19 December 2024, Thursday
KSFE Galaxy Chits Banner 2

സ്വേച്ഛാധിപത്യത്തിലേക്കുള്ള അതിവേഗപാത

Janayugom Webdesk
April 26, 2023 5:00 am

പ്രധാനമന്ത്രി ദ്വിദിന കേരള സന്ദർശനവും കൊച്ചിയിലും തിരുവനന്തപുരത്തും കാഴ്ചവച്ച പ്രകടനവും ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണാധികാരിക്ക് നിരക്കാത്ത ധാർഷ്ട്യം നിറഞ്ഞ വിദ്വേഷപ്രസംഗങ്ങളും വസ്തുതകൾക്ക് നിരക്കാത്ത അവകാശവാദങ്ങളും സമ്പൂർണ സ്വേച്ഛാധിപത്യത്തിലേക്കുള്ള നരേന്ദ്രമോഡിയുടെ തിടുക്കത്തിലുള്ള പ്രയാണത്തെയാണ് അടയാളപ്പെടുത്തുന്നത്. റെയിൽ വികസന രംഗത്തെ കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യങ്ങളോട് യാതൊരു അനുകൂല പ്രതികരണവും നടത്താതെ 160 കിലോമീറ്റർ വേഗത അവകാശപ്പെടുന്നതും, രാജ്യത്ത് ഒരു പാതയിലും ആ വേഗത കൈവരിച്ചിട്ടില്ലാത്തതും, കേരളത്തിൽ സമീപ ഭാവിയിലൊന്നും 90 കിലോമീറ്റർ വേഗതയെങ്കിലും കൈവരിക്കാനാവുമെന്ന് ആരും അവകാശവാദംപോലും ഉന്നയിക്കാത്തതുമായ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന്റെ പേരിൽ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ തട്ടിപ്പായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനങ്ങളിലുള്ള പതിവുള്ള വേഷഭൂഷാദികളും ശരീരഭാഷയും കാപട്യംനിറഞ്ഞ വാചാടോപവും അത് സാക്ഷ്യപ്പെടുത്തുന്നു. കൊച്ചിയിൽ യുവാക്കളുമായുള്ള ‘സംവാദം’ തെരഞ്ഞെടുക്കപ്പെട്ട യുവാക്കൾക്കു പോലും അവസരം നൽകാത്ത പതിവ് ആത്മഭാഷണം മാത്രമല്ല, സംസ്ഥാന ഭരണത്തിനും ഭരണമുന്നണിക്കും മുഖ്യ പ്രതിപക്ഷത്തിനും എതിരായ വസ്തുതാരഹിതമായ കടന്നാക്രമണമായി. ബിജെപിയുടെ സഹയാത്രികൻ മെട്രോമാൻ ശ്രീധരൻപോലും മുഖവിലയ്ക്കെടുക്കാത്ത വന്ദേ ഭാരതിനെപ്പറ്റിയുള്ള അവകാശവാദങ്ങളിൽ വാചാലനായ പ്രധാനമന്ത്രിയുടെ പാലക്കാട് കോച്ച് ഫാക്ടറി, ചേർത്തല വാഗൺഫാക്ടറി, പ്രത്യേക ചരക്കുപാത തുടങ്ങിയ ദീർഘകാല ആവശ്യങ്ങളെപ്പറ്റിയുള്ള നിശബ്ദത അടിസ്ഥാന റെയിൽ വികസനകാര്യങ്ങളിൽ ബിജെപി സർക്കാർ പിന്തുടരുന്ന അവഗണനയിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്.


