സംസ്ഥാനത്തിനു പുറത്തുനിന്നും വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ പുനഃസ്ഥാപിക്കാന്‍ ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ വൈദ്യുതിനിരക്കില്‍ നേരിയ കുറവുണ്ടാകുമെന്ന് സൂചന. ഈ മാസത്തില്‍ കറണ്ട് ചാര്‍ജ് യൂണിറ്റൊന്നിന് 22 പൈസ മുതല്‍ 30 പൈസ വരെ വര്‍ധിപ്പിക്കുമെന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ പ്രഖ്യാപനത്തിനാണ് മന്ത്രിസഭ തടയിട്ടിരിക്കുന്നത്. യൂണിറ്റിന് 9.9 രൂപ വരെ വില നല്കി അഡാനി പവര്‍, ഡിപി പവര്‍ എന്നിവയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള ധാരണയും മന്ത്രിസഭാ തീരുമാനത്തോടെ റദ്ദാകും. ദീര്‍ഘകാല കരാര്‍ പുനഃസ്ഥാപിക്കുന്നതുവരെ മധ്യപ്രദേശില്‍ നിന്നും 200 മെഗാവാട്ട് വൈദ്യുതി ഒരു വര്‍ഷത്തേക്കു കടം വാങ്ങുന്ന കരാര്‍ നടപ്പാക്കിത്തുടങ്ങിയതിനാല്‍ സമീപകാലത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഉണ്ടാകുമെന്ന ആശങ്കയും നീങ്ങി.
റദ്ദാക്കിയ ദീര്‍ഘകാല കരാറനുസരിച്ച് ഡിസംബര്‍ അവസാനം വരെ വൈദ്യുതി ലഭിക്കുമെങ്കിലും കരാര്‍ റദ്ദാക്കിയതിനാല്‍ കമ്പനികള്‍ ഇപ്പോള്‍ വൈദ്യുതി നല്‍കുന്നില്ല. അനാവൃഷ്ടി മൂലം ജലസംഭരണികളില്‍ വെള്ളം തീരെ കുറവായതിനാല്‍ കൂടുതല്‍ വൈദ്യുതോല്പാദനം അസാധ്യമായ പ്രതിസന്ധിവേളയിലാണ് ദീര്‍ഘകാല കരാര്‍ പുനഃസ്ഥാപിക്കാനുള്ള മന്ത്രിസഭയുടെ നിര്‍ണായക തീരുമാനം. ദീര്‍ഘകാല കരാര്‍ റദ്ദാക്കി പുതിയ കരാര്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ വൈദ്യുതി ബോര്‍ഡിന് 3270 കോടിയുടെ അധിക ബാധ്യത ഉണ്ടാകുമായിരുന്നു. ദീര്‍ഘകാല കരാറനുസരിച്ചാണെങ്കില് നഷ്ടം 2064 കോടി മാത്രമായിരുന്നു. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
കരാര്‍ റദ്ദാക്കിയതിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിക്കുകയും ചെയ്തിരുന്നു. അന്തരിച്ച ആര്യാടന് മുഹമ്മദ് വൈദ്യുത മന്ത്രിയായിരുന്ന കാലത്താണ് സംസ്ഥാനത്തിന് പുറത്തുനിന്നും 480 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ദീര്‍ഘകാല കരാര്‍ ഒപ്പിട്ടത്. യൂണിറ്റിന് 3.60 രൂപ, 4.15 രൂപ, 4.35 രൂപ എന്ന മൂന്നു സ്ലാബുകളിലായി വിലനിര്ണയിച്ചാണ് ദീര്‍ഘകാല കരാര്‍. 2015ല്‍ ഒപ്പിട്ട കരാറിന്റെ കാലാവധി 18 വര്‍ഷമായിരുന്നു. 2033ലാണ് കരാര്‍ അവസാനിക്കേണ്ടിയിരുന്നത്. കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭിക്കാനുതകുന്ന ഈ കരാറാണ് തുക കൂടിപ്പോയി എന്നുപറഞ്ഞ് വൈദ്യുതി റഗുലേറ്ററി കമ്മിഷന് റദ്ദാക്കിയത്.
ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് ദുരുദ്ദേശത്തോടുകൂടിയാണെന്ന വിലയിരുത്തലിലായിരുന്നു വിജിലന്‍സ് അന്വേഷണ പ്രഖ്യാപനം. പരമാവധി 4.35 രൂപ യൂണിറ്റിനെന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് നഷ്ടമാണെന്നായിരുന്നു റഗുലേറ്ററി കമ്മിഷന്റെ ന്യായീകരണം. അതിനുശേഷമുണ്ടാക്കിയ കരാറില്‍ യൂണിറ്റിന് ശരാശരി 9.9 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ നീക്കം നടത്തിയത് കമ്മിഷനടിക്കാന്വേണ്ടിയായിരുന്നുവെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിലെ ഒരു പ്രമുഖ സംഘടനയുടെ നേതാവ്, വൈദ്യുതി ബോര്‍ഡിലേയും റഗുലേറ്ററി കമ്മിറ്റിയിലേയും രണ്ട് ഉന്നതര്‍ എന്നിവരടങ്ങുന്ന ത്രിമൂര്‍ത്തി സംഘമാണ് വിജിലന്‍സിന്റെ സംശയനിഴലിലെന്നും സൂചനയുണ്ട്.
English Summary: No hike hike in electricity rates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.