22 December 2024, Sunday
KSFE Galaxy Chits Banner 2

നിതാന്ത ജാഗ്രത കൈവിടുന്നത് ആപത്ത്

പ്രൊഫ. കെ അരവിന്ദാക്ഷൻ
July 6, 2024 4:30 am

ബ്രഹാം ലിങ്കന്റെ പ്രസിദ്ധമായ ‘തെരഞ്ഞെടുപ്പുകൾ ജനങ്ങളുടേതാണ്. അത് അവരുടെ തീരുമാനമാണ്’ എന്ന വാക്കുകൾ അന്വർത്ഥമാക്കപ്പെട്ടിരിക്കുകയാണ് 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ്. ലിങ്കൺ മറ്റൊന്നുകൂടി പറഞ്ഞിരുന്നു-‘ജനങ്ങൾ തീരുമാനമെടുക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞ് നിൽക്കുന്നപക്ഷം അത് അവർക്കുതന്നെ വിനാശകരമായിരിക്കും. അതിന്റെ ബാധ്യത അവർ ഏറ്റെടുക്കേണ്ടതായും വരും.’ ലിങ്കൺ നല്‍കിയ ഉപദേശവും മുന്നറിയിപ്പും ഇന്ത്യൻ ജനത വലിയൊരളവിൽ ഉൾക്കൊണ്ടിരിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന് സ്വതന്ത്രമായി ശ്വസിക്കാൻ കളമൊരുക്കിയിരിക്കുന്നു എന്നുപറഞ്ഞാൽ തെല്ലും അതിശയോക്തിയാകില്ല. പിന്നിട്ട ഒരു ദശകക്കാലയളവിൽ നാം ദർശിച്ച ബിജെപി — സംഘ്പരിവാർ ഭരണവും അതിന് നേതൃത്വം നല്‍കിയ നരേന്ദ്ര മോഡി — അമിത് ഷാ കൂട്ടുകെട്ടും ജനാഭിലാഷങ്ങൾ കണക്കിലെടുത്തു ഭരണം നടത്താൻ നിർബന്ധിതമാകുമെന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക ആശയങ്ങളും മൂല്യങ്ങളും അവഗണിക്കാൻ അവര്‍ക്ക് സാധ്യമല്ലാതായിരിക്കുകയാണ്. സമീപകാലം വരെ ഇന്ത്യൻ ജനതയുടെ ഒരു വിഭാഗമെങ്കിലും അജയ്യമാണെന്ന് കരുതിയിരുന്ന ബിജെപിയുടെ വർഗീയ ധ്രുവീകരണത്തിന് തടയിടാൻ പുതിയ ജനവിധിയിലൂടെ സാധ്യമായിരിക്കുന്നു.
ഒറ്റനോട്ടത്തിൽ ഈ നിഗമനം ഒരു വിരോധാഭാസമായി തോന്നിയേക്കാം. ഒരു മാറ്റമാണ് ഇന്ത്യൻ ജനത ലക്ഷ്യമിട്ടിരുന്നതെങ്കിൽ 2014ലും 19ലും അധികാരത്തിലിരുന്ന മോഡി സർക്കാരിന് എന്തിനാണ് മൂന്നാമതൊരൂഴം കൂടി നല്‍കിയതെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. 2024ലെ ജനവിധിക്കു ശേഷം ബിജെപി തന്നെയാണല്ലോ ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. മോഡിയുടെ പാർട്ടി തന്നെയാണ് മന്ത്രിസഭയ്ക്ക് രൂപം നല്‍കിയിരിക്കുന്നതും. ഇത്തരമൊരു പശ്ചാത്തലത്തിലാണ് തുടർഭരണം എന്ന സംവിധാനം സംശയത്തിന്റെ നിഴലിലാണോ എന്ന ചിന്ത പ്രസക്തമാകുന്നത്. 

