22 December 2024, Sunday
KSFE Galaxy Chits Banner 2

നഗരങ്ങളിലെ കുടിവെള്ളം താളംതെറ്റുന്നോ!

പ്രൊഫ. കെ അരവിന്ദാക്ഷൻ
August 8, 2024 4:30 am

ലോകാരോഗ്യ സംഘടന ആരോഗ്യം മനുഷ്യന്റെ ‘മൗലികാവകാശ’മാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകാരോഗ്യ ദിനാചരണത്തിന്റെ അടിസ്ഥാന ആശയം, കേവലം ആരോഗ്യ സംരക്ഷണം മാത്രമല്ല, തുല്യനീതി മനുഷ്യ സമൂഹത്തിനാകെ ഉറപ്പാക്കുക എന്നതാണ്. ‘എന്റെ ആരോഗ്യം എന്റെ അവകാശം’ എന്നതാണ് ലോകാരോഗ്യ സംഘടന ഈ വർഷത്തേക്കുള്ള ചിന്താവിഷയമായി നിർദേശിച്ചിരിക്കുന്നത്. മനുഷ്യസമൂഹത്തിന്റെ ആരോഗ്യ സുരക്ഷയ്ക്കുള്ള അവശ്യഘടകം കുടിവെള്ളത്തിന്റെ ആവശ്യാനുസൃത ലഭ്യതയാണ്. ‘കുടിവെള്ളം ജന്മാവകാശ’മാണെന്ന മുദ്രാവാക്യവും ആരോഗ്യ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുള്ളതുതന്നെയാണല്ലോ.
ഈ ആവശ്യത്തിന് പുതിയകാലഘട്ടത്തിൽ പ്രത്യേക പ്രസക്തിയുമുണ്ട്. ഇന്ത്യയുടെ നഗരമേഖലയിൽ കഴിഞ്ഞ കുറേക്കാലമായി ജലലഭ്യത ആശ്രയിച്ചിരിക്കുന്നത് കാലാവസ്ഥയുടെ കനിവിനെയാണ്. 2024ൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പുവരെ ഏറെക്കുറെ മുഴുവൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കടുത്ത വേനലും വരൾച്ചയും മൂലം ജലദൗർലഭ്യം അതിരൂക്ഷമായാണ് അനുഭവപ്പെട്ടിരുന്നത്. സെൻട്രൽ വാട്ടർ ആന്റ് പവർ കമ്മിഷന്റെ കണക്കുകളനുസരിച്ച് കർണാടക, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളിൽ സംഭരണ ശേഷിയുടെ 25 ശതമാനമാണ് ജലം ഉണ്ടായിരുന്നത്.


