23 December 2024, Monday
KSFE Galaxy Chits Banner 2

അധിനിവേശത്തിന്റെ കൊടും ക്രൂരതകൾ

അജിത് കൊളാടി
വാക്ക്
October 21, 2023 4:30 am

ജനാധിപത്യ ഭരണക്രമത്തിൽ ജീവിക്കുന്ന ഒരു പൗരൻ എന്ന നിലയിൽനിന്നും ഒരു ജൈവമനുഷ്യൻ എന്ന അവസ്ഥയിൽ നിന്ന് പോലും, ജനങ്ങളെ മാറ്റിയെടുക്കുന്ന ഒരു ഉപഭോഗ ലോകക്രമത്തിലാണ് നാം ഇന്ന്. ഇവിടെ ജനാധിപത്യ ഭരണ കൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും കളത്തിനുപുറത്താണ്. ലോകരാഷ്ട്രങ്ങളുടെ ഭരണം അതിശക്തമായ കോർപറേറ്റുകളുടെ കൈകളിലാണ്. കോർപറേറ്റ് അജണ്ടകൾക്കെതിരെയുള്ള ശക്തമായ സമരമാണ് ഇന്നത്തെ പ്രഥമ കടമ. അധിനിവേശം ഭരണകൂടത്തിന്റെ കർത്തവ്യങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ബഹുജന ഭൂരിപക്ഷവും അധിനിവേശ ശക്തികളും തമ്മിലുള്ള മത്സരത്തിൽ രണ്ടാമത്തെക്കൂട്ടര്‍ക്ക് അനുകൂലമായിമാത്രം വിധിപറയുന്ന റഫറിയായി മാറുന്നു സര്‍ക്കാരുകള്‍. സാമ്രാജ്യത്വ അധിനിവേശത്തോട് പക്ഷപാതിത്വം പ്രകടിപ്പിച്ച് ഭൂരിപക്ഷജനതയെ തോല്പിച്ചു കൊണ്ടേയിരിക്കുന്നു. പലസ്തീൻ ജനതയുടെ സ്വയംഭരണാവകാശം സംബന്ധിച്ച യുഎൻ പ്രമേയങ്ങൾ ലംഘിക്കാൻ ഇസ്രയേലിന് ധൈര്യവും ശക്തിയും നൽകുന്നത് അമേരിക്കയാണ്. ദക്ഷിണ ലെബനനിലും ഗോലാൻ കുന്നുകളിലും ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന നരമേധങ്ങളുടെ പരിപൂർണ ഉത്തരവാദിത്തം ഈ സാമ്രാജ്യത്വശക്തിക്കു തന്നെ. ലെബനനിലും പലസ്തീനിലും ഇസ്രയേലിലും ഈജിപ്റ്റിലും ബോസ്നിയയിലും ക്രൊയേഷ്യയിലും ഏഷ്യൻ‑ലാറ്റിനമേരിക്കൻ-ആഫ്രിക്കൻ നാടുകളിലുമൊക്കെ സാമ്രാജ്യത്വശക്തികൾക്കനുകൂലമായ അജണ്ടകൾ നടപ്പിലാക്കപ്പെട്ടത് കാണാം.

പെട്രോളും വെള്ളവും അമൂല്യനിധികളായിരിക്കെ ഇവ രണ്ടുകൊണ്ടും സമ്പന്നമായ ഒരു രാജ്യത്തിന്റെ (ഇറാഖിന്റെ) പരമാധികാരത്തെ കീഴ്പ്പെടുത്തി കൊള്ളയടിക്കാൻ അന്താരാഷ്ട്രസമൂഹത്തിനു മുന്നിൽ ന്യായം കണ്ടെത്താനാകുമെന്ന് അമേരിക്ക പണ്ടും തെളിയിച്ചിട്ടുണ്ട്. അവിടെയാണ് സദ്ദാം ഹുസൈൻ ഭീകരനോ ഭീകരവാദികളുടെ സംരക്ഷകനോ ആയി മാറിയത്. ഇറാൻ‑ഇറാഖ് യുദ്ധകാലത്ത് സദ്ദാം ഹുസൈനെ “മധ്യപൗരസ്ത്യ ദേശത്തിന്റെ രക്ഷകൻ” എന്നും പിന്നീട് തങ്ങള്‍ക്ക് വഴങ്ങാത്തപ്പോള്‍ “മധ്യപൗരസ്ത്യ ദേശത്തെ നിഷ്ഠൂരന്‍” എന്നും അമേരിക്ക മുദ്രചാർത്തി. അമേരിക്ക തന്നെ പരിശീലനം നൽകിയ ഒസാമ ബിൻ ലാദൻ തങ്ങൾക്കുനേരെ വിരൽചൂണ്ടിയപ്പോൾ മാത്രം ഭീകരവാദി എന്ന പട്ടം ചാർത്തികിട്ടിയ ആളാണ്. അമേരിക്കൻ താല്പര്യങ്ങൾ ന്യായീകരിക്കപ്പെടുന്നവിധം ലോകജനതയുടെ ചിന്താഗതി മാറ്റുന്നതിൽ ആഗോള മാധ്യമങ്ങൾ എന്നും ശ്രദ്ധിക്കുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് സാമ്രാജ്യത്വ ശക്തിയും കുത്തകകളുമാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ഇറാഖ് അധിനിവേശം. ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതി ഹിറ്റ്ലറെ കടത്തി വെട്ടി ജോർജ് ബുഷ് എന്ന് അവർ പറഞ്ഞില്ല.

