8 September 2024, Sunday
KSFE Galaxy Chits Banner 2

അഞ്ച് നിയമസഭകളിലെ തെരഞ്ഞെടുപ്പ് നൽകുന്ന പാഠം

അഡ്വ. കെ പ്രകാശ്ബാബു
December 12, 2023 4:24 am

അഞ്ചുസംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ 2024ൽ നടക്കേണ്ടുന്ന പാർലമെന്റ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചൂണ്ടുപലകയായി വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ നിന്നും തെറിച്ചു. മധ്യപ്രദേശിൽ ബിജെപി ഭരണം നിലനിർത്തി. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വന്നു. മിസോറാമിൽ അധികാരത്തിലിരുന്ന എൻഡിഎ ഘടകകക്ഷിയെ പുറത്താക്കി പുതിയ ഒരു പ്രാദേശിക പാർട്ടിയായ സോറാം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിൽ വന്നു. മധ്യപ്രദേശിലൊഴികെ മറ്റെല്ലായിടവും ഭരണവിരുദ്ധ വികാരം ശക്തമായി തെരഞ്ഞെടുപ്പ് വിധിയെ സ്വാധീനിച്ചുവെന്നുവേണം കരുതാൻ. പോളിങ് പൂർത്തിയായശേഷം വിവിധ മാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോൾ പ്രവചനങ്ങൾ മിക്കവയും അപ്രസക്തവും അർത്ഥമില്ലാത്തതുമാണെന്നുകൂടി വെളിപ്പെടുത്തുന്നതായിരുന്നു ജനവിധി. ഫലപ്രഖ്യാപനത്തിനുശേഷം ഹിന്ദു ദിനപത്രത്തിന്റെ ഒരു റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടു. ആധികാരികത എന്തുതന്നെയായാലും ചില വസ്തുതകൾ ആ റിപ്പോർട്ട് വെളിച്ചത്തു കൊണ്ടുവന്നു. മധ്യപ്രദേശിലെ ഉയർന്ന ജാതി വിഭാഗത്തിന്റെ 21 ശതമാനം കോൺഗ്രസിന് ലഭിച്ചപ്പോൾ 74 ശതമാനം ബിജെപിയോടൊപ്പം നിന്നു. ദളിത് വിഭാഗത്തിന്റെ 45 ശതമാനവും ആദിവാസി വിഭാഗത്തിന്റെ 51 ശതമാനവും മുസ്ലിം വിഭാഗത്തിന്റെ 85 ശതമാനവും കോൺഗ്രസിനോടൊപ്പം നിന്നപ്പോൾ ബിജെപിയോടൊപ്പം യഥാക്രമം 33 ശതമാനം, 39 ശതമാനം, എട്ട് ശതമാനം മാത്രമേ ഈ വിഭാഗങ്ങൾ നിന്നിട്ടുള്ളു. ഒബിസി വിഭാഗം 35 ശതമാനം കോൺഗ്രസിന്റെ കൂടെയും 55 ശതമാനം ബിജെപിയുടെ കൂടെയുമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

 


ഇതുകൂടി വായിക്കൂ; മരമണ്ടന്‍ എലി തിരുപ്പതിയില്‍!


രാജസ്ഥാനിലാണെങ്കിൽ ഉയർന്ന ജാതിവിഭാഗങ്ങളുടെ 61 ശതമാനം ബിജെപിയോടൊപ്പം നിന്നപ്പോൾ അവരുടെ 32 ശതമാനം മാത്രമേ കോൺഗ്രസിനോടൊപ്പം നിന്നുള്ളു. ദളിത് വിഭാഗങ്ങളുടെ 48 ശതമാനവും ആദിവാസികളുടെ 35 ശതമാനവും മുസ്ലിം മതസ്ഥരുടെ 90 ശതമാനവും കോൺഗ്രസിനോടൊപ്പം നിന്നു. ഈ മൂന്ന് വിഭാഗങ്ങളുടെ യഥാക്രമം 33 ശതമാനം, 30 ശതമാനം, അഞ്ച് ശതമാനം മാത്രമേ ബിജെപിയോടൊപ്പം നിന്നിട്ടുള്ളു. ഒബിസി വിഭാഗത്തിന്റെ 45 ശതമാനം ബിജെപിയോടൊപ്പവും 33 ശതമാനം കോൺഗ്രസിനോടൊപ്പവും നിന്നുവെന്നും റിപ്പോർട്ടിൽ കാണാം. ഛത്തീസ്ഗഢുമായി ബന്ധപ്പെട്ട റിപ്പോർട്ടിലും ആദിവാസി വിഭാഗത്തിലുണ്ടായ ചെറിയ വ്യത്യാസം ഒഴിവാക്കിയാൽ സ്ഥിതി ഏറെക്കുറെ സമാനമാണ്.
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നടത്തിയ ”ഭാരത് ജോഡോ” യാത്ര കോൺഗ്രസിന് സംഘടനാപരമായി ഒരു പുത്തനുണർവ് നൽകിയെങ്കിലും അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാനും വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ വിശകലനം ചെയ്യാനും വിലയിരുത്താനും ഇന്ത്യൻ ഫാസിസത്തിന്റെ യഥാർത്ഥ രൂപവും ഭാവവും മനസിലാക്കാനും കോൺഗ്രസിന് കഴിയുന്നില്ല. മൃദുഹിന്ദുത്വ നിലപാടുകൾ പലപ്പോഴും സ്വീകരിക്കുന്ന കോൺഗ്രസ് സൗകര്യം പോലെ ചങ്ങാത്തമുതലാളിത്തത്തിന്റെയും പൊതുമേഖലാ വിറ്റഴിക്കലിന്റെയും വക്താക്കളായി മാറുന്നു. നെഹ്രുവിന്റെ സാമ്പത്തികനയങ്ങളും വിദേശ നയങ്ങളും തെറ്റായിരുന്നുവെന്ന് പ്രവൃത്തികളിൽക്കൂടി പറയാതെ പറയുന്നു. നെഹ്രുവിന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ഇന്നത്തെ കോൺഗ്രസ് പൂർണമായും, ഫലത്തിൽ തള്ളിക്കളയുന്നു. വി പി സിങ് സര്‍ക്കാരിന്റെ കാലഘട്ടം മുതൽ ഇങ്ങോട്ട് സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എത്രത്തോളം പുറകോട്ടുപോയി എന്നതും കോൺഗ്രസ് ഒരു പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങളും യുവനേതൃത്വങ്ങളുടെ അതൃപ്തിയും എഐസിസി നേതൃത്വത്തിന്റെ കെല്പില്ലായ്മയും ഘടകങ്ങളായിരിക്കാം. എന്നാൽ രാജ്യത്തെ 28 പ്രതിപക്ഷ പാർട്ടികൾ ചേർന്നു രൂപീകരിച്ച ”ഇന്ത്യ” മുന്നണിയെ വിട്ടുവീഴ്ചകളോടെ കൂടെക്കൂട്ടാന്‍ കോൺഗ്രസിന് കഴിയാതെ പോയി.


