26 May 2024, Sunday

പൊടിതട്ടുന്ന എൻഡിഎ സഖ്യം; ബിജെപിയിലെ കലാപഭീതി

ഡോ. ഗ്യാൻ പഥക് 
March 14, 2024 4:30 am

ൻഡിഎ വിട്ടുപോയ പാര്‍ട്ടികളുൾപ്പെടെ നിലവിലുള്ളതും സാധ്യതയുള്ളതുമായ സഖ്യകക്ഷികളുമായി ബിജെപി സീറ്റ് പങ്കിടൽ ചര്‍ച്ചകളുമായി മുന്നോട്ട് പോകുമ്പോൾ, തെളിയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വേച്ഛാധിപത്യത്തിന്റെ മറവിൽ ഇതുവരെയുണ്ടായിരുന്ന പിഴവുകള്‍ മൂലമുള്ള ആ പാര്‍ട്ടിയുടെ ഭീതിയാണ്. ഒഡിഷയില്‍ പാർട്ടി സംസ്ഥാന ഘടകത്തിന്റെ തുറന്ന എതിര്‍പ്പിനെത്തുടർന്ന് ബിജെപി-ബിജെഡി സഖ്യചർച്ചകൾ തിരിച്ചടിച്ചു. രാജ്യത്തുടനീളം ബിജെപിയെയും എൻഡിഎയും കാത്തിരിക്കുന്ന കുഴപ്പങ്ങളുടെ ഏറ്റവും പുതിയ സൂചനയാണിത്. ബിജെപിയിലും സഖ്യത്തിലും അതൃപ്തി ഭയാനകമായ തലത്തിലേക്ക് വളർന്നിരിക്കുന്നു. മൗനത്തിലിരിക്കുന്ന മോഡി തന്റെ സ്വേച്ഛാധിപത്യരീതി അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതല്‍ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുമെന്നുറപ്പ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി 370 സീറ്റുകളും എൻഡിഎ 405 സീറ്റുകളും നേടുമെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. നിലവിലെ എൻഡിഎ സഖ്യകക്ഷികളിൽ നിന്ന് 35 സീറ്റുകളാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. എന്നാൽ സഖ്യകക്ഷികളിൽ ഭൂരിഭാഗവും നാമമാത്ര പാര്‍ട്ടികളാണ്. അതത് സംസ്ഥാനങ്ങളിൽ കാര്യമായ സ്വാധീനമുണ്ടായിരുന്ന പല പ്രധാനകക്ഷികളും എൻഡിഎ വിട്ടുപോകുകയോ മോഡിയുടെ സ്വേച്ഛാധിപത്യം കാരണം പുറത്തുപോകാൻ നിർബന്ധിതരാകുകയോ ചെയ്തതിനാൽ ആ ലക്ഷ്യം അപ്രാപ്യമാണ്. വേർപിരിഞ്ഞ പങ്കാളികളെ വശീകരിക്കുന്നതിനായി ഇപ്പോൾ ബിജെപി പരക്കംപായുന്നു. പുനരുജ്ജീവിപ്പിച്ച ഇന്ത്യ സഖ്യമാണ് അതിന് മുഖ്യകാരണമായത്.


