19 December 2024, Thursday
KSFE Galaxy Chits Banner 2

“ഭൂമി പിളരും പോലെ” — ഒഴുക്കവസാനിക്കാത്ത ഇന്നിന്‍റെ സൗരഭ്യം

സിന്ധു തിങ്കൾ
വായനാനുഭവം
October 22, 2023 6:22 am

സമകാലിക കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ പറയുന്ന 15 കഥകളുടെ സമാഹാരമാണ് കൈരളി ബുക്സില്‍ നിന്നും ഇറങ്ങിയ ടി വി സജിത്തിന്‍റെ “ഭൂമി പിളരുംപോലെ” എന്ന കൃതി. “ഭൂപി പിളരും പോലെ ” അതിഭാവനയിൽ നിന്ന് അതിയാഥാർത്ഥ്യത്തിലേക്ക് വന്നുചേരുന്നു എന്നതാണ് എടുത്തു പറയേണ്ടുന്ന സവിശേഷത. സമകാലിക ജീവിതത്തിന്‍റെ ദുരിതങ്ങൾ ഒരു പക്ഷേ സന്നിഹിത ഭൂതകാലത്തിൽ നിന്നു തന്നെ തുടങ്ങുന്നുവെന്ന് പറയാം. “ഭൂമി പിളരും പോലെ” എന്ന കാലഘട്ടത്തിന്‍റെ കൃതി വായിക്കാൻ കഴിയാതെ പോയിരുന്നെങ്കിൽ അതൊരു തീരാനഷ്ടം തന്നെ ആകും എനിക്കും നിങ്ങൾക്കും. 

ജീവിതങ്ങളോരോന്നും ജീവിച്ചു തീർക്കുക എന്നത് സങ്കടകരമായ കാര്യമാണ്. ജിവിതമെന്ന ഈ വിസ്മയത്തെ കലാത്മകമായി ആവിഷ്കൃതമാക്കുന്ന കഥകളുടെ ഒരു സംഘാതം. ” ഭൂമി പിളരും പോലെ ” എന്ന തലക്കെട്ടുമായി അനുവാചകർക്കു മുന്നിൽ സ്വയം കഥകളായി അവതരിക്കുകയാണ്. കഥയാണോ യഥാർത്ഥ ജീവിതമാണോ എന്നു തിരിച്ചറിയാനാകാത്ത അവസ്ഥ. ഒരു നോട്ടം, ഒരു ചിരി , ഒരു വാക്ക് ഇതൊക്കെയാവും ചിലരെ നാം ഇഷ്ടപ്പെട്ടുപോകാൻ കാരണം. കുട്ടിത്തം വിട്ടു മാറാത്ത ഒരു പതിമൂന്നുകാരന്‍റെ കുഞ്ഞു മോഹങ്ങളുടെ സ്വകാര്യതയിലേക്കാണ് “ഭൂമി പിളരും പോലെ ” ജാലകം തുറക്കുന്നത്. 

വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഭർതൃഗൃഹത്തിലേക്ക് വരുന്നവൾ ഒറ്റപെടുന്നതിന്‍റെയും പിഡീപ്പിക്കപ്പെടുന്നതിന്‍റെയും പരിണതിയാണ് ” നഗ്ന മാതൃത്വം ” എന്ന കഥയിലൂടെ വെളിപ്പെടുന്നത്. ആർക്കും നിർവ്വചിക്കാനാവാത്തവിധമാണ് ബന്ധങ്ങളുടെ ഗതി സജിത്ത് നമുക്കു മുന്നിൽ വരച്ചു കാട്ടുന്നത്. എന്നാൽ ഇതിനിടയിൽ കിടന്നു നട്ടം തിരിയുന്ന ഒരു പതിമൂന്നുകാരൻ — കഥാനായകനായി പ്രത്യക്ഷപ്പെടുമ്പോൾ നമുക്കും അവന്‍റെ മനസ്സിന്‍റെ വിങ്ങൽ അനുഭവപ്പെടുന്നു. പിടിവള്ളികളൊന്നായി വിട്ടു പോകുമ്പോൾ മനസ്സിന്‍റെ താളം തെറ്റിപോകുന്ന നിമിഷം! സ്വപ്നസന്നിഭമായ ഒരു ജീവിതത്തിൽ നിന്നും മങ്ങിയ നിറമുള്ള മരണത്തിന്‍റെ ലോകത്തിലേക്ക് പതുക്കെ കൈ പിടിച്ചു കൊണ്ടു പോകുന്ന വേദനയുടെ ദുരിതദിനങ്ങളിൽ ഉഴറുന്ന അമ്മയ്ക്കൊപ്പം പിടയുന്ന മനസ്സുമായി അവൻ ഇരിക്കുമ്പോൾ “നഗ്ന മാതൃത്വം ” എന്ന കഥ സംഭവിക്കുന്നു. ജീവിതത്തിൽ എല്ലാം എല്ലാവർക്കും അന്വോന്യം പറയാൻ കഴിഞ്ഞു എന്നു വരില്ല. അത്തരം ഒരു സന്നിഗ്ധതയാണ് “നഗ്ന മാതൃത്വം ” നിശൂഹനം ചെയ്‌തിരിക്കുന്നത്. “നഗ്ന മാതൃത്വം ” വളരെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യേണ്ടുന്ന ഈ വിഷയത്തെ അതീവശ്രദ്ധയോടെയും അസാധാരണ കൈയടക്കത്തോടെയും ആവിഷ്ക്കരിക്കുന്നതിൽ സജിത്ത് വിജയിക്കുമ്പോൾ അത് സമകാലിക കഥയുടെ മേന്മകൂടിയായിത്തീരുന്നു. വെൺമയുടെ ശക്‌തമായ കഥാസന്ദർഭങ്ങളൊരുക്കി വർത്തമാനകാലജീവിതത്തിലെ സമസ്യകളെ സധൈര്യം നേരിടുന്ന ഒരു എഴുത്തുക്കാരന്‍റെ തിളക്കമുള്ള കഥകളാണ് ഈ സമാഹാരം അടയാളപ്പെടുത്തുന്നത്. നിശ്ചയമായും പ്രതിരോധത്തിന്‍റെ ആന്തരിക ജ്വാലയായി ഈ കഥകൾ കത്തിനിൽക്കുകയാണെന്നു പ്രഖ്യാപിക്കാം. കാരണം കഥയെഴുത്ത് ഈ എഴുത്തുകാരന് ആത്മാവിഷ്കാരം മാത്രമല്ല ശക്‌തമായ പ്രതികരണം കൂടിയാണ് എന്ന് എനിക്ക് തോന്നുന്നു. മലയാളകഥകളുടെ കരുത്ത് വിളംബരം ചെയ്യുന്ന, ഗ്രാമതനിമയുടെ അകംകാഴ്ചകൾ മറയില്ലാതെ അവതരിപ്പിക്കുന്നതിൽ അസാധാരണ ധൈര്യവും അനിതരസാധാരണമായ കൈത്തഴക്കവും പ്രകടിതമാവുമ്പോൾ രതിയും ക്രൗര്യവും ചതിയും പ്രേമവും ആർദ്രതയുമൊക്കെ ഇടകലർന്ന് നിറച്ചാർത്ത് സൃഷ്ടിക്കുകയായി ഈ സമാഹാരം. എണ്ണപ്പെട്ട സാഹിത്യസൃഷ്ടികളിലൂടെയും മികവാർന്ന ദൃശ്യബിംബങ്ങളെ കോറിയിട്ടു പകർന്നാട്ടം നടത്തുന്ന ഇരുവേദിയിലും ലബ്ധപ്രതിഷ്ഠ നേടിയ മലയാളത്തിന്‍റെ ഭാഗ്യതാരകം. 

സമാഹാരത്തിലെ രണ്ടാമത്തെ കഥയായ “എന്‍റെ മാത്രം ദേവമ്മ ” നല്ലൊരു കഥാനുഭവമാണ് പകർന്നു തരുന്നത്. ആവിഷ്ക്കരണത്തിലെ പുതുമയും അത് പകർന്നു തരുന്ന വികാരങ്ങളുമാണ് കഥയുടെ ശക്തി . എന്നാൽ ഇതിവ്യത്തം വളരെ സൂക്ഷ്മമാണ്.
സങ്കടങ്ങളും ഭയാശങ്കകളും ഭരിക്കുന്ന “നിന്‍റെ മാത്രം സിലി ” എത്ര ശാപശകാരങ്ങൾ കൊണ്ട് കണ്ണീർ വാർക്കുന്ന അമ്മമാരെയാണ് സൃഷ്ടിക്കുന്നത്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പേരെടുത്ത സ്ത്രീകളിൽ ആരുണ്ട് സന്തുഷ്ടിയുള്ളവരായിട്ട്?. ഇന്ത്യയിൽ സ്ത്രീകൾ പൊതുവിൽ കഷ്ടസ്ഥിതിയിലാണ്. അതന്നുമിന്നും ഒരു പോലെയാണ്. “നിന്‍റെ മാത്രം സിലി ” യിൽ സ്ത്രീകളുടെ ദുഃഖഭാരം മുഴുവൻ സംഗ്രഹിക്കപ്പെട്ടിട്ടുണ്ട് . 