നരേന്ദ്ര മോഡിയെ സംബന്ധിച്ചിടത്തോളം 2024ലെ ഫലം നല്‍കുന്ന പാഠം വ്യക്തമാണ്. ജനങ്ങളാണ് യഥാർത്ഥ യജമാനന്മാർ എന്നതാണിത്. മോഡിയുടെ ഭരണം അവർ അപ്പാടെ തിരസ്കരിക്കാൻ സന്നദ്ധമായില്ലെങ്കിലും സംഘ്പരിവാർ ഭരണത്തിൽ അവർക്ക് പൂർണമായ മമതയുമില്ല. മാത്രമല്ല, ഒരു ബദൽ സർക്കാരുണ്ടാക്കാൻ തക്ക ഐക്യവും പക്വതയും ‘ഇന്ത്യ’സഖ്യകക്ഷികൾ ഇനിയും തെളിയിക്കേണ്ടതാണെന്ന് ജനങ്ങൾ കണക്കാക്കുകയും ചെയ്യുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലായിരിക്കണം മോഡിക്കും കൂട്ടർക്കും ഒരവസരം കൂടി നല്‍കാൻ സന്നദ്ധമായത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിൽ സമാനമായ പരീക്ഷണത്തിന് വിധേയമായിട്ടുള്ളത് പണ്ഡിറ്റ് ജവഹർലാൽ നെഹ്രു മാത്രമാണ്. ഇതിനർത്ഥം മോഡി സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഗുണപരമായി നെഹ്രുവിന്റേതിനോട് സമാനമായിരുന്നു എന്നല്ല.
മൂന്നാംവരവിൽ നന്നേ ചുരുങ്ങിപ്പോയ അധികാരവും മങ്ങലേറ്റ ഗർവും മോഡിയില്‍ ഒറ്റനോട്ടത്തിൽ പ്രകടമാവുന്നു. നമുക്കു മുന്നിലുള്ളത് ഒരു തൂക്കുപാർലമെന്റല്ല എന്നതുകൊണ്ടുതന്നെ, ഇന്ത്യൻ ജനത ആഗ്രഹിക്കുന്നത് ഭരണരംഗത്തെ സ്ഥിരതയാണ്. എൻഡിഎയുടെ ഭൂരിപക്ഷം, ഭരണം കഷ്ടിച്ച് നിലനിർത്തുന്നതിനാവശ്യമായ രീതിയില്‍ ഒതുക്കിനിർത്തപ്പെട്ടിരിക്കുകയാണ്. കേവലഭൂരിപക്ഷം മാത്രമാണുള്ളതെന്ന യാഥാർത്ഥ്യം വിസ്മരിച്ചാണ് എൻഡിഎ മുന്നോട്ടുപോകുന്നതെങ്കിൽ സുഗമമായ ഭരണം കഴിയാതെയും വരാം. അതായത് കൂട്ടുത്തരവാദിത്തം അവഗണിച്ചുകൊണ്ടുള്ള ഭരണനിർവഹണം നിലവിലുള്ള സാഹചര്യത്തിൽ അസാധ്യമാകും എന്നർത്ഥം. ഇത്തരമൊരു സാഹചര്യം ഇന്ത്യൻ രാഷ്ട്രീയ, ഇക്കോ സിസ്റ്റത്തിന് ഗുണകരമായിരിക്കുകയും ചെയ്യും.
