26 December 2024, Thursday
KSFE Galaxy Chits Banner 2

പ്രകൃതി വീണ്ടെടുക്കല്‍ നിയമം വേണം

പ്രൊഫ. കെ അരവിന്ദാക്ഷൻ
November 6, 2024 4:30 am

പ്രകൃതിദത്തമായ ഇക്കോസിസ്റ്റത്തിന്റെ തകര്‍ച്ച ആഗോളതലത്തില്‍ സമീപകാലത്ത് ചൂടുപിടിച്ച ഒരു വിവാദ വിഷയമായിരിക്കുകയാണല്ലോ. അതിവിപുലവും സമ്പന്നവുമായ ഭൂമിശാസ്ത്രപരവും പ്രകൃതിവിഭവ വെെവിധ്യവുംകൊണ്ട് അനുഗ്രഹീതമായ ഇന്ത്യയും ഇതിന് അപവാദമല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ കൊച്ചുകേരളവും പ്രകൃതിദുരന്തങ്ങളുടെ ഒരു പരമ്പരയ്ക്ക് ഇരയാവേണ്ടി വന്നിട്ടുള്ള പശ്ചാത്തലത്തില്‍ ഇവിടെയും ഈ വിഷയം ഗൗരവമായ ചര്‍ച്ചയ്ക്ക് കളമൊരുക്കിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മൊത്തം ഭൂമിയുടെ 30 ശതമാനവും നാശോന്മുഖമായ അവസ്ഥയിലാണ്. സ്വാഭാവികമായും ഭാവിതലമുറയുടെ കൂടി ജീവനോപാധികളുടെ ലഭ്യതയും വികസന പരിപ്രേക്ഷ്യവും കണക്കിലെടുക്കുമ്പോള്‍ ഈ ദുഃസ്ഥിതി ഒഴിവാക്കുന്നതിന് സമഗ്രമായൊരു നിയമം തന്നെ അനിവാര്യമായിരിക്കുകയാണ്. 

നാശോന്മുഖമായ ഭൂമിയും അതിന്റെ ഭാഗമായ പ്രകൃതിവിഭവങ്ങളും തിരികെപ്പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും ശക്തമായ നിയമം തന്നെ അനിവാര്യമായിരിക്കുന്നു. കാറല്‍മാര്‍ക്സ് പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട് അഭിപ്രായപ്പെട്ടത്, ‘നാം കാണുന്ന പ്രകൃതിയും അതിന്റെ വിഭവങ്ങളും നമ്മുടെ തലമുറയ്ക്ക് മാത്രമല്ല, ഭാവി തലമുറകള്‍ക്കുംകൂടി അവകാശപ്പെട്ടതാണ് എന്നായിരുന്നു.’ ‘പ്രകൃതി മനുഷ്യന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. എന്നാല്‍, അത്യാഗ്രഹങ്ങള്‍ സാധിച്ചുതരില്ല’ എന്ന് മഹാത്മാഗാന്ധി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ലഭ്യമായ ഏകമാര്‍ഗം, യൂറോപ്യന്‍ യൂണിയന്‍ പാസാക്കിയതുപോലൊരു നേച്ചര്‍ റെസ്റ്റൊറേഷന്‍ നിയമം (എന്‍ആര്‍എല്‍)- പ്രകൃതി വീണ്ടെടുക്കല്‍ നിയമം- മാത്രമാണെന്ന് വ്യക്തമാകുന്നു. രാജ്യവും സമ്പദ് വ്യവസ്ഥയും അഭിമുഖീകരിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ പരിസ്ഥിതി പ്രതിസന്ധികള്‍ പരിഹരിക്കാനും‍ വേറെ വഴികളൊന്നുമില്ല.

