22 November 2024, Friday
KSFE Galaxy Chits Banner 2

പശ്ചിമേഷ്യന്‍ സംഘർഷത്തിന്റെ നാള്‍വഴികള്‍

ഡോ. ജിനു സഖറിയ ഉമ്മൻ 
October 14, 2023 4:10 am

2023 ഒക്ടോബർ ഏഴിന് ദക്ഷിണ ഇസ്രയേലിലെ അഷ്ഖലോൺ, റാംല, യാവ്നെ, അഷ്ദോദ് പ്രദേശങ്ങളിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ആയിരത്തിലേറെ ഇസ്രയേലി പൗരന്മാർ കൊല്ലപ്പെടുകയും 150ലേറെ പേരെ ബന്ദികളാക്കുകയും ചെയ്തു. സാധാരണ ഹമാസ് സ്വീകരിക്കുന്ന അക്രമ നടപടിയായ ചാവേര്‍ ബോംബിങ്ങിനും ഗറില്ലാ യുദ്ധത്തിനും വിപരീതമായ തന്ത്രമാണ് ഇപ്രാവശ്യം നടപ്പാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്റലിജിൻസ് ഏജൻസിയെന്ന് വീമ്പിളക്കിയിരുന്ന മൊസാദ്, ഷിൻബെറ്റ്, അമാൻ, ആകാശ കവചമായ അയൺ ഡോം എന്നിവയെ അട്ടിമറിച്ചു കൊണ്ട് ഹമാസ് നടത്തിയ അക്രമം ലോകത്തെത്തന്നെ അമ്പരപ്പിക്കുകയുണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ കോർപറേറ്റ് മാധ്യമങ്ങളും മൊസാദിന്റെ പരാജയത്തെക്കുറിച്ചാണ് ചിന്താകുലരായി ചർച്ച നടത്തുന്നത്. എന്നാൽ ഹമാസിനെ ഈ അക്രമത്തിലേക്ക് എത്തിച്ച സാഹചര്യങ്ങൾ എന്തെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. മുസ്ലിം സമുദായത്തിന് ഏറ്റവും പരിപാവനമായ ജറുസലേമിലെ അൽ അഖ്സ പള്ളി 2021ലും 22ലും ഇസ്രയേലി പ്രതിരോധസേന കയ്യേറാൻ ശ്രമിച്ചു. 2021ൽ 11 ദിവസം സംഘർഷം നിലനിൽക്കുകയും നൂറിലേറെ പലസ്തീൻകാർ കൊല്ലപ്പെടുകയും ചെയ്തു. 2022ൽ ഇതുമായി ബന്ധപ്പെട്ടു നടന്ന സംഘർഷത്തിൽ 150ലേറെ പലസ്തീൻകാരാണ് മരിച്ചത്. പലസ്തീൻ പ്രവിശ്യകളായ വെസ്റ്റ് ബാങ്കിലും ഗാസയിലും കിഴക്കൻ ‍‍ജറുസലേമിലും മനഃപൂർവം സംഘർഷങ്ങളുണ്ടാക്കി കാലകാലങ്ങളിൽ നേരിടുന്ന ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുകയെന്നതാണ് ഇസ്രയേലി സർക്കാർ കഴിഞ്ഞ 75 കൊല്ലമായി കൈക്കൊണ്ടുവരുന്ന ഗൂഢതന്ത്രം.

 