ഇതുകൂടി വായിക്കൂ: പൊതുമുതല്‍ വിറ്റു തുലയ്ക്കുമ്പോള്‍


ദക്ഷിണേന്ത്യയിലെ ഐടി നഗരമായ ബംഗളൂരുവിന്റെ ഇന്നത്തെ സ്ഥിതി പരമദയനീയമാണ്. കാലാവസ്ഥാ വ്യതിയാനവും നഗരാസൂത്രണമേഖലയിലെ കെടുകാര്യസ്ഥതയുമാണ് ബംഗളൂരു അടക്കമുള്ള നഗരങ്ങളിൽ ജലദൗർലഭ്യം അടക്കമുള്ള നിത്യജീവിത ദുരന്തങ്ങൾക്കിടയാക്കിയിരിക്കുന്നത്. നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരം ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് അറിയപ്പെട്ടിരുന്നത് ചണ്ഡീഗഢ് കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും മികവാർന്ന ശുചിത്വസുന്ദര നഗരമായിട്ടാണ്. എന്നാൽ ഇന്നത്തെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. ഒരു കനത്ത മഴ മാത്രം മതിയാകും നഗരജീവിതത്തെത്തന്നെ മേൽകീഴ് മറിക്കാനും ദുരന്തപൂരിതമാക്കാനും ജനതയെ കുടിവെള്ള ക്ഷാമത്തിലേക്കു നയിക്കാനും.
ബംഗളൂരുവിന്റെ ദുരിതം പരിശോധിക്കാം. 1800ൽ, മൊത്തം 740 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ടായിരുന്ന പ്രദേശത്ത് 1,452 പരസ്പരബന്ധിതമായ ജലസംഭരണികളും 80 ശതമാനത്തോളം ഹരിതാവരണവും പ്രകൃതിയുടെ വരദാനമായി ഉണ്ടായിരുന്നു. ഇന്ന് ജലസംഭരണികൾ ഏറെക്കുറെ മുഴുവനായും അപ്രത്യക്ഷമായിരിക്കുന്നു. ഇതിന്റെ 86 ശതമാനത്തോളം മണ്ണും കല്ലും പാഴ്‌വ‌സ്തുക്കളും നിറച്ച, നടപ്പാതയോ കരഭൂമിയോ ആക്കി മാറ്റിയിരിക്കുകയാണ്. ഹരിതാവരണമാണെങ്കിൽ വെറും മൂന്നു ശതമാനമായി ചുരുങ്ങിയിരിക്കുന്നു. ഇതിന്റെ ഫലമായി നഗരത്തിനാവശ്യമുള്ള ജലത്തിന്റെ 40 ശതമാനവും ഭൂഗർഭ ജല സ്രോതസുകളിൽ നിന്നാണ് ലഭ്യമാക്കിവരുന്നത്. കാവേരി നദീജല ലഭ്യത 55 മുതൽ 60 ശതമാനം വരെയാണ്. കാവേരിയുടെ സ്രോതസിൽ 45 ശതമാനവും ചൂഷണം ചെയ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. വനനശീകരണം ഹരിതാവരണത്തിന്റെ അതിവേഗ ശോഷണത്തിലേക്കും നയിക്കുന്നു.
നമ്മുടെ കൊച്ചു സംസ്ഥാനത്ത് വര്‍ഷം മുഴുവൻ നിറഞ്ഞുകവിഞ്ഞൊഴുകിയിരുന്ന 44 വലുതും ചെറുതുമായ നദികളുണ്ട്. ഇവയിൽ മിക്കവാറും വൈദ്യുതി ഉല്പാദനം ലക്ഷ്യമാക്കി അണക്കെട്ടുകളും വിവിധോദ്ദേശ ജലസേചന പദ്ധതികളും സമഗ്രമായ കാഴ്ചപ്പാടോ ആസൂത്രണമോ ഇല്ലാതെ നിർമ്മിക്കപ്പെട്ടതിന്റെ ഫലമായി സുഗമമായ ഒഴുക്കില്‍ പ്രതിബന്ധം നേരിട്ടുവരുന്നതായാണ് അനുഭവം. വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും കൃഷിക്കാവശ്യമായ വെള്ളത്തിന്റെയും സുഗമമായ ലഭ്യതയും നിഷേധിക്കപ്പെട്ട സ്ഥിതിവിശേഷമാണ് കേരള ജനത അഭിമുഖീകരിക്കാൻ നിർബന്ധിതമായിരിക്കുന്നത്. വികസന ഭ്രാന്തിന്റെ സൃഷ്ടിയായി മാത്രമേ ഇത്തരം ദുരന്തങ്ങളെ നിരീക്ഷിക്കാൻ സാധിക്കൂ.