യൂറോപ്യന്‍ രാജ്യങ്ങളുടെ ഇക്കോസിസ്റ്റത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മ്മാണമാണ് 2024 ജൂണ്‍ 17ന് യൂറോപ്യന്‍ എന്‍വയണ്‍മെന്റ് കൗണ്‍സില്‍ പാസാക്കി എടുത്ത് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്. മേഖലയിലെ 66.07 ശതമാനം ജനങ്ങളെ പ്രതിനിധീകരിക്കുന്ന ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഒരു പൊതുനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആഗോള പരിസ്ഥിതി ഭരണനിര്‍വഹണത്തെ അനുകൂലിക്കുകയും ചെയ്തു. ഈ നിയമം അനുശാസിക്കുന്നത് 2030 ആകുന്നതോടെ യൂറോപ്യന്‍ യൂണിയന് കീഴിലുള്ള നാശോന്മുഖമായ 20 ശതമാനം ഭൂമിയും സമുദ്രപ്രദേശവും തിരികെ പിടിക്കണമെന്നാണ്. എങ്കില്‍ മാത്രമേ നിയമം ലക്ഷ്യമിടുന്ന വിധത്തില്‍ 2050 ആകുമ്പോഴേക്ക് ഇക്കോ സിസ്റ്റം പൂര്‍ണമായും തിരികെപ്പിടിച്ച് പഴയ നിലവാരത്തിലെത്തിക്കാന്‍ സാധ്യമാകൂ.
ഈ നിയമം യൂറോപ്യന്‍ യൂണിയന്റെ ജെെവ വെെവിധ്യതന്ത്രത്തിന്റെ 2030ലേക്കുള്ള ബയോ ഡെെവേഴ്സിറ്റി സ്ട്രാറ്റജിയുടെ അവശ്യഘടകമാണ്. മാത്രമല്ല, യൂറോപ്യന്‍ ഹരിതകരാര്‍ പ്രായോഗികമാക്കുന്നതിനും ഈ നിയമം നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. ഇതിന്റെയെല്ലാം കൂട്ടായ ശ്രമഫലമായി മാത്രമേ യൂറോപ്യന്‍ ജനതയുടെ 80 ശതമാനവും നിലവില്‍ അഭിമുഖീകരിക്കുന്ന പരിതാപകരമായ ജീവിതാവസ്ഥയില്‍ നിന്നും കരകയറാന്‍ സാധ്യമാകൂ. വനസമ്പത്ത് മുതല്‍, കൃഷിഭൂമി വരെയും നദികളും നീര്‍ച്ചാലുകളും തടാകങ്ങളും ജനങ്ങളുടെ വികസനാവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ കഴിയണം. നിലവിലുള്ള 25,000 കിലോമീറ്റര്‍ ദെെര്‍ഘ്യമുള്ള നദികള്‍ക്ക് സ്വതന്ത്രമായി ഇടതടവില്ലാതെ ഒഴുകാന്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുകയും മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ട് വനസമ്പത്ത് കൂടുതല്‍ സമ്പന്നമാക്കുകയും വേണം.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കെന്നപോലെ ഇന്ത്യക്കും കര്‍ശനമായ നിയമനിര്‍മ്മാണം അടക്കമുള്ള പരിസ്ഥിതി സംരക്ഷണ സംവിധാനങ്ങള്‍ സജ്ജമാക്കേണ്ടത് അനിവാര്യമാണ്. ഇടുങ്ങിയ രാഷ്ട്രീയതാല്പര്യങ്ങളുടെ പേരില്‍ നിയമം നടപ്പാക്കുന്നതില്‍ അലംഭാവവും ഒഴിവാക്കണം. യൂറോപ്യന്‍ യൂണിയനെക്കാള്‍ ഗുരുതരമായ വെല്ലുവിളികളാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് നേരിടേണ്ടിവരുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ)യുടെ കണക്കനുസരിച്ച് ഭൗമശാസ്ത്രമേഖലയില്‍ 97.85 ദശലക്ഷം ഹെക്ടര്‍, അതായത് 29.7 ശതമാനം ഭൂമിയും നാശോന്മുഖമായിട്ടുണ്ടെന്ന് 2018–19ലെ സ്ഥിതിവിശേഷം വെളിവാക്കിയിട്ടുണ്ട്. 2003–05ലെ 943 ലക്ഷം‍ ഹെക്ടറിനെ അപേക്ഷിച്ച് നിസാരമായൊരു വര്‍ധനവല്ല ഇത്. സമാനമായ അനുഭവമാണ് മരുഭൂമിവല്‍ക്കരണം സംബന്ധിച്ചും കാണാന്‍ കഴിയുന്നത്. 2018–19ല്‍ ഈ ദുരന്തം ബാധിച്ചത് 83.69 ദശലക്ഷം ഹെക്ടര്‍ ഭൂമിയെ ആണ്. ഭൂനശീകരണം ഏറെ ബാധിച്ചിട്ടുള്ളത് ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍ എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളെയാണ്.
