20 December 2024, Friday
KSFE Galaxy Chits Banner 2

അംബേദ്കർ ദര്‍ശനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന തെരഞ്ഞെടുപ്പ്

കെ രാധാകൃഷ്ണന്‍
(പട്ടികജാതി/വർഗ പിന്നാക്ക വിഭാഗ വികസന മന്ത്രി) 
April 14, 2024 4:15 am

ന്ത്യ കണ്ട ഏറ്റവും മികച്ച ധിഷണാശാലിയും ഭരണഘടനാ ശില്പിയുമായ ഡോ. ബി ആർ അംബേദ്കറുടെ 133-ാം ജയന്തിയാണ് ഇന്ന്. സ്വാതന്ത്ര്യം നേടിയ ശേഷം നമ്മുടെ ഭരണഘടനയുടെ സ്വഭാവം എങ്ങനെ ആയിരിക്കണമെന്നതിൽ ഗൗരവമായ ചർച്ചകൾ നടന്നു. ഒടുവിൽ വോട്ടിങ്ങിലൂടെ മതേതര രാജ്യമായി തുടരാൻ നമ്മൾ നിശ്ചയിച്ചു. അതിനൊപ്പം സ്വാതന്ത്ര്യം, ജനാധിപത്യം, സാഹോദര്യം, സംവരണം തുടങ്ങിയവയും അടിസ്ഥാനങ്ങളാക്കി. ഇന്ത്യൻ ഭരണഘടനയ്ക്ക് മികച്ച അടിസ്ഥാനമൊരുക്കുന്നതിൽ അംബേദ്കറുടെ പങ്ക് നിസ്തുലമാണ്. എല്ലാവർക്കും സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കുന്ന രാഷ്ട്രീയ വ്യവസ്ഥയായാണ് അംബേദ്കർ ഭരണഘടനയെ വിഭാവനം ചെയ്തത്. അദ്ദേഹം അനുഭവിച്ചറിഞ്ഞ ജാതിവ്യവസ്ഥയുടെ ഭീകരാവസ്ഥകളിൽ നിന്നാണ് ജാതി-മത വിവേചനങ്ങൾ ഒഴിവാക്കി തുല്യതയുള്ള ഭരണഘടന രൂപപ്പെടുത്തിയത്. സാമൂഹികമാറ്റങ്ങൾക്കു വേണ്ടിയുള്ള പോരാട്ടമായി തന്റെ ധിഷണയെ അദ്ദേഹം മാറ്റിത്തീർത്തു. എന്നാൽ ഇതൊക്കെ അംഗീകരിക്കാത്തവരാൽ നയിക്കപ്പെടുന്ന ഭരണമാണ് രാജ്യത്തിപ്പോൾ നിലവിലുള്ളത്. രാജ്യത്തെ പരമോന്നത നിയമമായ ഭരണഘടനയെ, ഭരണകർത്താക്കൾ തന്നെ പല വഴികളിലൂടെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.


