ഒരു ദശാബ്ദം ഇന്ത്യ ഭരിച്ച മൻമോഹൻ സിങ്ങിനെ 2014ല്‍ നരേന്ദ്ര മോഡി താഴെയിറക്കുമ്പോൾ, ബിജെപിയുടെ സീറ്റ് നില 282 ആയിരുന്നു. അവിടെ നിന്ന് 2019 എത്തിയപ്പോള്‍ 303 ലേക്കുള്ള കുതിച്ചുചാട്ടമുണ്ടായി. ഇത്തവണ തങ്ങൾ ലക്ഷ്യമിടുന്നത് 400 സീറ്റാണെന്ന് ബിജെപിയും നരേന്ദ്ര മോഡിയും അവകാശപ്പെടുന്നു. രാജ്യത്തെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കുമെന്ന വാഗ്ദാനത്തോടെയാണ് 400 എന്ന ലക്ഷ്യം മോഡിയും അനുചരരും ഉദ്ഘാേഷിക്കുന്നത്. പക്ഷേ പുറമേ കാണിക്കുന്ന ഈ ആവേശം ഉള്ളിലെ വിറയല്‍ മറയ്ക്കാനാണ്. 2004ന്റെ തനിയാവര്‍ത്തനമാകുമോ 2024 എന്ന ഭീതി സംഘ്പരിവാറിനെ നന്നായി അലട്ടുന്നുണ്ട്. അന്ന് ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനിറങ്ങിയ വാജ്പേയ് സര്‍ക്കാരിനെ ജനം പുറത്താക്കി. സമാനമായ ‘തിളക്ക’മാണ് ഇപ്പോഴത്തെ ‘സാമ്പത്തിക മുന്നേറ്റ’മെന്ന് മോഡി സംഘത്തിനറിയാം. സദൃശമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് മിക്കസംസ്ഥാനങ്ങളിലുമുള്ളത്.
1998ല്‍ അധികാരമേറ്റ എ ബി വാജ്‌പേയ് സര്‍ക്കാരിന്റെ കാലവധി 2004ല്‍ പൂര്‍ത്തിയാകുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ സഖ്യം അധികാരത്തിലെത്തി. എത്ര കണക്കുകൂട്ടലുകള്‍ നടത്തിയാലും തെറ്റിപ്പോകാമെന്ന് അന്ന് പഠിച്ച ബിജെപിയുടെ ഇപ്പോഴത്തെ ആശങ്ക ചെറുതല്ല. അതുകൊണ്ടാണവര്‍ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ഇടയ്ക്കിടെ മാറ്റുന്നത്. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങളും വലവീശലും വിലപേശലും നടത്തി ചെറുപാര്‍ട്ടികളുടെ വോട്ട് പരമാവധി ഒപ്പം നിര്‍ത്താന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നതും അതുകാെണ്ടാണ്. ബിഹാറിൽ ആർജെഡിയും ബംഗാളിൽ ഇടതുപക്ഷവും തമിഴ്‌നാട്ടിൽ ഡിഎംകെയും മഹാരാഷ്ട്രയിലും ആന്ധ്രയിലും കോൺഗ്രസും നടത്തിയ മികച്ച പ്രകടനങ്ങളാണ് 2004ല്‍ ബിജെപിയുടെ അടിത്തറയിളക്കിയത്. ഇത്തവണ ഈ സംസ്ഥാനങ്ങളില്‍ മാത്രമല്ല, മറ്റു പലയിടത്തും ബിജെപി വിരുദ്ധ ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ശക്തമാണ്. മാത്രമല്ല, അന്നത്തേതിനെക്കാള്‍ വിപുലമാണ് ബിജെപിക്കുള്ളിലെ അധികാരത്തര്‍ക്കം.
ബിഹാർ, കർണാടക, ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഫലം ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്. യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഈ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സഖ്യത്തെ ഏതുവിധേനയും മറികടക്കുക എന്നതാണ് അവരുടെ പ്രധാന അജണ്ട. 123 സീറ്റുകളാണ് ഈ സംസ്ഥാനങ്ങളിലുള്ളത്. 2022ൽ ജെഡിയു എൻഡിഎ മുന്നണി വിട്ടപ്പോൾ 17 സീറ്റുകള്‍ ബിജെപി സഖ്യത്തിന് ബിഹാറില്‍ നഷ്ടമായി. ഇപ്പോഴും ജെഡിയു മഹാസഖ്യത്തിനൊപ്പമായിരുന്നെങ്കിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നേനെ. രാമക്ഷേത്രം കൊണ്ട് മാത്രം അത് മറികടക്കാനാകില്ല എന്ന തിരിച്ചറിവാണ് നിതീഷ് കുമാറിനെ തിരികെവിളിക്കാന്‍ നരേന്ദ്ര മോഡിയെയും അമിത് ഷായെയും പ്രേരിപ്പിച്ചത്. ബിഹാറിലെ ഇന്ത്യ സഖ്യത്തിലെ വിള്ളല്‍ മറ്റു സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ കണക്കുകൂട്ടുന്നു.