വന്ധ്യത ഇന്നും പലരും അനുഭവിക്കുന്ന ഒരു തീരാവേദനയാണ്. ദാമ്പത്യ ജിവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമാകുന്ന വേളയിൽ മനസ്സിൽ മൊട്ടിട്ടു വിരിയുന്ന വികാരമാണ് ഒരു കുഞ്ഞിക്കാൽ കാണണമെന്നുള്ളത്. ഒരു മുല്ല പൂക്കുന്ന വിവരം നാം അറിയുന്നത് അതിന്‍റെ സൗരഭ്യം നമ്മെ ആകർഷിക്കുമ്പോഴാണ്. ദാമ്പത്യജീവിതത്തിലും അങ്ങനെതന്നെ. ഒരു തലമുറയുടെ മനസ്സിലെ നീഗൂഢചിന്താഭാരങ്ങളും കിനാവുകളും കനലുകൊണ്ടും കണ്ണീരുകൊണ്ടും കരിക്കട്ടകളായ്‌ തീരുന്ന നേരിന്‍റെ നെഞ്ചുതകർക്കുന്ന സ്മാരകങ്ങളാവുകയാണ് ഇതിലെ കഥാപത്രങ്ങളെന്ന് ടി വി സജിത് ” കുഞ്ഞിക്കാൽ കാണാൻ ” എന്ന ദുരന്തകഥയിലൂടെ ഒപ്പിയെടുത്തിരിക്കുന്നു. മലയാളക്കരയിൽ ഇന്നും സാംക്രമികരോഗം പോലെ പടർന്നു കയറിയ ആധുനികതയുടെയോ അത്യന്താധുനികതയുടെയോ ഉൽപ്പന്നമായ ലൈംഗിക അരാജകത്വം സൃഷ്ടിച്ച ” ഭൂമി പിളരും പോലെ ” കഥ വായിച്ചപ്പോൾ ശരിക്കും കടലിളകിമറിയുന്ന വെടിപടഹഗർജ്ജനമായി വായനക്കാർക്ക് തോന്നിയെന്നത് നിസ്സംശയം പറയാം. നീണ്ടു പോകുന്ന കഥപറച്ചിലിൽ പലപ്പോഴും വിരസത സൃഷ്ടിക്കുമ്പോൾ, സൂക്ഷ്മതയാർന്ന കഥാസൂചന അത്ഭൂതപ്പെടുത്തും. അത്തരമൊരു കഥയാണ് “ഭൂമി പിളരും പോലെ”. സ്വത്വകമാനയുടെ ഇന്ദ്രിയോന്മാദഗന്ധം നായികയുടെ വഴികളിലാകെ ഒഴുകികിടക്കുന്നു. അവൾ തേടുന്നത് കാമുകനായി സ്വന്തം സഹോദരനെയാണ്. എന്നാൽ പ്രലോഭനങ്ങളെ മറികടന്ന സഹോദരനാകട്ടെ അവളെ പൂണ്ണമായും തിരസ്ക്കരിക്കുന്നു. പ്രണയത്തിന് രാജപാത സൃഷ്ടിച്ചിട്ടുള്ള യാഥാസ്ഥിതികത്വത്തിനെതിരെ തന്‍റേതായ വഴിവെട്ടിയ നായികയെ മുൻനിർത്തിയാണ് കഥ പറഞ്ഞിരിക്കുന്നത്. ഈ കാലഘട്ടം വ്യക്തിസ്വാതന്ത്ര്യത്തെയും മാനസിക ഭാവുകത്വത്തേയും കഴുത്തു ഞെരിക്കുന്നതെങ്ങനെയെന്ന് സജിത്തിന്‍റെ ഈ കഥ കാട്ടിത്തരുന്നു.

