പ്രധാനമന്ത്രി പദവിയിൽ ആദ്യ തവണയും രണ്ടാം തവണ പ്രത്യേകിച്ചും ഭരണകൂട സങ്കീർത്തകർ ലോകത്തിന് അധ്യാപകനാകാൻ (വിശ്വഗുരു) നരേന്ദ്രമോഡിയിലും ഇരുത്തമേറിയ ഭരണാധികാരിയില്ല എന്ന് ഘോഷിച്ചുകൊണ്ടേയിരുന്നു. നാഗരികതയുടെ ആഴവും സമ്പന്നമായ ദാർശനിക പാരമ്പര്യങ്ങളും വ്യതിരിക്തമായ ആത്മീയ ആചാരങ്ങളും അവർ ഉയർത്തി. ഇതെല്ലാം സംസ്കാരികമായി രാജ്യത്തെ ചരിത്രാതീത കാലം മുമ്പേ ലോകത്തിനു മുന്നേ നിലനിർത്തിയിരുന്നതായും അവർ അവകാശപ്പെട്ടു. നിലവിൽ സാമ്പത്തികവും സാങ്കേതികവുമായ ഔന്നത്യം രാജ്യം നേടിയതായും ആഗോള നേതൃത്വം വഹിക്കാൻ പ്രധാനമന്ത്രി മോഡി സർവഥാ യോഗ്യനെന്നും വിളികളുയർന്നു.
ഈ അവകാശവാദം മോഡിയിൽ കേന്ദ്രീകരിക്കുകയും ഇന്ത്യയെ മാത്രമല്ല, ലോകത്തെ നയിക്കുന്നതും നരേന്ദ്ര മോഡിയെന്ന് ചിത്രീകരിക്കുകയും ചെയ്തു. വിദേശങ്ങളിൽ നടന്ന ജി20 ഉച്ചകോടിയുടെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഇതിനായി ഉപയോഗിച്ചു. വക്രീകരിച്ച വീഡിയോയിൽ അമേരിക്കൻ, ഫ്രഞ്ച് പ്രസിഡന്റുമാരും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഒരു കൂറ്റൻ കെട്ടിടത്തിന്റെ പടികളിറങ്ങുന്നു, അവർ ഇന്ത്യൻ പ്രധാനമന്ത്രിയെ കാണുന്നു, അനുസരണയോടെ പിന്നാലെ പിന്തുടരുന്നു. അത്തരം പ്രചരണങ്ങൾ വെറുതെയായിരുന്നില്ല. 2023‑ൽ ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യയിൽ അതിന്റെ ക്രമത്തിൽ എത്തിയ ശേഷം, ഡൽഹി മെട്രോയിൽ ആരോ പറയുന്നതായി ഒരു സുഹൃത്ത് ചൂണ്ടിക്കാട്ടി: “ആപ് കോ പതാ ഹേ, കി മോഡിജി സിർഫ് ഹമാരേ ദേശ് കെ നഹി, ലേകിൻ ബീസ് ദേശ് കെ പ്രധാനമന്ത്രി ഹേ? (നിങ്ങൾക്കറിയാമോ? മോഡി ഇന്ത്യയുടെ മാത്രമല്ല, 20 രാജ്യങ്ങളുടെയും പ്രധാനമന്ത്രിയാണെന്നുള്ളത്…!). ഏതാണ്ട് ഇതേ കാലയളവിൽ മോഡിയുടെ വിളിപ്പേരുകളിൽ ചിന്തിച്ചുറപ്പിച്ച മാറ്റം ഭരണകക്ഷിയുടെ പ്രചരണ പ്രപഞ്ചത്തിൽ പ്രകടമാകാൻ തുടങ്ങി. ആധുനിക വിശ്വാമിത്രൻ, ഏവരുടെയും സുഹൃത്ത് എന്നായി പ്രചാരണം. ഇതാകട്ടെ മോഡി ഭരണത്തിന്റെ ആഗ്രഹങ്ങളെ കേന്ദ്രീകരിക്കുമ്പോൾ താഴ്ന്ന നിലയിലുള്ളതായിരുന്നു. ലോകത്തെ പഠിപ്പിക്കുന്ന തലങ്ങളിലേക്ക് ഇന്ത്യ ഉയർന്നു എന്ന് അവകാശപ്പെടാനുമാകില്ലല്ലോ. എന്നിരുന്നാലും ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. പക്ഷെ, എന്തുകൊണ്ടാണ് വിശ്വഗുരു, വിശ്വാമിത്ര പൊങ്ങച്ചങ്ങൾ രാഷ്ട്രീയ വ്യവഹാരത്തിലേക്ക് കടന്നുവന്നത്? ഡൽഹി മെട്രോയിലെ മോഡി ഭക്തരിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനം താല്‍ക്കാലികമാണെന്നും അത് വൈകാതെ തന്നെ ഇല്ലാതാകുമെന്നും ഭരണകൂടത്തിന് ചുറ്റും ഭ്രമണപഥം തീർക്കുന്ന കേമന്മാർക്ക് അറിയില്ലായിരുന്നോ? അതോ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ജനങ്ങൾക്കുണ്ടായിരുന്ന പ്രതീക്ഷയ്ക്കൊത്ത് പിടിച്ചുനിന്നില്ല എന്ന വസ്തുതയ്ക്ക് മറയിടാനായിരുന്നോ? അതിർത്തിയിലെ ചൈനീസ് നുഴഞ്ഞുകയറ്റവും അതിനെക്കുറിച്ച് സംസാരിക്കാൻപോലും പ്രധാനമന്ത്രി മടിച്ചതും ആഗോള നേതൃത്വത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ പൊള്ളയായതിനാലാണോ?