കര്‍ണാടകയില്‍ 28ൽ 25 സീറ്റ് കഴിഞ്ഞ തവണ ബിജെപി നേടി. എന്നാല്‍ 2023ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി അവരെ അസ്വസ്ഥരാക്കുന്നു. പാർട്ടി വിട്ട ജഗദീഷ് ഷെട്ടാർ അടക്കമുള്ള പ്രമുഖ നേതാക്കളെ തിരികെയെത്തിക്കുന്നതിലാണ് ബിജെപിയുടെ പ്രധാന ശ്രദ്ധ. നിയമസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട് കോൺഗ്രസിലെത്തുകയും പിന്നീട് മാതൃസംഘടനയിലേക്ക് മടങ്ങുകയും ചെയ്ത ജഗദീഷ് ഷെട്ടാര്‍ ആവശ്യപ്പെട്ട ലോക്‌സഭാ സീറ്റ് ദേശീയ നേതൃത്വം അനുവദിച്ചില്ല. ഹുബ്ബള്ളി-ധാർവാഡ്, ഹാവേരി മണ്ഡലങ്ങളാണ് ആവശ്യപ്പെട്ടത്. ആദ്യഘട്ട പട്ടികയിൽ ഈ രണ്ടു മണ്ഡലങ്ങളിലും മറ്റു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബെലഗാവി മണ്ഡലം നൽകാൻ ബിജെപി തയ്യാറാണെങ്കിലും ജയസാധ്യത കുറവായതിനാൽ ഷെട്ടാര്‍ ഇടഞ്ഞു. മകൻ കാന്തേഷിനു വേണ്ടി പ്രതീക്ഷിച്ച ഹാവേരി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ മുതിര്‍ന്ന നേതാവ് ഈശ്വരപ്പ നേതൃത്വത്തിന് നേരെ തിരിഞ്ഞിരിക്കുന്നു.
ബിജെപിയും ജനതാദൾ എസും തമ്മിലുള്ള തർക്കവും സീറ്റുചർച്ചയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബിജെപി ജയിച്ച കോലാർ സീറ്റ് വേണമെന്നാണ് ജെഡിഎസ് ആവശ്യപ്പെടുന്നത്. ഈ സീറ്റ് ലഭിച്ചില്ലെങ്കിൽ, മാണ്ഡ്യ, ഹസൻ, കോലാർ എന്നി മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥിയെ നിർത്താനാണ് ജെഡിഎസിന്റെ തീരുമാനം. ഛത്തീസ്ഗഢില്‍ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ഇന്ത്യ മുന്നണിയുടെ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
മഹാരാഷ്ട്രയിലും എൻഡിഎ സീറ്റ് ചർച്ചകൾ പ്രതിസന്ധിയിലാണ്. ബരാമതി, മാധ, സതാറ സീറ്റുകളെച്ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം. ആദ്യ സ്ഥാനാർത്ഥിപ്പട്ടികയിൽ സതാറയിൽ നിലവിലെ എംപി ഉദയൻരാജെ ഭോസ്‌ലെയുടെ പേര് ഉൾപ്പെടാത്തതിൽ അനുയായികൾ കടുത്ത പ്രതിഷേധത്തിലാണ്. ബിജെപി നേതാവ് വിജയസിങ് മൊഹിതെ പാട്ടീൽ, എൻസിപി അജിത് പവാർ വിഭാഗത്തിലെ രാംരാജ് നിംബാൽക്കർ എന്നിവരും സീറ്റില്‍ നോട്ടമിട്ടിട്ടുണ്ട്.
ബരാമതിയിൽ ഷിൻഡെ പക്ഷം ശിവസേനയും അജിത് പവാറിന്റെ എൻസിപിയും തമ്മിലാണ് പിടിവലി. മുൻമന്ത്രിയും മുതിർന്ന നേതാവുമായ വിജയ് ശിവ്താരെയെയാണ് ഷിൻഡെ പക്ഷം ഉയർത്തിക്കാട്ടുന്നത്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ സ്ഥാനാർത്ഥിയാക്കാനാണ് എൻസിപി ലക്ഷ്യമിടുന്നത്. ബിജെപിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട്, സീറ്റ് നിഷേധിക്കപ്പെടുന്ന നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടിവിടുന്ന പ്രവണത മുമ്പെന്നത്തെക്കാളും കൂടുതലാണ്. ഹരിയാനയില്‍ ഹിസറിൽനിന്നുള്ള എംപി ബ്രിജേന്ദ്ര സിങ് കഴിഞ്ഞദിവസം കോൺഗ്രസിലെത്തി. ജാട്ട് വിഭാഗത്തിൽ ഏറെ സ്വാധീനമുള്ള നേതാവായ ഇദ്ദേഹം മുതിര്‍ന്ന ബിജെപി നേതാവ് ചൗധരി ബിരേന്ദ്രർ സിങ്ങിന്റെ മകനാണ്. രാജസ്ഥാനിലെ ചുരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽ കസ്വാനും കോൺഗ്രസിലേക്കുള്ള വഴിയിലാണ്. രാഹുലും ജാട്ട് നേതാവാണ്. ബിജെപി അഴിമതിയിൽ പങ്കാളികളാണെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് മധ്യപ്രദേശിലെ മുതിർന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിങ് മാർച്ച് 16ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചിരുന്നു. പശ്ചിമ ബംഗാളിലെ ഝാർഗ്രാമിൽ നിന്നുള്ള ബിജെപി എംപി കുനാർ ഹെംബ്രാം മാർച്ച് ഒമ്പതിനാണ് വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടിയിൽ നിന്ന് രാജിവച്ചതായി അറിയിച്ചത്. ഗുജറാത്തിലെ ബിജെപി നേതാവ് കേതൻ ഇനാംധാർ എംഎൽഎ സ്ഥാനം രാജിവച്ചു. മനഃസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്നും ആത്മാഭിമാനത്തെക്കാൾ വലുതല്ല മറ്റൊന്നും എന്നാണ് അദ്ദേഹം രാജിയെക്കുറിച്ച് പ്രതികരിച്ചത്.