നന്മയുടെയും തിന്മയുടെയും സംഗമവേദിയാണ് മനുഷ്യമനസ്സ്. “ഇരട്ടക്കൊലയിലെ ഞാൻ ” സമൂഹത്തിലെ ഹിംസാത്മകതയ്ക്കു നേരെയാണ് വിരൽചൂണ്ടുന്നത്. സ്വാതന്ത്ര്യം ചിലർക്കു മാത്രം തട്ടിപ്പറിച്ചു തിന്നാനുള്ളതാണെന്നും ഇന്നത്തെ ജീവിതത്തിലെ താളപ്പിഴകളെ ഈ കഥയിൽ കഥാകൃത്ത് സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു. ജിവിതകാമനകളുടെ സചിത്രപുസ്തകം ഹൃദയത്തിൽ കൊണ്ടു നടക്കുന്ന സജിത്ത് കഥാപാത്രങ്ങളെ വേർതിരിക്കാനാവാത്തവിധത്തിൽ മൂന്നാമതൊരു സമുദ്രം വായനക്കാരുടെ മനസ്സുകളിൽ കൊളുത്തിവിട്ടു. വനസ്ഥാലികളിലൂടെ എഴുത്തുകാരന്‍റെ അബോധമനസ്സ് സഞ്ചരിക്കാൻ അധൈര്യപ്പെടുന്ന അസ്വസ്ഥത പിന്നീട് അത്ഭൂതലോകത്തിലേക്ക് നമ്മെ വഴി നടത്തുന്നു. സ്നേഹത്തിന്‍റെ പുതിയ പ്രവാഹം സൃഷ്ടിക്കുന്ന കാരുണ്യത്തിന്‍റെ വഴി ലോകത്തിന് വലിയൊരു മാതൃകയാണെന്ന് “മൈഥിലി ” യിലൂടെ സജിത്ത് വ്യക്‌തമാക്കുന്നു.

മനുഷ്യമനസ്സിനെ ബാധിക്കുന്ന പകയുടെ കറുത്തഹസ്തങ്ങൾ അവന്‍റെ തന്നെ സർവ്വനാശത്തിനു കാരണമായിമാറുമെന്നുള്ള യാഥാർത്ഥ്യം ഇന്നും പ്രസക്തമാണ് . ഇത് ഏറ്റവും വലിയ പക കുടുംബത്തിനകത്തു തന്നെയാണ്. പുരോഗമനപാതയിൽ എത്ര മുന്നേറിയാലും മനസ്സിനെ ബാധിക്കുന്ന പക അർബുദത്തെക്കാൾ വേഗത്തിൽ മനുഷ്യരെ കാർന്നു തിന്നുന്നു. ബന്ധങ്ങളെ പൊട്ടിച്ചെറിയുന്നു. കുടുംബബന്ധങ്ങൾക്കു പ്രാധാന്യം ഇല്ലാതെയാക്കുന്നു. “പകയിൽ തീർന്ന ഞാൻ ”
ഒരു കടൽപാമ്പിനെപോലെ വളർന്ന് നായകനെ വലിച്ചു മുറുക്കുന്നു. അതോടെ ശരീരത്തിനുള്ളിലെ
“ഞാൻ ” എന്ന തോന്നൽ പൂർണ്ണമായി നഷ്ടപ്പെടുന്നു വെറുപ്പും വിദ്വേഷവും വിധ്വംസകപ്രവർത്തനങ്ങളും ജീവിതത്തിൽ വെളിച്ചമല്ല തെളിക്കുന്നത്. ചിതയാണ് . “പകയിൽ തീർന്ന ഞാൻ ” നായക — പ്രതിനായക വ്യക്തിത്വങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളെയാണ് ഇതൾ വിരിക്കുന്നത്.

