28 April 2024, Sunday

Related news

October 2, 2023
September 25, 2023
September 25, 2023
June 13, 2023
June 6, 2023
May 29, 2023
May 28, 2023
August 13, 2022
July 29, 2022
July 5, 2022

ഉജ്ജയിനിയിലെ ബാലിക

ദേവിക
വാതിൽപ്പഴുതിലൂടെ
October 2, 2023 4:55 am

മധ്യപ്രദേശിലെ ഉജ്ജയിനി നഗരത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ കാളിദാസ സാഹിത്യത്തിന്റെ മഹാസാഗരമാണ് നമ്മുടെയുള്ളിലേക്ക് ഇരമ്പിവരിക. മഹാകവിക്ക് ജ്ഞാനവരം നല്കിയ ദേവീപ്രതിഷ്ഠയുള്ള ഗന്ധകാളികാമന്ദിറും കാളിദാസ ക്ഷേത്രവും സ്ഥിതി ചെയ്യുന്ന പുരാതനനഗരി. ‘അത്യുത്തരസ്യാംദിശി ദേവതാത്മാ, ഹിമാലയോ നാമഃനഗാധിരാജ’ എന്നു ചൊല്ലി വാര്‍ത്തെടുത്ത പനയോലകളില്‍ കുമാരസംഭവം എഴുതിയ കവിയുടെ പുണ്യസാംസ്കാരിക ഭൂമിക, മേഘദൂതും ശാകുന്തളവും പിറന്നുവീണ ആ ഭൂമിയിലെ ഓരോ മണ്‍തരിയിലും സംസ്കാരത്തിന്റെ ഗതകാല രോമഹര്‍ഷങ്ങള്‍. ആ മഹത്തായ നഗരിയില്‍നിന്ന് മൃഗീയതയുടെ കഥകള്‍ പുറത്തുവരുമ്പോള്‍ മനുഷ്യന്‍ എന്തുകിരാതപദമെന്നു തോന്നിപ്പോകില്ലേ. ഒരു പന്ത്രണ്ടുകാരിയുടെ ദുരന്തകഥയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോഡിയുടെയും യോഗിയുടെയും ഉത്തര്‍പ്രദേശുകാരി കുഞ്ഞ്. ജീവിക്കാന്‍ മറ്റു നിവൃത്തിയില്ലാതെ അവള്‍ അയലത്തെ മധ്യപ്രദേശിലെ ഉജ്ജയിനി എന്ന പുണ്യപുരാതന നഗരിയിലേക്ക് ചേക്കേറി. അവിടെയും യുപിയിലെപ്പോലെ ബിജെപി സ്വര്‍ഗമാക്കിയ സംസ്ഥാനം. വന്നതിന്റെ പിറ്റേന്ന് അവളെ അടുത്തുള്ള ആശ്രമത്തിലെ പുരോഹിതനായ രാഹുല്‍ ശര്‍മ്മ കാണുന്നു. ആ പിഞ്ചുകിടാവിനെ മനുഷ്യമൃഗങ്ങള്‍ പിച്ചിച്ചീന്തിയിരിക്കുന്നു. അവളുടെ കവിള്‍ത്തടങ്ങളില്‍ കണ്ണീര്‍ച്ചാലുകള്‍, വീര്‍ത്ത കണ്ണുകളില്‍ മരണഭയത്തിന്റെ ആകുലത. കാലുകളിലൂടെ ആ കുഞ്ഞ് ചോരയൊലിപ്പിക്കുന്നു. നല്ലവനായ ആ പുരോഹിതന്‍ നോക്കിനില്‍ക്കെ അഭയം തേടിയ വീടുകളില്‍ നിന്ന് ആ കുരുന്ന് ആട്ടിയോടിക്കപ്പെടുന്നു. പുരോഹിതന്‍ അവളെ തന്റെ മേല്‍വസ്ത്രംകൊണ്ട് പുതപ്പിക്കുന്നു. പിന്നീട് പൊലീസെത്തി കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോകുന്നു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ മുഴുവന്‍ പേരെയും പിടികൂടാനായില്ല.

