഗവും തമ്മിൽ ചരിത്രപരമായി തുറന്ന സംഘർഷങ്ങൾ നടന്നിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ; നവകേരളത്തിന്റെ ഊര്‍ജം


എന്നാൽ ഇപ്പോൾ നടക്കുന്ന കലാപം ആ നിലയിൽ വിലയിരുത്താനാവില്ല. ഭരണത്തിലെത്തിയ ബിജെപിയുടെ സഹായത്തോടെ ആരമ്പായ് തെംഗോൾ, മെയ്തി ലിപുൺ തുടങ്ങിയ തീവ്രവാദ സംഘടനകൾ ഒരു ഭാഗത്തും കുക്കി സായുധ സംഘടനകൾ മറുഭാഗത്തുമായി നടന്ന ഉഗ്രമായ കലഹങ്ങളായിരുന്നു മാസങ്ങളായി മണിപ്പൂരിനെ ദുരന്തഭൂമിയാക്കുന്നത്. രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി മൈലുകൾ ദൂരം തെരുവിലൂടെ നടത്തിച്ചതും പിന്നീട് ബലാത്സംഗം ചെയ്തതും മണിപ്പൂർ സർക്കാരിന്റെയും പൊലീസിന്റെയും സഹായത്തോടുകൂടിയായിരുന്നു. ലോകത്തിനു മുമ്പിൽ ബഡായി വർത്തമാനം പറയുന്ന പ്രധാനമന്ത്രി ഇന്ത്യക്കാകെ ലജ്ജാകരമായ ഇ‌ൗ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് വലിയ വീരസ്യം മുഴക്കി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. വീണ്ടും ഈ സംഭവങ്ങളുടെ തനിയാവർത്തനം തന്നെ അവിടെ നടന്നു. 5,000ത്തിൽപ്പരം ഭവനങ്ങൾ തീവ്രവാദികൾ കത്തിച്ച് കളഞ്ഞു. 70,000ത്തിലധികം പേർ അഭയാർത്ഥികളായി. നിരവധി ക്രൈസ്തവ ദേവാലയങ്ങൾ കത്തിച്ച് നാമാവശേഷമാക്കി. പലായനം ചെയ്യപ്പെട്ട ആയിരങ്ങൾ വനമേഖലകളിലും മറ്റു ദുരിതാശ്വാസ ക്യാമ്പുകളിലുമായി കഴിഞ്ഞുകൂടുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ എന്നല്ല പറയേണ്ടത്, ദുരിത ക്യാമ്പുകളെന്നാണ്.

