19 September 2024, Thursday
KSFE Galaxy Chits Banner 2

രാജ്യത്തിന് ഗുണം ചെയ്യാത്ത കേന്ദ്ര ബജറ്റ്

സി ആർ ജോസ്‌പ്രകാശ്
July 29, 2024 4:45 am

നമന്ത്രി നിർമ്മലാ സീതാരാമൻ മറ്റൊരു കേന്ദ്ര ബജറ്റ് കൂടി അവതരിപ്പിച്ചു. അവരുടെ ഏഴാമത്തെ ബജറ്റ്. ഒരു പുതുമയുമില്ലാത്ത രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾക്കും പ്രയോജനം ചെയ്യാത്ത ബജറ്റാണ് 2024–25 സാമ്പത്തികവർഷത്തേക്ക് അവതരിപ്പിച്ചിരിക്കുന്നത്. ബിജെപി സർക്കാരിന്റെ എല്ലാ ബജറ്റിലും എന്നതുപോലെ ഈ ബജറ്റിലും കോർപറേറ്റ് താല്പര്യങ്ങൾ മുറുകെ പിടിച്ചിട്ടുണ്ട്. അതേസമയം പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടിക്ക് കാരണമായി രാജ്യം ചർച്ച ചെയ്ത ചില കാര്യങ്ങളിൻമേൽ, കുറച്ചു പ്രഖ്യാപനങ്ങളും നടത്തിയിട്ടു. മുൻ ബജറ്റുകളിലെ പ്രഖ്യാപനങ്ങളുടെ അനുഭവം മുന്നിലുള്ളതിനാൽ ഈ പ്രഖ്യാപനങ്ങൾ ആരിലും പ്രതീക്ഷ ഉണർത്തിയിരിക്കാൻ സാധ്യതയില്ല. 

യുവാക്കളുടെ തൊഴിലവസരം വർധിപ്പിക്കാൻ രണ്ട് ലക്ഷം കോടി, 12 പുതിയ വ്യവസായപാർക്കുകൾ, കാർഷിക മേഖലയിൽ 1.52 ലക്ഷം കോടി ചെലവഴിക്കൽ, ശമ്പളക്കാർക്കും പെൻഷൻകാർക്കും നേരിയ ആശ്വാസമകറ്റുന്ന വിധത്തിൽ ആദായനികുതിയിൽ ചെറിയ മാറ്റങ്ങൾ, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായിരുന്നത് ആറ് ശതമാനമായി കുറയ്ക്കൽ, പങ്കാളിത്ത പെൻഷൻ കാര്യത്തിൽ മാറ്റം വരുത്തുമെന്ന സൂചന, നഗരങ്ങളിൽ ഒരു കോടി പേർക്ക് വീട് നൽകുമെന്ന പ്രഖ്യാപനം, ഗ്രാമവികസനത്തിന് 2.66 ലക്ഷം കോടി മാറ്റിവയ്ക്കൽ, ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പുവഴി തൊഴിൽ നെെപുണ്യം ഉറപ്പാക്കൽ, ഒരുകോടി വീടുകളിൽ പുരപ്പുറ സോളാർ പദ്ധതി നടപ്പിലാക്കൽ, മൂന്ന് കാൻസർ മരുന്നുകളുടെ വിലകുറയ്ക്കൽ തുടങ്ങിയവയിൽ സ്വർണത്തിന്റെ വില കുറയ്ക്കൽ, മരുന്നിന്റെ വില കുറയ്ക്കൽ പോലെയുള്ള സ്വകാര്യങ്ങളിൽ ചെറിയ നേട്ടം ജനങ്ങൾക്കുണ്ടാകും. എന്നാൽ മറ്റ് പ്രഖ്യാപനങ്ങളിൻമേൽ വലിയ പുരോഗതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. കഴിഞ്ഞ ആറ് ബജറ്റ് പ്രഖ്യാപനങ്ങളും പരിശോധിച്ചാൽ അങ്ങനെ ഒരു നിഗമനത്തിൽ എത്താനേ കഴിയൂ. കൃഷി, തൊഴിൽ നെെപുണ്യ വികസനം, മാനവശേഷി വികാസം, നഗരവികസനം, ഊർജസുരക്ഷ, അടിസ്ഥാന വികസനം, ഗവേഷണം, ഉല്പാദനം വർധിപ്പിക്കൽ, സേവനരംഗം വിപുലമാക്കൽ എന്നിങ്ങനെ ഒമ്പത് മുൻഗണനാ മേഖലകളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ മിക്കതും മുൻ ബജറ്റുകളിൽ കേട്ടിട്ടുള്ളതും സമൂഹത്തിൽ ഒരു മാറ്റവും വരുത്താത്തതുമാണ്. കള്ളം പറയാനും പ്രചരിപ്പിക്കാനുമുള്ള നരേന്ദ്രമോഡിയുടെ കഴിവ് തെരഞ്ഞെടുപ്പുകാലത്ത് രാജ്യം കണ്ടതാണ്. അതേ ശെെലി ഒരു രാജ്യത്തിന്റെ ബജറ്റിൽ കൂടി കടന്നുവന്നിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. 