ആഗോള പ്രസിദ്ധമായ ‘പ്യൂ’ ഗവേഷണ സ്ഥാപനം ആഗോളതലത്തിൽ ജനാധിപത്യ വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ടൊരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെ പ്രധാന വെളിപ്പെടുത്തൽ ജനാധിപത്യ വ്യവസ്ഥകളിൽ വിശ്വാസത്തകർച്ച വ്യാപകമാണ് എന്നായിരുന്നു. പ്രാതിനിധ്യസ്വഭാവമുള്ള ജനാധിപത്യത്തിൽ 2017ന് മുമ്പ് 77ശതമാനം പേർ ശുഭാപ്തി വിശ്വാസം പ്രകടമാക്കിയിരുന്നെങ്കിലും തുടർന്നുള്ള കാലയളവിൽ ഇത് 70ശതമാനമായി കുറയുകയായിരുന്നു. 58ശതമാനം പേർ അനുഭാവം പ്രകടമാക്കിയത് വിദഗ്ധരടങ്ങുന്ന ഒരു സമിതിയുടെ ഭരണത്തിനാണ്. ‘പ്യൂ’ ഗവേഷണ കേന്ദ്രത്തിന്റെ പഠനം ഇന്ത്യ അടക്കമുള്ള 24രാജ്യങ്ങളിൽ നിന്നുള്ള 30,861 പേരെ കേന്ദ്രീകരിച്ചായിരുന്നു എന്നതും പ്രസക്തമാണ്. 

ഇന്ത്യയിലേതടക്കമുള്ള സാധാരണ ജനങ്ങൾക്ക് താല്പര്യം ശക്തമായ നിലപാടുകളുള്ള വ്യക്തികൾ അധികാരത്തിൽ വരണമെന്നാണെങ്കിലും ജാതി-മത‑പ്രാദേശിക പരിഗണനകൾക്ക് മുൻതൂക്കം നല്‍കരുതെന്നുകൂടിയായിരുന്നു. ജനായത്ത ഭരണത്തിന്റെയും സൈനിക, ഏകാധിപത്യ ഭരണങ്ങളുടെയും സങ്കീർണതകളും ചതിക്കുഴികളും തിരിച്ചറിയുന്നതിൽ ഇന്ത്യൻ ജനത അവരുടെ പക്വതയും ജനാധിപത്യ ബോധവുമാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചിരിക്കുന്നത്. ‘അബ് കീ ബാർ 400 പാർ’ എന്നും ‘ഏക് അകേല സബ് പർ ഭാരി’ എന്നുമുള്ള നരേന്ദ്ര മോഡിയുടെ അഹങ്കാരത്തോടെയുള്ള ഗർജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. എൻഡിഎക്ക് 400ലേറെ സീറ്റുകൾ നല്‍കുകയോ ‘നിങ്ങളെയെല്ലാം പരാജയപ്പെടുത്താൻ ഞാൻ ഒരാൾ മാത്രം മതിയാകും’ എന്ന ഹിറ്റ്‌ലേറിയൻ അവകാശം അംഗീകരിച്ചുകൊടുക്കുകയോ ചെയ്യാൻ സന്നദ്ധമല്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം അവർ വ്യക്തമാക്കിയിരിക്കുകയാണ്.
മോഡിക്കും അമിത് ഷായ്ക്കും തന്നിഷ്ടപ്രകാരം എന്തുമാകാം എന്ന സ്ഥിതി അപ്രത്യക്ഷമായിരിക്കുകയാണ്. സ്വന്തം വിമർശകരെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചൊതുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ തോന്നുംപോലെ ഉപകരണങ്ങളാക്കാനും പ്രയോഗിക്കാനും സംയുക്ത ഭരണകേന്ദ്രത്തിന് കഴിയില്ല. ഇലക്ടറൽ ബോണ്ട്, ഓഹരിവിപണി, സെബി തുടങ്ങിയവയുടെ ദുരുപയോഗത്തിലൂടെ അവിഹിതമായി പണം സ്വരൂപിക്കാനും സാധ്യമാവില്ല. വെറുപ്പിന്റെ രാഷ്ട്രീയം വ്യാപകമായി പ്രചരിപ്പിക്കുക ലക്ഷ്യമാക്കി ദൃശ്യ‑ശ്രവ്യ മാധ്യമങ്ങളെയും മറ്റ് വ്യത്യസ്ത ഇലക്ട്രോണിക് മാധ്യമങ്ങളെയും സ്വന്തം വരുതിക്കുനിർത്താൻ പഴയതുപോലെ സാധ്യമാവുകയില്ല. ജുഡീഷ്യറിയെ ചൊല്പടിക്ക് നിർത്താമെന്നതും വ്യാമോഹമായി കലാശിക്കും.