താരപരിവേഷത്തോടെ ബിജെപി കൊണ്ടാടിയവരും പലകാരണങ്ങള്‍ പറഞ്ഞ് സംഘ്പരിവാര്‍ കൂടാരം വിടുകയാണ്. മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപി വിട്ടത് മാര്‍ച്ച് മൂന്നിനാണ്. ക്രിക്കറ്റിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സജീവ രാഷ്ട്രീയം വിടുകയാണ് എന്നാണ് പ്രഖ്യാപിച്ചത്. 25 വർഷം ബിജെപിയിൽ പ്രവർത്തിച്ച ചലച്ചിത്ര നടി ഗൗതമി പാര്‍ട്ടി വിട്ടത് 2023 ഒക്ടാേബറിലാണ്. വ്യക്തിപരമായ പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നല്‍കിയില്ല എന്നു പറഞ്ഞാണ് രാജി. മറ്റൊരു നടി വിജയശാന്തി ബിജെപി വിട്ടത് നവംബറിലാണ്. 2009ൽ ടിആർഎസ് ടിക്കറ്റില്‍ എംപിയായിരുന്നു. 2014ൽ കോൺഗ്രസിലെത്തിയ വിജയശാന്തി 2019ലാണ് ബിജെപിയിലെത്തിയത്.
സാഹചര്യം ഇത്രമേല്‍ ആശങ്കാജനകമായതുകൊണ്ടാണ് വിവിധ സംസ്ഥാനങ്ങളിലെ ചെറുകക്ഷികളെ സഖ്യം ചേര്‍ക്കാന്‍ ബിജെപിയും മോഡിയും പരക്കംപായുന്നത്. പഞ്ചാബില്‍ ശിരോമണി അകാലിദളുമായി (എസ്എഡി) സഖ്യ ചര്‍ച്ച നടത്തിവരികയാണ്. നേരത്തെ അകാലിദള്‍ സഖ്യമുണ്ടായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷക കരിനിയമത്തില്‍ പ്രതിഷേധിച്ച് സഖ്യം വിടുകയായിരുന്നു. കര്‍ഷക സമരം, താങ്ങുവില, സിഖ് തടവുകാരുടെ മോചനം തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി അനാസ്ഥകാണിക്കുമ്പോള്‍ വീണ്ടും സഖ്യം ചേരുന്നതിനെതിരെ എസ്എഡിയില്‍ ശക്തമായ വിയോജിപ്പുണ്ട്. തമിഴ്‌നാട്ടില്‍ പാട്ടാളി മക്കള്‍ കക്ഷി (പിഎംകെ)യുമായും ബിജെപി സഖ്യമുറപ്പിച്ചു. അവര്‍ക്ക് 10 സീറ്റുകളാണ് ബിജെപി വാഗ്‌ദാനം ചെയ്തിരിക്കുന്നത്.
രാമക്ഷേത്രം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ സ്ഥിരം വിഭജന ചേരുവകളും മൂന്നാം സാമ്പത്തിക ശക്തിയെന്ന പൊള്ളയായ വാഗ്ദാനവും ഒപ്പം ‘മോഡി ഗ്യാരന്റി‘യെന്ന വിലകുറഞ്ഞ നാടകവും കൊണ്ട് അരങ്ങ് കൊഴുപ്പിക്കാന്‍ നോക്കുമ്പോഴും മോഡിയും ബിജെപിയും തോല്‍വി മണക്കുന്നുണ്ട്. ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ശക്തരാണ് എന്നതാണവരെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ തവണ പ്രതിപക്ഷം ഭിന്നിച്ചു നിന്നതാണ് 37.36 ശതമാനം മാത്രം വോട്ടു നേടിയ ബിജെപിക്ക് ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷം ലഭിക്കാനിടയാക്കിയത്. ഇത്തവണ പ്രതിപക്ഷത്തെ വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ 2004 ആവര്‍ത്തിക്കുമെന്ന് ബിജെപി നേതൃത്വത്തിനു തന്നെ നിശ്ചയമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.