അഞ്ച് വർഷം മുമ്പ് കോർപറേറ്റുകൾ നൽകുന്ന നികുതി 30ശതമാനത്തിൽ നിന്ന് 22 ശതമാനം ആയി കുറച്ചിരുന്നു. ഇതിലൂടെ ഓരോ വർഷവും 1.46 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഏതാനും കോടീശ്വരൻമാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് ഖജനാവിൽ എത്തേണ്ട 7.30 കോടി രൂപ എത്താതെ പോയി. 2014–15ൽ കോർപറേറ്റ് നികുതി 4.28 ലക്ഷം കോടി രൂപയായിരുന്നത്, 2024–25ൽ 10. 21 ലക്ഷം കോടി രൂപയായി മാത്രമാണ് ഉയർന്നത്. എന്നാൽ ആദായനികുതി, 2014–15ൽ 2.53 ലക്ഷം കോടിയായിരുന്നത് 2024–25ൽ 11.86 ലക്ഷം കോടിയായി ഉയരും. ലോകത്തെല്ലാ രാജ്യങ്ങളിലും ഓരോ വർഷവും ആദായനികുതിയേക്കാൾ വേഗത്തിൽ ഉയരുന്നത് കോർപ്പറേറ്റ് നികുതിയാണ്. കാരണം കോർപറേറ്റുകളുടെ ലാഭം കുതിച്ചുയർന്നുകൊണ്ടേയിരിക്കും. ഇത് മുതലാളിത്ത വ്യവസ്ഥിതിയുടെ രീതിയാണ്. ബിജെപി ഭരണത്തിന് മുമ്പ് ഇന്ത്യയിലും അങ്ങനെയായിരുന്നു. ഇപ്പോൾ ആദായനികുതിയിൽ നിന്നുള്ള വരുമാനം (11.86 ലക്ഷം കോടി), കോർപ്പറേറ്റ് നികുതിക്ക് (10. 21 ലക്ഷം കോടി) മുകളിലായി. കോർപറേറ്റ് നികുതി 17 ശതമാനവും ആദായനികുതി 19 ശതമാനവുമായിരിക്കുന്നു. ഈയൊരൊറ്റ കണക്ക് പരിശോധിച്ചാൽ, ബിജെപി സർക്കാരിന്റെ കോർപറേറ്റ് താല്പര്യം ആർക്കും ബോധ്യമാകും. ഇന്ത്യാ മുന്നണി പ്രത്യേകിച്ച് ഇടതുമുന്നണി ഈ കണക്ക് സാധാരണ ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചേ മതിയാകു. ഒരു ശതമാനത്തിന് താഴെയുള്ളവർക്ക് ഗുണം ചെയ്യുന്ന ബജറ്റുകളാണ് നിർമ്മലാ സീതാരാമൻ തുടർച്ചയായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് ജനങ്ങൾ അറിയുക തന്നെ വേണം. ഇതോട് ചേർത്ത് ഒരുകാര്യം കൂടി ജനങ്ങൾ ചർച്ച ചെയ്യണം. അഞ്ച് വർഷങ്ങൾക്ക് മുമ്പ് കോർപറേറ്റ് നികുതി കുറച്ചുതുപോലെ, ഇപ്പോഴത്തെ ബജറ്റിലൂടെ വിദേശ കോർപറേറ്റുകളുടെ നികുതി 40 ശതമാനം ആയിരുന്നത്, 35 ശതമാനമായി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിലൂടെ ഒരു വർഷം 37,200 കോടി രൂപയാണ് ആയിരത്തിന് താഴെ മാത്രം വരുന്ന വിദേശ കോർപറേറ്റുകളുടെ കെെവശം എത്തിച്ചേരുന്നത്. അങ്ങനെ ഇന്ത്യക്കകത്തും പുറത്തുമുള്ള കോർപറേറ്റുകളെ പ്രീണിപ്പിക്കുന്ന നയം ഒരു തടസവുമില്ലാതെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 