ബിജെപി ഭരിക്കുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ തികഞ്ഞ അരക്ഷിതാവസ്ഥയിലും ഏത് നിമിഷവും ആളിക്കത്താവുന്ന സ്ഥിതിയിലുമാണ്. മെയ്തികളെ ഹിന്ദുക്കളായി പരിവർത്തിപ്പിച്ചുകൊണ്ടും ഗോത്രവർഗങ്ങളെ ക്രിസ്ത്യാനികളായി അവരോധിച്ചുകൊണ്ടും മണിപ്പൂരിൽ രണ്ട് ജനവിഭാഗങ്ങളെ വിരുദ്ധ ശക്തികളായി വളർത്തിയെടുത്ത ബിജെപി ഭരണകൂടം നടത്തിയ വർഗീയ ദുരന്ത നാടകത്തിന്റെ ദാരുണ ഫലമാണ് അവിടെ കണ്ടത്. അതുകൊണ്ടാണ് മോഡി ഭരണകൂടം കലാപത്തിനു മുമ്പിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ സുപ്രീം കോടതി ശക്തമായ ഇടപെടലുകൾ നടത്തിയിരിക്കുന്നത്.
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിതമായ ആക്രമണങ്ങളാണ് നടക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്ലിം ജനവിഭാഗങ്ങൾക്കെതിരെയാണ് സംഘ്പരിവാറിന്റെ പുതിയ ഭീഷണി. മുസ്ലിങ്ങൾക്കെതിരായ വ്യാജപ്രചരണത്തിന്റെഭാഗമായി ആക്രമണങ്ങൾ സംഘടിക്കപ്പെട്ടു. 26 വയസുള്ള ഇമാം അതിദാരുണമായി കൊ ല ചെയ്യപ്പെട്ടു. മുസ്ലിങ്ങൾക്കെതിരെ വ്യാപകമായി പോസ്റ്റർ പതിച്ചു. നഗര പ്രദേശങ്ങളിൽ നിന്നും ചേരിനിവാസികൾ ഒഴിഞ്ഞ് പോകണമെന്ന് ഹിന്ദുത്വ തീവ്രവാദികൾ ഭീഷണി മുഴക്കി. ദക്ഷിണ ഹരിയാനയിലുണ്ടായ കലാപങ്ങളിൽ അഞ്ച് പേർ നിഷ്ഠൂരമായി വധിക്കപ്പെട്ടു. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ പുറത്തുവിട്ട വിവരങ്ങളാണിത്. പക്ഷേ അദ്ദേഹം ശക്തമായ ഭാഷയിൽ അപലപിക്കാനോ ശക്തമായ നടപടികൾ സ്വീകരിക്കാനോ തയ്യാറായില്ല. ഓഗസ്റ്റ് ആദ്യവാരത്തിൽ അൻജുമാൻ ജുമാ മസ്ജിദ് (ഗുരുഗ്രാം) ഹിന്ദുത്വ തീവ്രവാദികൾ ആക്രമിക്കുകയും ജനങ്ങളെ കൊല ചെയ്യുകയും ചെയ്തു. തുടർന്ന് കാറുകൾ, ഓട്ടോറിക്ഷകൾ, ഷോപ്പുകൾ, പെട്ടിക്കടകൾ എല്ലാം വീണ്ടെടുക്കാൻ കഴിയാത്തവിധം നശിപ്പിച്ചു. പാവങ്ങളുടെ ജീവനും ജീവനോപാധികളും സുരക്ഷിതമല്ലാത്ത സ്ഥിതി സംജാതമായി.


ഇതുകൂടി വായിക്കൂ; വര്‍ഗീയകലാപങ്ങളുടെ തുടര്‍ക്കാഴ്ച എന്തുകൊണ്ട്


 

ദക്ഷിണ ഹരിയാനയിലെ നൂഹിൽ ജലാഭിഷേക യാത്ര നടത്താനുള്ള വിശ്വഹിന്ദു പരിഷത്തിന്റെ പദ്ധതിയാണ് നൂഹിലെ കലാപങ്ങൾക്ക് കാരണമായത്. 25,000ലധികം പേർ പങ്കെടുത്ത ജലാഭിഷേക ഘോഷയാത്രയിലൂടെ ഒരു മുസ്ലിം വിരുദ്ധ കലാപത്തെയാണ് വിഎച്ച്പിയും ബജ്റംഗ്‌ദളും ലക്ഷ്യം വച്ചത്. അതിന്റെ സംഘാടകനായി പ്രവർത്തിച്ചത് മോനു മനേസർ എന്ന ക്രിമിനലായിരുന്നു. രാജസ്ഥാനിലെ ഭഗത്പൂരില്‍ നസീർ, ജുനൈദ് എന്നീ മുസ്ലിം യുവാക്കളെ പശുക്കടത്ത് ആരോപണമുയർത്തി കൊലപ്പെടുത്തുകയും ശരീരങ്ങൾ കത്തിക്കുകയും ചെയ്ത മോനു മനേസർക്ക് സർവസഹായവും ചെയ്തുകൊടുക്കുകയായിരുന്നു ഹരിയാന സർക്കാർ. യന്ത്രത്തോക്കുകളും വടിവാളുകളും കയ്യിലേന്തി നിൽക്കുന്ന മോനുവിന്റെ ചിത്രവും കേന്ദ്ര ആഭ്യന്തര മന്ത്രിക്കൊപ്പം നിൽക്കുന്ന സെൽഫിയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിൽ പ്രകോപിതരായ മുസ്ലിം ഭൂരിപക്ഷം വരുന്ന ആ പ്രദേശത്തെ ജനങ്ങൾ ഘോഷയാത്ര തടഞ്ഞു. തുടർന്നാണ് ഭീകരമായ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇങ്ങനെ ഓരോ സ്ഥലത്തും ഓരോ ‘മോഡസ് ഓപ്പറാണ്ടി‘യാണ് ഹിന്ദുത്വ തീവ്രവാദികൾ നടപ്പിലാക്കുന്നത്.
1947 ഓഗസ്റ്റ് 15ന് ‘വിധിയുമൊത്തൊരു മുഖാമുഖം’ എന്ന ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു പ്രഖ്യാപിച്ചത്. ”ദുരിതങ്ങളുടെ മുൾപ്പടര്‍പ്പുകളിൽ നിന്ന് നമുക്ക് റോസാദളങ്ങൾ പറിച്ചെടുക്കാം” എന്നായിരുന്നു. ഈ പരിപ്രേഷ്യത്തിലൂടെയാണ് അദ്ദേഹം ഓരോ സ്വതന്ത്രസ്ഥാപനങ്ങളെയും കെട്ടിപ്പടുത്തത്. യുക്തിക്കും ശാസ്ത്രചിന്തയ്ക്കും ചരിത്രബോധത്തിനും വിദ്യാഭ്യാസ പദ്ധതിയിൽ ഊന്നൽ നൽകി. എന്നാല്‍ ബഹുസ്വരതയെയും നാനാത്വത്തെയും മതസൗഹാർദത്തെയും മതപരവും സാംസ്കാരികവുമായ സമന്വയത്തെയും സാമൂഹ്യ സഹവർത്തിത്വത്തെയും പാടേ തകർത്തുകൊണ്ടാണ് സവർണ ഹിന്ദുത്വ ഫാസിസം അതിന്റെ രാഷ്ട്രീയ അജണ്ടകൾ ഓരോന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അക്കാദമിക്, സാംസ്കാരിക, പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി പിടിച്ചെടുക്കുന്നത് അതിലൊരു മാർഗം മാത്രമാണ്.