 


ഇതുകൂടി വായിക്കൂ; വംശവെറിയുടെ ഒരു പാഠമാണ് ഇസ്രയേല്‍


സഹസ്രാബ്ദങ്ങൾക്കു മുമ്പ് യൂഫ്രട്ടിസ്-ടൈഗ്രിസ് നദീതടങ്ങളിൽ വളർന്നു പുഷ്കലമായ മാനവ സംസ്കാരത്തിന്റെ തൊട്ടിൽ എന്ന് വിളിച്ചാദരിക്കപ്പെട്ട ബാഗ്ദാദ്. മെസൊപ്പോട്ടോമിയൻ സംസ്കാരത്തിന്റെ ഭൂമികയിൽ അക്ഷരങ്ങളും കയ്യെഴുത്തും രൂപം പ്രാപിച്ചു. നാഗരികതയും സംസ്കാരവും വളർന്നു. പേർഷ്യൻ ഭാഷയിൽ ‘ദൈവത്തിന്റെ സമ്മാനം’ എന്നാണ് ബാഗ്ദാദ് എന്ന പദത്തിന്റെ അർത്ഥം. സമാധാനത്തിന്റെ നഗരം എന്നും അറിയപ്പെട്ടു. കേവലം 300 വർഷങ്ങളുടെ മാത്രം ചരിത്രമുള്ള രാഷ്ട്രത്തിന്റെ പ്രസിഡന്റായിരുന്നു ജോർജ് ബുഷ്. മഹത്തായ സംസ്കൃതിയുടെ ഉടമകളായിരുന്ന റെഡ് ഇന്ത്യക്കാരെ കൊന്നൊടുക്കി, അവരുടെ ശവക്കല്ലറകൾക്ക് മുകളിലാണ് അവരുടെ സംസ്കാരം കെട്ടിപ്പൊക്കിയത്. അവിടെത്തന്നെ മാനവികതയുടെ വക്താവായ എബ്രഹാം ലിങ്കണും കോർപറേറ്റ് ആധിപത്യത്തിനെതിരെ മുന്നറിയിപ്പ് നൽകിയ ജെഫേഴ്സണും ഉണ്ടായിരുന്നു. ബുഷും പിന്നീട് വന്നവരും മേല്പറഞ്ഞവരുടെ ആത്മാക്കളെയും ചിന്തകളെയും അഗ്നിക്കിരയാക്കി. പലസ്തീൻ ജനത നടത്തുന്ന പോരാട്ടം ആഹാരത്തിനും കിടപ്പാടത്തിനും കുടിവെള്ളത്തിനും മറ്റുമനുഷ്യരെപ്പോലെ ജീവിക്കാനുമുള്ള ചെറുത്തുനില്പാണ്. അമേരിക്കയുടെ പിന്തുണയോടെ നെതന്യാഹു പറയുന്നു, ഗാസ നശീകരണം പ്രതിരോധപരമാണെന്നും അവരെ ആക്രമിക്കാതിരിക്കൽ ആത്മഹത്യാപരമാണെന്നും. ഐക്യരാഷ്ട്ര സഭ പാസാക്കിയ സമാധാനം കൈവരുത്താനുള്ള പല പ്രമേയങ്ങളും പലസ്തീന്‍ നിഷ്കരുണം തട്ടിക്കളഞ്ഞു. ഇസ്രയേൽ സൈന്യത്തിൽ 3,60,000 പട്ടാളക്കാരും ഒന്നര ലക്ഷത്തോളം വരുന്ന പരിശീലനം സിദ്ധിച്ച സിവിലിയൻമാരുമുണ്ട്. ഹമാസിൽ 30,000 ആയുധധാരികളും.