സെൻസസും വനിതാ സംവരണവും ഈ വർഷവും നടപ്പിലാകില്ലെന്ന് ബജറ്റ് വ്യക്തമാക്കുന്നു. കർഷകർക്ക് മതിയായ തോതിൽ താങ്ങുവില കിട്ടില്ല. രാജ്യത്ത് പാവങ്ങൾക്ക് ഗുണകരമായിരുന്ന സബ്സിഡി ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം സബ്സിഡിക്ക് മാറ്റിവച്ചിരുന്നത് 4.13 ലക്ഷം കോടിയായിരുന്നെങ്കിൽ, ഈ വർഷം അത് 3.81 ലക്ഷം കോടിയായി വെട്ടിക്കുറച്ചിരിക്കുന്നു. ഭക്ഷ്യസബ്സിഡി 2.87 ലക്ഷം കോടി എന്നത് 2.05 ലക്ഷം കോടിയായും വളം സബ്സിഡി 1.88 ലക്ഷം കോടി 1.64 ലക്ഷം കോടിയായും പാചകവാതകം ഉൾപ്പെടെയുള്ള ഇന്ധനനികുതി 12,240 കോടി രൂപയിൽ നിന്നും 11,925 കോടി രൂപയായും വെട്ടിക്കുറച്ചു. രാജ്യത്തെ സാധാരണ ജനങ്ങളെക്കുറിച്ച് എന്തെങ്കിലും ചിന്തയുള്ള ഒരു സർക്കാരിനും ഇങ്ങനെ പ്രവർത്തിക്കാൻ കഴിയില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഒരു രൂപയുടെ വർധനവും വരുത്തിയില്ല. (80,000 കോടി രൂപ) എന്നതും ഓർക്കണം.
സർക്കാരിന്റെ വരവ് എങ്ങനെയെന്ന് പരിശോധിക്കാം. വായ്പകളും മറ്റ് ബാധ്യതകളും 27 ശതമാനം, ആദായനികുതി 19 ശതമാനം, കോർപ്പറേറ്റ് നികുതി 17 ശതമാനം, ചരക്കു സേവന നികുതി 18 ശതമാനം, കേന്ദ്ര എക്സെെസ് തീരുവ അഞ്ച് ശതമാനം, കസ്റ്റംസ് തീരുവ് നാല് ശതമാനം എന്നിവയാണ് പ്രധാനം. ചെലവിൽ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 21 ശതമാനം, പലിശയടവ് 19 ശതമാനം, കേന്ദ്ര പദ്ധതികൾ 16 ശതമാനം, ധന കമ്മിഷൻ ശുപാർശ പ്രകാരമുള്ളത് ഒമ്പത് ശതമാനം, കേന്ദ്രാവിഷ്കൃത പദ്ധതികൾ എട്ട് ശതമാനം, പ്രതിരോധം എട്ട് ശതമാനം, സബ്സിഡികൾ ആറ് ശതമാനം, പെൻഷൻ നാല് ശതമാനം എന്നീ ക്രമത്തിലാണ്. എല്ലാ സംസ്ഥാനങ്ങൾക്കും കൂടി ഈ വർഷം 12.47 ലക്ഷം കോടി രൂപ നികുതിവിഹിതമായി നൽകും. ഇതിൽ കേരളത്തിന് കിട്ടുന്നത് 1.92 ശതമാനം മാത്രമാണ്. ജനസംഖ്യാനുപാതികമായി പോലും 2.77 ശതമാനം തുക കിട്ടേണ്ടതായിരുന്നു. അതേസമയം യുപിക്ക് 17.9, ബിഹാറിന് 10. 06 ശതമാനം വീതം. കേരളത്തിന് ആകെ കിട്ടുന്ന 24,008.82 കോടിയിൽ, കോർപററ്റ് നികുതി വിഹിതമായി 7209 കോടി, ആദായ നികുതിയിലൂടെ 8303, ജിഎസ്‌ടി വിഹിതമായി 7172, ഇറക്കുമതി തീരുവയിലൂടെ 1059, എക്സെെസ് തീരുവയിലൂടെ 223 കോടി വീതവും കിട്ടുന്നു. കേരളത്തോടുള്ള വിവേചനം ഇവിടെ പ്രകടമാണ്. 2021–22ൽ കേന്ദ്രവിഹിതം (നികുതി വിഹിതവും ഗ്രാന്റും ഉൾപ്പെടെ) 47,837 കോടിയായിരുന്നത് 2023–24ൽ 32,945 കോടിയായി കുത്തനെ കുറഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിന്റെ ആകെ ചെലവിന്റെ 21 ശതമാനം മാത്രമാണ് ഇപ്പോൾ കേന്ദ്രവിഹിതം. ഇത് ബിഹാറിൽ 71 ശതമാനവും യുപിയിൽ 47 ശതമാനവുമാണ്. മറ്റ് സംസ്ഥാനങ്ങളെല്ലാം കേരളത്തിന് മുന്നിലാണ്. ഇന്ത്യയിലെ ശരാശരി സംസ്ഥാനങ്ങളുടെ കേന്ദ്രവിഹിതം 48 ശതമാനം ആണെന്നറിയുമ്പോഴാണ് കേരളത്തോടുള്ള അവഗണനയുടെ ആഴം മനസിലാക്കുന്നത്. ബജറ്റിൽ ഏതെങ്കിലും ഭാഗത്ത് ‘കേരളം’ എന്ന പേരുപോലും ഉച്ചരിക്കുന്നില്ല. എന്നാൽ കേരളത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന സഹകരണ മേഖലയുടെ താളം തെറ്റിക്കുന്നതിനുള്ള നയപ്രഖ്യാപനം ബജറ്റിൽ നടത്തുകയും ചെയ്തു. 