വളരെ സുപ്രധാനമായ മറ്റൊരു നവഫാസിസ്റ്റു രീതിയാണ് ഇന്ത്യയുടെ ചരിത്രത്തെ വികലമായ രീതിയിൽ പൊളിച്ചെഴുതുകയെന്നത്. ഇതിന്റെ പ്രാഥമിക ഉപാധിയെന്ന നിലയിലാണ് ചരിത്ര ഗവേഷണ സ്ഥാപനങ്ങളെ കയ്യടക്കി ചരിത്ര ഗവേഷകരെ സ്വാധീനിച്ച് പുരാവൃത്ത‑ഇതിഹാസ നായകരെ ചരിത്രപുരുഷന്മാരായി അവതരിപ്പിച്ച് യഥാർത്ഥ ചരിത്രം തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്നത്. അങ്ങനെയാണ് മുസ്ലിങ്ങളുടെ ചരിത്ര സ്മാരകവും ആരാധനാലയവുമായ ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിതതും. വാരാണസിയിൽ ഒരു ക്ഷേത്രത്തിന്മേലുള്ള തർക്കം കോടതിയിൽ നിലനിൽക്കുകയാണ്. സാംസ്കാരിക ദേശീയതയുടെ അടിസ്ഥാനത്തിലാണ് ഹിന്ദുത്വ ഫാസിസം മുഗള്‍ കാലഘട്ടത്തെ ചരിത്ര പുസ്തകത്തിൽ നിന്നും തമസ്കരിക്കുന്നത്. മുസ്ലിങ്ങളെ വിദേശ അക്രമികളായും ഇന്ത്യൻ സംസ്കാരത്തിന്റെ ശത്രുക്കളായും ചിത്രീകരിച്ചും അവരെ അപരവൽക്കരിച്ചും പുനർനിർമ്മിക്കപ്പെടുന്ന ഹിന്ദുത്വത്തിന്റെ ഈ ചരിത്രാപഹരണം ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഏല്പിക്കുന്ന ആഘാതങ്ങൾ ചിന്തിക്കാവുന്നതിലപ്പുറമാണ്. വർണാശ്രമ ധർമ്മങ്ങൾ ഉൾക്കൊള്ളുന്ന സനാതന ധർമ്മത്തെ ഇന്ത്യൻ സംസ്കാരത്തിനുള്ള അടിത്തറയായി വ്യാഖ്യാനിക്കാനും അതിനെ വിമർശിക്കുന്നവരെ ഇല്ലായ്മ ചെയ്യാനുമുള്ള ബിജെപിയുടെ നീക്കങ്ങളും ഏറെ അപകടകരമാണ്. രാജ്യത്ത് വീണ്ടും ഖാലിസ്ഥാൻ വാദം ഉയർന്നിരിക്കുന്നു. ന്യൂനപക്ഷ വർഗീയ തീവ്രവാദവും രാജ്യത്ത് വർഗീയ ലഹളകൾക്ക് വളം വയ്ക്കുന്നുണ്ടെന്ന യാഥാർത്ഥ്യവും കാണാതിരുന്നുകൂടാ. അതുകൊണ്ടാണ് ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്നതോടൊപ്പം ന്യൂനപക്ഷ വർഗീയതയെയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ശക്തിയായി എതിർക്കുന്നത്. രാജ്യവിരുദ്ധ വിധ്വംസക ശക്തികളെ നേരിടണമെങ്കിൽ ശരിയായ മതേതര സ്വഭാവമുള്ള ജനാധിപത്യത്തിലധിഷ്ഠിതമായ ഭരണകൂടം ഉണ്ടാവണം. എങ്കിൽ മാത്രമേ രാജ്യത്ത് ഉയർന്നുവരുന്ന വിഭാഗീയതയെയും വിഷലിപ്തമായ വർഗീയതയെയും ഫലപ്രദമായി ചെറുക്കാനാവൂ.

