23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 26, 2024
November 12, 2024
April 21, 2024
October 30, 2023
October 29, 2023
May 26, 2023
February 24, 2023
December 5, 2022
September 13, 2022
July 16, 2022

കഥകൾ കേൾക്കേണ്ട പ്രായത്തിൽ ആക്ഷനും കട്ടും പറഞ്ഞ് സംവിധായകയായി നാലാംക്ലാസുകാരി

ഡാലിയ ജേക്കബ്
ആലപ്പുഴ
February 24, 2022 7:59 pm

പൂക്കളുടേയും പൂമ്പാറ്റകളുടേയും കഥകൾ കേൾക്കാൻ താൽപര്യമുള്ള പ്രായത്തിൽ ക്യാമറക്ക് പിന്നിൽനിന്ന് നേർത്ത ചിരിയോടെ ആക്ഷനും കട്ടും പറഞ്ഞ് സംവിധായകയായി തിളങ്ങുകയാണ് നാലാം ക്ലാസുകാരി. ആലപ്പുഴ കളർകോ‍ട് പവിത്രം വീട്ടിൽ ഗായതി പ്രസാദ് എന്ന നാലാം ക്ലാസുകാരിയാണ് തിരക്കഥയും ആശയവും ഉള്ളടക്കവുമെല്ലാം മുതിർന്നവരെപോലെ ഒറ്റക്ക് സൃഷ്ടിച്ചെടുത്ത് സിനിമാസംവിധായകയുടെ കുപ്പായമണിഞ്ഞത്. സമൂഹത്തിൽ പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമത്തിൽ മനംനൊന്ത് മനസ്സിൽ കുറിച്ചിട്ട ആകുലതകളും ആശയങ്ങളുമാണ് 18 മിനിറ്റ് നീളുന്ന ‘പ്രണയാന്ധം’ എന്ന ഷോട്ട് ഫിലിമിലൂടെ പകർത്തിയത്. കോട്ടയം പാലായിൽ കാമ്പസിൽ പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊന്നസംഭവത്തിന്റെ പിരിമുറക്കമാണ് ഗായതിയിൽ ഇത്തരം ചിന്തകൾക്ക് വഴിതുറന്നത്. തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളോട് ഒരുചെറിയ പെൺകുട്ടിയുടെ പ്രതികരണമാണിത്. യുവാവിന്റെയും യുവതിയുടെയും പ്രണയകഥ മനസ്സിൽ വരച്ചിട്ടാണ് ഓരോരംഗവും ചിത്രീകരിച്ചിരിക്കുന്നത്. ഗായതിയുടെ മാതാവ് കസ്തൂരി, സഹോദരി ഗൗരി, അവളുടെ കൂട്ടുകാരികളായ അബി ബാഷ, ആലിയ, പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക മിനിമോൾ, അയ്യപ്പൻ, സുരേഷ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. മാതാവ് കസ്തൂരി സിനിമയിൽ നായകന്റെ അമ്മ വേഷമിടുന്നത്. സഹോദരി ഗൗരിയാകട്ടെ നായികയുടെ കൂട്ടുകാരിയായിട്ടാണ് അഭിനയിക്കുന്നത്.

വീടും പരിസരവും സമീപത്തെ പറവൂർ സ്കൂളിലും ചിത്രീകരിച്ച സിനിമയിൽ ഗാനചിത്രീകരണം മാത്രമാണ് ഇനി ബാക്കിയുള്ളത്. മാർച്ച് എട്ടിന് ലോക വനിതാ ദിനത്തിൽ ചിത്രം റിലീസ് ചെയ്യുന്നതിനുള്ള ഉത്സാഹത്തിലാണ്. ഗായതി. കോവിഡ് വ്യാപനത്തിൽ പഠനം ഓൺലൈൻ ക്ലാസിലേക്ക് ചുരുങ്ങിയതോടെ കിട്ടിയ അവസരം ഉപയോഗിച്ചായിരുന്നു സിനിമ പിടുത്തം. പഠനത്തിന് തടസ്സമാകാതെയുള്ള ഇടവേളകളിലായിരുന്നു ചിത്രീകരണം. പുസ്തകങ്ങൾ കളിപ്പാട്ടങ്ങളാക്കി വായനയും എഴുത്തും ശീലമാക്കിയ ഗായതി ഇതിനോടകം നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്. അവ കോർത്തിണക്കി പുസ്തകമാക്കണമെന്നതാണ് അടുത്ത ആഗ്രഹം. പറവൂർ പബ്ലിക് ലൈബ്രറിയിൽ അംഗത്വവുമുണ്ട്. ചില്ലറ കഥയെഴുതും പുസ്തകം വായനയുമൊക്കെ ഉണ്ടെങ്കിലും ‘സിനിമപിടിക്കണം’ എന്ന് പറഞ്ഞപ്പോൾ തമാശയായി മാത്രമാണ് കണക്കാക്കിയതെന്ന് മാതാവ് കസ്തൂരി പറഞ്ഞു. ഒരു ചെറിയകുട്ടിക്ക് ‘പ്രണയം’ എങ്ങനെ ആയിരിക്കുമെന്ന് അറിയില്ല. പക്ഷേ അത് വെളിച്ചം ആണെന്നും അത് എല്ലാ ജീവജാലങ്ങളുടെയും വികാരം ആണെന്നും പറയുന്നതോടൊപ്പം അതിന്റെ മറ്റൊരു വശത്തെപ്പറ്റി അവൾ ചിന്തിക്കുന്നത് വലിയകാര്യമാണെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കമ്യൂണിറ്റി കൗൺസിലർകൂടിയായ മാതാവ് ജനയുഗത്തോട് പറഞ്ഞു. ഹ്രസ്വ ചിത്രമെന്ന മകളുടെ ആഗ്രഹം സഫലമാക്കുവാൻ മാതാപിതാക്കൾ തീരുമാനിച്ചപ്പോൾ സർവ പിന്തുണയുമായി സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പമെത്തി. പിതാവ്: ഗിരി പ്രസാദ് (ആലപ്പുഴ ഗവൺമെന്റ് സെർവന്റ്സ് കോ-ഓപറേറ്റിവ് ബാങ്ക് ജീവനക്കാരൻ), സഹോദരി: ഗൗരി പ്രസാദ് (പ്ല്സ് വൺ വിദ്യാർഥിനി).

 

Eng­lish Sum­ma­ry:  A fourth grad­er who became a director

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.