എന്തായാലും ചില മാറ്റങ്ങൾ പ്രകടമായി എന്നതാണ് വാസ്തവം. നിശ്ചയമായും ഭക്ത പ്രപഞ്ചത്തിന്റെ പുറത്ത്. പൗരാണിക കാലത്ത് ഹിന്ദുക്കൾ വിമാനങ്ങളും പ്ലാസ്റ്റിക് സർജറിയും കണ്ടുപിടിച്ചതായി വിശ്വസിക്കുന്നവരുടെ പ്രാന്തങ്ങളിൽ മോഡി ഇതിനകം ഒരു വിശ്വഗുരു ആയി. അല്ലെങ്കിൽ ഉടൻ തന്നെ വിശ്വഗുരുവായി മാറും എന്ന ആശയത്തിന് ശേഷിപ്പുണ്ട്. ബിജെപിയുടെ യാഥാർത്ഥ്യബോധമുള്ളതും രാഷ്ട്രീയമായി പ്രാധാന്യം കൽപിക്കപ്പെടുന്നു എന്ന് കരുതുന്ന വിഭാഗങ്ങളിൽ, വിശ്വാമിത്രൻ എന്ന വിളിയിൽ ഒതുങ്ങി. വിശ്വഗുരു ഇല്ലാതായി.
ബംഗ്ലാദേശ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, “സൗമ്യമെന്നോ അതോ മോശമെന്നോ”, കരുതാവുന്ന ഇത്തരം പൊങ്ങച്ചം പോലും ഉപേക്ഷിക്കേണ്ട കാലമായി. കാരണം, തൊട്ടടുത്ത അയൽ രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയെ വിശ്വസനീയമോ വിശ്വസ്തമോ ആയ ഒരു സുഹൃത്തായി കണക്കാക്കുന്നില്ല. ഷേഖ് ഹസീന വസേദിന്റെ സ്വേച്ഛാധിപത്യ വഴികളെ മോഡി ഭരണകൂടം ആവേശത്തോടെ അംഗീകരിച്ചതാണ് ബംഗ്ലാദേശികൾ ഇന്ത്യയെ അവിശ്വസിക്കാൻ വഴിയാക്കിയത്. ഇക്കഴിഞ്ഞ ജനുവരിയിൽ, ഹസീന നഗ്നമായ അട്ടിമറിയിലൂടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, “തെരഞ്ഞെടുപ്പിന്റെ സൂക്ഷ്മമായ ആസൂത്രണത്തിനും ക്രമീകരണങ്ങൾക്കും” ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മിഷനെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രശംസിച്ചു. അയൽപക്കത്തോട് ഇന്ത്യ ധാർഷ്ട്യത്തോടെ പെരുമാറിയെന്ന വികാരം ശ്രീലങ്കയിലും നേപ്പാളിലും പ്രകടമാണ്. ഈ മൂന്ന് രാജ്യങ്ങളിലെയും ചില പൗര സംഘടനകൾ സംയുക്തമായി പുറത്തിറക്കിയ ഒരു പ്രസ്താവന ശ്രദ്ധിക്കുക: “നമ്മുടെ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഇന്ത്യൻ ഭരണകൂടം പിന്മാറണം. ദശാബ്ദങ്ങളായി, കൊളംബോ, ധാക്ക, കാഠ്മണ്ഡു എന്നിവിടങ്ങളിൽ ന്യൂഡൽഹിയിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ, രഹസ്യാന്വേഷണ പ്രവർത്തകരുടെ ഇടപെടൽ ഈ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമായി. ഇത്തരം ഇടപെടലുകൾ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ ശാക്തീകരിക്കുകയും ചെയ്തു”.