ഇതുകൂടി വായിക്കൂ; രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിച്ചത് പരാജയ കാരണം


 

‘ഇന്ത്യ’ മുന്നണിക്കു നേതൃത്വം നൽകുന്ന ഒരു പാർട്ടിയെന്ന നിലയിൽ രാജസ്ഥാൻ‑മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ മുന്നണി സംവിധാനം ഉലയാതെ നോക്കണമായിരുന്നു. ഛത്തീസ്ഗഢിൽ സിപിഐ സംസ്ഥാന സെക്രട്ടറി മനീഷ് കുഞ്ചാം കോണ്ട അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച് 29,000ത്തിലധികം വോട്ടു കരസ്ഥമാക്കിയപ്പോൾ ബിജെപി സ്ഥാനാർത്ഥി മുപ്പതിനായിരത്തിലധികം വോട്ടുകൾ നേടി. വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 32000ത്തിലധികം വോട്ടുകളും കിട്ടി. ‘ഇന്ത്യ’ മുന്നണിയുടെ 62,000ത്തിലധികം വരുന്ന വോട്ടുകളാണ് ഇവിടെ ഭിന്നിച്ചത്. സിപിഐ ഛത്തീസ്ഗഢിൽ സഖ്യമില്ലാതെ ഒറ്റയ്ക്കാണ് മത്സരിച്ചത്. മധ്യപ്രദേശിലെ 10 മണ്ഡലങ്ങളിലെങ്കിലും സമാജ്‌വാദി പാർട്ടിക്ക് കരുത്തു തെളിയിക്കാൻ കഴിഞ്ഞു. രാജസ്ഥാനിലും തെലങ്കാനയിലും ചില സീറ്റുകളിൽ സിപിഐഎമ്മിന് അവരുടെ വോട്ടുവിഹിതം ശക്തമായി പ്രകടിപ്പിക്കാൻ കഴിഞ്ഞു. തെലങ്കാനയിൽ വിജയിച്ച സിപിഐ സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം തന്നെ 26,000ത്തിലധികമാണ്. മറ്റു പല മണ്ഡലങ്ങളിലും ഏറിയും കുറഞ്ഞും ‘ഇന്ത്യ’ മുന്നണിയിലെ പാർട്ടികൾ, ഇടതുപാർട്ടികൾ ഉൾപ്പെടെ ഗണ്യമായ തോതിൽ വോട്ട് കരസ്ഥമാക്കിയതായി കാണാം. ‘ഇന്ത്യ’യുടെ കെട്ടുറപ്പ് ഭദ്രമാക്കുന്നതിനു പകരം കോണ്‍ഗ്രസ്, സംസ്ഥാന നേതാക്കളുടെ അത്യാഗ്രഹത്തിനു വഴങ്ങിയതുകൊണ്ടും മുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം മനസിലാക്കാത്തതുകൊണ്ടും ബിജെപിക്ക് ലഭിച്ചത് മൂന്ന് സംസ്ഥാനങ്ങളുടെ ഭരണമാണ്. അതിന്റെ ഗൗരവം മനസിലാക്കി ദേശീയ കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്ത് മുന്നോട്ടുപോയാൽ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ നിശ്ചയമായും കഴിയും. അതിനുള്ള വിവേകം കൂടുതൽ വോട്ടു വിഹിതമുള്ള കോൺഗ്രസ് പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. സമ്പന്നവർഗ താല്പര്യങ്ങൾ സംരക്ഷിക്കാൻ വെമ്പൽകൊണ്ടു നടക്കുന്ന കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളും മൃദുഹിന്ദുത്വ സാമൂഹ്യ കാഴ്ചപ്പാടും തിരുത്തിയെങ്കിൽ മാത്രമേ ‘ഇന്ത്യ’ മുന്നണികൊണ്ടും ഫലമുണ്ടാവുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.