23 November 2024, Saturday
KSFE Galaxy Chits Banner 2

നൊബേല്‍ സമ്മാനം നോര്‍വെയിലെത്തുമ്പോള്‍…

കെ ദിലീപ്
നമുക്ക് ചുറ്റും
October 27, 2023 4:30 am

ലസ്തീനിലെ ഇസ്രയേലിന്റെ കൂട്ടക്കുരുതികള്‍ക്കിടയില്‍ 2023ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാര പ്രഖ്യാപനം അര്‍ഹമായ മാധ്യമശ്രദ്ധ നേടാതെ പോയി. നോര്‍വീജിയന്‍ നാടകകൃത്തും നോവലിസ്റ്റും കവിയുമായ യോന്‍ ഫോസെക്കാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത്. ഹെന്‍റിക് ഇബ്സന് (1828–1906) ശേഷം നോര്‍വെയില്‍ നിന്നുള്ള ഏറ്റവും ശക്തനായ നാടകകൃത്തായ ഫോസെ എഴുതുന്നത് നീനോസ്ക് എന്ന ഭാഷയിലാണ്. നോര്‍വെയില്‍ ഏതാണ്ട് 10 ലക്ഷം പേര്‍ അഥവാ 10 ശതമാനം പേര്‍ മാത്രം സംസാരിക്കുന്ന ഭാഷ. 90ശതമാനം ജനങ്ങളും സംസാരിക്കുന്നത് ബോക്‌മാര്‍ എന്ന ഭാഷയാണ്. രണ്ട് ഭാഷകളും 1800കളില്‍ സ്വീഡനില്‍ വളര്‍ന്നുവന്ന നവദേശീയതയുടെ ഫലമായി പഴയ ജര്‍മാനിക് ഭാഷയില്‍ നിന്നും രൂപമെടുത്ത് 1830കളില്‍ മാത്രം നിലവില്‍ വന്നവ. ഈ ഭാഷകള്‍ക്ക് 1892ല്‍ സ്വീഡിഷ് പാര്‍ലമെന്റ് ഔദ്യോഗിക പദവി നല്‍കി. ഈ ഭാഷകള്‍, വ്യാകരണത്തിലും ഉച്ചാരണത്തിലുമൊക്കെ നിരന്തരം പരിഷ്കരണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. അനേകം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാഷകള്‍ സംസാരിക്കുന്ന നമ്മളെപ്പോലുള്ളവര്‍ക്ക് താരതമ്യേന കാലപ്പഴക്കം കുറഞ്ഞ ഭാഷകളില്‍ ഒന്നായ നീനോസ്കില്‍ മാത്രം എഴുതുന്ന ഒരു എഴുത്തുകാരന്റെ കൃതികള്‍ നാല്പതിലധികം ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടുന്നതും സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നതും ഒട്ടൊരത്ഭുതത്തോടെ മാത്രമേ കാണുവാന്‍ കഴിയൂ.
യോന്‍ ഫോസെ 1959ല്‍ നോര്‍വെയിലെ ഹൗഗെസണ്ടിലാണ് ജനിച്ചത്. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ വിഭാഗങ്ങളായ ക്വാക്കര്‍ ചര്‍ച്ചിലും ലുഥേറിയന്‍ ചര്‍ച്ചിലും പെട്ടവരായിരുന്നു. ഫോസെയുടെ പൂര്‍വികര്‍. ഏഴാം വയസില്‍ ഗുരുതരമായ ഒരു അപകടത്തെത്തുടര്‍ന്ന് മരണത്തെ മുഖാമുഖം കണ്ട ഫോസെ വളരെ ചെറിയ പ്രായത്തില്‍ത്തന്നെ എഴുതുവാന്‍ തുടങ്ങി. ഒരു റോക്ക് ഗിത്താറിസ്റ്റ് ആവണമെന്ന് ആഗ്രഹിച്ച ഫോസെ സ്വന്തം സംഗീതത്തിനനുസരിച്ച് പദ്യങ്ങളെഴുതിയാണ് തുടങ്ങിയത്. പക്ഷെ സംഗീതം അധികം മുന്നോട്ടുപോയില്ല. ഫോസെ കമ്മ്യൂണിസത്തിന്റെയും അനാര്‍ക്കിസത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കാനാരംഭിച്ചു. എഴുത്തുമാത്രം മുന്നോട്ടുപോയി. ബെര്‍ഗന്‍ യൂണിവേഴ്‌സിറ്റിയില്‍ താരതമ്യ സാഹിത്യം പഠിച്ചു. 1983ല്‍ ‘ചുവപ്പ്, കറുപ്പ്’ എന്ന തന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു, നോസ്ക് ഭാഷയില്‍. അക്കാലത്ത് നോര്‍വെയില്‍ സാധാരണമായിരുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ട ഒരു രചനയായിരുന്നില്ല ചുവപ്പും കറുപ്പും. അത് ഭാഷപരമായ ഒരു പരീക്ഷണമായിരുന്നു. അടുത്ത നോവല്‍ ‘അടഞ്ഞ ഗിത്താര്‍’, അതുകഴിഞ്ഞ് ‘കണ്ണുനീരണിഞ്ഞ മാലാഖ’ എന്ന (1986) കവിതാസമാഹാരം, പിന്നീട് തുടര്‍ച്ചയായി നോവലുകളും പ്രബന്ധങ്ങളും കവിതകളും.