അനുദിനമെന്നോണം ഗുരുതരമായി വരുന്ന ഈ വിപത്ത് അഭിമുഖീകരിക്കുന്നതിനും അതിന് വ്യക്തമായ പരിഹാരം കണ്ടെത്തുന്നതിനും വേണ്ടിയാണ് ഗ്രീന്‍ ഇന്ത്യ മിഷന്‍, ദി പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന, ദി ഇന്റഗ്രേറ്റഡ് വാട്ടര്‍ഷെഡ് മാനേജ്മെന്റ് പ്രോഗ്രാം തുടങ്ങിയ പദ്ധതികള്‍ പ്രവര്‍ത്തനത്തിലിരിക്കുന്നത്. ഇതില്‍ സംയോജിത വാട്ടര്‍ഷെഡ് മാനേജ്മെന്റ് പ്രോഗ്രാം ആഗോളതലത്തില്‍ത്തന്നെ രണ്ടാമത്തെ ഏറ്റവും വലിയ പദ്ധതിയാണ്. സമാനമായ പ്രാധാന്യത്തോടെ നിലവിലിരിക്കുന്ന മറ്റൊരു പദ്ധതി നാഷണല്‍ അഫോറസ്റ്റേഷന്‍ പരിപാടിയാണ്. അവയുടെ സമഗ്രതയും ശാസ്ത്രീയമായ അടിത്തറയും എത്രമാത്രം പ്രായോഗികമാക്കാന്‍ കഴിയുമെന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. 

ഇത്തരമൊരു പശ്ചാത്തലത്തില്‍ നിര്‍ദിഷ്ട നിയമത്തിന്റെ സവിശേഷതകളും ഉള്ളടക്കവും എന്തായിരിക്കണമെന്ന് പരിശോധിക്കാം. 2030ആകുമ്പോഴേക്ക് നഷ്ടമായ ഇക്കോ സിസ്റ്റത്തിന്റെ 20ശതമാനമെങ്കിലും പഴയപടിയാക്കുക എന്നതാണ് ആദ്യലക്ഷ്യം. മുഴുവന്‍ ഇക്കോസിസ്റ്റവും തിരികെ പിടിക്കാന്‍ 2050ആകുമ്പോഴേക്ക് സാധ്യമാകണം. ഈ രണ്ടു ഘട്ടങ്ങളിലായി വനസമ്പത്ത് ഈര്‍പ്പം നിറഞ്ഞ ഭൂപ്രദേശം, നദികള്‍, കാര്‍ഷിക ഭൂമി, നഗരപ്രദേശത്തെ ഹരിതഭൂമി തുടങ്ങിയവയെല്ലാം പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈര്‍പ്പമുള്ള ഭൂമിയുടെ വീണ്ടെടുക്കലാണ് രണ്ടാമത്തേത്. ഇന്ത്യയില്‍ വരണ്ട ഭൂപ്രദേശങ്ങള്‍ വിരളവും ജൈവവൈവിധ്യമുള്ള ഭൂപ്രദേശം സുലഭവുമാണ്. അമിത ഈര്‍പ്പം മൂലം വാസയോഗ്യമല്ലാത്തതോ, ഉല്പാദനാവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതോ ആയ ഭൂമിയുടെ ലഭ്യത ഒട്ടും കുറവല്ല. ഇത്തരം ഭൂമിയുടെ 30ശതമാനമെങ്കിലും 2030ആകുന്നതോടെ തിരികെ പിടിക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ ഇന്നും കാര്‍ഷിക