ഇതുകൂടി വായിക്കൂ; ഇസ്രയേലും വർഗീയ പ്രചാരണായുധമാക്കാന്‍ ബിജെപി


കഴിഞ്ഞ 15 വർഷമായി ഇസ്രയേൽ ഭരിക്കുന്ന ലികുഡ് പാർട്ടിയുടെ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു തീവ്ര പലസ്തീൻ വിരുദ്ധത ആളിക്കത്തിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2019 മുതൽ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിനിൽക്കുന്ന നെതന്യാഹുവിനു പലസ്തീൻ വിരുദ്ധതയാണ് രാഷ്ട്രീയ നിക്ഷേപം. 15 കൊല്ലത്തെ ഭരണത്തിൽ പലസ്തീൻജനതയ്ക്ക് നേരെ നടത്തിയ ക്രൂരതകൾ കൊണ്ട് കുപ്രസിദ്ധിയാർജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കൻ ജറുസലേം എന്നീ പലസ്തീൻ പ്രദേശങ്ങൾക്ക് ഏറ്റവും ഭീകരവും വേദനാജനകവുമായ വർഷമായിരുന്നു 2022 എന്ന് ഇസ്രയേലി മനുഷ്യാവകാശ സംഘടനയായ ബിടി സലേം അഭിപ്രായപ്പെടുന്നു. അക്കൊല്ലം മാത്രം ആയിരത്തോളം പലസ്തീനിയർ ക്രൂരമായി വധിക്കപ്പെട്ടു.
തന്നെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ തീവ്ര സയണിസ്റ്റ് ശക്തികൾക്ക് നെതന്യാഹു നൽകിയ വാഗ്ദാനം പലസ്തീൻ ജനതയുടെ ഭൂമിയും സ്വത്തും പിടിച്ചെടുത്ത് തരുമെന്നാണ്. വെസ്റ്റ് ബാങ്ക് കയ്യേറുക, ജറുസലേം തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കുക എന്നിവ സയണിസത്തിന്റെ ചിരകാല അജണ്ടയാണ്. ദേശീയസുരക്ഷാ വകുപ്പിന്റെ ചുമതല തീവ്രവലതുപക്ഷക്കാരനായ ഇത്തമാർ ബെൻ ഗവിറിനെ ഏല്പിച്ചു. കയ്യേറ്റ മാഫിയാ നേതാവായ ബെസലേൽ സ്മോട്രിച്ചിനെ ധനകാര്യമന്ത്രിയായി നിയമിച്ചു. ഒപ്പം ഇസ്രയേൽ കയ്യേറിയ പ്രദേശങ്ങളിലെ പലസ്തീനിയരുടെ വീടുകൾ പൊളിച്ച് കളയുവാനുള്ള അധികാരവും നൽകി. കാലങ്ങളായി നിലനിൽക്കുന്ന ഇസ്രയേല്‍–പലസ്തീന്‍ സംഘർഷം മൂർച്ഛിക്കുവാൻ വേണ്ടിയായിരുന്നു ഇത്. സയണിസ്റ്റ് വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കാൻ ബെൻ ഗവിറിന്, അൽ അഖ്സ പള്ളി സന്ദർശിക്കാൻ അനുവാദം നൽകിയതും വലിയ സംഘർഷങ്ങൾക്ക് വഴിയൊരുക്കി.