ഇതുകൂടി വായിക്കൂ: പലസ്തീന്‍ ജനതയുടെ അറുതിയില്ലാത്ത ദുരിതം


ഫോസെ ആദ്യമായി നാടകമെഴുതുന്നത് 1994ലാണ് ‘ഒരിക്കലും നമ്മള്‍ വേര്‍പിരിയില്ല.’ ഫോസെയുടെ നാടകങ്ങള്‍ ഹെന്‍റിക് ഇബ്സനു ശേഷം നോര്‍വെയില്‍ ഏറ്റവും കൂടുതല്‍ സ്റ്റേജുകളില്‍ അവതരിപ്പിക്കപ്പെട്ടവയാണ്. നാടകരചനയില്‍ സാമുവല്‍ ബക്കറ്റ്, ഇബ്സന്‍, തോമസ് ബെര്‍ണാഡ് തുടങ്ങിയവരുടെ രചനകളുടെ പിന്‍മുറക്കാരനാണ് ഫോസെ. നോവല്‍രചനയില്‍ ഫ്രാന്‍സ് കാഫ്‌ക, വില്യം ഫാക്നര്‍, വെര്‍ജീനിയ വൂള്‍ഫ് തുടങ്ങി ബോധധാരാ നോവലിസ്റ്റുകളുടെ പിന്‍മുറക്കാരന്‍. നാടകങ്ങളില്‍ 1940കളിലെ അസംബന്ധ നാടകങ്ങളുടെ തുടര്‍ച്ചയാണ് ഫോസെയുടെ നാടകങ്ങള്‍.
1990കളില്‍ ഒരു എഴുത്തുകാരനെന്ന നിലയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ ഏറെ ക്ലേശിക്കുന്ന അവസ്ഥയിലാണ് ഒരു നാടകമെഴുതുവാന്‍ ഫോസെ തീരുമാനിക്കുന്നത്. 1994ല്‍ നമ്മള്‍ ഒരിക്കലും പിരിയുകയില്ല എന്ന നാടകം ഫോസെയുടെ ഒരു നാടകകൃത്തെന്ന നിലയിലുള്ള സ്ഥാനം ഉറപ്പിച്ചു. ‘ആരോ വരാന്‍ പോവുന്നു’ എന്ന നാടകം 1999ല്‍ പാരീസില്‍ അവതരിപ്പിക്കപ്പെട്ടതോടെയാണ് ഫോസെ അന്തര്‍ദേശീയ പ്രശസ്തിയിലേക്കുയരുന്നത്. വാക്കുകളേക്കാളുപരി നിശബ്ദതയാണ് ഫോസേയുടെ നാടകങ്ങളില്‍ പ്രധാനമാവുന്നത്. ‘അവിടെ’ എന്ന നാടകത്തില്‍ രണ്ട് കഥാപാത്രങ്ങള്‍ മാത്രം, ഒരു പുരുഷനും സ്ത്രീയും. ഇരുട്ടിലൂടെ നടക്കുന്ന അവര്‍ വെളിച്ചത്തിനായി പരതുകയാണ്. എന്തെങ്കിലും കാണുന്നുണ്ടോ എന്ന പുരുഷന്റെ ചോദ്യത്തിന് ‘ഒരു പര്‍വതത്തിന്റെ മുകളറ്റവും അവിടെയുള്ള ഒരു ഫാംഹൗസും കാണുന്നു‘വെന്ന് സ്ത്രീ മറുപടി നല്‍കുന്നു. ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ‘അതിന് മുകളില്‍ ഒരു പ്രകാശം കാണുന്നു‘വെന്ന് പറഞ്ഞ് പുരുഷന്‍ നിലംപതിക്കുന്നു. വിശ്വാസവും മരണവും അരാജകത്വവുമൊക്കെ പ്രതിഫലിക്കുന്ന ഫോസെയുടെ എഴുത്തിന് ഏറ്റവും ലളിതമായ ഉദാഹരണമാണ് ഈ നാടകം. സാമുവല്‍ ബെക്കറ്റിന്റെ ‘ഗോദോയെ കാത്ത്’ എന്ന നാടകത്തിന്റെ ഒരു തുടര്‍ച്ചയായി ഇത് അനുഭവപ്പെടും. നാടകങ്ങളിലും നോവലുകളിലും ഇതിവൃത്തത്തെക്കാളുപരി സംഗീതാത്മകമായ ഭാഷയ്ക്കാണ് ഫോസെ പ്രാധാന്യം നല്‍കുന്നത്. ഫോസെയുടെ ഏറ്റവും പുതിയ പുസ്തകം സെപ്റ്റോളജി (ഏഴ് പുസ്തകങ്ങള്‍)യില്‍ 1250 പേജുകള്‍ ഒരു ഫുള്‍ സ്റ്റോപ്പുമില്ലാതെ തുടരുന്നു.


