5 July 2024, Friday
KSFE Galaxy Chits

ധിഷണാ ശാലിയായ കമ്മ്യൂണിസ്റ്റ്

ബിനോയ് വിശ്വം
July 3, 2024 4:45 am

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളും കമ്മ്യൂണിസ്റ്റ് പാർട്ടി മലബാർ സംസ്ഥാന സെക്രട്ടറിയും മാർക്സിസ്റ്റ് പണ്ഡിതനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കെ ദാമോദരന്റെ ചരമദിനമാണിന്ന്. സമ്പന്നമായ ജീവിത പരിസരങ്ങളിൽ പിറന്ന് അധഃസ്ഥിത ജനവിഭാഗങ്ങളുടെ വിമോചനപ്പോരാളിയായി മാറിയ അദ്ദേഹം ഇന്ത്യൻ തത്വചിന്തയെയും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെയും ആഴത്തിൽ പഠിച്ച പണ്ഡിതനുമായിരുന്നു. കേരളത്തിൽ നിന്ന് ആദ്യമായി കമ്മ്യൂണിസ്റ്റായവരില്‍ ഒരാളായല്ല, പ്രഥമ കമ്മ്യൂണിസ്റ്റായി അദ്ദേഹത്തെ കരുതുന്നവരും ചുരുക്കമല്ല. വിദ്യാർത്ഥിയായിരിക്കെ തന്നെ സ്വാതന്ത്ര്യ — കമ്മ്യൂണിസ്റ്റ് പ്ര സ്ഥാനത്തിന്റെ പ്രക്ഷോഭപഥങ്ങളിലേക്കിറങ്ങിയ കെ ദാമോദരൻ 1931ൽ കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ ഉപ്പ് നിയമലംഘന സമരത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ അനുഭവിച്ചത് കൗമാരപ്രായത്തിലായിരുന്നു.
ഉപ്പുസത്യഗ്രഹവും ജയിൽവാസവും കഴിഞ്ഞെത്തുമ്പോഴേക്കും കോഴിക്കോട് സാമൂതിരി കോളജിലെ അദ്ദേഹത്തിന്റെ വിദ്യാർത്ഥി ജീവിതത്തിന്റെ അന്ത്യവുമായി. പക്ഷേ കാശി വിദ്യാപീഠത്തിൽ ചേർന്ന് പഠനം തുടർന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ വഴിതിരിച്ചത്. ഇന്ത്യൻ പുരോഗമന സാഹിത്യത്തിന്റെ കുലപതിയായ മുൻഷി പ്രേംചന്ദിനെ പരിചയപ്പെട്ട കെ ദാമോദരൻ കാശി വിദ്യാപീഠത്തിലെ അളവറ്റ ഗ്രന്ഥശേഖരത്തിൽ നിന്ന് പുരോഗമന ആശയങ്ങളും മാർക്സിയൻ ചിന്തയും സ്വായത്തമാക്കി. അവിടെ നിന്ന് ആർജിച്ച മാർക്സിയൻ ദാർശനിക വിജ്ഞാനവും കമ്മ്യൂണിസ്റ്റ് സഖാക്കളുമായുള്ള ബന്ധവും അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വത്തിലേക്ക് വഴിതുറന്നു. 1937ൽ സിപിഐ ഘടകം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി എസ് വി ഘാട്ടെ കോഴിക്കോട് വിളിച്ചുചേർത്ത കൂടിയാലോചനയിൽ പങ്കെടുത്ത നാലുപേരിൽ ഒരാൾ കെ ദാമോദരനായിരുന്നു. പി കൃഷ്ണപിള്ള, എൻ സി ശേഖർ, ഇഎംഎസ് എന്നിവരായിരുന്നു മറ്റുള്ളവർ. ഈ ആലോചനാ യോഗത്തിന്റെ ഫലമായാണ് കേരളത്തിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച 1939ലെ പിണറായി പാറപ്പുറത്ത് നടന്ന സിപിഐ കേരള ഘടക രൂപീകരണ സമ്മേളനം. 