മനുഷ്യരെ ദാരുണമായി കൊല ചെയ്യുന്ന ഭീകരന്മാർ പറയുന്ന ജിഹാദ് അഥവാ വിശുദ്ധയുദ്ധമാണെന്നാണ്
ജിഹാദ് അക്ബർ എന്നു പറഞ്ഞാൽ ആത്മശുദ്ധികരണമെന്നാണ്. മനുഷ്യമനസ്സിന്‍റെ ആകുലതകളിലേക്ക് വീണ്ടും കൂപ്പ്‌ കുത്തി ജ്വരബാധയേറ്റ ക്രൗര്യമുഖങ്ങൾക്കു മുന്നിൽ പ്രതിരോധം സൃഷ്ടിക്കുന്ന “സ്വാതന്ത്ര്യ ജിഹാദ് ” നീരിപ്പുകയുന്ന മനസ്സിന്‍റെ അശാന്തത അപ്പാടെ മാറിമാറി തെളിയുന്നുണ്ട്. സ്നേഹത്തിന്‍റെ വിശ്വാസത്തിന്‍റെ പ്രാകൃതവും, ക്രൗരവും, അക്രമാസക്തവുമായ മനുഷ്യന്‍റെ പൈതൃകത്തിനെതിരായ അങ്ങേയറ്റത്തെ നിസ്സഹായതയുടെ സങ്കീർത്തനങ്ങൾ കഥയിലൂടെ കടന്നു വരുന്നു. മൃഗങ്ങൾ മനുഷ്യരെക്കാൾ എത്രയോ വിവേകശാലികളാണെന്നറിയുന്നത് മനുഷ്യന്‍റെ ക്രൂരതകളെക്കുറിച്ചുള്ള ഇത്തരം രചനകൾ പിറവിയെടുക്കുമ്പോഴാണ്.