സ്വാതന്ത്ര്യം എന്ന പദത്തിന് ഇന്ന് പശ്ചിമേഷ്യയിൽ അർത്ഥം കൂട്ടക്കൊല എന്നായിരിക്കുന്നു. യുദ്ധം എക്കാലവും വിതയ്ക്കുന്നത് വിജയമല്ല. സർവനാശമാണ്. യുദ്ധം നിർണയിക്കുന്നത് ആരാണ് ബാക്കിയാവുക എന്നതാണ്. യുദ്ധത്തിന്റെ ഇരുണ്ടമുഖം ഏതെന്ന ചോദ്യത്തിനുത്തരം അനാഥത്വത്തില്‍ പകച്ചുനിൽക്കുന്ന അഭയാർത്ഥികൾ എന്നാണ്. 1948 മുതൽ ദശലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളായി. നിരപരാധികളായ ജനങ്ങളെ തുടച്ചുമാറ്റുന്ന രാഷ്ട്രം ഭീകരവാദത്തിന് നേതൃത്വം കൊടുക്കുന്നു. ഇസ്രയേൽ ഭീകര രാഷ്ട്രമാണ്. ഗാസയിൽ വെള്ളമില്ല, ഭക്ഷണമില്ല, വെെദ്യുതിയില്ല, മരുന്നില്ല. ആശുപത്രികൾ നിഷ്ഠൂരമായി തകർക്കപ്പെടുന്നു. മനുഷ്യ മൃഗങ്ങൾ എന്നാണ് പലസ്തീൻ ജനതയെ ഇസ്രയേൽ വിദേശകാര്യ മന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഇസ്രയേലിൽ ചെന്ന് പ്രഖ്യാപിക്കുകയാണ് ആശുപത്രി തകർത്തത് ഇസ്രയേലല്ല എന്ന്. എന്തൊരു പക്ഷപാതപരമായ സമീപനം. കഴുകന്റെ കണ്ണാണ് അമേരിക്കയ്ക്ക്. 1950ൽ ആരംഭിച്ച് 1975ല്‍ അവസാനിച്ച വിയറ്റ്നാം യുദ്ധം വിതച്ചത് സർവനാശമല്ലാതെ എന്താണ്. അതിൽ അമേരിക്ക നടത്തിയ യുദ്ധ താണ്ഡവം 10 ലക്ഷം പേരുടെ ജീവനെടുത്തു. ലക്ഷക്കണക്കിനു ജനത അഭയാർത്ഥികളായി.
ആധുനിക കാലത്ത് യുദ്ധത്തിന് വംശീയതയുടെയും മതത്തിന്റെയും മുഖം കൈവന്നു. ഇസ്രയേൽ‑അറബ് പ്രതിസന്ധിയാണ് മതമുഖമായി യുദ്ധത്തിനു നൽകിയത്. ആയോധനത്തിൽ പങ്കെടുക്കുന്ന സൈനികർക്ക് എതിരാളിയിൽ ദയയുടെയും കനിവിന്റെയും സഹിഷ്ണുതയും ആർദ്രത പടരാതിരിക്കാൻ വംശീയത സഹായിക്കും. ഏതൊരു യുദ്ധവും ലാഭകരമായി മാറുന്നത് ആയുധ കച്ചവടക്കാർക്കാണ്. അമേരിക്കയും ഇസ്രയേലും ആണ് വൻതോതിൽ ആയുധം കയറ്റുമതി ചെയ്യുന്നവർ. യുദ്ധകാലത്ത് വൻശക്തികൾ കൂടുതൽ നുണപറയും. ഇപ്പോൾ നെതന്യാഹുവും അമേരിക്കയും പറയുന്ന നുണകൾ കേട്ടാൽ നമുക്ക് ഗീബൽസിനോട് ബഹുമാനം തോന്നും. അധിനിവേശ സൈന്യം കാട്ടിക്കൂട്ടുന്ന ക്രൂരതകൾ അവർ എതിർപക്ഷത്തിനു മേൽ ചാർത്തിക്കൊടുക്കുന്നു. ആശുപത്രികൾ തകർക്കുമ്പോഴും കുട്ടികൾ മരിക്കുമ്പോഴും ഗർഭിണികൾ കൊല്ലപ്പെടുമ്പോഴും അവർ പറയുന്നത് തങ്ങളല്ല അത് ചെയ്യുന്നത് എന്നാണ്.