നിരന്തര വായനയിലൂടെയും വിലയിരുത്തലിലൂടെയും പഠിച്ചെടുത്തത് എന്നതിനപ്പുറം മാർക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളും ഭാരതീയ തത്വചിന്തയും ആധികാരികതയോടെ, അതേസമയം സാധാരണക്കാർക്കുപോലും എളുപ്പത്തിൽ ഉൾക്കൊള്ളാനാവുംവിധം അവതരിപ്പിക്കാനും സന്ദർഭോചിതമായി വ്യാഖ്യാനിക്കാനുമുള്ള പാടവവും കെ ദാമോദരനുണ്ടായിരുന്നു. മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തനം പ്രായോഗിക തലത്തിൽ നേരിടുന്ന വെല്ലുവിളികളെ വിമർശിക്കാനും അദ്ദേഹം മടിച്ചില്ല. 1974ൽ ഒരു സെമിനാറിൽ സംസാരിക്കുമ്പോൾ, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള പഠനം വെളിപ്പെടുത്തുന്നത് ചില കാലഘട്ടങ്ങളിൽ അത് ഒരു യഥാർത്ഥ ശക്തിയായി മാറിയിരുന്നുവെങ്കിലും പല ദൗർബല്യങ്ങളെയും നേരിട്ടിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ധീരതയും ആത്മസമർപ്പണവും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ ആത്മാർത്ഥതയും എടുത്തു പറയുമ്പോഴും ചില വേളകളിൽ പാർട്ടി സ്വീകരിച്ച തന്ത്രങ്ങൾ തെറ്റായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുമുണ്ട്.
നിശിതമായ വിമർശനത്തിന്റെ കുറിക്കുകൊള്ളുന്ന അസ്ത്രങ്ങൾകൊണ്ട് പ്രതിയോഗിയെ അസ്തപ്രജ്ഞനാക്കുന്ന അദ്ദേഹത്തിന്റെ തൂലികയും പ്രസംഗവൈഭവവും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ദിശാബോധം നൽകുന്നതിൽ വഹിച്ച പങ്ക് അതിമഹത്താണ്. കെ ദാമോദരന്റെ പ്രസംഗശൈലിയുടെ സവിശേഷത അതിന്റെ സാരള്യവും മൂർച്ചയുമാണെന്ന് സി അച്യുതമേനോൻ എഴുതിയിട്ടുണ്ട്. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ, മിക്കവാറും സംസാരഭാഷയിലൂടെ നിർഗളമായി അദ്ദേഹം പ്രസംഗിക്കും. കേട്ടുനിൽക്കുന്നവർക്ക് ആവേശം കയറും. അതാണാ പ്രസംഗത്തിന്റെ മട്ട്. പ്രസംഗകലയുടെ അടവുകളൊന്നും പ്രസംഗരീതിയിൽ കാണുകയില്ല. കഥകളില്ല, ഉപമകളും അലങ്കാരങ്ങളുമില്ല. പ്രസംഗം ഫലിപ്പിക്കാനുള്ള മനഃപൂർവമായ യത്നങ്ങളൊന്നും പ്രയോഗിക്കുന്നതായി തോന്നുകയുമില്ല. വാക്കുകളും ആശയങ്ങളും ഇടതടവില്ലാതെ, വെള്ളച്ചാട്ടം പോലെ കുത്തിയൊലിച്ചുവരുമെന്നും അച്യുതമേനോൻ എഴുതുന്നു. 

ഇന്ത്യൻ തത്വചിന്തയെ ആധുനിക കാഴ്ചപ്പാടിൽ വ്യാഖ്യാനിച്ച അദ്ദേഹം ഏത് ദർശനത്തിന്റെയും അടിസ്ഥാന ശിലയായി മനുഷ്യത്വത്തെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചതിന്റെ ഉദാഹരണമായിരുന്നു നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പ്രശസ്തമായ ‘മനുഷ്യൻ’ എന്ന പഠന ഗ്രന്ഥം. സൈദ്ധാന്തിക സിദ്ധിക്കപ്പുറം മലയാളിയെ സമരോത്സുകമാക്കുന്നതിൽ പങ്ക് വഹിച്ച നാടകങ്ങളും ആ തൂലികയിൽ പിറന്നു. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ദുരിതജീവിത സാഹചര്യങ്ങളെ അനാവരണം ചെയ്ത പാട്ടബാക്കി എന്ന നാടകം അതിന്റെ അരങ്ങുരൂപമായിരുന്നു. സാഹിത്യം, ധനതത്വം, നരവംശശാസ്ത്രം, ധാർമ്മിക മൂല്യങ്ങൾ, ദർശനം, മതങ്ങൾ, ചരിത്രം എന്നിങ്ങനെ നാനാവിഷയങ്ങളെ വിലയിരുത്തി അദ്ദേഹം വർഗസമര പ്രവർത്തനങ്ങളിൽ സംയോജിപ്പിച്ചു. 1964ൽ രാജ്യസഭാംഗമെന്ന നിലയിൽ മികച്ച ഒരു പാർലമെന്റേറിയനായും അദ്ദേഹം അടയാളപ്പെട്ടു.
ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ദാമോദരന്റെ ചിന്തകൾക്ക് പ്രസക്തിയേറുന്നു. മാർക്സിസം തന്നെ അപ്രസക്തമായി എന്ന വലതുപക്ഷ പ്രചരണം ശക്തിപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് കെ ദാമോദരന്റെ ചരമദിനം വീണ്ടുമെത്തുന്നത്. അതുകൊണ്ടുതന്നെ പുതിയകാലത്തിനനുസരിച്ചുള്ള പ്രവർത്തനരീതികൾക്കും തത്വശാസ്ത്ര വ്യാഖ്യാനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും അദ്ദേഹത്തിന്റെ സ്മരണ പ്രചോദനമേകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.