20 November 2024, Wednesday
KSFE Galaxy Chits Banner 2

വര്‍ധിക്കുന്ന തൊഴിലില്ലായ്മയുടെ വര്‍ത്തമാനം

ഡോ. ഗ്യാന്‍ പഥക്
January 10, 2024 4:28 am

പൊതുതെരഞ്ഞെടുപ്പ് പടിവാതിലില്‍ മുട്ടിനില്‍ക്കുകയാണ്. വ്യാജപ്രചാരണവും വീണ്‍വാക്കുകളും വര്‍ഗീയതയും മാത്രമായി ഭരണകൂടം കള്ളത്തരങ്ങളുടെ വായ് പിളര്‍ന്നിരിക്കുന്നു. നഗര തൊഴിലില്ലായ്മ കുത്തനെ ഉയരുകയാണ്. ദാരിദ്ര്യവും പട്ടിണിയും ചുറ്റിവരിയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള പൊങ്ങച്ചത്തിന്റെ പൊള്ളത്തരം വീണ്ടും വെളിപ്പെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കണ്‍കെട്ട് വിദ്യയുടെ ഭാഗമായി തൊഴിലവസരങ്ങള്‍ ഒരുക്കുന്നതില്‍ മോഡി സർക്കാർ ഗൗരവത്തോടെയാണ് പെരുമാറിയതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുതകുന്ന കണക്കുകളും പുറത്തുവരുന്നു. എന്നാല്‍ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) കണക്കുകളനുസരിച്ച് നഗര തൊഴിലില്ലായ്മ നിരക്ക് 2023 നവംബറിൽ 9.31 ശതമാനവും ഡിസംബറിൽ 10. 08 ശതമാനവും ഉയര്‍ന്നു. ഇതേ കാലയളവിൽ ഗ്രാമീണ തൊഴിലില്ലായ്മ 8.68 ശതമാനത്തിൽ നിന്ന് 7.97 ശതമാനമായി കുറഞ്ഞു. ഖാരിഫ് വിളകളുടെ കൊയ്ത്ത്, റാബി വിതയ്ക്കൽ എന്നിങ്ങനെ തിരക്കുകാലമാണ് കാരണം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പോലും 5.8 ശതമാനം ഇടിവിന് ഇത് വഴിയായി.

 