ഏതോ ഒരാൾ, ശബരി സ്ത്രീ, വിദേശ അലാറം, അതെ… ആക്റ്റീവാ, അപ്സ് ആന്‍റ് ഡൗൺസ് ഇവയൊക്കെ തിളക്കവും നിറച്ചേരുവകളുടെ വൈവിദ്ധ്യവും സജിത്തിന്‍റെ മാത്രം രചനകളുടെ സവിശേഷതയാണ്. പ്രകൃതിയുടെ താളനിബദ്ധത തന്‍റെ രചനകളിലേക്കാവാഹിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുന്നു. സജിത്തിന്‍റെ രചനകളിൽ എടുത്തു പറയേണ്ട സവിശേഷതയും ഇതു തന്നെയാണ്. സഹനത്തിന്‍റെയും ക്ഷമയുടെയും കാരുണ്യക്കടലാണ് അമ്മ. കുഞ്ഞിന്‍റെ സങ്കടത്തെ അമ്മ മാറ്റുന്നത് അമ്മയറിയാതെ അമ്മയിൽ ഊറിവന്നു നിറഞ്ഞിരിക്കുന്ന പാൽക്കുടത്തിന്‍റെ ഞെട്ട് അവന്‍റെ ഇളംചൂടുള്ള വായിലേക്കു തിരുകിവച്ചുകൊണ്ടാണ്. അമ്മയുടെ പ്രാണന്‍റെ ഒരംശം അങ്ങനെ പാൽരൂപത്തിൽ അവന്‍റെ പ്രാണനു കരുത്തു പകരുകയാണ്. മക്കൾ എത്ര തന്നെ വലുതായാലും മാതൃബന്ധം എങ്ങനെയോ അങ്ങനെതന്നെയാണ്. ദൈവം അമ്മയുടെ സ്വരൂപത്തിൽ വന്നണയുകയാണെന്ന മഹാസത്യം! “മാ ദൈവമാ ” അടിവരയിട്ട് പറയുന്നു. എത്ര ഹൃദ്യമാണീരചനയെന്നു നോക്കുക. ഞാൻ നേരത്തെ പറഞ്ഞത് പോലെ ഇത് ടിവി സജിത്തിന്‍റെ മാത്രം പ്രത്യേകതയാണെന്നു പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല.
ഏതായാലും ഏത് രൂപത്തിലാരാധിച്ചാലും, അതിനു പിന്നിലുള്ള സങ്കല്പം ലോകനാഥനെത്തന്നെയല്ലേ ലക്ഷ്യമിടുന്നത്?. “ഒരു പേരിലെന്തിരിക്കുന്നു, പനിനീർപ്പൂവിനെ ഏതു പേരിട്ടു വിളിച്ചാലും, അതു സുരഭിലവും സുന്ദരവുമായിരിക്കുകയില്ലേ?” എന്ന വിശ്വമഹാകവി വില്യം ഷേക്സ്പിയറുടെ ചോദ്യമാണെന്നിക്ക് ഈ അവസരത്തിൽ ഓർമ്മ വരുന്നത്. സങ്കീർണ്ണതകൾ പരമാവധി ഒഴിവാക്കി ആവശ്യമാറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രം വളച്ചുകെട്ടില്ലാതെ നേരെ പറഞ്ഞു വയ്ക്കുക എന്ന നയമാണ് രചനയിൽ സ്വീകരിച്ചിട്ടുള്ളത്. ചിന്തയുടെയും ധ്വാനത്തിന്‍റെയും ദർശനത്തിന്‍റെയും ദിവ്യതലങ്ങളിലൂടെ അമനീഭാവ വിസ്മയത്തിലേക്ക് അനുവാചകരെ ഈ കഥാസമാഹാരം ക്ഷണിക്കുന്നു. സ്വന്തം ഉണ്മയുടെ അസ്ഥിവാരം കണ്ടെത്തുവാൻ വഴികാട്ടുന്ന ഈ സമാഹാരം കഥയുടെ മഹിതവെളിച്ചം വർത്തമാനകാല മനസ്സുകളിലേക്കെത്തിക്കുന്നു. ഭാവബന്ധുരമായ ഒരു മേഖലയിലേയ്ക്ക് തന്‍റെ കഥകളെ കൂട്ടികൊണ്ടു പോകുന്നതായ അനുഭവമാണ് പതിനഞ്ചു കഥകളടങ്ങിയ “ഭൂമി പിളരും പോലെ ” സഹൃദയർക്കു നൽകുന്നത്. ലീനമായിരിക്കുന്ന പ്രണയവും വിരഹവും വ്യത്യസ്തമായ ദേശാഭിമാനപരമായ വികാരത്തിന്‍റെ വിജ്ഞാനത്തിന്‍റെയും തിളക്കം വെളിപ്പെടുത്താനുള്ള ശ്രമമാണ് ഈ സമാഹാരം. എഴുത്തുകാരനും ബഹുമുഖപ്രതിഭയുമായ ടിവി സജിത്തിന്‍റെ ശ്രമം പൂർണ്ണസാഫല്യത്തിൽ എത്തിച്ചേർന്നിട്ടുണ്ടെന്നതിൽ സംശയമില്ല. സജിത്തിന്‍റെ ആദ്യ ബാലസാഹിത്യകൃതി “ഭൂപി ഇന്‍ ഇവാനി ഐലന്‍റ് ” കൈരളി ബുക്സ് ഇതിനോടകം പുറത്തിറക്കി. കാലത്തിന്‍റെ കരങ്ങൾക്കു മായ്‌ക്കാനാവാത്ത ഈ കുട്ടികളുടെ ഫാന്‍റസി നോവൽ തലമുറകൾ എന്നെന്നും മനസ്സിൽ സൂക്ഷിക്കും. മലയാളതനിമയുള്ള രചനയ്ക്ക് ആധാരശിലയിട്ട പ്രതിഭാശാലി എന്ന വിശേഷണത്തിന് സജിത്ത് എന്നും അർഹനാണ്. “ഭൂമി പിളരും പോലെ ” അതിന്‍റെ വളർച്ചയുടെ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളട്ടെ. ആസുരമായ ഒരു കാലഘട്ടത്തിന്‍റെ അപകടകരമായ പോക്കിനെ മനുഷ്യകുലത്തിന്‍റെ സംരക്ഷനത്തിനായി തടഞ്ഞു നിർത്താനും അക്ഷരപ്രേമികൾക്കൊക്കെ പ്രിയങ്കരമാകുന്ന അനുഭവസ്മൃതികളുടെ ഒരു നിധിസഞ്ചയമാകട്ടെ ഭൂമി പിളരുംപോലെ എന്ന കഥാസമാഹാരത്തിന്‍റെ അഞ്ചാംപതിപ്പും, ഭൂപി ഇന്‍ ഇവാനി ഐലന്‍റ് എന്ന കുട്ടികളുടെ നോവലിന്‍റെ രണ്ടാംപതിപ്പും. ഇരുപതിപ്പുകളുടെയും വിശേഷങ്ങള്‍ക്ക് എഴുത്തുകാരനുമായി 9847030405 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 2021 ലെ കുഞ്ചന്‍ നമ്പ്യാര്‍ കഥപുരസ്കാരവും, 2022 ലെ വ്യാസ കഥാപുരസ്കാരവും, ഗോള്‍ഡണ്‍ ബുക്ക് അവാര്‍ഡും അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ടിവി സജിത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

ഭൂമി പിളരുംപോലെ
(കഥ)
ടി വി സജിത്ത്
കൈരളി ബുക്സ്
വില: 140 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.