ഇതുകൂടി വായിക്കൂ: നമ്മുടെ ഇന്ത്യ, അവരുടെ ഭാരതം


ഒരു പതിറ്റാണ്ട് മുമ്പുവരെ ഭരണഘടനയുടെ അടിസ്ഥാന നിലപാടുകളിൽ നിന്ന് വഴിമാറാതെയാണ് നമ്മുടെ രാജ്യം മുന്നോട്ടു പോയത്. എന്നാൽ രാജ്യത്തിന്റെ കടിഞ്ഞാൺ കയ്യിൽക്കിട്ടിയതോടെ സംഘ്പരിവാർ, ഭരണഘടനയെ അവരുടെ താല്പര്യങ്ങൾക്കായി ഒന്നൊന്നായി മാറ്റി മറിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങൾ ഇന്ത്യൻ സംസ്കാരമല്ലെന്നും ഇറക്കുമതിയാണെന്നും സംഘ്പരിവാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. മനുസ്മൃതിയാണ് ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന സംഘ്പരിവാറിന്റെ അടിസ്ഥാന പ്രമാണം. ജനാധിപത്യത്തിലും, മതേതരത്വത്തിലും, സോഷ്യലിസത്തിലും അവർക്ക് വിശ്വാസമില്ല. മനുസ്മൃതിയുടെ കാലത്തേക്ക് ഇന്ത്യയെ പിന്നോട്ടടിക്കാനാണവർ ശ്രമിക്കുന്നത്.
ജനങ്ങൾക്കിടയിൽ അസമത്വവും ദുരിതവും വളരെ വർധിച്ചതാണ് 10 വർഷത്തെ ബിജെപി ഭരണത്തിന്റെ അനുഭവം. തൊഴിലില്ലായ്മ രാജ്യത്ത് അതിരൂക്ഷമാണെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ വെളിപ്പെടുത്തിയത് അടുത്തിടെയാണ്. വിലക്കയറ്റവും പലമടങ്ങ് വർധിച്ചെന്ന് കേന്ദ്ര സർക്കാർ ഏജൻസിയായ നാഷണൽ സാമ്പിൾ സർവേയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ദാരിദ്ര്യവും ഭരണകൂട അതിക്രമങ്ങളും ഗ്രാമീണ ഇന്ത്യയിലാകെ ദുരിതം പടർത്തുകയാണ്. മണിപ്പൂരിന്റെ ഇപ്പോഴത്തെ സ്ഥിതി ഇതിന് ഉദാഹരണമാണ്. പാർലമെന്ററി ജനാധിപത്യ സംവിധാനങ്ങൾ തകർക്കപ്പെടുന്നു. കർഷകർ ദേശവ്യാപകമായി സമരം നടത്തുന്നു. പാവപ്പെട്ടവരുടെ ജീവിതം കൂടുതൽ ദുഃസഹമാകുന്നു.
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചതിനെക്കാൾ വലിയ ദുരിതങ്ങളാണ് എല്ലാവിധത്തിലും ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്. യഥാർത്ഥ സ്ഥിതി മറച്ചുപിടിക്കുന്നതിനായി ജനങ്ങളെ ഭിന്നിപ്പിക്കുകയും മതവിദ്വേഷം വളർത്തുകയും ചെയ്യുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ചട്ടങ്ങളിറക്കി ഭയപ്പെടുത്തുന്നു. മതപ്രീണനത്തിലൂടെ ഭരണം നിലനിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിനുള്ള മുന്നൊരുക്കമായിരുന്നു രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ. രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസാകട്ടെ ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ ചെറുക്കാതെ മൃദു ഹിന്ദുത്വത്തെ പുൽകുകയാണ്.


ഇതുകൂടി വായിക്കൂ: ഫാസിസത്തിന്റെ വഴികൾ


പാർലമെന്റിനെ നോക്കുകുത്തിയാക്കി സുപ്രധാന നിയമങ്ങൾ പോലും ചർച്ചകൾ കൂടാതെ പാസാക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ടിനെ പാർലമെന്റിൽ അവതരിപ്പിച്ചത് മണി ബിൽ ആയാണ്. ജനപ്രാതിനിധ്യ, ആദായ നികുതി, കമ്പനി നിയമങ്ങളിലെ നിയന്ത്രണ വ്യവസ്ഥകൾ പിച്ചിച്ചീന്തിയാണ് ബോണ്ടിനെ ബിജെപി അവതരിപ്പിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രതിപക്ഷ നിരയിലെ ഒരു മുഖ്യമന്ത്രിയെ ജയിലിലാക്കി. ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സ്വതന്ത്രാന്വേഷണത്തെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി മാറ്റിമറിച്ചു. താല്പര്യമുള്ളവരെ വെള്ള പൂശാനും, എതിർക്കുന്നവരെയും, രാഷ്ട്രീയ പ്രതിയോഗികളെയും തടവിലാക്കാനും, ഭീഷണിപ്പെടുത്തി സ്വന്തം പാളയത്തിലെത്തിക്കാനും, കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്ന ദയനീയ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.
ഇലക്ടറൽ ബോണ്ടിന്റെ കാണാക്കഥകളിലും ഇത്തരം സമ്മർദങ്ങൾ കാണാം. കോർപറേറ്റ് ഭീമന്മാരെ വരുതിയിലാക്കി. വഴങ്ങാത്തിടത്ത് റെയ്ഡ് നടത്തുന്നു. ബോണ്ട് ബിജെപി ഓഫിസിലെത്തുന്നതോടെ അന്വേഷണം നിലയ്ക്കുന്നു. ഇലക്ടറൽ ബോണ്ട് അഴിമതിയിൽ സഖ്യകക്ഷികളായിരുന്നു ബിജെപിയും കോൺഗ്രസും. ഒരുവിധ ബോണ്ടും ആവശ്യമില്ലെന്ന നിലപാടുമായി ഇടതുപക്ഷം നടത്തിയ നിയമ പോരാട്ടമാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നതും സുപ്രീം കോടതി വിധിയിലൂടെ അവസാനിപ്പിച്ചതുമെന്ന കാര്യം ഓർക്കപ്പെടേണ്ടതാണ്.


