23 December 2024, Monday
KSFE Galaxy Chits Banner 2

ഇവര്‍ രാജ്യത്തെ എങ്ങനെ സംരക്ഷിക്കും?

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
December 15, 2023 4:12 am

‘മലിനമാക്കാനവര്‍ നീട്ടിയ കടലാസില്‍
മൊഴി‍യേവം കേട്ടു, ‘ചെറുക്കുക നീ…’
അപമാനിക്കാനവര്‍ കാണിച്ച പേനയു-
മതു തന്നെയോതി: ‘ചെറുക്കുക നീ…’
അരിയൊരെന്‍ വീടിന്റെ താക്കോലും
ചൊല്ലിയതു തന്നെയാണ്’ നിന്‍ കൊച്ചു ‍
വീടിന്‍-
ചെറിയ തുണ്ടങ്ങളാം കല്ലിന്റെ പേരിലും
പതറാതെ നിന്നു ചെറുക്കുക നീ…’
മൊയിന്‍ ബിസെസോയുടെ വരികളാണിത്. പതറാതെ നിന്നു ചെറുക്കുവാന്‍ ഇന്ന് രാജ്യത്ത് ഒരു ഭരണകൂടമില്ല. കൊച്ചുവീടിന്റെ ചെറിയ തുണ്ടങ്ങളാം കല്ലുകളെ വംശീയതയുടെ പേരില്‍, രാമനവമിയുടെയും ഹനുമല്‍ജയന്തിയുടെയും നാളുകളില്‍ ബുള്‍ഡോസറുകള്‍കൊണ്ട് തകര്‍ത്തെറിയുന്നവര്‍ രാജ്യം ഭരിക്കുമ്പോള്‍ പാര്‍ലമെന്റ് പോലും അരക്ഷിതാവസ്ഥയിലാണ്. 2001 ഡിസംബര്‍ 13 ഇന്നും ഞെട്ടിപ്പിക്കുന്ന ഓര്‍മ്മയാണ്. അന്ന് എ ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണസാരഥ്യമാണ് ഇന്ദ്രപ്രസ്ഥത്തില്‍. ലഷ്കര്‍ ഇ ത്വയിബ ഉള്‍പ്പെടെയുള്ള ഭീകരവാദികള്‍ പാര്‍ലമെന്റിനുള്ളില്‍ വെടിയുണ്ടാ വര്‍ഷം നടത്തി. രക്തസാക്ഷികളുണ്ടായി. ഈ ഡിസംബര്‍ 13ന് നരേന്ദ്രമോഡിയും അമിത്ഷായും പാര്‍ലമെന്റ് അംഗങ്ങളും ആ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
അനുസ്മരണ പ്രഭാഷണത്തില്‍ നരേന്ദ്രമോഡിയുടെ വാചാടോപം ഇങ്ങനെ: ‘അന്നു സംഭവിച്ചത് ഒരു കെട്ടിടത്തിനു നേരെയുള്ള ആക്രമണമല്ല. ജനാധിപത്യത്തിന്റെ മാതാവിനും ഇന്ത്യയുടെ ആത്മാവിനും നേരെയുള്ള ആക്രമണമാണ്.’ ഇതുപറഞ്ഞ് മോഡിയും അമിത്ഷായും ഭോപ്പാലിലേക്ക് പറന്നു. മണിക്കൂറുകള്‍ക്കകം ലോക്‌സഭയില്‍ പുക പടര്‍ന്നു. വാജ്പേയ് ഭരണകാലത്ത് ഭീകരവാദികള്‍ക്ക് പാര്‍ലമെന്റിന്റെ ഉമ്മറത്തെത്താനേ പറ്റിയുള്ളു. നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ പാര്‍ലമെന്റിനുള്ളിലും പുറത്തും അക്രമകാരികള്‍ക്ക് കലാപധ്വനി മുഴക്കാന്‍ കഴിഞ്ഞു. 2001ലെ പാര്‍ലമെന്റിന് മുന്നിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് അന്നത്തെ ഉപപ്രധാനമന്ത്രി ലാല്‍കൃഷ്ണ അഡ്വാനി പറഞ്ഞു: ‘ഭീകരവാദികളിലൊരാള്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നിരുന്നെങ്കില്‍ സ്ഥിതി ഭയാനകമായേനേ’. ഇന്നിപ്പോള്‍ നരേന്ദ്രമോഡിയുടെ ഭരണത്തില്‍ അക്രമകാരികള്‍ പാര്‍ലമെന്റിനുള്ളിലും കടന്നിരിക്കുന്നു.