ഇന്നലെയിതാ മധ്യപ്രദേശിലെ ഒരു ബിജെപി മന്ത്രി പറയുന്നു; അവള്‍ അപകടമേഖല തരണം ചെയ്തിരിക്കുന്നു, അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു! ഏത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്? ഓര്‍ക്കാന്‍ പോലും നാം മടിക്കുന്ന ബംഗാള്‍ ക്ഷാമത്തില്‍ ഒരു വറ്റുപോലും കിട്ടാതെ ഈയാമ്പാറ്റകളെപ്പോലെ മനുഷ്യര്‍ മരിച്ചുവീണതു കണ്ട് മനസുപിടഞ്ഞ യുവാവ്, ഇന്ത്യയെ ഭക്ഷ്യസമൃദ്ധിയുടെ പത്തായപ്പുരയാക്കിയ ഡോ. എം എസ് സ്വാമിനാഥന്റെ ദേഹം കഴിഞ്ഞദിവസം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. കുട്ടനാട് മങ്കൊമ്പുകാരനായ നമ്മുടെ ‘മങ്കൊമ്പില്‍ സ്വാമി‘ക്ക് 98 വയസായിരുന്നു. ഹരിതവിപ്ലവത്തിന്റെ പിതാവായ സ്വാമിനാഥന് 84 ഡോക്ടറേറ്റുകളുണ്ടായിരുന്നു. ലോക ഭക്ഷ്യ പുരസ്കാരം, റൂസ്‌വെല്‍റ്റ് അവാര്‍ഡ്, ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന മാഗ്സേസേ അവാര്‍ഡ് എന്നിവയടക്കം മുന്നൂറോളം ദേശാന്തര പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം എണ്‍പതോളം സര്‍വകലാശാലകളിലെ വിശിഷ്ടാംഗവും പ്രഭാഷകനുമായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ആദ്യ ഭക്ഷ്യ സുരക്ഷാ അധ്യക്ഷനും. എന്നാല്‍ കാര്‍ഷിക ശാസ്ത്രത്തിലെ ഈ മഹാമേരുവിനെ നാം അര്‍ഹമായി ആദരിക്കുകപോലും ചെയ്തില്ല. അദ്ദേഹത്തെ ആദരിച്ചത് വെറുമൊരു പത്മവിഭൂഷണ്‍ നല്കി. കുട്ടിയും കോലും കളിച്ചു നടക്കുന്നവര്‍ക്കുപോലും ഭാരതരത്നം എന്ന അത്യുന്നത ബഹുമതി നല്കി വാഴ്ത്തിപ്പാടിയ നാം സ്വാമിനാഥന് നല്കിയത് ഒരു ചീന്ത് ബഹുമതി. ഇതുപോലെ തന്നെയായിരുന്നു മലയാളിയായ ഡോ. വര്‍ഗീസ് കുര്യന്റെയും ഗതി. ലോഹശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹമാണ് വഴിപിരിഞ്ഞ് ഇന്ത്യന്‍ ധവളവിപ്ലവത്തിന്റെ പിതാവായത്. ഗുജറാത്തില്‍ ആനന്ദിലെ ക്ഷീരകര്‍ഷകരുടെ കൂട്ടായ്മ ലോകത്തെ തന്നെ ഏറ്റവും വലിയ പാല്‍ ഉല്പാദന കേന്ദ്രമാക്കിയെടുത്തു.