20-ാം നൂറ്റാണ്ടിലാണ് കുടിവെള്ള വിതരണത്തിനായി പ്രത്യേക ഏജൻസികളെ സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ സ്ഥാപിക്കാൻ തുടക്കമിട്ടത്. ചില സംസ്ഥാനങ്ങൾ ഇവയെ ജലവിതരണ ബോർഡുകളായി വിശേഷിപ്പിച്ചപ്പോൾ കേരള സംസ്ഥാനം അടക്കമുള്ളവ അതോറിട്ടികൾ എന്ന പേരാണ് ഈ ഏജൻസിക്ക് നല്‍കിയത്. തുടക്കത്തിൽ കേരള വാട്ടർ ആന്റ് വേസ്റ്റ് വാട്ടർ അതോറിട്ടി എന്ന പേരാണ് നല്‍കിയിരുന്നത്. പിൽക്കാലത്ത് ഇത് കേരള വാട്ടർ അതോറിട്ടി എന്ന ചുരുക്കപ്പേരിലേക്ക് മാറ്റുകയാണുണ്ടായത്. എന്നാൽ, പേരിൽ സംഭവിച്ച ഈ മാറ്റമല്ലാതെ ഇതുവഴി പൊതുജനങ്ങൾക്ക് കിട്ടിയ കുടിവെള്ളത്തിന്റെ ഗുണമേന്മയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായതായി അറിയാനായിട്ടില്ല. കേരള വാട്ടർ അതോറിട്ടിയെ സംബന്ധിച്ചിടത്തോളം വെള്ളം ശേഖരിക്കുന്നതിനുള്ള മുഖ്യ ആശ്രയം നദികളാണ്. നദീജലം ‘ജീവജല’ത്തിന്റെ അമൂല്യ സ്രോതസായി കാണുകയും ഈ ജലത്തെ യുക്തിസഹമായി ചൂഷണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യാത്തതുമൂലം നമ്മുടെ ജനതയും കുറേക്കാലമായി ‘കുപ്പിവെള്ള സംസ്കാര’ത്തിന്റെ അടിമകളായി മാറിയിരിക്കുകയാണ്.
നഗരങ്ങള്‍ അടക്കമുള്ള വിവിധ മേഖലകളുടെ വികസനത്തിന്റെ പേരിൽ ഊറ്റംകൊള്ളുന്ന ഭരണാധികാരികൾ 2017, 18, 19 വർഷങ്ങളിൽ ഓഖി ദുരന്തത്തിന്റെയും സമയം തെറ്റിയെത്തിയ അതിവർഷത്തിന്റെയും ജലവിഭവ ശേഖരം ശരിയാംവണ്ണം വിനിയോഗിക്കാതിരുന്നതിന്റെയും ഫലമായി ജനങ്ങൾ അഭിമുഖീകരിക്കേണ്ടിവന്ന ദുരിതങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും. തിരുവനന്തപുരം നിവാസികൾക്ക് ദുരന്തം വിതയ്ക്കുന്നതിനുള്ള പ്രധാന കാരണം നഗരത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഒഴുകിക്കൊണ്ടിരുന്ന പാർവതീ പുത്തനാറിന്റെ അവഗണനയും നശീകരണവുമാണെങ്കിൽ വാണിജ്യ തലസ്ഥാനമായ കൊച്ചി — കളമശേരി — ആലുവ പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നത് പെരിയാർ നദിയുടെ രാസ മലിനീകരണമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിവുള്ളതാണ്. ഏറ്റവുമൊടുവിൽ അടുത്തകാലത്ത് നിരവധി കുടുംബങ്ങളുടെ ജീവിതം തടസപ്പെടാനിടയാക്കിയ മത്സ്യക്കുരുതിയും നദീജലം മലിനമാക്കപ്പെട്ടതിന്റെ ഫലമായുണ്ടായതാണ്.
ചെറുതും വലുതുമായ നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങളാണ് പെരിയാര്‍ തീരത്ത് പ്രവർത്തിക്കുന്നത്. ഇതിൽ 106 എണ്ണം ‘റെഡ് കാറ്റഗറി’ — അപകടകരമായ മാലിന്യം സൃഷ്ടിക്കുന്ന- വ്യവസായങ്ങളുമാണത്രെ. ഇക്കൂട്ടത്തിൽ രാസമാലിന്യം ഒഴുക്കിവിടൽ ഭീഷണിയുടെ ‘ടാഗ്’ അർഹിക്കുന്ന ഇരുപതിലേറെ വ്യവസായ യൂണിറ്റുകളുമുണ്ട്. 1969, 78, 79, 85 വർഷങ്ങളിൽ രാസവാതക ചോർച്ചയും മേഖലയിൽ ഉണ്ടായിട്ടുണ്ട്. 1990ൽ എച്ച്ഐഎൽ എന്ന കമ്പനിയിൽ നിന്നും രാസവസ്തുവായ ടുളുവിൽ ഒഴുകിയെത്തി സമീപത്തെ കുഴിക്കണ്ടം തോടെന്ന ജലസ്രോതസിൽ തീപിടിത്തം ഉണ്ടായി. അക്കാലത്ത് അതിശക്തമായൊരു പ്രതിഷേധസരമാണ് പ്രൊഫ. എം കെ പ്രസാദ്, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെയും നൂറുകണക്കിന് പരിസ്ഥിതി പ്രവർത്തകരുടെയും സഹകരണത്തോടെ സംഘടിപ്പിച്ചത്. പ്രസ്തുത സമരത്തിന് പ്രാദേശികതലത്തിൽ നേതൃത്വം നല്‍കിയ പുരുഷൻ ഏലൂർ എന്ന പരിസ്ഥിതി പ്രവർത്തകൻ ഇതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് പീഡിപ്പിക്കപ്പെട്ടു.


ഇതുകൂടി വായിക്കൂ: നരേന്ദ്രമോഡിയുടെ ഇന്ത്യ യഥാര്‍ത്ഥ ചിത്രം എന്ത്?