ഇതുകൂടി വായിക്കൂ: ഇന്ത്യയും ഭാരതവും: വിമർശനങ്ങൾ വസ്തുതകൾ


ജനജീവിതം ചവിട്ടിയരയ്ക്കുന്ന ബിജെപി ഭരണത്തിനെതിരായ മുദ്രാവാക്യമാണ് ഇന്ത്യയിലെങ്ങും ഉയരുന്നത്. മാർച്ച് 31ന് ഡൽഹി രാംലീല മൈതാനത്ത് ഉയർന്നുകേട്ട “ഭാരതം ഒന്നിക്കും, ഇന്ത്യ ജയിക്കും” എന്ന മുദ്രാവാക്യം ആസേതുഹിമാചലം ഏറ്റെടുത്ത് കഴിഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവരെ രാജ്യം ചേർത്തുനിർത്തിയിരുന്ന സാമൂഹ്യനീതി ബിജെപി പുറംകാലിന് തട്ടിത്തകർത്തു. രാജ്യത്തിന്റെ പൊതുമാനദണ്ഡങ്ങളും മര്യാദകളും ലംഘിച്ചു. സംഘ്പരിവാറിന് മുന്നിൽ പിന്നാക്കക്കാരനില്ല, ദളിതനില്ല, ആദിവാസിയില്ല, ന്യൂനപക്ഷമില്ല, പാവപ്പെട്ടവനില്ല, ഉള്ളത് സനാതന ഹിന്ദു മാത്രം.
ഭരണഘടനാ സ്ഥാപനങ്ങൾ ഉൾപ്പെടെ സർവതിനെയും സംഘ്പരിവാറിന്റെ പിടിയിലാക്കി. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് തോന്നിക്കുന്ന നടപടികളിലൂടെ ജനാധിപത്യ അവകാശങ്ങളെ കാറ്റിൽപ്പറത്തുന്നു. ഭരണഘടന ഉറപ്പുനൽകിയ ഫെഡറൽ അവകാശങ്ങൾ നിഷേധിച്ചും സാമ്പത്തികമായി ഞെരുക്കിയും സംസ്ഥാനങ്ങളെ നിയന്ത്രണത്തിലാക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഇത്തരം നിലപാടുകൾക്കെതിരെ ഡൽഹിയിൽ കേരളം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചപ്പോൾ സംസ്ഥാനവിരുദ്ധ നിലപാടാണ് കോൺഗ്രസ് നേതൃത്വം നല്‍കുന്ന സംസ്ഥാനത്തെ യുഡിഎഫ് സ്വീകരിച്ചത്. സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചപ്പോഴും ഇതേ നില തുടർന്നു.
ജനപക്ഷ നിലപാടുകളുമായാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മനുഷ്യരെ തുല്യരായി കാണുന്ന, മതനിരപേക്ഷതയും സാഹോദര്യവും എന്നും നിലനിൽക്കാൻ യത്നിക്കുന്ന പുരോഗമന കാഴ്ചപ്പാടുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്. അതുകൊണ്ടുതന്നെ ഇടതുപക്ഷ താല്പര്യങ്ങളുടെ കൂടുതൽ പ്രതിനിധികൾ പാർലമെന്റിൽ ഉണ്ടാകുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. അല്ലാത്തപക്ഷം നമ്മുടെ ഭരണഘടനയും, മതനിരപേക്ഷതയും, തെരഞ്ഞെടുപ്പുകളുമെല്ലാം എന്നന്നേയ്ക്കുമായി അവസാനിച്ചേക്കും. ജനാധിപത്യത്തെ എങ്ങനെയും സംരക്ഷിക്കുകയെന്ന പരമപ്രധാനമായ കടമ നിർവഹിക്കണമെന്ന സന്ദേശമാണ് ഡോ. ബി ആർ അംബേദ്കറുടെ 133-ാം ജയന്തി നമ്മളോട് ആവശ്യപ്പെടുന്നത്.

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.