മേഖലയ്ക്കാണ് ആധിപത്യമുള്ളതെന്നതിനാല്‍ ഈ സവിശേഷത നിലനിര്‍ത്തുകയാണ് മൂന്നാമത്തെ ലക്ഷ്യം. വനവല്‍ക്കരണവും നഷ്ടപ്പെട്ടുപോയ വനഭൂമിയും വനസമ്പത്തും വീണ്ടെടുക്കുന്നതിന് മാത്രമല്ല സുസ്ഥിരവികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ജൈവവൈവിധ്യവല്‍ക്കരണം സഹായിക്കും. നദികളുടെ സ്വതന്ത്രമായ ഒഴുക്ക്, വന്‍ നദികളായ ഗംഗ‑യമുന തുടങ്ങിയവയുടെ കാര്യത്തില്‍ മാത്രമല്ല, ഇടത്തരവും ചെറുകിട നദികളുടെ കാര്യത്തിലും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നു. രാജ്യത്തെ മുഴുവന്‍ നദികളുടെയും ജലാശയങ്ങളുടെയും പരിശുദ്ധി നിലനിര്‍ത്തേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണ്. റൂം ഫോര്‍ റിവര്‍ എന്നത് വെറുമൊരു മുദ്രാവാക്യമോ ലക്ഷ്യപ്രഖ്യാപനമോ മാത്രമായി ഒതുക്കിനിര്‍ത്തപ്പെടേണ്ട ഒന്നല്ല. അഞ്ചാമത്തേതും അവസാനത്തേതുമായ ലക്ഷ്യം, നഗരമേഖലയുടെ ഹരിത സ്വഭാവം എന്തു വില നല്‍കിയും വീണ്ടെടുക്കുകയും സംരക്ഷിച്ചുനിര്‍ത്തുകയും ചെയ്യുക എന്നതാണ്. നഗരമേഖലയുടെ അന്തരീക്ഷ മലിനീകരണവും വായു മലിനീകരണവും തടയുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും ചെയ്യേണ്ടതും തുല്യപ്രാധാന്യമര്‍ഹിക്കുന്നു.
ഉയര്‍ന്ന നിലവാരത്തിലെത്തി എന്നവകാശപ്പെടുന്ന വന്‍കിട നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയവയ്ക്കുപുറമെ അതിവേഗം വളര്‍ച്ച ലക്ഷ്യമിടുന്ന കൊച്ചി പോലുള്ള നഗരങ്ങളില്‍ ബഹുനില ഫ്ലാറ്റ് സമുച്ചയങ്ങളുടെയും ഹോട്ടലുകളുടെയും നിര്‍മ്മാണം കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുമാണ്. കൊച്ചി നഗരത്തിലെ ഗിരിനഗര്‍, പനമ്പിള്ളി നഗര്‍, ഗാന്ധിനഗര്‍, ഹൗസിങ് കോളനികളെല്ലാം അനിയന്ത്രിതമായ നഗരവികസന ഭ്രാന്തിനെത്തുടര്‍ന്ന് മനുഷ്യവാസയോഗ്യമല്ലാത്ത പ്രദേശങ്ങളായി മാറിയിരിക്കുകയാണിപ്പോള്‍ എന്ന് ഈ ലേഖകന് സാക്ഷ്യപ്പെടുത്താന്‍ കഴിയുന്നു.