ഇതുകൂടി വായിക്കൂ; ഹമാസ്-ഇസ്രയേല്‍ യുദ്ധം മോഡിയുടെ പ്രതികരണം ഏകപക്ഷീയം


വെസ്റ്റ് ബാങ്ക് അടക്കമുള്ള പ്രദേശങ്ങൾ ഇസ്രയേലിനോടു കൂട്ടിച്ചേർക്കും എന്ന വാഗ്ദാനം തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ബെഞ്ചമിൻ നെതന്യാഹു നല്‍കിയിരുന്നു. ഈ പ്രദേശങ്ങൾക്ക് മേലുള്ള ഇസ്രയേലിന്റെ ആധിപത്യം ഉറപ്പാക്കുന്ന കരാറുകൾ ഘടകകക്ഷികളുമായി ഒപ്പ് വയ്ക്കുകയും ചെയ്തു. അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഇതെല്ലാം ചെയ്തത്. പലസ്തീൻകാരെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്ന നടപടികളെ പലപ്പോഴും ഇസ്രയേലിലെ നീതിപീഠങ്ങള്‍ തന്നെ റദ്ദ് ചെയ്യാറുണ്ട്. കഴിഞ്ഞകൊല്ലം ഷേഖ് ജാറയിൽ പലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടി കോടതി തടഞ്ഞിരുന്നു. കോടതിയെ സർക്കാരിന്റെ വരുതിയിൽ കൊണ്ടുവരുന്നതിന് വേണ്ടി നിയമപരിഷ്കാരങ്ങൾ നടത്തിയെങ്കിലും അത് വലിയ പ്രതിഷേധങ്ങളിലേക്ക് നയിച്ചു. ഇക്കഴിഞ്ഞ ജനുവരി മുതൽ വലിയ രാഷ്ട്രീയ പ്രശ്നങ്ങളിലൂടെയാണ് ഇസ്രയേൽ കടന്നു പോകുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി സൈനികർ പോലും ജനകീയ പ്രതിഷേധങ്ങളുടെ ഭാഗമായി. ഈ പശ്ചാത്തലത്തിലാണ് ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയത്.
ഇസ്രയേൽ‑പലസ്തീൻ സംഘർഷം വളരെ രൂക്ഷമായി തുടരുകയാണ്. പലസ്തീൻ ജനത തങ്ങളുടെ സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും വേണ്ടി നടത്തുന്ന പോരാട്ടങ്ങളെയും ചെറുത്തുനില്പുകളെയും കുറിച്ച് ചില തെറ്റിദ്ധാരണകൾ പലരും പുലർത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് ജൂതന്മാരും മുസ്ലിങ്ങളും തമ്മിലുള്ള മതപരമായ പ്രശ്നമല്ല, മറിച്ച് രാഷ്ട്രീയവും രാഷ്ട്രത്തെ സംബന്ധിക്കുന്നതുമായ പ്രശ്നമാണ്. 70 കൊല്ലത്തിനു മുകളിലായി തുടരുന്ന അധിനിവേശത്തിനെതിരെയാണ് പലസ്തീൻ ജനത പോരാടുന്നത്. പലസ്തീൻ ജനതയെന്നാല്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഷിയാക്കളും അഹമ്മദീയരും ജൂതമതത്തിലെ യാഥാസ്ഥിതിക വിഭാഗവും ഉള്‍പ്പെടെ പല മതവിഭാഗങ്ങൾ ചേർന്ന ഒരു ബഹുസ്വര മതേതര സമൂഹമാണ്. ചരിത്രത്തിലുടനീളം പലസ്തീന്റെ വിമോചന മുന്നേറ്റങ്ങളെല്ലാം തന്നെ മതേതര സ്വഭാവമുള്ളവയാണ്.
ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ പലസ്തീൻ ബ്രിട്ടീഷ് അധീനതയിലായി. ബ്രിട്ടീഷുകാർ ലോകമെമ്പാടും അനുവർത്തിച്ചുപോന്ന വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രം പലസ്തീനിലും പ്രയോഗിച്ചു. 1896ൽ യൂറോപ്പിൽ ആരംഭിച്ച ജൂതന്മാരുടെ വംശീയ സംഘടനയായ സയണിസവുമായി ചങ്ങാത്തത്തിലേർപ്പെട്ട ബ്രിട്ടനും ഫ്രാൻസും യൂറോപ്പിൽ നിന്ന് പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റങ്ങളെ ആ നൂറ്റാണ്ടിന്റെ ആദ്യം മുതലേ പ്രോത്സാഹിപ്പിച്ചു. ജൂതന്മാർക്ക് സ്വന്തമായൊരു രാജ്യം വേണമെന്നായിരുന്നു സയണിസത്തിന്റെ മുഖ്യ അജണ്ട. കെനിയയും ഉഗാണ്ടയും ചേർന്നുള്ള പ്രദേശം ജൂതന്മാർക്ക് നൽകാമെന്ന് ബ്രിട്ടീഷ് സാമ്രാജ്യം സയണിസത്തിന്റെ നേതാവായ തിയഡോർ ഹെർസെലിന് വാഗ്ദാനം നല്‍കി. എന്നാൽ ഇതിനോട് തീവ്ര സയണിസ്റ്റ് നേതാക്കൾ യോജിച്ചില്ല. പിന്നീട് സയണിസത്തിന്റെ തലപ്പത്തേക്ക് ഷൈൻ വൈസ്‌മെൻ വരികയും ബ്രിട്ടീഷ് മേധാവികളുമായുള്ള ചങ്ങാത്തത്തിന്റെ ഫലമായി 1917ൽ പലസ്തീനിൽ ഒരു ജൂത രാഷ്ട്രം എന്ന ബാൽഫർ പ്രഖ്യാപനം നിലവിൽവരികയും ചെയ്തു. തുടർന്ന് 1947ൽ ബ്രിട്ടീഷുകാർ പലസ്തീനില്‍ നിന്ന് പിന്മാറുന്നതിന് മുന്നോടിയായി ഐക്യരാഷ്ട്ര സഭയിൽ ഒരു ജൂത രാഷ്ട്രവും ഒരു പലസ്തീൻ രാഷ്ട്രവുമെന്ന (ദ്വിരാഷ്ട്ര നിര്‍ദേശം) തീരുമാനം സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ പാസാക്കുകയുണ്ടായി. ഇതിനെ ശക്തമായി എതിർക്കുകയാണ് ഇന്ത്യ ചെയ്തത്. തുടർന്ന് 1948ൽ സയണിസ്റ്റ് തീവ്രവാദികൾ ഏകപക്ഷീയമായി ജൂത രാഷ്ട്രം പ്രഖ്യാപിക്കുകയും പലസ്തീൻ ജനതയെ അധിനിവേശത്തിന് ഇരകളാക്കുകയും ചെയ്തു.