“കഴിഞ്ഞ ദശകത്തിൽ ഷേഖ് ഹസീനയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ പിന്തുണയ്ക്കാൻ ന്യൂഡൽഹി സജീവമായി പ്രവർത്തിച്ചു, രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങളും പകരമായി ഉറപ്പിച്ചു”. “ഇന്ത്യൻ സമാധാന സേനയുടെ (ഐപികെഎഫ്) കാലത്തിനു മുമ്പും ശേഷവും ശ്രീലങ്കയ്ക്ക് അതിന്റെ രാഷ്ട്രീയത്തിലേക്കുള്ള ന്യൂഡൽഹിയുടെ കടന്നുകയറ്റവുമായി ആവർത്തിച്ച് മല്ലിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴാകട്ടെ, ന്യൂഡൽഹി ഇന്ത്യൻ ബിസിനസ് കമ്പനികളെ ദ്വീപിലേക്ക് സജീവമായി തള്ളിവിടുകയാണ്”. “ഒരുകാലത്ത് നേപ്പാളിന്റെ രാഷ്ട്രീയത്തിൽ സജീവമായ രാഷ്ട്രീയക്കാരും നയതന്ത്രജ്ഞരും മുഖേന ഇന്ത്യ ഇടപെട്ടിരുന്നെങ്കിൽ, ഇപ്പോൾ അത് ഇന്റലിജൻസ് ഏജൻസികളിലൂടെയും ആർഎസ്എസിന്റെ ഹിന്ദുത്വ പ്രവർത്തകരിലൂടെയും നടത്തുന്നു. 2015ൽ നേപ്പാളിൽ ഏർപ്പെടുത്തിയ ഉപരോധം അതീവ ഗൗരവമാണ്. രാജ്യം ഒരു ഭൂകമ്പത്തിൽ ഉഴലുമ്പോൾ ന്യൂഡൽഹിക്ക് ഇഷ്ടപ്പെടാത്ത ഭരണഘടനയുടെ പ്രഖ്യാപനത്തെത്തുടർന്ന് ഉപരോധം ഏർപ്പെടുത്തുകയായിരുന്നു”. ഈ രാജ്യങ്ങളിലെ ബുദ്ധിജീവികൾക്കും എഴുത്തുകാർക്കും പരക്കെയുള്ള ഒരു വികാരമാണിത്, ഇന്ത്യയുടെ വല്യേട്ടൻ നിലപാട്. അതിന് അവർക്ക് അവരുടേതായ അടിസ്ഥാനങ്ങളുമുണ്ട്.
ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളെല്ലാം സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികളുടെ കൂടാരമാണ്. ഇന്ത്യൻ ഉദ്ദേശ്യങ്ങളിലുള്ള അവിശ്വാസം മുമ്പേ ആരംഭിച്ചതാണ്. ഇന്ത്യൻ സമാധാന സേനയെ ശ്രീലങ്കയിലേക്ക് അയച്ചത് രാജീവ് ഗാന്ധിയാണ്. നരേന്ദ്ര മോഡി ചെയ്യുന്നതിനുമുമ്പ് നേപ്പാളിൽ രാജീവ് ഗാന്ധിയും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ജവഹർലാൽ നെഹ്റുവിനോടൊപ്പം സേവനമനുഷ്ഠിച്ച നയതന്ത്രജ്ഞൻ ജഗത് മേത്ത ഒരിക്കൽ നിരീക്ഷിച്ചു: “ഇരുപതാം നൂറ്റാണ്ടിൽ അസമത്വമുള്ള അയൽക്കാർ തമ്മിലുള്ള നയതന്ത്രം പോലെ ബുദ്ധിമുട്ടുള്ള മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇക്കാര്യം നെഹ്റുവിനെ ഉപദേശിക്കുന്നതിൽ വിദേശ മന്ത്രാലയം പരാജയപ്പെട്ടു”.
ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും യുക്തി ചൈനയുമായും പാകിസ്ഥാനുമായും ഇന്ത്യയുടെ ബന്ധം ദുഷ്കരമായി തുടരുക തന്നെ ചെയ്യുമെന്ന് ബോധ്യപ്പെടുത്തുന്നു. ചൈന ഒരിക്കലും മക്‌മോഹൻ രേഖ അംഗീകരിച്ചിട്ടില്ല. തങ്ങളുടെ രാജ്യം പാശ്ചാത്യ സാമ്രാജ്യ നിയന്ത്രണത്തിന് വിധേയമായപ്പോൾ നിർബന്ധിതമായി ഒപ്പിട്ടതാണ് എന്നതാണ് അനുവർത്തിക്കുന്ന നിലപാട്. 1962ലെ ചൈനീസ് അധിനിവേശം, ഇന്ത്യൻ ദേശീയതയിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചു. പതിറ്റാണ്ടുകളായി, കശ്മീരിൽ മാത്രമല്ല ഇന്ത്യയുടെ പല ഭാഗങ്ങളിലും പാകിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഇത് പാകിസ്ഥാനുമായി അടുപ്പം വളരെ പ്രയാസകരമാക്കുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ ഇതര അയൽക്കാരുടെ കാര്യത്തിൽ, അത്തരം തർക്ക വിഷയങ്ങൾ നിലവിലില്ല. നേരെമറിച്ച്, യോജിപ്പുള്ള ബന്ധങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇന്ത്യയ്ക്കും നേപ്പാളിനും തുറന്ന അതിർത്തിയും നിരവധി സാംസ്കാരിക സമാനതകളുമുണ്ട്. പാകിസ്ഥാനിൽ നിന്ന് മോചനം നേടാൻ ഇന്ത്യ ബംഗ്ലാദേശിനെ സഹായിച്ചു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും കൊളോണിയൽ ചരിത്രമുണ്ട്. അതിലൂടെ സമാനമായ ഭരണഘടനാപരവും വിദ്യാഭ്യാസപരവുമായ പാതകളുണ്ട്. നേപ്പാളും ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ഇന്ത്യയുടെ ബന്ധം വളരെ അപൂർവമായേ സുഗമമായിട്ടുള്ളൂ എങ്കിൽ, തീർച്ചയായും ആത്മപരിശോധന വേണ്ടത് വിശാലവും ശക്തവുമായ രാഷ്ട്രത്തിന്റെ ഭാഗത്തുനിന്നു തന്നെയാകണം.
2007-’08 വർഷങ്ങളിൽ, നമ്മുടെ സമ്പദ്‌വ്യവസ്ഥ അസാധാരണമാംവിധം മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോൾ, ഇന്ത്യ ഒരു ‘സൂപ്പർ പവർ’ ആയി മാറുന്നതിനെക്കുറിച്ച് വളരെയധികം ചർച്ചകൾ നടന്നിരുന്നു. മൻമോഹൻ സിങ് സർക്കാരിന്റെ രണ്ടാം ഘട്ടത്തിൽ, ആഗോള ഉന്നതിയിലേക്കുള്ള സംസാരം ഏറെക്കുറെ ശമിച്ചു. എന്നിരുന്നാലും, നരേന്ദ്ര മോഡിയുടെ ആദ്യഘട്ടത്തിൽ, അത് വീണ്ടും ഉയർന്നു, അനുയോജ്യമായ ഒരു സ്വദേശി ലേബലിൽ പുനർനാമകരണം ചെയ്യപ്പെട്ടു. ഇന്ത്യ ഉടൻ തന്നെ ഒരു മഹാശക്തിയാകുമെന്ന് ഒരിക്കൽ പറഞ്ഞിരുന്നിടത്ത്, ഭാരതം ഇതിനകം ഒരു വിശ്വഗുരു ആയിക്കഴിഞ്ഞുവെന്ന് പറഞ്ഞുപരത്താൻ ശ്രമങ്ങൾ തുടങ്ങി. ലോക നേതൃത്വത്തോടുള്ള ഇന്ത്യയുടെ അവകാശവാദങ്ങൾ വിഡ്ഢിത്തമായ സങ്കല്പങ്ങളാണെന്ന് തിരിച്ചറിയുന്നവർ ഭരണകൂടത്തിന് വെളിയിലായിരുന്നു.
രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായ വർഗീയതയും വംശീയതയും, വർധിച്ചുവരുന്ന അസമത്വം, അഴിമതി, ഭരണത്തിലെ ചങ്ങാത്തം, വ്യാപകമായ പാരിസ്ഥിതിക തകർച്ച എന്നിവയിൽ ആഴമേറിയ വിചിന്തനം നടക്കണം. വിശ്വഗുരു എന്ന ആശയം അസംബന്ധമാണെങ്കിലും, ഇന്ത്യ ഒരു വിശ്വാമിത്രൻ എന്ന ആദർശത്തിന് ചില മൂല്യങ്ങൾ കണ്ടെത്താൻ പരിശ്രമിക്കാം. ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും ഒരു സുഹൃത്തായിരിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ, അടുത്ത അയൽക്കാരോട്, പ്രത്യേകിച്ച് ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവയോടുള്ള മനോഭാവം പുനഃക്രമീകരിക്കണം. ഈ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നതിൽ, അവരുടെ നേതാക്കൾക്കിടയിൽ മാത്രമല്ല, അവരുടെ പൗരന്മാർക്കിടയിലും ബഹുമാനവും വിശ്വാസവും വളർത്തിയെടുക്കേണ്ടതുണ്ട്.
(കടപ്പാട്: സ്ക്രോള്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.