ഇതുകൂടി വായിക്കൂ: മോഡി ഭരണവും പാർലമെന്റും ഒരവലോകനം


പ്രതീക്ഷിച്ചതിലും വേഗത്തിലാണ് രാഷ്ട്രീയ രംഗം മാറുന്നത്. മാര്‍ച്ച് എട്ടിന് രാവിലെ, ബിജെഡിയുമായും ടിഡിപിയുമായും വീണ്ടും സഖ്യമുണ്ടാകുമെന്ന് ബിജെപി ആവേശഭരിതമായി പ്രസ്താവനയിറക്കി. എന്നാൽ വൈകുന്നേരത്തോടെ സഖ്യ ചർച്ചകൾ സ്തംഭിച്ചു. മഹാരാഷ്ട്രയിലും ബിഹാറിലും ബിജെപിയുടെ സീറ്റ് വിഭജനം ദുഷ്കരമായ ഘട്ടങ്ങളിലേക്ക് കടന്നിരിക്കെ, ഇത് തീർച്ചയായും അശുഭ വാര്‍ത്തയായിരുന്നു. കേന്ദ്ര നേതൃത്വവുമായി തങ്ങള്‍ ചർച്ച നടത്തിയപ്പോൾ സഖ്യം ഒരിക്കലും വിഷയമായിരുന്നില്ലെന്ന് ഒഡിഷ ബിജെപി അധ്യക്ഷൻ മൻമോഹൻ സമൽ പറയുന്നു. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ പാർട്ടി ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍ ഇതിന് വിപരീതമായിരുന്നു ബിജെപി എംപി ജുവൽ ഓറമിന്റെ പ്രസ്താവന. ‘മറ്റ് വിഷയങ്ങൾക്കൊപ്പം സഖ്യത്തെക്കുറിച്ചുള്ള ചർച്ചകളും ഉണ്ടായിരുന്നു; പാർട്ടി കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുക’ എന്നാണ് ഓറം പറഞ്ഞത്.
കഴിഞ്ഞ അഞ്ച് വർഷം മുഖ്യമന്ത്രി നവീൻ പട്‌നായ്‌ക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി ദുർഭരണത്തിനെതിരെ പ്രചാരണം നടത്തിയിരുന്നതാണ് ബിജെപി സംസ്ഥാന ഘടകത്തെ പ്രതിസന്ധിയിലാക്കുന്നത്. ഏത് മുഖത്തോടെ വോട്ടർമാരുടെ അടുത്തേക്ക് പോകുമെന്ന അണികളുടെ ചോദ്യത്തിന് മറുപടി പറയാനാകില്ല. 2009ന് മുമ്പ് 11 വർഷം ബിജെപി സഖ്യകക്ഷിയായിരുന്നു ബിജെഡി. നിരവധി നിര്‍ണായക വിഷയങ്ങളിൽ ബിജെപി ഭരണത്തെ ബിജെഡി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. 2024ൽ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുവരും ഒന്നിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സീറ്റ് വിഭജനത്തിൽ ഇരുപാർട്ടികളും തമ്മിൽ കടുത്ത ഭിന്നതയാണുണ്ടായത്.


ഇതുകൂടി വായിക്കൂ: മണ്ഡല പുനര്‍നിർണയം തെക്ക്-വടക്ക് വിഭജനമരുത്


പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തിന് ഇത് വലിയ വെല്ലുവിളിയാണ്. 2023 നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും,സംസ്ഥാന നേതൃത്വങ്ങളെ മാറ്റിനിർത്തി മോഡിയെ പാർട്ടിയുടെ മുഖമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ബിജെപി ദേശീയ നേതൃത്വം. തുടക്കത്തിൽ കലാപക്കൊടി ഉയർന്നെങ്കിലും ഒടുവിൽ വിമതശബ്ദത്തെ പാര്‍ട്ടി മറികടക്കുകയായിരുന്നു. എന്നാലിപ്പോൾ ആദ്യ സ്ഥാനാർത്ഥി പട്ടികയില്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് സിറ്റിങ് എംപിമാരും മന്ത്രിമാരും ഉൾപ്പെടെ നിരവധി നേതാക്കൾ രാഷ്ട്രീയ രംഗം വിട്ടു. ടിക്കറ്റ് നല്‍കുന്നതിലും സീറ്റ് വിഭജനത്തിലും മോഡി-ഷാ ജോഡിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് മാത്രം വിധേയരാകാൻ പല നേതാക്കളും ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ സൂചനയാണ് ഒഡിഷ ബിജെപി ഘടകത്തിലെ കലാപം. ഇരുവരുടെയും സ്വേച്ഛാധിപത്യം അസഹനീയമാണെന്ന് പലരും കരുതുന്നു. ഒഡിഷയിലേത് പോലുള്ള കലാപങ്ങൾ പലയിടത്തും ബിജെപിയുടെയും എൻഡിഎയുടെയും തെരഞ്ഞെടുപ്പ് സാധ്യതകളെ പ്രതികൂലമായി ബാധിക്കും.
ആന്ധ്രാപ്രദേശില്‍ ബിജെപി-ടിഡിപി-ജെഎസ്‌പി സഖ്യത്തിന് ധാരണയായെങ്കിലും പൂര്‍ത്തിയായിട്ടില്ല. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്ന് പാർട്ടികളും സഖ്യത്തിന് സമ്മതിച്ചതായി ടിഡിപി എംപിയും നേതാവുമായ രവീന്ദ്ര കുമാർ സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നിഷേധിച്ച കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് 2018ല്‍ വേർപിരിയുന്നതുവരെ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എൻഡിഎയുടെ ഭാഗമായിരുന്നു. എന്നാല്‍ ഇപ്പോഴും ലോക്‌സഭാ, നിയമസഭാ സീറ്റ് വിഭജനത്തിൽ മൂന്ന് പാർട്ടികൾക്കിടയിൽ ഭിന്നത നിലനിൽക്കുകയാണ്.