 


ഇതുകൂടി വായിക്കൂ;പലസ്തീന്‍ ജനതയുടെ അറുതിയില്ലാത്ത ദുരിതം


1956ലെയും, 67ലെയും യുദ്ധങ്ങളിലൂടെ വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും അടങ്ങുന്ന പലസ്തീൻ പ്രദേശങ്ങൾ ഇസ്രയേലിന്റെ സമ്പൂർണ അധീനതയിലായി. കിഴക്കൻ ജറുസലേമിലെയുള്‍പ്പെടെ അനേകം ലക്ഷം പലസ്തീനിയര്‍ കുടിയൊഴിപ്പിക്കപ്പെടുകയോ പലായനം ചെയ്യപ്പെടുകയോ ചെയ്തു. പലായനം ചെയ്യേണ്ടിവന്ന പലസ്തീൻ ജനതയുടെ ചെറുത്തുനില്പിന്റെ ആദ്യ സംഘടനയായ അൽ ഫതാഹ് 1959ൽ രൂപീകൃതമായി. തുടർന്ന് വിവിധ പലസ്തീനിയൻ മുന്നേറ്റങ്ങൾ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) എന്ന ഒറ്റ സംഘടനയുടെ കുടക്കീഴിൽ വന്നു. പിഎൽഒയുടെ തലപ്പത്തേക്ക് യാസർ അറഫാത്ത് വന്നതോടെ സായുധവിപ്ലവത്തോടെയുള്ള ചെറുത്തുനില്പിന്റെ രൂപവും ഭാവവും മാറി. 1987ൽ ഒന്നാം ഇന്റിഫാദ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരം ആരംഭിക്കുകയും 1993ലെ ഇസ്രയേൽ‑പലസ്തീൻ സമാധാന കരാറായ ഓസ്ലോ ഐ അക്കോർഡിൽ അവസാനിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ വെസ്റ്റ് ബാങ്കും ഗാസയും ചേർന്നുള്ള പ്രദേശങ്ങൾ യാസർ അറഫാത്ത് പ്രസിഡന്റായ പലസ്തീൻ നാഷണൽ അതോറിട്ടിയുടെ കീഴിലായി.
ഓസ്ലോ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ കിഴക്കൻ ജറുസലേം പലസ്തീന്റെ തലസ്ഥാനമെന്നും പലായനം ചെയ്ത പലസ്തീനിയർ തിരിച്ചുവരണമെന്നുമുള്ള പിഎൽഒയുടെ നിർദേശങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന തീരുമാനം അന്നത്തെ പ്രസിഡന്റ് യിറ്റ്സാക് റബിന്റെ കൊലപാതകത്തോടെ (1995) നിശ്ചലമായി. തുടർന്ന് അധികാരത്തിലേറിയ ലേബർ പാർട്ടി പ്രധാനമന്ത്രി എഹൂദ് ബാറാക്കും യാസർ അറഫാത്തുമായി നടത്തിയ ചർച്ചയിൽ ഓസ്ലോ ഉടമ്പടി നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഉണ്ടായില്ല. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് ഇസ്രയേലിലെ തീവ്രവലതുപക്ഷ പാർട്ടിയായ ലികുഡ് പാർട്ടിയുടെ നേതാവ് ഏരിയൽ ഷാരോൺ 2000 ഓഗസ്റ്റിൽ അൽ അഖ്സ പള്ളിയിൽ പ്രവേശിച്ചു. ഇതേത്തുടർന്നാണ് രണ്ടാം ഇന്റിഫാദ ആരംഭിക്കുന്നത്. രണ്ടാം ഇന്റിഫാദയുടെ നിയന്ത്രണം ചാവേര്‍ ബോംബിങ്ങിലൂടെ ഹമാസ് ഏറ്റെടുക്കുകയായിരുന്നു.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.