വയോജനങ്ങളെക്കുറിച്ച് ഒരു പരാമർശം പോലുമുണ്ടാകാത്ത ആദ്യത്തെ ബജറ്റാണിത്. 60 വയസിനു മുകളിലുള്ളവർക്ക് 200 രൂപയും 79 വയസിനു മുകളിലുള്ളവർക്ക് 500 രൂപയും പെൻഷൻ നിശ്ചയിച്ചത്, 2007ൽ ആണ്. 17 വർഷത്തിനുശേഷവും ഇതിൽ ഒരു രൂപയുടെ വർധനവ് വരുത്തിയില്ലാ എന്നതിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത്? കോർപറേറ്റുകളെയല്ലാതെ, മറ്റാരെയും കാണാൻ ബിജെപി സർക്കാരിന് കണ്ണില്ല എന്നത് ഇവിടെ പ്രകടമാണ്.

വ്യത്യസ്തരാഷ്ട്രീയ പാർട്ടികൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം നടത്തുമ്പോൾ ചില ഏറ്റുമുട്ടലുകൾ സ്വാഭാവികമാണ്. കോൺഗ്രസ് രാജ്യം ഭരിക്കുമ്പോഴും അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ, ഇഷ്ടമല്ലാത്ത ഒരു സംസ്ഥാനത്തെ സാമ്പത്തികമായും മറ്റു വിധത്തിലും അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടിക്കാൻ ഒരു ബജറ്റിനെ തന്നെ ഉപയോഗപ്പെടുത്തുന്ന ശൈലി, ബിജെപി സർക്കാരിന്റെ മാത്രം സൃഷ്ടിയാണ്. രാജ്യത്തിന്റെ സമ്പത്തുല്പാദനത്തിൽ ഒട്ടും മോശമല്ലാത്ത പങ്കുവഹിക്കുന്ന സംസ്ഥാനമാണ് കേരളം. വിദേശത്തുനിന്നും രാജ്യത്തിലേക്കൊഴുകിയെത്തുന്ന സമ്പത്തിൽ, മലയാളികളുടെ പങ്ക് നിർണായകമാണ്. ആദായനികുതി അടയ്ക്കുന്നവർ താരതമ്യേന കേരളത്തിൽ കൂടുതലാണ്. കയറ്റുമതി രംഗത്തും കേരളത്തിന്റെ പങ്ക് ചെറുതല്ല. ഇതൊക്കെ വിലയിരുത്തിയുള്ള ഒരു ബജറ്റ് വിഹിതം ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ജനസംഖ്യാനുപാതികമായ വിഹിതമെങ്കിലും കിട്ടേണ്ടതാണ്. എന്നാൽ 2.77 ശതമാനത്തിനു പകരം രണ്ടു ശതമാനത്തിനു താഴെ മാത്രമേ കിട്ടുന്നുള്ളൂ. ദേശീയപാതാ വികസനത്തിന് അടക്കം കേരളത്തിനുമാത്രം പ്രത്യേക നിബന്ധനകളാണ്. സാമ്പത്തികമായി സംസ്ഥാനത്തെ വീർപ്പുമുട്ടിച്ച്, ജനരോഷം വളർത്തുക എന്ന അജണ്ടയാണ് മോഡി സർക്കാർ സ്വീകരിച്ചുവരുന്നത്. അതിലവർ വിജയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോഴത്തെ ബജറ്റിലൂടെ കേന്ദ്രത്തിന്റെ ക്രൂരത ജനസമൂഹമാകെ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ ഐക്യത്തിന്റെ കരുത്ത് നിലനിർത്തി, ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും കാപട്യം തുറന്നു കാട്ടി മുന്നോട്ടു പോകുകയെ വഴിയുള്ളു. കേന്ദ്രഭരണം ഇപ്പോൾ ദുർബലമാണ്. വരുംനാളുകളിൽ കൂടുതൽ ദുർബലമാക്കും. ബിജെപി ഭരണം കേന്ദ്രത്തിൽ മാറാതെ കേരളത്തിന് മോചനമില്ലെന്ന് ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്നു. തമിഴ്‌നാട് അടക്കം നിരവധി സംസ്ഥാനങ്ങൾ ഈ വഴിയെ വരികയാണ്. നമുക്ക് ജാഗ്രതയോടെ കാത്തിരിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.