ഇന്ത്യൻ മനസിനെയും ജനാധിപത്യ സംസ്കാരത്തെയും പരസ്യമായി നിന്ദിക്കാനും ആഴത്തിൽ മുറിവേല്പിക്കാനും നരാധമന്മാരായ വർഗീയ‑വംശീയ വാദികൾക്ക് അവസരം ഒരുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സർക്കാർ ഇന്ത്യാ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ല. ബിജെപിയുടെ ഭരണത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയ 23 പേരാണ് വധിക്കപ്പെട്ടത്. നൂറുകണക്കിനാളുകൾ ജയിലിലടയ്ക്കപ്പെട്ടു. 2020 ഫെബ്രുവരി 23 മുതല്‍ മൂന്നു ദിവസം ഡല്‍ഹി കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. ഇതിൽ 40ഉം മുസ്ലിങ്ങളായിരുന്നു. 2020 നവംബറിൽ കർഷക കരിനിയമങ്ങൾക്കെതിരെ ആയിരക്കണക്കിന് കൃഷിക്കാർ സമര രംഗത്തിറങ്ങി. തൊഴിലാളി വർഗവും ഈ സമരത്തിന് പിന്തുണയുമായി രംഗത്തുവന്നു. കർഷക‑തൊഴിലാളി വർഗ ഐക്യത്തിന്റെ ഉജ്വലമായ പ്ര ക്ഷോഭത്തിനു മുന്നിൽ നരേന്ദ്രമോഡിക്ക് മുട്ടുമടക്കേണ്ടി വന്നു. എന്നാൽ ഈ വർഗസമരത്തെ ഖാലിസ്ഥാൻ സ്ഥാപിക്കാൻ വേണ്ടിയുള്ള സിക്കുമതക്കാരുടെ കലാപമായി ദുർവ്യാഖ്യാനിക്കുകയും മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം അഴിച്ചു വിടുകയും ചെയ്തു. മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിൽ ഇസ്ലാമോ ഫോബിയ, ‘താലിബാൻ ക്രൈം’ തുടങ്ങിയ കൃത്രിമ സംജ്ഞകൾ രൂപം കൊണ്ടു. പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ കൽബുർഗി, പത്രപ്രവർത്തക ഗൗരിലങ്കേഷ്, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയ ഡോ. നരേന്ദ്ര ധബോൽക്കർ, സിപിഐ നേതാവ് ഗോവിന്ദ പൻസാരെ, എഴുത്തുകാരനായ മല്ലേശപ്പ തുടങ്ങിയവരെല്ലാം വധിക്കപ്പെട്ടത് സംഘ്പരിവാറിന്റെ ഘടകസംഘടനകളുടെ കൈകൾകൊണ്ടാണ്. അതിനൊക്കെ ബിജെപി ഭരണകൂടത്തിന്റെ പിന്തുണയും കിട്ടിയിരുന്നു. ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് സ്റ്റാൻ സ്വാമിയെന്ന 84 വയസുള്ള ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ പുരോഹിതന്റെ മരണം അഥവാ രക്തസാക്ഷിത്വം.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.