കുടിവെള്ളക്ഷാമം അഭിമുഖീകരിക്കുന്ന ബംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ ശരാശരി 15 ടിഎംസിവരെയാണ് വാർഷികലഭ്യത ആവശ്യമുള്ളതായി കാണുന്നത്. കർണാടക, കേരള സംസ്ഥാനങ്ങളിലെ വാർഷിക മഴവെള്ള ലഭ്യതയാണെങ്കിൽ 700 മുതൽ 850 മില്ലീമീറ്റർ വരെയുമാണ്. ഇതിനർത്ഥം രണ്ടു നഗരങ്ങളുടെയും കുടിവെള്ള ആവശ്യത്തിന്റെ 70ശതമാനവും മഴവെള്ളലഭ്യത വലിയ മാറ്റമില്ലാതെ തുടരുന്നപക്ഷം ഈ സ്രോതസുവഴി ഏറെക്കുറെ തൃപ്തികരമായി നിർവഹിക്കാൻ കഴിയും എന്നാണ്. മഴവെള്ളക്കൊയ്ത്ത് പ്രയോജനപ്പെടുത്തുന്നതിന് പുരപ്പുറ ജലസംഭരണികൾ വഴിയും ശ്രമിക്കാവുന്നതാണ്. നഗര മേഖലകളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ലൈസൻസിനുള്ള നിർബന്ധ വ്യവസ്ഥയായി റെയിൻ വാട്ടർ ഹാർവെസ്റ്റ് സൗകര്യങ്ങൾ ഒരുക്കുന്നത് ഉചിതമായിരിക്കും. നിലവിലുള്ള തടാകങ്ങൾ, കുളങ്ങൾ, കിണറുകൾ, അരുവികൾ, മറ്റ് ജലസംഭരണികൾ തുടങ്ങിയവയിലൂടെയും അധികമായി വേണ്ടിവരുന്ന ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയും.
1991ലെ ആഗോളീകരണ നയങ്ങളുടെ കുത്തൊഴുക്കോടെ കോർപറേറ്റ് മുതലാളിത്ത ആഭിമുഖ്യമുള്ള വിപണി നിയന്ത്രിത വികസനത്തിലേക്കാണ് രാജ്യത്തിന്റെ ഗ്രാമീണ – നഗരമേഖലകൾ നീങ്ങാൻ നിർബന്ധിതമായത്. ഇത്തരമൊരു പരിവർത്തനത്തിന്റെ പ്രാഥമിക ആഘാതം കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ലഭ്യതയുടെമേലായിരിക്കും. ലഭ്യമായ ജലവിഭവത്തിന്റെ കാര്യക്ഷമവും ശാസ്ത്രീയവുമായ വിനിയോഗത്തിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ. ഉചിതമായ നീക്കം നടത്തുന്നതിനുപകരം കൊച്ചി നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി പ്രൊഫഷണൽ ഏജൻസികളെയും സ്വകാര്യ കോർപറേറ്റ് ഏജൻസികളെയും വിതരണം ഏല്പിക്കാനുള്ള നീക്കം അനുവദിച്ചുകൂടാ.
നദികളും തടാകങ്ങളും തമ്മിലുള്ള പ്രകൃതിദത്തമായ കോർത്തിണക്കൽ ഉറപ്പാക്കുന്നതിലൂടെ പ്രശ്നത്തിന്റെ ഗൗരവം കുറയ്ക്കാൻ കഴിയുമെന്നു മാത്രമല്ല, വെള്ളപ്പൊക്ക കെടുതികൾ ലഘൂകരിക്കാനും വഴിയൊരുക്കും. ഇവിടെയാണ് നദീതടങ്ങളുമായി ചേർന്നുകിടക്കുന്ന ഭൂപ്രദേശങ്ങളുടെ ശാസ്ത്രീയമായ വികസനത്തിന്റെ പ്രസക്തി വ്യക്തമാക്കപ്പെടുന്നത്. സമാനമായ പ്രാധാന്യമാണ് നമ്മുടെ അമൂല്യ സമ്പത്തായ പശ്ചിമഘട്ട മലനിരകളുടെയും നദികളുടെയും സംരക്ഷണം, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്നതിനായി നല്‍കേണ്ടത്. ഡാേ. മാധവ് ഗാഡ്ഗിൽ കമ്മിറ്റിയുടെ ഇതു സംബന്ധമായ ശുപാർശകളിൽ വെള്ളം ചേർത്തുകൊണ്ട് രൂപപ്പെട്ട ഡാേ. കസ്തൂരിരംഗൻ സമിതിയുടെ പരിഷ്കരിച്ച ശുപാർശകളും ശീതസംഭരണിയിൽ തുടരുകയാണ്. ഇതിനുപുറമെ, ഡാേ. ഉമ്മൻ വി ഉമ്മൻ കമ്മിറ്റിയുടെ കൂടുതൽ അയവേറിയ ശുപാർശകളും അനിശ്ചിതത്വത്തിൽ തുടരുന്നു. പുതിയ സാഹചര്യത്തില്‍ സംസ്ഥാന സർക്കാർ നഗര, ഗ്രാമീണ, ആദിവാസി കുന്നിൻപ്രദേശ മേഖലകളുടെ സമഗ്രവും കോർത്തിണക്കിയുമുള്ള പരിസ്ഥിതി സൗഹൃദ വികസനം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.