 


ഇതുകൂടി വായിക്കൂ; അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് കൊടുംക്രൂരതകള്‍


 

ഇസ്രയേൽ അപ്പാർതൈഡ് ഭരണകൂടം അടിത്തറ ഭദ്രമാക്കിയത് 1967ലെ വെസ്റ്റ് ബാങ്ക്, ഗാസ കീഴടക്കലിലൂടെയായിരുന്നു. 1948ൽ ഇസ്രയേൽ സ്ഥാപന സമയത്ത് നടന്ന സൈനികനീക്കങ്ങൾ നയിച്ച ജനറൽ മോഷെ ദയാൻ 1956ൽ ഗാസയിൽ പലസ്തീനികൾ വധിച്ച ഒരു സൈനികന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു: ‘നമ്മൾ കൊലപാതകികളെ ആക്ഷേപിക്കണ്ട. നമുക്കെതിരായ അവരുടെ ആളിക്കത്തുന്ന രോഷത്തെ അപലപിക്കാൻ പറ്റില്ല. എട്ട് വർഷമായി അവർ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിലാണ്. അവരുടെ കൺമുന്നിലാണ് നാം അവരുടെ പൂർവികരുടെ ഭൂമിയും വെള്ളവും വായുവും ഒലീവു മരങ്ങളും നമ്മുടേതാക്കി മാറ്റുന്നത്’. പറഞ്ഞത് യാഥാർത്ഥ്യമാണെങ്കിലും മനഃസാക്ഷിക്കുത്തോടെ ആയിരുന്നില്ല.
ഇസ്രയേൽ ദ്വിരാഷ്ട്ര പദ്ധതിയെ തള്ളിക്കളഞ്ഞുവെന്നു മാത്രമല്ല പലസ്തീൻ സമരങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്തുകയും ചെയ്തു. ഒര്‍ഹാന്‍ പാമുക് പറഞ്ഞതുപോലെ ‘അവമതിയിൽ നിന്ന് ഉദ്ഭൂതമാകുന്ന ഷണ്ഡത്വത്തിലും തങ്ങളെ ആരും മനസിലാക്കുന്നില്ല എന്ന നിരാശയിലും തങ്ങളുടെ ശബ്ദം മറ്റുള്ളവരെ കേൾപ്പിക്കാനാവുന്നില്ല എന്ന നിസഹായതയിലും ഇത്തരം പ്രവൃത്തികൾ ചിലപ്പോൾ ഉണ്ടാകും’. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളിൽ നുഴഞ്ഞുകയറി അവിടത്തെ പൗരന്മാരെ നിഷ്കരുണം കൊന്നൊടുക്കുന്ന അധിനിവേശം ഇസ്രയേലും റഷ്യയും ഇപ്പോൾ ചെയ്യുന്നു. നരകതുല്യമാണ് അടിച്ചമർത്തപ്പെട്ട ജനതയുടെ ജീവിതം. അധിനിവേശം പ്രാകൃതമാണ്. മാരകമായ രോഗം പിടിപ്പെട്ട, വെള്ളം കുടിക്കാൻ സാധിക്കാത്ത, ഭക്ഷണമില്ലാത്ത, ജനിച്ച്, സ്വാഭാവിക മരണം ഉണ്ടാകുന്നതുവരെ ജീവിക്കാൻ സ്വാതന്ത്ര്യമില്ലാത്ത, കരയുന്ന, നിസഹായരായ ദശലക്ഷക്കണക്കിനു ജനങ്ങളെ സൃഷ്ടിക്കുന്ന അധിനിവേശം മൃഗീയമാണ്. മനുഷ്യനാണെങ്കിൽ പോരാടണം സാമ്രാജ്യത്വത്തിനെ തിരെ, അധിനിവേശശക്തികളുടെ മൃഗീയതയ്ക്കെതിരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.