ആഗോള പ്രകൃതി സംരക്ഷണ സൂചികയില്‍ 180രാജ്യങ്ങളെടുത്താല്‍ ഇന്ത്യ 176-ാം സ്ഥാനത്താണെന്നത് ഞെട്ടിക്കുന്ന വിവരമാണ്. ഇന്ത്യക്കു പിന്നില്‍ 179-ാം സ്ഥാനത്ത് തുര്‍ക്കിയും 178-ാം സ്ഥാനത്ത് ഇറാഖും 177-ാം സ്ഥാനത്ത് മൈക്രോനേഷ്യയുമാണ്. ബെന്‍ഗുറിയോണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ ആഗോള പ്രകൃതിസംരക്ഷണ സൂചിക തയ്യാറാക്കിയിരിക്കുന്നത്. ജൈവവൈവിധ്യ ഭീഷണിയും മോശം ഭൂപരിപാലനവുമാണ് ഇന്ത്യ പിന്നണിയിലാകാനുള്ള സാഹചര്യമൊരുക്കിയത്. കാര്‍ഷിക മേഖലയില്‍ സുസ്ഥിരവികസനം നേടാനാവാതിരുന്നതും പ്രശ്നം വഷളാക്കുന്നതിനിടയാക്കി. സമുദ്രതീര സംരക്ഷണം അവഗണിക്കപ്പെട്ടതും ഗുരുതരാവസ്ഥയുടെ ആക്കം വര്‍ധിപ്പിച്ചിട്ടുണ്ട്.
2001–2021കാലയളവില്‍ 67.5ശതമാനം സമുദ്ര ജീവജാലങ്ങളും 46.9ശതമാനം ഭൗമ ജീവജാലങ്ങളും വംശനാശ ഭീഷണി നേരിട്ടിട്ടുണ്ട്. പാരിസ് കാലാവസ്ഥാ ഉടമ്പടിക്കനുസൃതമായ തോതില്‍ ഹരിതവാതക പുറംതള്ളല്‍ നിയന്ത്രിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 2023ല്‍ ഈ തോത് വര്‍ധിച്ചത് 6.1ശതമാനമായിരുന്നെങ്കില്‍ ചൈനയില്‍ ഇത് 5.2ശതമാനം മാത്രമായിരുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഈ കാലയളവില്‍ ഹരിത വാതക പുറംതള്ളല്‍ 7.5ശതമാനം കുറയ്ക്കുകയായിരുന്നു എന്നും ഓര്‍ക്കണം.
ഏതായാലും നേച്ചര്‍ റെസ്റ്റൊറേഷന്‍ നിയമം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി സംരക്ഷണത്തില്‍ മാത്രം ഒതുക്കിയാല്‍ മതിയാവില്ല. കാരണം, വേള്‍ഡ് ഇക്കണോമിക് ഫോറം കണക്കാക്കിയിരിക്കുന്നത് പ്രകൃതി റെസ്റ്റൊറേഷനിലൂടെ 2030ആകുമ്പോഴേക്ക് പ്രതിവര്‍ഷം 10ലക്ഷം കോടി ഡോളറെങ്കിലും അധിക സാമ്പത്തിക നേട്ടം കൈവരിക്കണം എന്നാണ്. കാര്‍ഷിക ഉല്പാദനവര്‍ധന, ജലലഭ്യതാവര്‍ധന, തൊഴിലവസര സൃഷ്ടി തുടങ്ങിയവ ഇതിന്റെ ഭാഗമായി കൈവരിക്കാനാകണം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ വനസമ്പത്തിന്റെ സംരക്ഷണവും വര്‍ധനവും മാത്രമല്ല, മരുഭൂവല്‍ക്കരണത്തിലേക്കുള്ള നീക്കം തടഞ്ഞുനിര്‍ത്തുകയും വേണം. ഇക്കോസിസ്റ്റത്തിന്റെ മുഴുവനായ സംരക്ഷണം കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന ദുരന്തങ്ങള്‍ക്ക് അറുതിവരുത്താന്‍ സഹായകമാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പൊതുവിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേകമായും ഇക്കോസിസ്റ്റത്തില്‍ സംഭവിച്ചിരിക്കുന്ന വന്‍തോതിലുള്ള തകര്‍ച്ച, കാലാവസ്ഥാ വ്യതിയാനത്തിലേക്കും പ്രകൃതിദുരന്തങ്ങളുടെ ആവര്‍ത്തനത്തിലേക്കുമാണ് ജനതയെയും ഭരണകൂടത്തെയും തള്ളിയിടുന്നതെന്ന് വയനാടിന്റെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.