 


ഇതുകൂടി വായിക്കൂ; അഞ്ച് നിയമസഭകളിലെ തെരഞ്ഞെടുപ്പ് നൽകുന്ന പാഠം


എവിടെയാണ് സുരക്ഷ? എവിടെയാണ് ചെറുത്തുനില്പ്? രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മ്മാണ സഭയായ പാര്‍ലമെന്റില്‍ സുരക്ഷ ഉറപ്പാക്കാനാവാത്തവര്‍ എങ്ങനെ രാജ്യത്തിനും പൗരന്മാര്‍ക്കും സുരക്ഷ ഉറപ്പാക്കും? എങ്ങനെ ഭീകരവാദത്തെ ചെറുത്തുതോല്പിക്കും. ബിജെപി എംപി പ്രതാപ് സിംഹയുടെ പാസുമായാണ് അക്രമകാരികള്‍ ലോക്‌സഭാ ഗാലറിയിലെത്തിയത്. ഇത് കൂടുതല്‍ സംശയാസ്പദമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. അക്രമകാരികള്‍ ‘കളര്‍ സ്പ്രേ‘യുമായി ലോക്‌സഭയിലെത്തുമ്പോള്‍ എവിടെയാണ് നരേന്ദ്രമോഡി അനവരതം ഉദ്ഘോഷിക്കുന്ന രാജ്യസുരക്ഷ? പാര്‍ലമെന്റാക്രമണത്തിന്റെ വാര്‍ഷികദിനത്തിലോ അതിന് മുന്നാേ പാര്‍ലമെന്റ് അക്രമി‍ക്കുമെന്ന് ഖലിസ്ഥാന്‍ ഭീകരനായ ഗുര്‍പത്‌വന്ത് സിങ്‌ പന്നുന്‍ ഭീഷണി മുഴക്കിയിട്ടും പാര്‍ലമെന്റിന് ഒരു സുരക്ഷയുമില്ലെന്ന് ഈ കറുത്ത 13 തെളിയിച്ചു. പഴയ പാര്‍ലമെന്റ് മന്ദിരത്തിന് സുരക്ഷ പോരെന്നും കനത്ത കവചങ്ങളുള്ള പാര്‍ലമെന്റ് മന്ദിരം വേണമെന്നും പറഞ്ഞാണ് ശതകോടികള്‍ മുടക്കി നരേന്ദ്രമോഡി പുതിയ പാര്‍ലമെന്റ് മന്ദിരം പണിഞ്ഞത്. അര്‍ധനഗ്ന സന്യാസിമാരുടെ പൂജാദികര്‍മ്മങ്ങള്‍, മോഡിയുടെ ചെങ്കോല്‍ നാട്ടല്‍ തുടങ്ങിയ നാടകങ്ങളും അരങ്ങേറി. ആ കനത്ത സുരക്ഷിത കവചങ്ങളുള്ള പുതുപാര്‍ലമെന്റ് മണ്ഡലത്തിലാണ് കലാപപ്പുക പടര്‍ന്നത്.

കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം സ്വേച്ഛാധിപത്യ പ്രവണതയോടെ, അഡാനിയെയും നരേന്ദ്രമോഡിയെയും പാര്‍ലമെന്റിനുള്ളിലും പുറത്തും നിശിതമായി വിമര്‍ശിച്ചിരുന്ന മഹുവമൊയ്‌ത്രയെ പുറത്താക്കി. പാര്‍ലമെന്റ് പോര്‍ട്ടലിന്റെ പാസ്‌വേഡ് കെെമാറുന്നത് സെെബര്‍ ആക്രമണത്തിനും ജനാധിപത്യ സ്തംഭനത്തിനും കാരണമാകുമെന്നായിരുന്നു ആക്ഷേപം. ഒരു പാസ്‌വേഡും വേണ്ടെന്ന് ഈ ഡിസംബര്‍ 13ന് രണ്ട് കലാപകാരികള്‍ തെളിയിച്ചു. വംശഹത്യയിലും വംശവിദ്വേഷത്തിലും വിദ്യാഭ്യാസ കാവിവല്‍ക്കരണത്തിലും വര്‍ഗീയ ഫാസിസത്തിലും അഭിരമിക്കുന്ന നരേന്ദ്രമോഡിയുടെ ഭരണകൂടത്തിന് രാജ്യസുരക്ഷ, പൗരാവകാശ സംരക്ഷണം എന്നിവ അജണ്ടയേ അല്ല. അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും പട്ടിണിയും വളരുമ്പോള്‍, ഫാസിസ്റ്റ് അജണ്ടകള്‍ അരങ്ങേറ്റപ്പെടുമ്പോള്‍ ‘ചെറുക്കുക നീ’ എന്ന് ഉച്ചത്തില്‍ നാം വിളിച്ചുപറയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.