21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025
March 21, 2025
March 17, 2025
March 13, 2025
March 11, 2025

സമ്പദ്‌വ്യവസ്ഥ വീഴ്ചകളുടെ ആഴങ്ങളിലേക്ക്

Janayugom Webdesk
December 1, 2024 5:00 am

രിത്രത്തിലെ ഏറ്റവും പിന്നാക്ക ഘട്ടത്തിലൂടെ കടന്നുപോകുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ താഴ്ചകളില്‍ നിന്ന് താഴ്ചകളിലേക്ക് കൂപ്പുകുത്തുകയാണ്. നടപ്പുസാമ്പത്തിക വർഷത്തിൽ 8.2 ശതമാനമായിരുന്ന ജിഡിപി വളർച്ച വരും വർഷം 6.8 ശതമാനമായി കുറയുമെന്നാണ് റേറ്റിങ് ഏജൻസിയായ ക്രിസിൽ സൂചിപ്പിക്കുന്നത്. ഉയർന്ന പലിശനിരക്കുകളും കുറഞ്ഞ സാമ്പത്തിക വളർച്ചയുമാണ് ജിഡിപി ഇടിവിന് കാരണമെന്ന് ഏജൻസി വ്യക്തമാക്കുന്നുണ്ട്. റിസർവ് ബാങ്കിന്റെ പണനയ സമിതി (എംപിസി) കണക്കാക്കിയ 7.2 ശതമാനത്തിലും കുറവാണിത്. കൃഷിയും സ്വകാര്യ ഉപഭോഗവും മെച്ചപ്പെടുന്നതിനനുസരിച്ച് വളർച്ച കൂടുതൽ സന്തുലിതമാകുമെന്നും ജിഡിപി വളർച്ച മികവിലെത്തുമെന്നും ഏജൻസി അവകാശപ്പെടുന്നുണ്ട്. മെച്ചപ്പെട്ട മൺസൂൺ സീസൺ കണക്കിലെടുത്ത് നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലെങ്കിലും ഭക്ഷ്യ വിലകളിൽ കുറവുണ്ടാകണം. “ഭക്ഷ്യവിലപ്പെരുപ്പം കുറയുന്നതിനൊപ്പം ഭക്ഷ്യേതര പണപ്പെരുപ്പവും ഉപഭോക്തൃ വില സൂചിക(സിപിഐ)യിലെ കുറവും പണപ്പെരുപ്പം കുറയ്ക്കും, ” ഏജൻസി വിശദീകരിക്കുന്നു. യഥാർത്ഥത്തിൽ ജിഡിപി വളർച്ച കഴിഞ്ഞ പാദത്തിലെ 7.8 ശതമാനത്തിൽ നിന്ന് നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 6.7 ശതമാനമായി താഴുകയായിരുന്നു. ഉപഭോക്തൃ വില സൂചിക മുൻ മാസത്തെ 5.5 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.2 ശതമാനമായി വര്‍ധിച്ചു. ഒക്ടോബറിലെ 6.2 ശതമാനം 4.6 ശതമാനമായി കുറയുമെന്നാണ് ക്രിസിൽ കണക്കുകൂട്ടുന്നത്. ഡിസംബറിൽ ആര്‍ബിഐ പണനയ സമിതി റിപ്പോ നിരക്ക് 25 ബിപിഎസ് കുറയ്ക്കുമെന്നാണ് ഏജൻസി പ്രതീക്ഷിക്കുന്നത്. എന്നാൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഭക്ഷ്യവിലപ്പെരുപ്പം തുടർച്ചയായി ഉയർന്നത് ആശങ്കാജനകമാണ്. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, അന്താരാഷ്ട്ര ചരക്ക് വിലയിലെ ചാഞ്ചാട്ടങ്ങൾ എന്നിവ ഉയർത്തുന്ന വെല്ലുവിളി ആർബിഐ നിരീക്ഷിക്കുകയാണ്. 