ഇതുകൂടി വായിക്കൂ: വിവരങ്ങളെ ഭയക്കുന്ന ബിജെപി


മഹാരാഷ്ട്രയില്‍ ബിജെപി, ശിവസേന (ഷിൻഡെ), എൻസിപി (അജിത് പവാർ) എന്നിവരുടെ സീറ്റ് പങ്കിടൽ ചർച്ചകള്‍ ആഴ്ചകളോളം നീണ്ടു. കഴിഞ്ഞ ശനിയാഴ്ച ധാരണയിലെത്തിയെന്ന് അറിയിച്ചെങ്കിലും സീറ്റ് ധാരണ പ്രഖ്യാപിക്കാത്തത് അഭിപ്രായവ്യത്യാസങ്ങൾ ഇനിയും പരിഹരിക്കപ്പെടാനുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
ബിഹാറിൽ സീറ്റ് വിഭജന ചർച്ചകൾ മോശം സാഹചര്യമാണ് നേരിടുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഏറെക്കുറെ പരിഹരിച്ചതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാത്തത്, പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ബിജെപി, ജെഡിയു, ഉപേന്ദ്ര കുശ്‌വാഹയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച (എച്ച്എഎം), ജിതൻ റാം മാഞ്ചിയുടെ രാഷ്ട്രീയ ലോക് ജനതാദൾ (ആർഎൽജെഡി), ലോക് ജനശക്തി പാർട്ടി (എൽജെപി)യിലെ ചിരാഗ് പാസ്വാന്‍, പശുപതി പരാസ് വിഭാഗങ്ങള്‍ എന്നിവ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പഞ്ചാബിൽ എസ്എഡിയും ബിജെപിയും വീണ്ടും ഒന്നിക്കാനുള്ള ശ്രമത്തിലാണ്. കർഷക പ്രക്ഷോഭങ്ങൾക്കിടയിലും ബിജെപിയുമായുള്ള സഖ്യത്തെ ന്യായീകരിക്കാൻ എസ്എഡി ശ്രമിക്കുന്നു. 2020ൽ മോഡിയുടെ മൂന്ന് വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് എസ്എഡി, എൻഡിഎ വിട്ടത്. ഇവിടെയും ചർച്ചകൾ നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മറ്റാെരു സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടി (ജെജെപി) ഇടഞ്ഞതിനാല്‍ ഹരിയാനയിലും സമാന സാഹചര്യം നിലനിൽക്കുന്നു.

വടക്കും തെക്കും നിരവധി പാർട്ടികളുമായി സഖ്യമോ പുനഃസഖ്യമോ ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും, നരേന്ദ്ര മോഡി പ്രതീക്ഷിക്കുന്ന 35 സീറ്റുകളിൽ പകുതി പോലും സഖ്യകക്ഷികൾക്ക് ലഭിക്കില്ല. വടക്കുകിഴക്കൻ, ദക്ഷിണേന്ത്യാ മേഖലകളില്‍ നിന്ന് ബിജെപി ഇതുവരെ കണ്ടെത്തിയതെല്ലാം ചെറിയ പാര്‍ട്ടികളാണ്. അടിത്തട്ടിൽ സ്വാധീനമുള്ള പാർട്ടികൾ വഴിപിരിയുകയോ സഖ്യത്തില്‍ നിന്ന് പൂര്‍ണമായും അകലംപാലിക്കുകയോ ചെയ്തിരിക്കുന്നു. പാര്‍ട്ടിക്കകത്തും കലാപങ്ങളും ചേരിപ്പോരും ബാധിച്ചിട്ടുണ്ട്. മോഡി-ഷാ സ്വേച്ഛാധിപത്യ സഖ്യം വിതച്ചത് കൊയ്യുകയാണ്. ഈ സാഹചര്യത്തില്‍ 2019ൽ ലഭിച്ച 303 ബിജെപി നിലനിർത്തിയേക്കില്ല, മോഡിയുടെ 370 എന്ന പൊങ്ങച്ചം വെറുതെയാണ്.

(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.