സാക്ഷരതയെ സംബന്ധിച്ച് സങ്കല്പങ്ങൾ മാറിവരുന്ന ഒരു കാലത്ത് അക്ഷരങ്ങളുടെയും അക്കങ്ങളുടെയും പഠനം എന്ന നിലയിൽ നിന്ന് കുറേക്കൂടി വിപുലവും അർത്ഥപൂർണവുമായ പ്രവർത്തനങ്ങളിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ലോക സാക്ഷരതാദിനം ആചരിക്കുന്നത്. 1967ൽ യുനെസ്കോ സാക്ഷരതാദിനാചരണ പ്രഖ്യാപനം നടത്തുമ്പോൾ ദാരിദ്ര്യനിർമ്മാർജനത്തിനും മനുഷ്യപുരോഗതിക്കുമുള്ള ഉപാധി എന്ന നിലയിലാണ് സാക്ഷരത വിഭാവനം ചെയ്തത്. സെപ്റ്റംബർ അഞ്ച് അധ്യാപക ദിനവും, എട്ട് സാക്ഷരതാ ദിനവുമായി ഇപ്പോൾ ആചരിക്കുന്നു. 1947 മുതൽ 49 വരെ യുനെസ്കോയിൽ അംഗമായിരുന്ന ഡോ. എസ് രാധാകൃഷ്ണനെ നമ്മൾ ഓർക്കേണ്ടതുണ്ട്. ‘പരസ്പരധാരണയ്ക്കും സമാധാനത്തിനും സാക്ഷരത! അതാകട്ടെ; ബഹുഭാഷാ പഠനത്തിലൂടെ’ എന്ന മുദ്രാവാക്യമാണ് ഈ സാക്ഷരതാദിനത്തിൽ മുന്നോട്ടുവച്ചിട്ടുള്ളത്.
മനുഷ്യപുരോഗതിക്ക് തടസമായി നിൽക്കുന്ന പ്രധാന വിപത്തുകളിലൊന്നാണ് നിരക്ഷരത എന്ന തിരിച്ചറിവോടെയാണ് 1967 മുതൽ ഓരോ വർഷവും ഓരോ മുദ്രാവാക്യം ഏറ്റെടുത്തുകൊണ്ട് വിവിധ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്നത്. മതവിദ്വേഷത്തിന്റെയും വംശവെറിയുടെയും പ്രതിലോമാശയങ്ങൾ മനുഷ്യർക്കിടയിൽ വലിയ വിടവ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലത്ത്, മനുഷ്യസാഹോദര്യത്തിനും പാരസ്പര്യത്തിനും സ്നേഹത്തിനുമൊക്കെ വലിയ തടസം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ബഹുഭാഷാ പഠനം പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഭാഷാ പഠനമെന്ന സാക്ഷരതയുടെ അടിസ്ഥാന സങ്കല്പം, ഒരു ഭാഷയിൽ നിന്ന് അനേകം ഭാഷകളിലേക്ക് വികസിക്കുന്നു എന്നതുമാത്രമല്ല, ഒരു ഭാഷ കൂടി പഠിക്കുമ്പോൾ മറ്റൊരു സംസ്കാരത്തിലേക്ക് പ്രവേശിക്കുന്നു എന്നതുകൂടിയാണ്.
വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ച് ബോധ്യമുള്ള ഒരു ജനതയ്ക്ക് ഇതര സാംസ്കാരിക ജീവിതം നയിക്കുന്ന മനുഷ്യരെ ഉൾക്കൊള്ളാൻ പ്രയാസമുണ്ടാവില്ല. മനുഷ്യർക്കിടയിൽ ഉടലെടുക്കുന്ന പരസ്പരധാരണ എല്ലാത്തരത്തിലുമുള്ള വിഭാഗീയതകളെയും വിഭജനങ്ങളെയും മറികടക്കാനുള്ള ശേഷിയായി മാറും. അത്തരമൊരു മഹത്തായ സന്ദേശം ഏറ്റെടുക്കുകയെന്നത് ലോക സാഹചര്യത്തിൽ ഏറ്റവും പ്രധാനമാണെന്ന് നമ്മൾ തിരിച്ചറിയുകയും ചെയ്യുന്നു. ഭാഷാ പഠനമെന്നാൽ സംസ്കാര പഠനം കൂടിയാണ് എന്ന തിരിച്ചറിവിലാണ് സംസ്ഥാന സാക്ഷരതാമിഷൻ അതോറിട്ടി വളരെ മുമ്പുതന്നെ വിവിധ ഭാഷാ കോഴ്സുകൾ ആരംഭിച്ചത്. ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നീ കോഴ്സുകൾ ഫലപ്രദമായി നടത്തിവരുന്നു.
എത്രയധികം ഭാഷകൾ പഠിക്കുമ്പോഴും മാതൃഭാഷാ പഠനത്തിന്റെ പ്രസക്തി ഉൾക്കൊണ്ടാണ് ‘പച്ചമലയാളം’ എന്ന കോഴ്സിന്റെ രൂപപ്പെടൽ. തുടക്കത്തിൽ നാലുമാസം കൊണ്ട് പൂർത്തിയായിരുന്ന ‘പച്ചമലയാളം’ പരിഷ്കരിച്ച് ഒരു വർഷത്തെ കോഴ്സായി മാറ്റിയിട്ടുണ്ട്. കേരളത്തിലേക്ക് തൊഴിൽ തേടിയെത്തുന്ന അതിഥിത്തൊഴിലാളികൾ ഇവിടുത്തെ അനുകൂല ജീവിത സാഹചര്യങ്ങൾ കാരണം കുടുംബസമേതമെത്തി താമസിക്കുന്നുണ്ട്. ഇതു മനസിലാക്കിയാണ് അവര്‍ക്കായി ‘ചങ്ങാതി’ എന്ന പദ്ധതി ആരംഭിക്കുകയും, കൈപ്പുസ്തകത്തിന്റെ സഹായത്തോടെ ഭാഷാ പഠനം ആരംഭിക്കുകയും ചെയ്തിട്ടുള്ളത്. ആരോഗ്യ സാക്ഷരതയും കാലാവസ്ഥാസാക്ഷരതയും ജെൻഡർ സാക്ഷരതയുമെല്ലാം ഉൾച്ചേർത്ത് ഒരു മൊബൈൽ ആപ്ലിക്കേഷൻ രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ് സംസ്ഥാന സാക്ഷരതാമിഷൻ.
(സംസ്ഥാന സാക്ഷരതാമിഷൻ
ഡയറക്ടറാണ് ലേഖിക)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.