ഇതുകൂടി വായിക്കൂ: മിന്നുന്നതെല്ലാം പൊന്നല്ല


ഇന്ത്യയിലെ പാല്‍ ക്ഷാമത്തിന് അറുതിവരുത്തുകയും അമുല്‍ ക്ഷീരോല്പന്നങ്ങള്‍ ലോക പ്രസിദ്ധമാക്കുകയും ചെയ്ത അമല്‍ കുര്യനെ ഭാരതരത്നമണിയിക്കാനും നാം മറന്നു. മാത്രമല്ല അദ്ദേഹത്തെ അമുല്‍ സാമ്രാജ്യത്തില്‍ നിന്നു പുറത്താക്കി അപമാനിക്കുകകൂടി ചെയ്തു ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍! നന്ദിക്കും നന്ദികേടിനും ഒരേ അര്‍ത്ഥം കല്പിക്കുന്നവരായിപ്പോയി നമ്മള്‍. തിരക്കേറിയ നമ്മുടെ ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ക്ക് ഒരു ദിവ്യൗഷധമാണ് ചിരി. തലസ്ഥാനത്തെ മാനസിക സംഘര്‍ഷങ്ങളാകട്ടെ പരകോടിയിലും. ഭരണവും രാഷ്ട്രീയവുമെല്ലാം കൂടിക്കുഴഞ്ഞുമെനഞ്ഞെടുത്ത മാനസിക പിരിമുറുക്കം. ഇതിനു പരിഹാരമായിരുന്നു ചിരിയുടെ തമ്പുരാനായിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച സുകുമാര്‍. അദ്ദേഹത്തിന്റെ സന്തതിയായ നര്‍മ്മകൈരളി ഒരുക്കിയ സന്ധ്യാവേളകള്‍ നഗരവാസികള്‍ക്ക് ഒരു കുളിര്‍മ്മയായിരുന്നു. സുകുമാറിനൊപ്പം പി സി സനല്‍ ഐഎഎസും കൃഷ്ണപൂജപ്പുരയും ജേക്കബ് സാംസനും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്നത്തെ അയ്യന്‍കാളി ഹാള്‍ ചിരിയുടെ ഒരു പൂരപ്പറമ്പാവും. 91 വയസിനിടയിലെ സാര്‍ത്ഥകമായ ജീവിതത്തിനിടെ കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമൊക്കെയായി വിളങ്ങിയ സുകുമാര്‍ 12 മണിക്കൂര്‍ നീണ്ട അഖണ്ഡചിരിയരങ്ങ് ഒരുക്കി ജനത്തെ പ്രചോദിപ്പിച്ചു. ‘പൊതുജനം പലവിധം’ എന്ന ഗ്രന്ഥത്തിന്റെ രണ്ടു വാല്യങ്ങളിലൂടെ സമൂഹത്തിലെ വിഭിന്നരായ മനുഷ്യജന്മങ്ങളെ ഹാസ്യത്തിലൂടെ അവതരിപ്പിച്ച പ്രതിഭാശാലി. സ്വകാര്യ സംഭാഷണങ്ങളില്‍പ്പോലും തന്റെ ജീവിതത്തിലെ ഫലിതപൂര്‍ണമായ ഏടുകള്‍ അദ്ദേഹം പങ്കുവച്ചിരുന്നു. ബ്രാഹ്മണനും തുളുനാടന്‍ പോറ്റിയുമായ അദ്ദേഹം തലസ്ഥാനത്ത് തമ്പാനൂര്‍ അയ്യപ്പക്ഷേത്രത്തില്‍ പിതാവായ പൂജാരിയെ സഹായിക്കാന്‍ പോയ കഥ പറഞ്ഞു കേട്ടിട്ടുണ്ട്. അയ്യപ്പ വിഗ്രഹത്തെ അണിയിച്ചൊരുക്കുന്നതിന്റെ പൂര്‍ണ ചുമതല ഒരു ദിവസം സുകുമാറിനെ ഏല്പിച്ചു. ആകെ ഒരുക്കിക്കഴിഞ്ഞപ്പോള്‍ നിത്യ ബ്രഹ്മചാരിയായ ധര്‍മ്മശാസ്താവ് കാമുകിയെ കണ്ണെറിയുന്ന പോലെയായി കണ്ണെഴുത്ത്! ഇതുകണ്ട് കുപിതനായ പിതാവ് പറഞ്ഞു, ഇനി മുതല്‍ നീ ഭഗവാന്റെ അരയ്ക്കു കീഴെ അണിയിച്ചൊരുക്കിയാല്‍ മതി. ഇതേക്കുറിച്ച് സുകൂമാര്‍ പിന്നീട് പറഞ്ഞു; അങ്ങനെ പിതാശ്രീ മേല്‍ശാന്തിയും ഞാന്‍ കീഴ്ശാന്തിയുമായി!’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.