പലർക്കും നോവുകൾ മാത്രം സമ്മാനിച്ച വർഷമാണ് മണിക്കൂറുകൾക്കുള്ളിൽ കടന്നുപോകാനൊരുങ്ങുന്നത്. 24 പിന്നിട്ട ഭൂരിഭാഗവും തങ്ങളുടെ 24 വയസിൽ അനുഭവിച്ചതിന്റെ പലമടങ്ങ് അനുഭവിച്ച വർഷമെന്നോർത്ത് നെടുവീർപ്പിടുന്നുണ്ടാകും. പക്ഷേ എന്തൊക്കെ അനുഭവിച്ചാലും നഷ്ടങ്ങളുടെ നോട്ട്ബുക്ക് തുറന്നുവയ്ക്കേണ്ടി വന്നാലും പ്രതീക്ഷയുടെ കണക്ക് പുസ്തത്തിൽ എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് പരതുന്ന ചില മനുഷ്യരുണ്ട് നമുക്ക് ചുറ്റും. അവരെ ഭയപ്പെടുത്താൻ ഡിസംബറിലെ തണുപ്പിനേക്കാൾ വേഗതയിലോടി എത്തുന്ന മഴക്കാറിനോ, പുതുവർഷമൊളിപ്പിച്ച് വച്ചിരിക്കുന്ന രഹസ്യങ്ങൾക്കോ ആയെന്ന് വരില്ല. അവർ കാലുറപ്പിച്ച് നിൽക്കാനുള്ള മാർഗങ്ങൾ തേടുന്ന തിരക്കിലായിരിക്കും.
കൊല്ലത്തെ തീരദേശത്തുള്ള സ്ത്രീകൾ അക്കൂട്ടത്തിൽപ്പെടുന്നവരാണ്. കാലാവസ്ഥ കടലിനെ കൂട്ട്പിടിച്ച് ജീവിതമാർഗത്തിന്റെ വാതിൽകൊട്ടിയടയ്ക്കാൻ ശ്രമിക്കുമ്പോൾ അവർ ‘നക്ഷത്ര’ങ്ങളുടെ കൈപിടിച്ച് ജീവനോപാധിയുടെ വാതിൽ തള്ളിത്തുറക്കാനുള്ള തിരക്കിലാണ്. അതാകട്ടെ അതിജീവനത്തിന്റെ തിളക്കവുമായി നാടും നഗരവും നിറച്ചു കഴിഞ്ഞു. വഴിയോരങ്ങളിലും പള്ളികളിലും മിന്നിത്തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങൾ അവരുടെ അധ്വാനത്തിന്റെ ഫലമാണ്. മാനം കറുത്താലും കടൽ തങ്ങൾക്ക് നേരെ തിരിഞ്ഞാലും അതിജീവനത്തിന്റെ മാർഗങ്ങൾ തേടിക്കൊണ്ടേയിരിക്കുന്ന പെണ്ണുങ്ങളുടെ കരവിരുത്.
സ്റ്റാറുകളുടെ ഏറ്റവും വലിയ വിതരണക്കാരും നിർമ്മാതാക്കളുമായ കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോസ് ആർട്സാണ് ഇവരുടെ സ്റ്റാർ നിർമ്മാണത്തിന് പിന്നിൽ. കേരളത്തിലെ ആദ്യത്തെ ആശംസാ കാർഡുകൾ അച്ചടിച്ചതായി പറയപ്പെടുന്നത് ഇവിടെയാണ്. പല വലിപ്പത്തിലുള്ള സ്റ്റാറുകളാണ് സ്ത്രീകൾ ഇവർക്കായി നിർമ്മിച്ചു നല്‍കുന്നത്. അഞ്ചുമൂല, ഏഴുമൂല, ഒമ്പതുമൂല, പതിനൊന്നുമൂല, പതിനാറുമൂല എന്നിങ്ങനെ നീളുന്നു നക്ഷത്രക്കൂട്ടങ്ങളുടെ വലുപ്പം. സ്റ്റാർ നിർമ്മാണത്തിനാവശ്യമായ പേപ്പർ, കമ്പി സാധനങ്ങളെല്ലാം കൃത്യസമയത്ത് കടക്കാർ തന്നെ വീടുകളിൽ എത്തിച്ച് കൊടുക്കും. ചെയ്തു തീർക്കുന്ന മുറയ്ക്ക് സ്ത്രീകൾ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് ഉല്പന്നങ്ങൾ എത്തിച്ചുനല്‍കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ വീടുകളിൽ നിന്ന് നക്ഷത്രക്കൂട്ടങ്ങളെ വണ്ടിയിലാക്കി കൊണ്ടുപോകും. ഓരോ വീട്ടിലെയും ഓരോ അംഗങ്ങൾ എന്ന രീതിയിൽ കൂട്ടമായാണ് സ്റ്റാറുകൾ നിർമ്മിക്കുന്നത്. തീരദേശത്ത് തന്നെ ഏകദേശം 200 ഓളം പേരാണ് ഇത്തരത്തിൽ വീട്ടിലിരുന്നുള്ള സ്റ്റാർ നിർമ്മാണത്തിൽ പങ്കാളികളാകുന്നത്.