ഇതുകൂടി വായിക്കൂ; വികസിത് ഭാരത് സ്വപ്നങ്ങളും കാർഷിക സമ്പദ്ഘടനയും


പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ തൊഴിലവസരങ്ങൾ ഒരുക്കുന്നതില്‍ ജനങ്ങള്‍ക്കൊപ്പമെന്ന് ഘോഷിച്ച് രാജ്യത്തുടനീളം തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നു. നിയമന ഉത്തരവുകള്‍ വിതരണം ചെയ്യുന്നു. പക്ഷെ, പിന്നിലെ കാപട്യം ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. കൂടുതലായി ഒന്നുമില്ല. “ടോക്കണിസം” മാത്രം. രാജ്യത്ത് തൊഴിലില്ലായ്മ ഭയാനകമായി തുടരുന്നു. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവാട്ടെ നാഷണൽ കരിയർ സർവീസിന്റെ (എന്‍സി എസ്) “നൂതന പതിപ്പ് എന്‍സിഎസ് 2.0 ” പുറത്തിറക്കുന്നത് ആവര്‍ത്തിക്കുന്നു. തൊഴിൽ അന്വേഷകർക്ക് മികച്ച തൊഴിൽ കണ്ടെത്തുന്നതിനും തിരച്ചില്‍ സുഗമമാക്കുന്നതിനും പുതിയ പതിപ്പ് പ്രയോജനപ്പെടുമെന്നാണ് അവകാശവാദം.
ഇതോടൊപ്പം ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നൈപുണ്യവും കഴിവുകളും പ്രയോജനപ്പെടുത്താനുതകുന്ന വഴികള്‍ ചൂണ്ടിക്കാട്ടുന്ന സംവിധാനവും പ്രവര്‍ത്തിക്കും. കൃത്രിമ ബുദ്ധിയും മെഷീൻ ലേണിങ്ങും ഇവിടെ ഉപയോഗിക്കും. ” തൊഴിൽ മേഖലയെക്കുറിച്ചുള്ള സർക്കാർ വിവരണം ഇതില്‍ അവസാനിപ്പിക്കാനാണ് കേന്ദ്രമന്ത്രിയുടെ തിടുക്കം.
തൊഴിലില്ലാത്തവർക്ക് തൊഴിൽ നൽകാമെന്ന് പറഞ്ഞ് മുഴുവൻ ഉത്തരവാദിത്തങ്ങളും സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ഇതിലൂടെ പരിശ്രമം.
“തൊഴിൽ പരിഷ്കാരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കണം. എന്‍സിഎസ് 2.0 രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ബന്ധിപ്പിക്കും. വിവിധ സ്വകാര്യ തൊഴില്‍ പോർട്ടലുകളുമായി സംയോജിപ്പിക്കും.
കേന്ദ്രമന്ത്രിയുടെ എന്‍സി എസ് 2.0 പ്രഖ്യാപനം വോട്ടർമാരെ വശീകരിക്കാനുള്ള മറ്റൊരു മുഖംമൂടി മാത്രമാണ്. എന്‍സിഎസ് പദ്ധതി കരിയർ സംബന്ധിയായും വിവിധ തൊഴിൽ മേഖലകളുമായി കൂട്ടിച്ചേര്‍ത്തുള്ള സേവനങ്ങൾ നൽകുന്നതിനായി 2015 ജൂലൈയിലാണ് ആരംഭിച്ചത്. കൗൺസിലിങ്, വൊക്കേഷണൽ ഗൈഡൻസ്, നൈപുണ്യ വികസന കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ, അപ്രന്റീസ്ഷിപ്പ് കൂടാതെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള ഇന്റേൺഷിപ്പുകളും അറിയാന്‍ സൗകര്യമൊരുക്കിയിരുന്നു.
എന്‍സിഎസ് പ്ലാറ്റ്ഫോമിൽ 2023 നവംബർ 30 വരെ 3.64 കോടി തൊഴിലന്വേഷകരും 19.15 ലക്ഷം തൊഴിലുടമകളും സജീവമായിരുന്നു. ഏകദേശം 1.92 കോടി ഒഴിവുകളും. ഒരു മാസത്തിനുള്ളിൽ പോലും, പോർട്ടൽ ഏകദേശം 13.5 ലക്ഷം. സജീവമായ ഒഴിവുകൾ രജിസ്റ്റർ ചെയ്തു. സ്കിൽ ഇന്ത്യ പോർട്ടൽ, ഉദ്യം പോർട്ടൽ, എംഎസ്എംഇ, ഇ‑ശ്രാം, ഇപിഎഫ്ഒ, ഇഎസ്ഐസി, ഡിജിലോക്കര്‍ തുടങ്ങിയവയുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്.
ഈ പ്രോഗ്രാമുകളടക്കമുള്ളവ 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തിൻ കീഴില്‍ എന്തായി? സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി(സിഎംഐഇ) ഡാറ്റ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 2023 ഡിസംബർ 8.65 ശതമാനമാണ് . എന്നാൽ, തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്വകാര്യ വിവരങ്ങളെ ആശ്രയിക്കേണ്ടതില്ല എന്നാണ് കേന്ദ്ര നിലപാട്. സർക്കാരാകട്ടെ തത്സമയ വിവരങ്ങള്‍ നൽകുന്നുമില്ല. തൊഴിൽ വിപണിയെ അടുത്തറിയാൻ സിഎംഐഇ ഡാറ്റയാണ് ആശ്രയം.