ഇതുകൂടി വായിക്കൂ: ഉജ്ജയിനിയിലെ ബാലിക


മതം, അരാജകത്വം, കമ്മ്യൂണിസം തുടങ്ങിയ ചിന്താധാരകളെല്ലാം ചേര്‍ന്ന് ഒരു വ്യക്തിയില്‍ സൃഷ്ടിച്ച അനുരണനങ്ങളാണ് ഫോസെയുടെ രചനകള്‍. ഇതിവൃത്തത്തിലുപരി ഘടനാപരമായ, ഭാഷാപരമായ സവിശേഷതകളാണ് ആ കൃതികളുടെ പ്രചാരണത്തിനാസ്പദമാവുന്നത്. 1940കളില്‍ സാഹിത്യത്തിലും തത്വചിന്തയിലുമൊക്കെ പ്രാമുഖ്യം പുലര്‍ത്തിയ അബ്സേ‍ഡ് ഫിലോസഫി, അസ്തിത്വവാദം (എക്സിസ്റ്റെന്‍ഷ്യലിസം) തുടങ്ങിയ ചിന്താപദ്ധതികളുടെ തുടര്‍ച്ചയാണ് ഫോസെ. ഈ ചിന്താപദ്ധതികള്‍ മലയാള ഭാഷയിലും 70കളില്‍ പ്രസക്തമായിരുന്നു. ജി ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും മറ്റും നാടകങ്ങള്‍, കാക്കനാടന്‍, മുകുന്ദന്‍, മേതില്‍ തുടങ്ങിയവരുടെ നോവലുകള്‍ ഇവയെല്ലാം ഉദാഹരണമാണ്. ഫോസെ നമ്മെ അത്ഭുതപ്പെടുത്തുന്നത് വെറും 10 ലക്ഷം ആളുകള്‍ മാത്രം സംസാരിക്കുന്ന നീനോസ്ക് എന്ന ഭാഷയില്‍ എഴുതി ലോകശ്രദ്ധ പിടിച്ചുപറ്റി നൊബേല്‍ പുരസ്കാരം നേടി എന്നിടത്താണ്. ആ ഭാഷയില്‍ നിന്ന് നേരിട്ടുള്ള പരിഭാഷകള്‍ ലഭ്യമാവുക പ്രയാസമാണ്. ആ ഭാഷയില്‍ നേരിട്ട് ഫോസെയുടെ കൃതികള്‍ വായിക്കുക എന്നതും നമുക്ക് സാധ്യമാവുകയില്ല.
2021ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അബ്ദുള്‍ റസാഖ് ഗുര്‍ണയെപ്പോലെ പലായനത്തിന്റെയും അഭയാര്‍ത്ഥികളുടെയും അനുഭവങ്ങളോ, 22ലെ സമ്മാനജേതാവായ ആനി എര്‍ണോക്സിനെപ്പോലെ സ്ത്രീകളുടെ സാമൂഹ്യ അസമത്വമോ അല്ല, നാല്പതുകളില്‍ ഉയര്‍ന്നുവന്ന അസ്തിത്വവാദത്തിന്റെ തുടര്‍ച്ചയാണ് ഈ വര്‍ഷത്തെ നൊബേല്‍ ജേതാവിന്റെ കൃതികള്‍. ഈ പുരസ്കാരം 10 ലക്ഷം പേര്‍ മാത്രം സംസാരിക്കുന്ന നീനോസ്ക് എന്ന ഭാഷയ്ക്കും സ്വന്തം മാതൃഭാഷയില്‍ മാത്രമേ എഴുതൂ എന്ന് തീരുമാനിച്ച എഴുത്തുകാരനുമുള്ള വലിയ ആദരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.