4 January 2025, Saturday
KSFE Galaxy Chits Banner 2

അരുൺ ഗോയലിന്റെ രാജി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ജയ്സണ്‍ ജോസഫ്
March 13, 2024 4:30 am

പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനിൽ അവശേഷിക്കുന്നത് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രം. മറ്റൊരു കമ്മിഷണറായ അനുപ് ചന്ദ്ര പാണ്ഡെയുടെ കാലാവധി ഫെബ്രുവരിയിൽ കഴി‍ഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് കമ്മിഷനിൽ രണ്ട് ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് ചുരുക്കം. അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയെക്കുറിച്ച് ഊഹാപോഹങ്ങളും സ്ഥിരീകരണമില്ലാത്ത വാര്‍ത്തകളും അന്തരീക്ഷത്തിലേറെയുണ്ട്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും തുല്യം നരേന്ദ്ര മോഡി ഭരണത്തിന്‍ കീഴിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനവും എന്ന് അടിവരയിടാം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യതയെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആശങ്കകൾ വർധിക്കുകയാണ്. ഡിസംബറിൽ പാർലമെന്റ് പാസാക്കിയ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനിൽ അംഗങ്ങളെ കണ്ടെത്താനുള്ള സമിതിയിൽ പ്രധാനമന്ത്രി അധ്യക്ഷനും പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ പ്രതിനിധി, പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്ര ക്യാബിനറ്റ് മന്ത്രി എന്നിവര്‍ അംഗങ്ങളുമായിരിക്കും. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ മോഡിക്കും അദ്ദേഹത്തിന്റെ സഹപ്രവർത്തകനും 2–1 ഭൂരിപക്ഷം ഉറപ്പാക്കുന്നു സമിതിയുടെ ഘടന.


ഇതുകൂടി വായിക്കൂ: മുട്ടിടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ


മാർച്ച് നാലിന്, മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിനൊപ്പം അരുൺ ഗോയലും പശ്ചിമ ബംഗാളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ, പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ അടുത്ത ദിവസം, കൊൽക്കത്തയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗോയൽ പങ്കെടുത്തില്ല, “ആരോഗ്യപരമായ കാരണങ്ങളാൽ” ഗോയൽ എത്തിയില്ല എന്നതായിരുന്നു വിശദീകരണം. ഇതുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഉന്നയിക്കുന്നു. ‘കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനു പിന്നാലെ എന്തുകൊണ്ട് അരുൺ ഗോയൽ രാജിവച്ചു‘വെന്ന് മഹുവ ചോദിക്കുന്നു. പര്യടനം ചുരുക്കി പെട്ടെന്ന് ഗോയൽ കൊൽക്കത്ത വിട്ട കാര്യവും മഹുവ സൂചിപ്പിച്ചിട്ടുണ്ട്. ബംഗാളിലെ തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ, സൈനിക വിന്യാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിന്റെ നിർദേശം ആരാണ് എതിർത്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറോ അതോ അരുൺ ഗോയലോ? ആജ്ഞാനുവർത്തികളെയാകും ഒഴിവുള്ള സ്ഥാനത്ത് നിയമിക്കാൻ പോകുന്നതെന്നും മഹുവ ആരോപിക്കുന്നു.


ഇതുകൂടി വായിക്കൂ:  സുപ്രീം കോടതി വിധി മോഡി സര്‍ക്കാരിനേറ്റ അടി


രാജിയെത്തുടർന്ന് ഗോയൽ വിശുദ്ധിയുടെ വിളനിലമായി എന്ന ധ്വനിയിൽ ചില ചോദ്യങ്ങളും ചിലരൊക്കെ ചോദിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടും ഫലപ്രാപ്തിയെക്കുറിച്ചും ഗോയൽ സംശയം പ്രകടിപ്പിച്ചോ? ഇലക്ഷൻ ബോണ്ടിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താതിരിക്കാൻ ഭരണകൂടം എസ്ബിഐയിൽ സമ്മർദം ചെലുത്തിയതിൽ അദ്ദേഹം ആശങ്ക തുറന്നുപറഞ്ഞോ? ഭരണകക്ഷിയുടെ കുതന്ത്രങ്ങൾക്ക് വഴിയൊരുക്കാൻ ഗോയലിനെ നിർബന്ധിച്ചോ? തുടങ്ങിയ ചോദ്യങ്ങളാണുയരുന്നത്. ചോദ്യങ്ങളെല്ലാം ആവശ്യമില്ലാത്തതെന്നും മോഡിയുടെ വിശ്വസ്തനായ ഗോയൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എന്നും സൂചനകൾ വരുന്നുണ്ട്.

കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായയുടെ വഴിയേയാണ് അരുൺ ഗോയൽ സഞ്ചരിക്കുന്നതെന്നാണ് അടക്കം. കൽക്കട്ട ജഡ്ജി ഏതാനും ദിവസങ്ങൾക്കു മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാനാണ് രാജിവച്ചിറങ്ങിയത്. മോഡി സർക്കാരുമായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുമായുമുള്ള ഭിന്നതയാണോ ഗോയലിന്റെ പ്രകോപനമെന്ന സംശയവും ഉയരുന്നുണ്ട്. ഹെവി ഇൻഡസ്ട്രീസ് സെക്രട്ടറിയായിരുന്നു ഗോയൽ. ഡിസംബർ 31 വരെ സർവീസ് കാലാവധി ഉണ്ടായിരിക്കെ നവംബർ 18ന് സ്വമേധയാ വിരമിച്ചു. നവംബർ 19ന് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സുപ്രീം കോടതിയിൽ ഗോയലിന്റെ നിയമനത്തെ ചോദ്യം ചെയ്തു. എന്നാൽ, കോടതി നിയമനം റദ്ദാക്കണമെന്ന ഹർജി തള്ളി.


ഇതുകൂടി വായിക്കൂ:  തെരഞ്ഞെടുപ്പ് കമ്മിഷനെ വരുതിയിലാക്കി കേന്ദ്രം


തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ നിയമവും ഗോയലിന്റെ നിയമനവും ഇപ്പോഴുള്ള രാജിയും എല്ലാം മോഡിയുടെ ഭരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിലെ സുതാര്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും അഭാവത്തെക്കുറിച്ചുള്ള ആശങ്കകള്‍ പ്രതിഫലിപ്പിക്കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, മോഡിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരായ മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ചുള്ള പരാതികളിൽ മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ സഹപ്രവർത്തകരുടെ തീരുമാനങ്ങളോട് വിയോജിച്ച് തീരുമാനമെടുത്തു. ഇത് തെരഞ്ഞെടുപ്പ് കമ്മിഷനുള്ളിൽ സംഘർഷത്തിന് വഴിയായി. രണ്ട് നേതാക്കൾക്കും തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ അഞ്ച് ക്ലീൻ ചിറ്റുകളെ ലവാസ എതിർത്തു. തന്റെ തീരുമാനങ്ങൾ രേഖപ്പെടുത്താത്ത സ്ഥിതിയിൽ കമ്മിഷണർമാരുടെ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ലവാസ കത്തെഴുതി. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, കണക്കിൽപ്പെടാത്ത പണം ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ചുവെന്നാരോപിച്ച് ലവാസയുടെ ഭാര്യക്കും മകനും സഹോദരിക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. ആരോപണങ്ങളിൽ നിന്ന് 2020 ഫെബ്രുവരിയിൽ ലവാസയുടെ കുടുംബാംഗങ്ങളെ കുറ്റവിമുക്തരാക്കിയെങ്കിലും ഓഗസ്റ്റിൽ ലവാസ രാജിവച്ചു. സത്യസന്ധതയുടെ വിലയെന്ന് അടിക്കുറിപ്പുകളിറങ്ങി. മോഡി ഭരണകൂടം ഒന്നുമറിഞ്ഞതേയില്ല.


ഇതുകൂടി വായിക്കൂ: രഥ പ്രഭാരി വിവാദവും തെരഞ്ഞെടുപ്പ് കമ്മിഷനും


2019ലെ തെരഞ്ഞെടുപ്പുവേളയിൽ നമോ ടിവിയിൽ വോട്ടർമാരെ സ്വാധീനിക്കുന്ന പരിപാടികൾ ഉൾപ്പെടെ സംപ്രേഷണം ചെയ്യുന്നത് തടയുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പരാജയപ്പെട്ടു. 2019 ഏപ്രിലിൽ, തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, വിവിധ സ്ഥലങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി അതത് മേഖലയെക്കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയയ്ക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന സർക്കാർ നിർദേശം പുറത്തിറക്കി. ഇത് സംവിധാനത്തിന്റെ ദുരുപയോഗമല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട്. അവസാനഘട്ട പോളിങ്ങിന് മുന്നോടിയായി, കൊൽക്കത്തയിലെ ഒരു കോളജിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പശ്ചിമ ബംഗാളിലെ പ്രചാരണം നിശ്ചയിച്ചതിന് ഒരു ദിവസം മുമ്പ് അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അക്രമത്തിന് ശേഷം 48 മണിക്കൂർ പ്രചാരണം തുടരാൻ പിന്നീട് കമ്മിഷൻ അനുമതി നൽകി. മോഡിയുടെ ഷെഡ്യൂൾ ചെയ്ത രണ്ട് റാലികൾ തുടരാനും അനുവദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയടക്കം പ്രതിച്ഛായ സമൂഹത്തിൽ ഇടിഞ്ഞതായി മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ എസ് വൈ ഖുറൈഷി കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുൻ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി എസ് കൃഷ്ണമൂർത്തി “തെരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ പ്രവർത്തനത്തിലൂടെ വിശ്വാസ്യത തെളിയിക്കേണ്ടതുണ്ട്, സ്വതന്ത്രവും നീതിയുക്തവുമല്ല എന്ന ധാരണ തിരുത്തേണ്ടതുണ്ട്” എന്ന് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ സ്വതന്ത്രമായ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ “അധരസേവനം” മാത്രമാണ് വാഗ്ദാനം ചെയ്യുന്നതെന്ന സുപ്രീം കോടതി നിരീക്ഷണം മോഡി ഭരണത്തിൽ അച്ചട്ടായി തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.