ഇതുകൂടി വായിക്കൂ; അഡാനിയെ വെള്ളപൂശുന്ന കോടതി വിധി


തൊഴില്‍ പങ്കാളിത്ത നിരക്ക് (എൽപിആർ) 2022 ഡിസംബറിൽ 41.88 ശതമാനം മാത്രമായിരുന്നു. അതായത് ഭൂരിപക്ഷം തൊഴിലാളികൾക്കും ജോലി ഇല്ല എന്ന് അര്‍ത്ഥം. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കോ 12.08 ശതമാനം മാത്രവും. 10 ദശലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന വാഗ്ദാനത്തിന് ശേഷമാണ് 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിൽ വന്നത് . തൊഴിലില്ലായ്മ നിരക്ക് 2012ലെ 2.1 ശതമാനത്തിൽ നിന്ന് ഉയർന്ന് 2018ൽ 6.1 ശതമാനത്തില്‍ എത്തി. ഇത് പോയ 45 വർഷങ്ങളില്‍ ഏറ്റവും ഉയര്‍ന്നതായിരുന്നു.
നവംബറിൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഗവൺമെന്റ് പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ(പിഎല്‍എഫ്എസ്) ത്രൈമാസ ബുള്ളറ്റിന്‍ പ്രകാരം 2023 ജൂലൈ-സെപ്റ്റംബർ കാലയളവിൽ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമാണ്. പ്രതിവാര വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണിത്.
ഗ്രാമപ്രദേശങ്ങളിലെ ത്രൈമാസ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നില്ല. 2022–23ലെ പ്രതിവാര കണക്കുകളുടെ അടിസ്ഥാനത്തിൽ 5.1 ശതമാനമായിരുന്നു തൊഴിലില്ലായ്മ. എന്നാല്‍ 2022–23ൽ തൊഴിലില്ലായ്മ 3.2 ശതമാനം മാത്രമാണ് എന്നാണ് കേന്ദ്ര നിലപാട്. തൊഴിലില്ലായ്മ ഗണ്യമായി കുറഞ്ഞുവെന്ന കഥ മെനയാന്‍ കേന്ദ്രം വ്യഗ്രതപ്പെടുമ്പോള്‍, സാധാരണ നിലയിലും പ്രതിവാര കണക്കുകളിലും കാണാൻ കഴിയുന്നത് പരസ്പരവിരുദ്ധ വിവരങ്ങളാണ്.
2015ൽ മോഡി സർക്കാർ ദേശീയ നൈപുണ്യ നയം കൊണ്ടുവന്നു. 2.3 ശതമാനം മാത്രമാണ് വിദഗ്ധ തൊഴിലാളികളെന്ന് അതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വൈദഗ്ധ്യത്തിന്റെ അഭാവത്തില്‍ ഭൂരിഭാഗം തൊഴിലാളികളും തൊഴിൽരഹിതരായിരുന്നു . 2022–23ൽ ഔപചാരികമായി നൈപുണ്യമുള്ളവർ 2.4 ശതമാനം മാത്രമായിരുന്നു. 2018–2023 കാലയളവിൽ വൈദഗ്ധ്യമുള്ള ആളുകൾക്ക് ലഭിച്ചതായി പിഎംകെവിവൈ ഡാറ്റ വ്യക്തമാക്കുന്നത് 14 ശതമാനം മാത്രമാണ്.
ഔപചാരികമായി വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മ നിരക്ക് 2012ൽ 18.5 ശതമാനമായിരുന്നു. 2018ൽ 33 ശതമാനം വരെ അത് ഉയർന്നു. 2020ലെ ലോക്ഡൗണുകൾക്ക് ശേഷം 2023 ജൂൺ വരെ, ഏകദേശം 60 ദശലക്ഷം തൊഴിലാളികളെ കാര്‍ഷിക മേഖലയുടെ ഭാഗമാക്കി കാട്ടി. ചുരുക്കത്തില്‍ സർക്കാരിന് ശരിയായ തൊഴില്‍ പരിശീലനമോ ദിശാബോധമോ നൽകാൻ കഴിയുന്നില്ല എന്നു വ്യക്തമാകുന്നു.
“വികസിത് ഭാരത്” പദ്ധതികൾക്ക് കീഴിൽ മികച്ച വളര്‍ച്ചാ നിരക്കില്‍ ഉയർന്ന സാമ്പത്തിക ശേഷിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നാണ് പറച്ചില്‍. എന്നാല്‍ ഇന്നത്തെ വളർച്ചാ മാതൃക നാമമാത്ര തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കുന്നത്. സാങ്കേതിക മുന്നേറ്റങ്ങളും ഓട്ടോമേഷനും കൃത്രിമ ബുദ്ധിയുടെ കടന്നുകയറ്റവും ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾക്ക് ഭീഷണിയാണ്. തൊഴിൽ വിപണിയിലെ പ്രതിസന്ധിക്ക് ആത്മാര്‍ത്ഥമായ ഇടപെടല്‍ അനിവാര്യമാണ്.
(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.