ഇതുകൂടി വായിക്കൂ: ജനങ്ങള്‍ ഭരണകൂടത്തെ ഭയക്കുന്നിടത്ത് സ്വേച്ഛാധിപത്യം


വികസനരംഗത്ത് കേരളം ഇനിയും ബഹുദൂരം, അതിവേഗം മുന്നേറേണ്ടതുണ്ട്. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പ്രസംഗങ്ങളിൽ വരച്ചുകാണിക്കാൻ ശ്രമിച്ച കേരളത്തിന്റെ ചിത്രം ബിജെപി-സംഘ്പരിവാർ ലക്ഷ്യംവയ്ക്കുന്ന ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സംസ്ഥാനം പിന്തുടരുന്ന പുരോഗമന, ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രീയത്തിനെതിരെ അവരെ പ്രകോപിപ്പിച്ചു തിരിച്ചുവിടാനും ലാക്കാക്കി മാത്രമുള്ളതാണെന്ന് വസ്തുതകൾ സാക്ഷ്യപ്പെടുത്തുന്നു. ബിജെപി സർക്കാർ രൂപം നൽകിയ നിതിആയോഗ് അടക്കം രാജ്യത്തും പുറത്തുമുള്ള ഉത്തരവാദപ്പെട്ട സർക്കാർ, സർക്കാരിതര ഏജൻസികളുടെ കണക്കുകൾ പ്രകാരം ഏതാണ്ട് എല്ലാ മനുഷ്യവിഭവ വികാസസൂചികകളിലും കേരളം മുൻ നിരയിലാണ്. അത് കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ബിജെപി ഭരണത്തിന്റെ സംഭാവനയല്ല, മറിച്ച് ബിജെപിയുടെ രാഷ്ട്രീയ ആവിർഭാവത്തിനും എത്രയോ മുമ്പ് കേരളം അവലംബിച്ച സാമൂഹ്യ നവോത്ഥാനത്തിന്റെയും മനുഷ്യപുരോഗതിലക്ഷ്യമാക്കിയ പാതയുടെയും അനന്തരഫലമാണ്. രാജ്യത്തുടനീളം വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനും വരേണ്യവല്‍ക്കരിക്കാനും വർഗീയവല്‍ക്കരിക്കാനും തീവ്രശ്രമങ്ങൾ നടക്കുമ്പോഴും പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചും വിദ്യാഭ്യാസസംവിധാനത്തെ പൊതുനിയന്ത്രണത്തിൽ ഉറപ്പിച്ചുനിർത്തുന്നതുമായ നയസമീപനങ്ങളാണ് കേരളം ധീരമായി പിന്തുടരുന്നത്. ഒമ്പത് വർഷങ്ങൾക്കു മുമ്പ് യുവാക്കൾക്ക് പ്രതിവർഷം രണ്ടുകോടി തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിൽ ഏറിയവർ അത് കേവലം തെരഞ്ഞെടുപ്പ് ജുംല മാത്രമാണെന്ന് തുറന്നു പറയുമ്പോൾ കേരളത്തിൽ എൽഡിഎഫ് സർക്കാർ ഏഴു വര്‍ഷംകൊണ്ട് രണ്ടുലക്ഷത്തില്‍പ്പരം യുവാക്കൾക്ക് പിഎസ്‌സി വഴി തൊഴിൽ നല്കുക മാത്രമല്ല 40,000ത്തിലേറെ പുതിയ തസ്തികകൾ സൃഷ്ടിക്കുകയുമുണ്ടായി. റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ മാത്രം ഈ ഉദ്ഘാടന കോലാഹലത്തിനിടയിലും രണ്ടായിരത്തോളം തസ്തികകളിൽ നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുന്നതിനെപ്പറ്റി ബിജെപിക്കും പ്രധാനമന്ത്രിക്കും എന്താണ് പറയാനുള്ളത്?


ഇതുകൂടി വായിക്കൂ: സ്വേച്ഛാധിപത്യം അരക്കിട്ടുറപ്പിക്കുന്ന പ്രതിലോമ നടപടികള്‍


താനും താൻ പ്രതിനിധാനംചെയ്യുന്ന പ്രതിലോമ രാഷ്ട്രീയവും ഒഴിച്ചുള്ള എല്ലാ ചിന്താധാരകളെയും രാഷ്ട്രീയ‑സാമൂഹിക ശക്തികളെയും നിരായുധരാക്കിയും നിർമൂലനം ചെയ്തും തന്റെ സ്വേച്ഛാധികാരം ഉറപ്പിക്കാനുള്ള തീവ്രയത്നത്തിലാണ് നരേന്ദ്രമോഡി വ്യാപൃതനായിട്ടുള്ളത്. സ്വന്തം പാർട്ടിനേതാക്കളെയും, എന്തിന് ആർഎസ്എസിനെത്തന്നെയും കേന്ദ്രസ്ഥാനത്തുനിന്നും അകറ്റിനിർത്താനും മന്ത്രിസഭയിലുള്ള തന്റെ അനുചരന്മാരെപ്പോലും തന്റെ സ്വേച്ഛാധികാരവാഴ്ചയ്ക്കുള്ള ഉപകരണങ്ങളാക്കി മാറ്റാനും മോഡിക്ക് വലിയൊരളവ് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ബിജെപിയും അതിന്റെ നേതാക്കളും പ്രവർത്തകരും കേവലം മോഡി സ്തുതിപാഠകരായി മാറിക്കഴിഞ്ഞു. അതിന്റെ പ്രകടനമാണ് കഴിഞ്ഞദിവസം കേരളത്തിലും അരങ്ങേറിയത്. കാര്യകർത്താക്കളാവട്ടെ ഭരണത്തിന്റെ ശീതളിമയിലും അഴിമതിയിലും അഭിരമിച്ചു സായൂജ്യമടയുന്ന സൂചനകൾ വ്യക്തമാണ്. രാഷ്ട്രീയ വിരുദ്ധതയാണ് മോഡിയുടെ ആയുധം. അതിനുതകുന്ന ഭരണകൂടവും ഭരണസംവിധാനവുമാണ് ലക്ഷ്യം വയ്ക്കുന്നത്. അപ്രമാദിയായ നേതാവിനു കീഴിൽ അനുസരണയോടെ കീഴടങ്ങുന്ന വിധേയന്മാരെ സൃഷ്ടിക്കുന്ന തന്ത്രമാണ് പ്രയോഗിക്കപ്പെടുന്നത്. രാജ്യവും മഹത്തായ ഒരുജനതയും സ്വേച്ഛാധിപത്യത്തിന്റെ ഇരുണ്ടനാളുകളിലേക്ക് നയിക്കപ്പെടാതിരിക്കാൻ നിതാന്ത ജാഗ്രത കൂടിയേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.