മാന്ദ്യത്തിന്റെ ഭീഷണിയിലായിരുന്ന ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് പ്രകൃതിദത്തമായ ഓക്സിജൻ യഥേഷ്ടം ശ്വസിക്കാമെന്ന അവസ്ഥയും കൈവന്നിരിക്കുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങളെ വിശ്വാസത്തിലെടുത്ത ഓഹരി വിപണികളും അതിൽ പങ്കെടുത്തിരുന്ന ഓഹരി ചൂതാട്ടക്കാരും ‘മോഡി ഓഹരി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഓഹരികളുടെ ഉടമകളും അവതാളത്തിലായിരിക്കുകയാണ്. ഒന്നും രണ്ടും ഭരണഘട്ടങ്ങളുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ ശക്തിയും ഊർജവും പ്രഹരശേഷിയുമുള്ള ‘ഇന്ത്യ’സഖ്യമാണ് പ്രതിപക്ഷത്ത് പതിന്മടങ്ങ് ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ചിരിക്കുന്നത് എന്നതും മോഡിക്ക് ഉറക്കമില്ലാരാവുകൾ സമ്മാനിക്കാതിരിക്കില്ല. ഇതിനെല്ലാമുപരിയായി നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും ഒരുപോലെ ഭീഷണി ഉയർത്തുന്ന വിധത്തിൽ സ്വന്തം പാർട്ടിയിൽ നിന്നുള്ള വെല്ലുവിളികളുമുണ്ട്. 

പിന്നിട്ട ഒരു ദശകക്കാലം മോഡിക്ക് അമിത് ഷായും അമിത് ഷായ്ക്ക് മോഡിയുമായിരുന്നു പരസ്പര സഹായം. രണ്ടാംവട്ടം അധികാരമേറ്റപ്പോൾ പോലും പാർട്ടിയിലെ മുതിർന്ന നേതാക്കളായ എൽ കെ അഡ്വാനിയെയും ഡോ. മുരളീ മനോഹർ ജോഷിയെയും ഉചിതമായ വിധത്തിൽ ആദരിക്കാന്‍ മനസുകാണിക്കാതിരുന്ന മോഡി ഇക്കുറി അഡ്വാനിയുടെ വസതിയിലെത്തി അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകൾ തേടുകയുണ്ടായി. ബിജെപി സാമ്രാജ്യത്തിന്റെ ഉറച്ച കോട്ടകളായിക്കരുതിയിരുന്ന യുപിയും മഹാരാഷ്ട്രയും കൈവിട്ടുപോയിരിക്കുന്നു. മോഡിയും അമിത്ഷായും കഴിഞ്ഞാൽ ബിജെപിയിലെ മൂന്നാമനായി വിശേഷിപ്പിക്കപ്പെടുന്ന യുപി മുഖ്യൻ ആദിത്യനാഥും ഈ തെരഞ്ഞെടുപ്പിനുശേഷം വിലപേശൽ നഷ്ടമായവരുടെ ഗണത്തിൽപ്പെടുന്നു.
ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ പലതിലും ഏറ്റുവാങ്ങേണ്ടിവന്ന കൂട്ടത്തോൽവിയും അമേഠിയിൽ മൂന്നു ലക്ഷത്തോളം വോട്ടുകൾക്ക് രാഹുൽഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനി ജില്ലാ കോൺഗ്രസ് അധ്യക്ഷനോട് ഒന്നരലക്ഷം വോട്ടിന് തോറ്റതും ആദിത്യനാഥിന് നിസാരമായ തിരിച്ചടി ആയിരുന്നില്ല. രാഹുൽ ഗാന്ധിയാണെങ്കിൽ റായ്ബറേലിയിൽ മൂന്നു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലോക്‌സഭയിലെത്തിയത്. അതേ അവസരത്തിൽ ഏഴ് ലക്ഷം വരെ ഭൂരിപക്ഷം ഉയരുമെന്ന് ബിജെപിയും യോഗിയും വീമ്പിളക്കിയിരുന്നെങ്കിലും ഒന്നരക്ഷത്തോളം വോട്ടിനാണ് നരേന്ദ്ര മോഡി ജയിച്ചത്.
മോഡിയും സംഘ്പരിവാറും തമ്മിലുള്ള ബന്ധങ്ങൾക്ക് ഉലച്ചിലുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ നാഗ്പൂർ കേന്ദ്രത്തിന്റെ മേധാവി മോഹൻ ഭാഗവതിന്റെ അപ്രീതിക്ക് പാത്രമായിട്ടുണ്ടെന്ന വാർത്തയും കേൾക്കുകയുണ്ടായി. ഒരവസരത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയും നാഗ്പൂർ എംപിയുമായ നിതിൻ ഗഡ്കരിയുടെ പ്രധാനമന്ത്രിപദത്തിലേക്കുള്ള സ്ഥാനക്കയറ്റത്തെപ്പറ്റിയും പറഞ്ഞുകേട്ടിരുന്നതാണ്. ആർഎസ്എസ് മേധാവിയുടെ പിന്തുണയും ഗഡ്കരിക്കുണ്ടയിരുന്നത്രെ. നിരവധി മണ്ഡലങ്ങളിൽ മുമ്പത്തെപ്പോലെ സംഘ്പരിവാർ അണികൾ ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രവർത്തനരംഗത്തുണ്ടായിരുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്. ബിജെപിയുടെ ചരിത്രത്തിൽ ഇതിനുമുമ്പ് ഒരിക്കൽപോലും കേട്ടിട്ടില്ലാത്ത ‘മോഡിക്കുശേഷം ആർ’ എന്ന ചോദ്യം തന്നെ ഉയർന്നിരുന്നു. ഇതിന് കൃത്യമായ മറുപടി ഇതുവരെ ലഭിച്ചിട്ടുമില്ല.
1984ൽ നേടിയിരുന്ന വെറും നാല് സീറ്റുകളിൽ നിന്നും 1989ൽ ബിജെപി അംഗങ്ങളുടെ എണ്ണം 88 ആയി ഉയർന്ന് രണ്ടാം സ്ഥാനത്തായപ്പോള്‍ എൽ കെ അഡ്വാനി പറഞ്ഞത് ‘വിജയി എല്ലായ്പ്പോഴും രണ്ടാം സ്ഥാനക്കാരനായിരിക്കും’ എന്നാണ്. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുചേർന്ന ‘ഇന്ത്യ’ സഖ്യത്തിന് മോഡി ഭരണത്തെ താഴെയിറക്കാൻ കഴിഞ്ഞില്ലെങ്കിലും ശക്തമായനിലയില്‍ രണ്ടാംസ്ഥാനത്തുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റുമുട്ടൽ രാഷ്ട്രീയത്തിനു പകരം സമവായത്തിന് വഴങ്ങാൻ മോഡിയും സംഘവും നിർബന്ധിതമായിരിക്കുകയാണ്. ഇന്ത്യ മാറിയിരിക്കുന്നു. ജനങ്ങളുടെ രാഷ്ട്രീയ വീക്ഷണത്തിലും ഈ മാറ്റം പ്രതിഫലിച്ചു കാണുന്നുണ്ട്. അതുകൊണ്ട് ഇന്ത്യ സഖ്യത്തിനും അതിന് നേതൃത്വം നല്‍കുന്ന കോൺഗ്രസിനും അലംഭാവം ആപത്തായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.