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ മറ്റൊരു കാര്യം തൊഴിൽ അവസ്ഥയിൽ പ്രകടമായ പുരോഗതിയില്ല എന്നതാണ്. നവംബർ 18ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) പുറത്തിറക്കിയ ആനുകാലിക ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) നഗരപ്രദേശങ്ങളിലെ ത്രൈമാസ തൊഴിൽ നിരക്കിൽ നേരിയ വർധനവ് മാത്രമാണ് സൂചിപ്പിക്കുന്നത്. ഒക്ടോബറിൽ, ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് സെപ്റ്റംബറിലെ 7.80 ശതമാനത്തിൽ നിന്ന് 10.10 ശതമാനമായി ഉയർന്നു. 2018ലെ ശരാശരി 8.20 ശതമാനമായിരുന്നുവെന്ന് ഓർമ്മിക്കണം. ഗ്രാമപ്രദേശങ്ങളിൽ തൊഴിലില്ലായ്മാ നിരക്ക് മേയ് മാസത്തിൽ 6.3 ശതമാനമായിരുന്നത് ജൂണിൽ 9.3 ശതമാനമായി ഉയർന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ ജൂണിലെ 8.6 ശതമാനത്തിൽ നിന്ന് 8.9 ശതമാനമായും ഉയർന്നു. തൊഴിൽ പങ്കാളിത്ത നിരക്കിലെ വർധനയ്ക്കൊപ്പം തൊഴിലില്ലായ്മയും ജൂണിൽ ഉയർന്നു. ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ അനുപാതമായ തൊഴിൽ നിരക്ക്, 2024 ജൂണിൽ 38 ശതമാനത്തിൽ നിന്ന് 37.6 ശതമാനമായി ഇടിഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി ലേബർ ഫോഴ്സ് പങ്കാളിത്ത നിരക്കും തൊഴിലാളി ജനസംഖ്യ അനുപാതവും നിയന്ത്രിക്കാനാകാത്ത നിരക്കിലാണ്. 2016ലെ മോഡി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ എല്ലാ വിഭാഗത്തെയും പിന്നോട്ടടിച്ചു. പ്രത്യേകിച്ചും സ്ത്രീ തൊഴിലാളികൾക്കിടയിലെ തൊഴിലില്ലായ്മ വർധിപ്പിച്ചു. ഇന്ത്യയിലെ 97.8 ശതമാനം സ്ത്രീകളും 91.4 ശതമാനം പുരുഷന്മാരും വ്യക്തിപരമോ കുടുംബപരമോ ആയ കാരണങ്ങളാൽ സംഘടിത തൊഴില്‍ സേനയ്ക്ക് പുറത്താണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആനുകാലിക ലേബർ ഫോഴ്സ് സർവേ പ്രകാരം 37.5 ശതമാനം സ്ത്രീകളും മൊത്തം തൊഴിലാളികളിൽ 18.3 ശതമാനവും ഗാർഹിക സംരംഭങ്ങളിൽ ശമ്പളമില്ലാത്ത ജോലി ചെയ്യുന്നു. 2023–24ലെ സർവേ പ്രകാരം രാജ്യത്തെ 36.7 ശതമാനം സ്ത്രീകളും 19.4 ശതമാനം തൊഴിലാളികളും ഗാർഹിക സംരംഭങ്ങളിൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്നുണ്ട്. 2019ലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് സർവേയിലും ഇത്തരം വലിയ അനുപാതം പ്രകടമായിരുന്നു. വീട്ടുജോലി, പരിചരണ ചുമതലകൾ തുടങ്ങിയ പ്രതിഫലമില്ലാത്ത പ്രവർത്തനങ്ങളിൽ സമയം ചെലവഴിക്കുന്ന സ്ത്രീകളുടെ സർവേ പ്രകാരം ആറുവയസും അതിനുമുകളിലും പ്രായമുള്ള 81 ശതമാനം സ്ത്രീകളും ഗാർഹിക സേവനങ്ങളിൽ പ്രതിദിനം അഞ്ച് മണിക്കൂറിലധികം ചെലവഴിക്കുന്നു. 15–29 വയസ് പ്രായമുള്ളവർ 85.1 ശതമാനവും 15–59 വയസുള്ളവര്‍ 92 ശതമാനവും ഇങ്ങനെ അധ്വാനിക്കുന്നവരാണ്. 60 വയസിനു മുകളിൽ പ്രായമുള്ള 78 ശതമാനം സ്ത്രീകളും ശമ്പളമില്ലാത്ത ഗാർഹിക സേവനങ്ങളിൽ ഏർപ്പെടുന്നു. 

ശമ്പളമില്ലാത്ത ഗാർഹിക സേവനങ്ങൾക്കായി പുരുഷൻമാർ പ്രതിദിനം ഒരു മണിക്കൂറിൽ കൂടുതൽ ചെലവഴിച്ചതായും സർവേ സൂചിപ്പിക്കുന്നു. വിവിധ സർവേകളിൽ കാണിച്ചിരിക്കുന്നതുപോലെ തൊഴിലാളികളിൽ ഗണ്യമായ ഒരു ഭാഗം ശമ്പളമില്ലാത്ത പണിയെടുക്കുന്നവരാണ്. വാസ്തവത്തിൽ വേതനമില്ലാത്ത അത്തരം തൊഴിലാളികൾ മൊത്തത്തിലുള്ള തൊഴിലാളികളുടെ നാലിലൊന്ന് വരും. പ്രത്യേകിച്ച് കാർഷിക — ഗ്രാമപ്രദേശങ്ങളിൽ സ്ത്രീകളുടെ സ്ഥിതി കൂടുതൽ ഗുരുതരമാണ്. തൊഴിലാളി പങ്കാളിത്ത നിരക്കിൽ ഇത്തരം ജോലികൾ വർധിച്ചുവരുന്നു എന്നതാണ് ഗൗരവതരം. രാജ്യത്തെ തൊഴിലിനെ കുറിച്ച് സർക്കാർ നൽകുന്നത് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളാണ്. ഇത് തൊഴിൽ സാഹചര്യം കൂടുതൽ വഷളാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.