വെറുതെ ഇരിക്കുന്ന സമയത്ത് പരമാവധി സ്റ്റാറുകൾ നിർമ്മിച്ച് നല്‍കിയാൽ അല്ലലില്ലാതെ കഴിയാനുള്ള വരുമാനം ലഭിക്കുമെന്നാണ് സ്റ്റാർ നിർമ്മാണത്തിൽ ഏർപ്പെട്ട സ്ത്രീകൾ പറയുന്നത്. ഉല്പന്നങ്ങൾ എടുക്കുന്ന മുറയ്ക്ക് സ്റ്റാറുകൾ വേഗത്തിൽ നിർമ്മിച്ച് നല്കിയാൽ കൂടുതൽ കൂലിയും കിട്ടും. കൂടാതെ വേഗതയ്ക്കും ആത്മാർത്ഥയ്ക്കുമുള്ള അംഗീകാരമായി കൊച്ചുകൊച്ചു സമ്മാനങ്ങളും ഇവരെ തേടിയെത്തും.
ക്രിസ്മസിന് മാത്രമല്ല പുതുവർഷത്തിലും സ്റ്റാർ നിർമ്മാണം ഇവർക്കൊരാശ്വാസമാണ്. എല്ലാവർഷവും ഡിസംബർ പകുതിയോടെ നിർത്തുന്ന നിർമ്മാണ പരിപാടികൾ ജനുവരി അവസാനത്തോടെ പുനരാരംഭിക്കും. ഒക്ടോബറിലാണ് സീസൺ ആരംഭിക്കുന്നതെങ്കിലും അതിനുമുൻപ് തന്നെ നിർമ്മാണം ആരംഭിക്കും. പക്ഷേ, തീരദേശത്തെ ഭൂരിഭാഗം പേരും സീസൺ കാലത്താണ് സജീവമാവുക. കുഞ്ഞൻ നക്ഷത്രങ്ങളാണ് ആദ്യം ഇക്കൂട്ടർ നിർമ്മിക്കുന്നത്. പീന്നിടത് പല വലിപ്പത്തിലുള്ളതാക്കും. ക്രിസ്മസിന് മാത്രമല്ല, രാഷ്ട്രീയപരിപാടികളിൽ നിറയുന്ന നക്ഷത്രഭീമൻമാരിലും തീരത്തിന്റെ കയ്യൊപ്പുണ്ട്. ഇങ്ങനെ എല്ലാ ആഴ്ചയും മുടക്കമില്ലാതെ ജോലിചെയ്യുന്നവർക്ക് കൂടുതൽ കാശും സമ്പാദിക്കാം. ഇരവിപുരം, കൊടിമരം തുടങ്ങിയ അഞ്ച് തീരദേശ ഗ്രാമങ്ങളിലെ സ്ത്രീകളാണ് സ്റ്റാർ നിർമ്മാണത്തിൽ പങ്കാളികളായിട്ടുള്ളത്. ഡിസംബറിലെ ‘നക്ഷത്ര’ങ്ങളുടെ വെളിച്ചത്തിൽ അവർ പുതുവത്സരത്തെ പ്രതീക്ഷയോടെ കാത്തിരിപ്പാണിപ്പോൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.